Saturday, March 12, 2011

റില്‍ക്കെ - അയൽക്കാർ


തികച്ചും നിരുപദ്രവിയായ ഒരു ജീവി ഈ ലോകത്തുണ്ട്; നിങ്ങളുടെ കണ്ണുകൾക്കു മുന്നിലൂടെ അതു കടന്നുപോകുമ്പോൾ കഷ്ടിച്ചതു നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടുവെന്നാലായി; അതിനെ പിന്നെ നിങ്ങൾ മറന്നും പോകുന്നു. അതു പക്ഷേ, ഏതോ ഒരു രീതിയിൽ, അദൃശ്യമായും, നിങ്ങളുടെ കാതിൽപ്പെട്ടുവെന്നാലാകട്ടെ, അതവിടെക്കിടന്നു വികസിക്കാൻ തുടങ്ങുന്നു, പെരുകുന്നു; അതു തലച്ചോറിലേക്കു കടന്ന്, നാശകരമായ രിതിയിൽ കിടന്നു തഴയ്ക്കുന്നതിനെക്കുറിച്ചും അറിവുണ്ട്; മൂക്കിലൂടെ നായ്ക്കൾക്കുള്ളിലേക്കു കടക്കുന്ന ന്യൂമോക്കോച്ചിയുടെ സ്വഭാവവും ഇതുതന്നെ.

ഈ ജീവിയാണ്‌ നിങ്ങളുടെ അയൽക്കാരൻ.

ഇന്നതെന്നൊരിടമില്ലാതെ ഞാനിങ്ങനെ ഒഴുകിനടക്കാൻ തുടങ്ങിയതിൽപ്പിന്നെ എണ്ണിയാലൊടുങ്ങത്ത അയൽക്കാർ എനിക്കുണ്ടായിരിക്കുന്നു; താഴെയുള്ള അയൽക്കാർ, മുകളിലുള്ള അയൽക്കാർ, ഇടതുവശത്തെ അയൽക്കാർ, വലതുവശത്തെ അയൽക്കാർ, ചിലപ്പോഴാകട്ടെ, ഒരേനേരം ഈ നാലുതരത്തിൽപ്പെട്ടവരും. എന്റെ അയൽക്കാരുടെ ഒരു ചരിത്രമെഴുതാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല; ഒരായുസ്സതിനെടുക്കുമെന്നേയുള്ളു. ശരിക്കു പറഞ്ഞാൽ അവർ എന്നിൽ ജനിപ്പിച്ച ലക്ഷണങ്ങളുടെ ഒരു ചരിത്രമായിരിക്കുമത്; എന്തെന്നാൽ, ചില ശരീരകലകളിൽ വരുത്തുന്ന വ്യതിയാനങ്ങളിലൂടെ മാത്രം സ്വന്തം സാന്നിദ്ധ്യം വെളിപ്പെടുത്തുക എന്നൊരു സ്വഭാവവിശേഷം സമാനപ്രകൃതികളായ മറ്റു ജീവികളുമായി പങ്കു വയ്ക്കുന്നുണ്ട് അയൽക്കാരെന്ന ഈ ജീവികളും.

പ്രവചനങ്ങൾക്കു വഴങ്ങാത്ത അയൽക്കാരും ഒരു തരത്തിലും ചിട്ട തെറ്റിക്കാത്ത അയൽക്കാരും എനിക്കുണ്ടായിട്ടുണ്ട്. ആദ്യം പറഞ്ഞ തരക്കാരെ ഭരിക്കുന്ന ഒരു നിയമം കണ്ടെത്താൻ മണിക്കൂറുകൾ ഞാൻ പരിശ്രമിച്ചിരിക്കുന്നു; കാരണം ഏതെങ്കിലും തരത്തിലുള്ള ഒരു നിയമത്തിനനുസൃതമായിരിക്കണം അവരുടെ പോലും നടപടികൾ എന്നതിൽ എനിക്കു സംശയമില്ലായിരുന്നു. നിഷ്ഠ തെറ്റിക്കാത്ത എന്റെ അയൽക്കാർ രാത്രിയിൽ പതിവുനേരത്ത് വീട്ടിലെത്താതിരുന്നാലാകട്ടെ, അവർക്കു സംഭവിച്ചിരിക്കാവുന്ന അത്യാഹിതങ്ങളെക്കുറിച്ച് ഞാൻ ഭാവന ചെയ്യാൻ തുടങ്ങും; അവരെയും കാത്ത് ഉറങ്ങാതെ വിളക്കും കത്തിച്ചുവച്ചു ഞാനിരുന്നിട്ടുണ്ട്; ഒരു നവവധുവിനെപ്പോലെ ഉത്കണ്ഠപ്പെട്ടിട്ടുണ്ട്. അന്യോന്യം കൊടുംപക വച്ചുപുലർത്തുന്ന അയൽക്കാർ എനിക്കുണ്ടായിട്ടുണ്ട്; അതുപോലെതന്നെ തീവ്രസ്നേഹത്തിൽപ്പെട്ട അയൽക്കാരും. രാത്രിയുടെ നടുക്ക്, പെട്ടെന്നൊരു മുഹൂർത്തത്തിൽ ഇതിലൊരു വികാരം മറ്റൊന്നാകുന്നതിന്റെ അനുഭവവും എനിക്കുണ്ടായിട്ടുണ്ട്; അന്നു പിന്നെ ഉറങ്ങാമെന്ന പ്രതീക്ഷയും വേണ്ട. ഉറക്കം നാം കരുതും പോലെ ഇടമുറിയാത്ത ഒരു പ്രതിഭാസമല്ല എന്നൊരു പൊതുനിയമവും ഇതിൽ നിന്നു രൂപീകരിക്കാമെന്ന് എനിക്കു തോന്നിപ്പോകുന്നു.


ന്യൂമോക്കോച്ചി- ശ്വാസത്തിലൂടെ നായ്ക്കളിലേക്കു പകരുന്ന ഒരുതരം ബാക്റ്റീരിയ.

from the Notebooks of Malte Laurids Brigge


No comments: