Thursday, March 31, 2011

ഫെർണാണ്ടോ പെസ്സോവ - ഇടവേള


ജീവിതം തുടങ്ങും മുമ്പേ ഞാനതിൽ നിന്നു വിട വാങ്ങിപ്പോന്നു; കാരണം സ്വപ്നത്തിൽപ്പോലും എനിക്കത്‌ ആകർഷകമായി തോന്നിയിട്ടില്ല. സ്വപ്നങ്ങൾ തന്നെയും എന്നെ മടുപ്പിക്കുകയാണു ചെയ്തിട്ടുള്ളത്‌; അതിൽ നിന്നെനിക്കു കിട്ടിയത്‌ അനന്തമായൊരു പാതയുടെ അന്ത്യത്തിലെത്തിയതായുള്ള കപടവും ബാഹ്യവുമായൊരു തോന്നൽ മാത്രമാണ്‌. ഞാൻ എന്നിൽ നിന്നു തന്നെ കവിഞ്ഞൊഴുകി എവിടെയെന്നെനിക്കു തന്നെ അറിയാത്തൊരിടത്തു ചെന്നടിഞ്ഞു; ഒരു പ്രയോജനവുമില്ലാതെ ഞാൻ തളം കെട്ടിക്കിടന്നത്‌ അവിടെയായിരുന്നു. മുമ്പെന്നോ ഉണ്ടായിരുന്നതൊന്നു മാത്രമാണു ഞാൻ. ഇന്നിടത്തുണ്ടെന്നു തോന്നിയാൽത്തന്നെ അവിടെയല്ല ഞാൻ; ഞാൻ എന്നെ തേടുകയാണെങ്കിൽ ആരാണെന്നെ തേടുന്നതെന്നും എനിക്കറിയാതെപോകുന്നു. സകലതിനോടുമുള്ള എന്റെ മടുപ്പ്‌ എന്നെ മരവിപ്പിച്ചുകളഞ്ഞിരിക്കുന്നു. ഞാൻ സ്വന്തം ആത്മാവിൽ നിന്നു തന്നെ ഭ്രഷ്ടനായതു പോലെ എനിക്കു തോന്നിപ്പോകുന്നു.

ഞാൻ എന്നെത്തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. എന്റെ തന്നെ കാഴ്ചക്കാരനാണു ഞാൻ. എന്റെ ഐന്ദ്രിയാനുഭവങ്ങളാവട്ടെ, ഏതോ ബാഹ്യവസ്തുക്കളെപ്പോലെ ഏതെന്നെനിക്കറിയാത്ത എന്റെ നോട്ടത്തിനു മുന്നിലൂടെ കടന്നുപോവുകയുമാണ്‌. എല്ലാറ്റിനും, നിഗൂഢതയിലാഴ്‌ന്നിറങ്ങിയ അവയുടെ അടിവേരുകളോളം, എന്റെ മടുപ്പിന്റെ നിറവുമാണ്‌.

കാലം എനിക്കു നൽകിയ പൂക്കളാവട്ടെ, വാടിക്കൊഴിഞ്ഞവയായിരുന്നു. അവയുടെ ഇതളുകൾ പതിയെ നുള്ളിയെടുക്കുക എന്നതല്ലാതെ മറ്റൊന്നും എനിക്കു ചെയ്യാനില്ലായിരുന്നു. അതോ, വാർദ്ധക്യത്തിന്റെ കനം പേറിയൊരു കൃത്യവും!

എത്രയും നിസ്സാരമായൊരു പ്രവൃത്തി പോലും ഏതോ വീരകർമ്മം പോലെ എന്നിൽ കനം തൂങ്ങുകയാണ്‌. ഒരു ചേഷ്ടയെക്കുറിച്ചുള്ള വെറുമൊരു വിചാരം പോലും അതു ചെയ്യാൻ ഞാൻ തീരുമാനമെടുത്ത പോലെ എന്നെ ക്ഷീണിപ്പിക്കുകയുമാണ്‌.

ഒന്നിനോടും എനിക്കൊരു കാംക്ഷയില്ല. ജീവിതം എന്നെ മുറിപ്പെടുത്തുന്നു. ഞാനെവിടെയാവട്ടെ, ഇനിയെന്റെ ചിന്തയ്ക്കു പ്രാപ്യമായ മറ്റേതൊരിടത്താവട്ടെ, അവിടെ സ്വസ്ഥനല്ല ഞാൻ.

ഫലത്തിൽ നിശ്ചേഷ്ടമായ ചേഷ്ടയാകട്ടെയെന്റേത്‌, ഒരു ജലധാരയെപ്പോലെ- അതേയിടത്തു വീഴാനായി ഉയർന്നുപൊങ്ങുക, വെയിലത്തു നിഷ്ഫലമായി തിളങ്ങുക, രാത്രിയുടെ നിശ്ശബ്ദതയിൽ അതിന്റെ ഒച്ച കേൾക്കുമ്പോൾ സ്വപ്നം കാണുന്നവർ തങ്ങളുടെ സ്വപ്നത്തിൽ പുഴകളെക്കുറിച്ചോർക്കും, ഓർമ്മയറ്റു മന്ദഹസിക്കുകയും ചെയ്യും.

 

 


അശാന്തിയുടെ പുസ്തകം - 182


No comments: