1912 നവംബർ 14
പ്രിയപ്പെട്ടവളേ, ഞാൻ നിന്നെ ശല്യപ്പെടുത്താതിരിക്കട്ടെ; നിനക്കു ശുഭരാത്രി നേരണമെന്നേ എനിക്കുള്ളു; അതിനായി എഴുതി വന്ന പേജിന്റെ പകുതിയ്ക്കു വച്ചു ഞാൻ നിർത്തിപ്പോരുകയായിരുന്നു. ഇനി നിനക്കു കത്തെഴുതാൻ എനിക്കാകാതെ വരുമോയെന്ന് എനിക്കു പേടിയാവുന്നു; കാരണം, ഒരാൾക്കു കത്തെഴുതണമെങ്കിൽ (നിനക്കു ഞാൻ ഏതു പേരും നൽകുമെന്നിരിക്കെ ഒരു തവണ 'ഒരാൾ' എന്ന പേരും ഇരിക്കട്ടെ) അയാളുടെ മുഖത്തെക്കുറിച്ച് ഒരു ധാരണ ഉണ്ടായിരിക്കണം; നിന്റെ മുഖത്തെക്കുറിച്ച് വ്യക്തമായ ധാരണ എനിക്കുണ്ട്; അവിടെയല്ല പ്രശ്നം; അതിനെക്കാൾ വ്യക്തതയുള്ള മറ്റൊരു ചിത്രം അടുത്ത കാലത്തായി മനസ്സിലേക്കെത്തുകയാണ്: നിന്റെ ചുമലിൽ തങ്ങിനിൽക്കുന്ന എന്റെ മുഖം; പാതി അമർത്തിയതും അസ്പഷ്ടവുമായ ശബ്ദത്തിൽ നിന്റെ ചുമലിനോട്, നിന്റെ വേഷത്തോട്, എന്നോടു സംസാരിക്കുകയാണ് ആ മുഖം; പറയുന്നതെന്താണെന്ന് നിനക്കു പിടി കിട്ടുന്നുമില്ല.
നീ ഉറക്കമാണോ? അതോ വായിച്ചുകൊണ്ടിരിക്കുകയോ- അതെനിക്കു തൃപ്തിയല്ല. അതോ ഇപ്പോഴും ആ നാടകത്തിന്റെ പരിശീലനത്തിലോ? അങ്ങനെയാവരുതേയെന്ന് ആത്മാർത്ഥമായിട്ടാഗ്രഹിക്കുകയാണു ഞാൻ. എപ്പോഴും പതുക്കെയോടുന്നതെങ്കിലും ഒരിക്കലും തകരാറിലാവാത്ത എന്റെ വാച്ചിൽ ഇപ്പോൾ ഒന്നിന് ഏഴു മിനുട്ടായിരിക്കുന്നു. അന്യരെക്കാളധികം നീയുറങ്ങണമെന്ന കാര്യം ഓർമ്മ വയ്ക്കേണമേ. എനിക്ക് ഉറക്കം കുറവാണ്, മിക്കവരെക്കാളും അത്ര കുറവല്ലെങ്കിലും. ഞാൻ മിച്ചം പിടിച്ച ഉറക്കം നിന്റെ അരുമക്കണ്ണുകളിലല്ലാതെ മറ്റെവിടെ സൂക്ഷിച്ചുവയ്ക്കാൻ.
വേണ്ടാത്ത സ്വപ്നങ്ങളും വേണ്ട കേട്ടോ! നിന്റെ കിടക്കയ്ക്കു ചുറ്റും മനസ്സു കൊണ്ടൊരു പര്യടനം നടത്തുകയാണു ഞാൻ, നിശ്ശബ്ദത പാലിക്കണമെന്നുള്ള ശാസനയുമായി. അവിടെ സകലതിലും ഒരു ചിട്ട സ്ഥാപിച്ചതിൽപ്പിന്നെ ( ഇമ്മാനുവെൽ കിഴ്സ്റ്റാസെയിൽ നിന്ന് ഒരു കുടിയനെ ആട്ടിയോടിയ്ക്കുകയും ചെയ്തു ഞാൻ) ഞാൻ മടങ്ങിപ്പോരുകയാണ്, എന്റെയുള്ളിലും ഒരുമാതിരി ചിട്ടയുമായി, എന്റെ എഴുത്തിലേക്ക്; നേരേ ഉറക്കത്തിലേക്ക് എന്നുമാവാം.
ഞാൻ നിനക്കു കത്തെഴുതുന്ന സമയത്ത് നീ എന്തു ചെയ്യുകയാണെന്നതിനെക്കുറിച്ച് ഒരേകദേശചിത്രം തരാൻ ഒരിക്കലും മടിക്കരുതേ. എങ്കിൽ ഞാനെന്റെ ഊഹങ്ങൾ അതുമായി ഒത്തുനോക്കും; കഴിയുമെങ്കിൽ നീ വസ്തുതകളെ എന്റെ ഊഹങ്ങളോടടുപ്പിക്കാനും ശ്രമിക്കണം. നിരവധി ശ്രമങ്ങൾക്കു ശേഷം അവ സമാനമാവുകയും നമുക്കെന്നും തീർച്ചയുള്ള ഒരൊറ്റ യാഥാർത്ഥ്യമായി മാറുകയും ചെയ്താൽ എത്ര അവിശ്വസനീയമായിരിക്കുമത്!- ഇതാ ഇപ്പോൾ ഒരു മണി അടിയ്ക്കുന്നു, പ്രാഗിലെ സമയം.
വിട, ഫെലിസ്, വിട! ആ പേരു നിനക്കെങ്ങനെ കിട്ടി? എന്നെ വിട്ടു പറന്നുപോവുകയുമരുതേ! അങ്ങനെയൊന്ന് എങ്ങനെയോ പെട്ടെന്നെന്റെ മനസ്സിലേക്കു കടന്നുവന്നു. അതിനി ചിറകു വച്ചൊരു വാക്കാണ് വിട എന്നതു കൊണ്ടാവാം. അത്യുന്നതങ്ങളിലേക്കു പറന്നുയരുന്നത് അത്യസാധാരണമായ ആനന്ദം നൽകുമെന്നെനിക്കു തോന്നുന്നു, നിന്നിൽ ഞാൻ അള്ളിപ്പിടിച്ചിരിക്കുന്നതുപോലെ തന്നിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു വൻഭാരത്തിൽ നിന്നു മുക്തനാവാൻ അതുകൊണ്ടു കഴിയുമെങ്കിൽ. അങ്ങനെയൊരാശ്വാസത്തിന്റെ മാടിവിളിയ്ക്കലിൽ വീണുപോവുകയുമരുതേ! നിനക്കെന്നെ കൂടാതെ കഴിയില്ലെന്ന മിഥ്യയിൽ പിടിച്ചുതൂങ്ങൂ; അതിനെക്കുറിച്ച് കാര്യമായി ചിന്തിക്കൂ. അതുകൊണ്ട് നിനക്കു ദ്രോഹമൊന്നും ഉണ്ടാവാൻ പോകുന്നില്ല; ഇനി എന്നെങ്കിലും ഒരിക്കൽ എന്നെ കൈയൊഴിയണമെന്നു നിനക്കു തോന്നിയാൽ അതിനുള്ള മനോബലം നിനക്കുണ്ടായിരിക്കുകയും ചെയ്യും. ഈ ജീവിതത്തിൽ സ്വപ്നം കാണാൻ കൂടി കഴിയാത്തൊരു വരമാണു നീ എനിക്കു തന്നത്; അതാണു വാസ്തവം, ഉറക്കത്തിൽ തല കുലുക്കി നീയതു നിഷേധിച്ചാലും.
