Saturday, March 26, 2011

ഫെര്‍ണാണ്ടോ പെസ്സോവ - നമ്മുടെ ജീവിതവും നമ്മുടെ മരണവും


നമ്മൾ മരണമാണ്‌. ജീവിതമെന്നു നമ്മൾ പറയുന്നത്‌ നമ്മുടെ യഥാർത്ഥജീവിതത്തിലെ ഒരു മയക്കത്തെയാണ്‌, നാം യഥാർത്ഥത്തിലെന്താണോ അതിന്റെ മരണത്തെയാണ്‌. മരിച്ചവർ ജീവിക്കുകയാണ്‌, അവർ മരിക്കുകയല്ല. ജീവനോടിരിക്കുകയാണെന്നു കരുതുന്ന നേരത്ത്‌ മരിച്ചിരിക്കുകയാണു നാം; മരണത്തോടെ നാം ജീവിച്ചും തുടങ്ങുന്നു.

ഉറക്കത്തിനും ജീവിതത്തിനും തമ്മിലുള്ള ബന്ധം ജിവിതമെന്നു നാം പറയുന്നതിനും മരണമെന്നു നാം പറയുന്നതിനും തമ്മിലുള്ള ബന്ധത്തിനു സമാനം തന്നെ. നാം ഉറങ്ങുകയാണ്‌, ജീവിതം നമ്മുടെ സ്വപ്നവും; ആലങ്കാരികമോ കാവ്യാത്മകമോ ആയ അർത്ഥത്തിലല്ല, അതിന്റെ ശരിയായ അർത്ഥത്തിൽത്തന്നെ.

ഉത്കൃഷ്ടമെന്നു നാം കരുതിപ്പോരുന്ന നമ്മുടെ പ്രവൃത്തികളിലെല്ലാം തന്നെ മരണത്തിന്റെ പങ്കാളിത്തമുണ്ട്‌, അവ മരണവുമാണ്‌. ആദർശങ്ങൾ, ജീവിതം വില കെട്ടതാണെന്ന ഏറ്റുപറച്ചിലല്ലാതെ മറ്റെന്താണ്‌? കല ജിവിതനിരാസമല്ലാതെ മറ്റെന്താണ്‌? പ്രതിമ എന്നു പറയുന്നത്‌ ജീവനില്ലാത്ത ശരീരം തന്നെ; ജീർണ്ണതയില്ലാത്തൊരു മാധ്യമത്തിൽ മരണത്തെ ആവാഹിക്കാനായി ഉളിയോടിയതാണത്‌. ജിവിതാനന്ദങ്ങൾ, ജീവിതത്തിൽ ആണ്ടുമുഴുകലാണവ എന്നു തോന്നിച്ചാലും, യഥാർത്ഥത്തിൽ നമ്മിൽത്തന്നെയുള്ള ഒരാണ്ടുമുഴുകലാണ്‌, നമ്മളും മരണവും തമ്മിലുള്ള ബന്ധങ്ങളുടെ നിരാകരണമാണ്‌, മരണത്തിന്റെ വിജൃംഭിതമായ നിഴലാണ്‌.

ജിവിക്കുക എന്ന പ്രക്രിയ തന്നെ മരണത്തെയാണർത്ഥമാക്കുന്നതും; കാരണം ഓരോ നാളും ജീവിച്ചുകഴിയുമ്പോൾ നമ്മുടെ കണക്കിൽ ഒരു നാളു കുറയുകയാണല്ലോ. സ്വപ്നങ്ങളിലെ അന്തേവാസികളാണു നാം; അയഥാർത്ഥവനങ്ങളിലലയുന്ന നിഴലുകളാണു നാം; അവയിലെ മരങ്ങളാണ്‌ വീടുകളും, ആചാരങ്ങളും, ആശയങ്ങളും, ആദർശങ്ങളും, ദർശനങ്ങളും.

ഒരുനാളും ദൈവത്തെ കാണാനിടയാവാതെ, ദൈവമുണ്ടോയെന്നുപോലും അറിയാനിടവരാതെ! ലോകങ്ങൾ മാറി ജീവിച്ചും, അവതാരങ്ങൾ മാറിയെടുത്തും, മിഥ്യകളുടെ ഓമനയായി ചുണകെട്ടും, പിഴകളുടെ ലാളനകളെന്നുമേറ്റും...

ഒരുനാളും സത്യത്തിലേക്കെത്താതെ, എന്നാലൊരുനാളും വിശ്രമമില്ലാതെ! ഒരുനാളും ദൈവസവിധത്തിലേക്കെത്താതെ! ഒരുനാളും അന്തിമശാന്തിയെന്നതു കിട്ടാതെ, എന്നാലെന്നും ശാന്തിയുടെ ഒരു സൂചന മുന്നിൽക്കണ്ടും, അതിനായുള്ള ദാഹം ഒരുനാളും കെടാതെയും!


അശാന്തിയുടെ പുസ്തകം - 178


No comments: