Sunday, March 20, 2011

അന്നാ ആഹ് മാത്തോവാ - എന്തിനെന്റെ കുടിവെള്ളത്തിൽ...


എന്തിനെന്റെ കുടിവെള്ളത്തിൽ നിങ്ങൾ വിഷം കലർത്തി?
എന്തിനെന്റെയപ്പത്തിൽ നിങ്ങൾ മണ്ണു വാരിയിട്ടു?
എനിക്കു ശേഷിച്ച സ്വാതന്ത്ര്യത്തെ
കള്ളന്മാരുടെ മടയാക്കിയതുമെന്തിനു നിങ്ങൾ?
ചങ്ങാതിമാർ പിടഞ്ഞുവീഴുമ്പോൾ
ഇളിച്ചുകാട്ടിയില്ല ഞാനെന്നതിനോ?
പെറ്റനാടു വേദനിക്കുമ്പോൾ
ഓടിമാറിയില്ല ഞാനെന്നതിനോ?
എങ്കിലങ്ങനെയാവട്ടെ.
കഴുമരവുമാരാച്ചാരുമില്ലാതെ
കവികൾക്കു ജീവിതമില്ലിവിടെ.
അലഞ്ഞ യാത്രകൾ തന്നെ ഞങ്ങൾക്കു പറഞ്ഞത്,
കൈയിൽ മെഴുകുതിരിയുമായി വിലപിക്കുകയും.

1935

പ്രവാചികയൊന്നുമല്ല ഞാൻ,
ചോല പോലെ തെളിഞ്ഞതാണെന്റെ ജീവിതം.
തടവറയുടെ ചാവികൾ കിലുങ്ങുമ്പോൾ
അതിന്റെ താളത്തിനു പാടാനെനിക്കാവുകയുമില്ല.

1930



1 comment:

girishvarma balussery... said...

സുന്ദരമായ വരികള്‍... എവിടെയും വേദനിക്കുന്ന ഈ മനസ്സ് കാണാതിരിക്കാനാവില്ല. നന്ദി പരിചയപ്പെടുത്തിയതിനു.