ഫ്രാൻസ്
1912 നവംബർ 15
പ്രിയപ്പെട്ടവളേ, എന്നെ ഇങ്ങനെ പീഡിപ്പിക്കരുതേ! ഇന്നും ഒരു കത്തില്ല; രാത്രിക്കു ശേഷം പകലു വരുമെന്നുറപ്പുള്ള പോലെ ഇന്നു കത്തു വരുമെന്നു ഞാനുറപ്പിച്ച ഈ ശനിയാഴ്ചയും. പൂർണ്ണമായിട്ടൊരു കത്തു വേണമെന്നാരു നിർബന്ധിക്കുന്നു? രണ്ടു വരി മതി, ഒരാശംസ,ഒരു കവർ, ഒരു കാർഡ്! നാലു കത്തുകൾക്കു ശേഷവും (ഇതഞ്ചാമത്തേതാണ്) ഒരു വാക്ക് നിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. മഹാമോശം, ഇതു ശരിയല്ല. ഈ അന്തമറ്റ നാളുകൾ ഞാനെങ്ങനെ കഴിച്ചുകൂട്ടാൻ - ജോലി ചെയ്യുക, സംസാരിക്കുക, ഞാനെന്തു ചെയ്യണമെന്നു മറ്റുള്ളവർ പ്രതീക്ഷിക്കുന്നുവോ അതു ചെയ്യുക? ഇനി പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലെന്നുമാവാം; നിനക്കതിനു നേരം കിട്ടിയില്ലെന്നു മാത്രമാവാം; നാടകത്തിന്റെ പരിശീലനമോ ചർച്ചയോ തടസ്സമായതാണെന്നും വരാം. എന്നാൽക്കൂടി ഒരു കൊച്ചുമേശയ്ക്കടുത്തു ചെന്ന് ഒരു പെൻസിലെടുത്ത് ഒരു കടലാസ്സുതുണ്ടിൽ 'ഫെലിസ്' എന്നെഴുതി എന്റെ പേർക്കയയ്ക്കുന്നതിൽ ആരു നിനക്കൊരു തടസ്സമാവാൻ എന്നൊന്നു പറയൂ. എനിക്കതു വലിയൊരു കാര്യമാകുമായിരുന്നു. നീ ജീവിച്ചിരിക്കുന്നു എന്നതിന് ഒരടയാളം; ജീവനുള്ള ഒന്നിൽ പറ്റിപ്പിടിയ്ക്കാൻ ഞാൻ നടത്തുന്ന ശ്രമങ്ങളിൽ എനിക്കൊരുറപ്പും. നാളെ ഒരു കത്തു വരും, വരണം; ഇല്ലെങ്കിൽ എന്തു ചെയ്യണമെന്ന് എനിക്കറിവുണ്ടാവില്ല. എങ്കിൽ എല്ലാം ശരിയാവും; കൂടുതൽ കത്തുകൾക്കായുള്ള തീരാത്ത മുറവിളികൾ കൊണ്ട് ഞാൻ പിന്നെ നിന്നെ ശല്യപ്പെടുത്തുകയുമില്ല. പക്ഷേ നാളെ ഒരു കത്തു വന്നാൽ തിങ്കളാഴ്ച ഈ പരാതികൾ ഓഫീസിൽ നിന്നെ സ്വീകരിക്കാൻ വരുന്നത് അധികപ്പറ്റാവുകയും ചെയ്യും. എന്നാൽക്കൂടി എനിക്കവ പ്രകടമാക്കാതിരിക്കാൻ വയ്യ; കാരണം നീ എനിക്കെഴുതാതിരുന്നാൽ ഒരു ന്യായവാദം കൊണ്ടും ആ തോന്നലെനിക്കൊഴിവാക്കാൻ പറ്റില്ല, നീ എന്നിൽ നിന്നു മാറിപ്പോവുകയാനെന്ന്, നീ അന്യരോടു സംസാരിക്കുകയാണെന്ന്, നീ എന്നെ മറക്കുകയാണെന്നും. ഞാനിതു നിശ്ശബ്ദമായി സഹിക്കണമെന്നാണോ? നിന്റെയൊരു കത്തിനു വേണ്ടി ഞാൻ കാത്തിരിക്കുന്നതും ഇതാദ്യമായിട്ടല്ല ( അതു നിന്റെ കുറ്റം കൊണ്ടല്ല എന്ന് എനിക്കു ബോധ്യമുണ്ടെങ്കിൽക്കൂടി) ; ഇതിനൊപ്പം വയ്ക്കുന്ന ഒരു പഴയ കത്ത് അതിനു തെളിവുമാണ്.
No comments:
Post a Comment