Sunday, March 27, 2011

കാഫ്ക - ഫെലിസിന്


1912 സെപ്തംബർ 20

പ്രിയപ്പെട്ട ഫ്രൗളിൻ ബോവർ,

എന്നെക്കുറിച്ച് അത്ര വിദൂരമായ ഒരോർമ്മ പോലും ശേഷിക്കുന്നില്ലെന്നാണെങ്കിൽ ഒരിക്കൽക്കൂടി ഞാൻ സ്വയം പരിചയപ്പെടുത്തിക്കൊള്ളട്ടെ. എന്റെ പേര്‌ ഫ്രാൻസ് കാഫ്ക എന്നാണ്‌; പ്രാഗിൽ ഡയറക്റ്റർ ബ്രോഡിന്റെവിടെ അന്നു രാത്രിയിൽ നിങ്ങളോടാദ്യമായി കുശലം പറഞ്ഞ വ്യക്തി ഞാനായിരുന്നു; അതിനു ശേഷം ഒരു താലിയായാത്രയുടെ ഫോട്ടോകൾ മേശയ്ക്കു മുകളിലൂടെ ഒന്നൊന്നായി നിങ്ങൾക്കെടുത്തു തന്നയാൾ; ഏറ്റവും ഒടുവിലായി, ഇപ്പോൾ ഈ താക്കോൽക്കൂട്ടത്തിൽ പെരുമാറുന്ന ഇതേ കൈ കൊണ്ട് നിങ്ങളുടെ കരം ഗ്രഹിച്ചയാളും- അടുത്ത കൊല്ലം അയാൾ പാലസ്തീനിലേക്കു പോവുമ്പോൾ ഒപ്പം ചെല്ലാമെന്നൊരു വാഗ്ദാനത്തിന്‌ ഉറപ്പു നല്കുകയും ചെയ്തിരുന്നു നിങ്ങൾ.
ഇനി, അങ്ങനെയൊരു യാത്ര നടത്താമെന്നു തന്നെയാണ്‌ ഇപ്പോഴും നിങ്ങളുടെ ആഗ്രഹമെങ്കിൽ - പറഞ്ഞതിൽ ഉറച്ചുനില്ക്കുന്നയാളാണു താനെന്നായിരുന്നു അന്നു നിങ്ങളെന്നോടു പറഞ്ഞത്, അതങ്ങനെയല്ലെന്നതിന്റെ ലക്ഷണമൊന്നും ഞാൻ നിങ്ങളിൽ കണ്ടതുമില്ല- പിന്നെ ചെയ്യാനുള്ള ശരിയായ കാര്യം, മാത്രമല്ല അത്യന്താപേക്ഷിതമായ കാര്യം, യാത്രയെക്കുറിച്ചു നാം ഉടനേതന്നെ ചർച്ച ചെയ്തു തുടങ്ങുക എന്നതാണ്‌. കാരണം, നമ്മുടെ ഒഴിവുദിനങ്ങളുടെ ഓരോ മിനുട്ടും നമുക്കുപയോഗപ്പെടുത്തേണ്ടതായി വരും; അത്ര നീണ്ടൊരവധിക്കാലം, ഒരു പാലസ്തീൻ യാത്രയുടെ കാര്യത്തിൽ വിശേഷിച്ചും, നമുക്കു കിട്ടില്ലെന്നുമോർക്കണമല്ലോ; അതിനു പക്ഷേ സാധ്യമായത്ര ശുഷ്കാന്തിയോടെ നാം സ്വയം ഒരുങ്ങണം, എല്ലാ ഒരുക്കങ്ങളും ഇരുവർക്കും സമ്മതമാവുകയും വേണം.
ഒരു സംഗതി എനിക്കേറ്റുപറയാനുണ്ട്, കേൾക്കുമ്പോൾ മോശമാണെങ്കിലും, ഞാനിതേവരെ പറഞ്ഞുകൊണ്ടു വന്നതിനു നിരക്കാത്തതാണെങ്കിലും: കത്തയയ്ക്കുന്ന കാര്യത്തിൽ ഒരു സ്ഥിരതയില്ലാത്തയാളാണു ഞാൻ. ടൈപ്പുറൈറ്റർ കൂടിയില്ലെങ്കിൽ പിന്നെ പറയുകയും വേണ്ട; കാരണം കത്തെഴുതാനുള്ള മാനസികാവസ്ഥയിലല്ല ഞാനെങ്കിൽ എഴുത്തു നടത്താനായി വിരൽത്തുമ്പുകളുണ്ടാകുമായിരുനല്ലോ. മറുവശം പറഞ്ഞാൽ, എഴുതുന്ന ഓരോ കത്തിനും മടക്കത്തപാലിൽത്തന്നെ മറുപടി കിട്ടിക്കോളുമെന്ന പ്രതീക്ഷയും എനിക്കില്ല; വരും വരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന ഒരു കത്ത് ദിവസങ്ങൾ കഴിഞ്ഞും വരാതിരിക്കുമ്പോൾ നിരാശനാകാറുമില്ല ഞാൻ; ഇനി ഒടുവിൽ അതു വന്നാൽത്തന്നെ ഞാനൊന്നു നടുങ്ങിയെന്നും വരാം. പുതിയൊരു ഷീറ്റു കടലാസ് ടൈപ്പുറൈറ്ററിൽ തിരുകുമ്പോൾ എനിക്കു ബോധ്യമാവുകയാണ്‌, ഉള്ളതിലധികം വിഷമം പിടിച്ച ഒരാളായിട്ടാണ്‌ ഞാൻ സ്വയം വർണ്ണിച്ചതെന്ന്. അങ്ങനെയൊരു പിശകു ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ അതെനിക്കു കിട്ടേണ്ടതു തന്നെ; ആറു മണിക്കൂർ ഓഫീസുജോലിയ്ക്കു ശേഷം ഇങ്ങനെയൊരു കത്തെഴുതാൻ ഞാനെന്തിനു തീരുമാനിച്ചു, അതും എനിക്കു പരിചയമില്ലാത്ത ഒരു ടൈപ്പുറൈറ്ററിലും?

എന്നാലും, എന്നാലും- ടൈപ്പുറൈറ്റർ ഉപയോഗിക്കുന്നതു കൊണ്ടുള്ള ഒരേയൊരു ദൂഷ്യം പറഞ്ഞുവരുന്നതിന്റെ തുമ്പു പെട്ടെന്നു വിട്ടുപോകും എന്നതാണ്‌ - ഒരു സഹയാത്രികനായി, ഒരു വഴികാട്ടിയായി, ഒരു ബാദ്ധ്യതയായി, ഒരു സ്വേച്ഛാധിപതിയായി, അതുമല്ലെങ്കിൽ ഞാനിനി എന്തായി വരുമോ അതായി എന്നെ തിരഞ്ഞെടുക്കുന്നതിൽ സംശയങ്ങളുയർന്നാലും, പ്രായോഗികമായ സംശയങ്ങളുടെ കാര്യമാണു ഞാൻ പറയുന്നത്, കത്തുകളിലൂടെ സമ്പർക്കം പുലർത്താനൊരാളെന്ന നിലയിൽ എന്നെ കൂട്ടാൻ ( തല്ക്കാലത്തേക്ക് അതിനെക്കുറിച്ചേ ചിന്തിക്കാനുള്ളൂ) മുൻകൂർ തടസ്സവാദങ്ങളൊന്നും നിങ്ങൾക്കുണ്ടാവില്ലെന്നു കരുതട്ടെ; അതിൽ എനിക്കൊരവസരം തന്നു നോക്കുകയുമാവാം.
എത്രയുമാത്മാർത്ഥതയോടെ,

ഡോ. ഫ്രാൻസ് കാഫ്ക


കാഫ്ക ഫെലിസിനയച്ച ആദ്യത്തെ കത്ത്. ഡയറക്റ്റർ ബ്രോഡെന്നു പറഞ്ഞിരിക്കുന്നത് കാഫ്കയുടെ സ്നേഹിതനായ മാക്സ് ബ്രോഡിന്റെ അച്ഛൻ അഡോൾഫ് ബ്രോഡിനെയാണ്‌; അദ്ദേഹം പ്രാഗിലെ യൂണിയൻ ബാങ്കിന്റെ പ്രസിഡന്റായിരുന്നു. മാക്സ് ബ്രോഡിന്റെ സഹോദരി സോഫിയുടെ കസിനാണ്‌ ഫെലിസ്.
താലിയായാത്ര എന്നുദ്ദേശിച്ചിരിക്കുന്നത് 1912ലെ വേനല്ക്കാലത്ത് ബ്രോഡും കാഫ്കയും കൂടി ഗെയ്ഥെയുടെ ജന്മസ്ഥലമായ വെയ്മറിലേക്കു നടത്തിയ യാത്രയാവണം.


No comments: