കാളപ്പോരുകാരൻ
നമ്മുടെ ഭാവനയ്ക്കതീതമായ ചില കാരണങ്ങളാൽ ലോകത്തെ ഏറ്റവും മഹാനായ കാളപ്പോരുകാരൻ അങ്കത്തിനായി തിരഞ്ഞെടുക്കുന്നത് മാഡ്രിഡ്ജനത കേട്ടിട്ടുപോലുമില്ലാത്ത വിദൂരമായ ഒരു കൊച്ചുപട്ടണത്തിലെ ജീർണ്ണിച്ച ഏതോ കളിക്കളമാണെന്നു വരാം. നൂറ്റാണ്ടുകളായി അവഗണിയ്ക്കപ്പെട്ടുകിടന്ന ആ കളിക്കളത്തിന്റെ പുല്ലു കേറിവളർന്ന ഒരു ഭാഗത്ത് കുട്ടികൾ ഓടിക്കളിയ്ക്കുന്നു; കല്ലുകൾ പൊള്ളുന്ന മറ്റൊരിടത്ത് പാമ്പുകളും പല്ലികളും വെയിലു കായുകയും ചെയ്യുന്നു. ചുമരുകളുടെ മേലിഷ്ടികകൾ പണ്ടേ കടത്തിക്കൊണ്ടു പോയിരിക്കുന്നു; ചുറ്റുവട്ടത്തെ വീടുകൾക്കെല്ലാമുള്ള ഒരു കന്മട. ഇപ്പോഴാകട്ടെ കഷ്ടിച്ച് അഞ്ഞൂറു പേർക്കിരിക്കാവുന്ന ഒരു കൊച്ചുവട്ടളം മാത്രമാണത്. അതിനോടു ബന്ധപ്പെട്ടു മറ്റു കെട്ടിടങ്ങളൊന്നുമില്ല, അതിനുമുപരി ലായമെന്നതില്ല; അവിടേയ്ക്കു തീവണ്ടി എത്തിയിട്ടില്ലെന്നതാണ് ഏറ്റവും മോശമായ കാര്യം. അടുത്ത സ്റ്റേഷനിലിറങ്ങി മൂന്നു മണിക്കൂർ കുതിരവണ്ടിയിലും, പിന്നെ ഒരേഴു മണിക്കൂർ കാൽനടയായും യാത്ര ചെയ്താലേ അവിടെ എത്തിപ്പെടുകയുള്ളു.
ഒരു ജീവിതം
നാറുന്നൊരു കൊടിച്ചിപ്പട്ടി, എണ്ണമറ്റ നായ്ക്കുട്ടികൾക്കു ജന്മം നല്കിയവൾ, അവിടവിടെ അളിഞ്ഞുതുടങ്ങിയവൾ, എന്നാൽ ബാല്യത്തിൽ എന്റെ എല്ലാമായിരുന്നവൾ, വിടാത്ത കൂറോടെ എന്റെ പിന്നാലെ വന്നിരുന്നവൾ,അടിച്ചോടിക്കാൻ മനസ്സു വരാതെ അടി വച്ചടിവച്ചു പിന്നാക്കം മാറുകയാണു ഞാനെന്നാൽക്കൂടി, മറിച്ചൊരു തീരുമാനം ഞാനെടുക്കുന്നില്ലെങ്കിൽ, ചുമരുകൾക്കിടയിലെ ഒരു മൂലയിലേക്ക്, ഇപ്പോഴേ എനിക്കു കണ്ണിൽ കാണാവുന്ന ഒരു മൂലയിലേക്ക്, അവളെന്നെ തള്ളിക്കയറ്റും; അവിടെ എന്റെ മേൽ, എന്റെയൊപ്പം, അവളാകെ അളിഞ്ഞുതീരും- എനിക്കിതൊരു ബഹുമതിയാണോ?- ചലമൊലിക്കുന്ന, പുഴുത്ത നാവ് എന്റെ കൈവെള്ളയിലും വച്ച്.
(from the Blue Octavo Notebooks)
ചിത്രം - ഗോയ
No comments:
Post a Comment