എത്ര വട്ടം ശപിച്ചിരിക്കുന്നു ഞാൻ
ഈ ആകാശത്തെ, ഈ ഭൂമിയെ,
പായലു കേറിയ മില്ലിന്റെ
കനത്തു തൂങ്ങുന്ന കാറ്റാടിക്കൈകളെ!
വീടിന്റെ ചായ്പ്പിനുള്ളിൽ
ഒരു ബഞ്ചിൽ കിടന്നിരുന്നു
നിവർന്നും വിളറിയുമൊരു ജഡം,
മൂന്നു കൊല്ലം മുമ്പെന്ന പോലെ.
എലികൾ പുസ്തകങ്ങൾ കരണ്ടിരുന്നു
പണ്ടെപ്പോലെ,
ഒന്നിടം ചരിഞ്ഞു കത്തിയിരുന്നു
മെഴുകുതിരി പണ്ടെപ്പോലെ.
അറയ്ക്കുന്ന മണികൾ
ദൂരെ കിലുങ്ങിക്കൊണ്ടു പാടിയിരുന്നു
കയ്ച്ചുപോയ സന്തോഷങ്ങളെ കീർത്തിക്കുന്ന
സരളഗാനങ്ങൾ.
ഒച്ചുകളും മുത്തങ്ങയും വളരുന്ന നടവഴിയുടെയരികിൽ
നിരയിട്ടു നിന്നിരുന്നു ഡാലിയാപ്പൂക്കൾ.
എനിക്കു തടവറ രണ്ടാം വീടായതിങ്ങനെ.
പ്രാർത്ഥിക്കുമ്പോൾപ്പോലും
സ്മരിക്കാൻ ധൈര്യപ്പെടില്ല ഞാനാദ്യത്തേതിനെ.
.
(1915 ജൂലൈ)
1 comment:
പ്രിയപ്പെട്ട പരിഭാഷയ്ക്കു എങ്ങിനെ നന്ദി പറയണമെന്നറിയില്ല..
Post a Comment