ആശയങ്ങളുടെ തുറസ്സിൽ വിരാഗവും സംസ്കൃതവുമായ ഒരു ജിവിതം ജീവിക്കുക,
വായിച്ചും, സ്വപ്നം കണ്ടും, എഴുതുന്നതിനെക്കുറിച്ചാലോചിച്ചും-
മടുപ്പിന്റെ വക്കിലേക്കെത്തുന്നത്ര മന്ദഗതിയായൊരു ജിവിതം,
എന്നാലൊരിക്കലും അതിൽ ചെന്നുപെടാതിരിക്കാനും മാത്രം ധ്യാനപൂർണ്ണമായൊരു ജീവിതം.
ഇതുമാതിരിയൊരു ജീവിതം ജിവിക്കുക, വികാരങ്ങൾക്കും ചിന്തയ്ക്കുമകലെയായി,
വികാരങ്ങളുടെ ചിന്തയിലും ചിന്തകളുടെ വികാരത്തിലുമായി മാത്രം ജീവിക്കുക.
പൂക്കൾ ചുഴലുന്ന ചേറ്റുകുളം പോലെ വെയിലിന്റെ പൊൻനിറത്തിൽ തളം കെട്ടുക .
ജീവിതത്തിനു മേൽ ഒരവകാശവുമുന്നയിക്കാത്ത മാനസികൗന്നത്യത്തിന്നുടമയാവുക.
ലോകങ്ങളുടെ ചുഴലിയിൽ പൂമ്പൊടി പോലെ പാറിപ്പോവുക,
സായാഹ്നാന്തരീക്ഷത്തിൽ അജ്ഞാതമായൊരു കാറ്റത്തു തുഴഞ്ഞുപോയി,
അസ്തമയത്തിന്റെ ജാഡ്യത്തിൽ എവിടെയെന്നില്ലാതെ ചെന്നുവീഴുക,
വലിയവയ്ക്കിടയിൽ കാണാതെയാവുക.
ഇങ്ങനെയൊന്നാവുക, അങ്ങനെയാണെന്ന തെളിഞ്ഞ ബോധത്തോടെ,
സന്തുഷ്ടനും വിഷാദിയുമാവാതെ,
സൂര്യനോടതിന്റെ ദീപ്തിയ്ക്കും നക്ഷത്രങ്ങളോടവയുടെ ദൂരത്തിനും കൃതജ്ഞനായി.
ഇല്ലാതെയാവുക, ഒന്നുമില്ലാതിരിക്കുക, ഒന്നുമാശിക്കാതിരിക്കുക...
വിശക്കുന്ന യാചകന്റെ സംഗീതം, കണ്ണുപൊട്ടന്റെ ഗാനം, ആരെന്നറിയാത്ത വഴിപോക്കന്റെ ശേഷിപ്പുകൾ,
മരുഭൂമിയിൽ ചുമടും ലക്ഷ്യവുമില്ലാത്ത ഒരൊട്ടകത്തിന്റെ കാൽപ്പാടുകൾ...
അശാന്തിയുടെ പുസ്തകം -45
1 comment:
അതെ അതാണ് മനോഹരമായൊരു ജീവിതം
Post a Comment