Friday, November 30, 2012

മഹമൂദ് ദർവീശ് - ഈ മണ്ണ്‌

mahmoud-darwish

ഈ മണ്ണിലുണ്ടല്ലോ
ജീവിതത്തെ ജീവിക്കാനർഹമാക്കുന്നതൊക്കെയും:
പിരിയാൻ മടി കാട്ടുന്ന ഏപ്രിൽ മാസം,
പുലർച്ചെ അപ്പം മൊരിയുന്ന മണം,
പുരുഷന്മാരെപ്പറ്റി ഒരു സ്ത്രീയുടെ ഉള്ളിലിരിപ്പുകൾ,

പ്രണയത്തിന്റെ തുടക്കങ്ങൾ,
കല്ലിൽ പറ്റിവളരുന്ന പുൽക്കൊടികൾ,
ഒരു പുല്ലാങ്കുഴലിന്റെ നേർത്ത നെടുവീർപ്പു മാത്രം
ജീവിതത്തിനാശ്രയമായ അമ്മമാർ,
ആക്രമണകാരികൾക്കോർമ്മകളോടുള്ള ഭയം.
ഈ മണ്ണിലുണ്ടല്ലോ
ജീവിതത്തെ ജീവിക്കാനർഹമാക്കുന്നതൊക്കെയും:
സെപ്തംബറിന്റെ ഒടുവുനാളുകൾ,
ഉടവു തട്ടാതെ നാല്പതു കടക്കുന്ന ഒരു സ്ത്രീ,
തടവറയിൽ വെയിലു വീഴുന്ന മുഹൂർത്തം,
ആട്ടിൻപറ്റത്തെ ഓർമ്മപ്പെടുത്തുന്ന മേഘരൂപങ്ങൾ,
മുഖത്തു മന്ദഹാസവുമായി
കൊലമരത്തിന്റെ പടവുകൾ കയറുന്നവർക്കായി
ജനങ്ങളുടെ കരഘോഷം,
ദുഷ്പ്രഭുക്കൾക്കു പാട്ടിനോടുള്ള ഭയം.
ഈ മണ്ണിലുണ്ടല്ലോ
ജീവിതത്തെ ജീവിക്കാനർഹമാക്കുന്നതൊക്കെയും:
ഈ മണ്ണായ പെണ്ണു തന്നെ
തുടക്കങ്ങൾക്കമ്മ,
ഒടുക്കങ്ങൾക്കമ്മയും.
പലസ്തീനെന്നായിരുന്നു അതിന്നു പേര്‌,
ആ പേരു പിന്നെ പലസ്തീനാവുകയായിരുന്നു.
എന്റെ പെണ്ണേ,
അർഹനാണു ഞാൻ,
നീയാണെന്റെ പെണ്ണെന്നതിനാൽ
ജീവിതത്തിനുമർഹനാണു ഞാൻ.



We have on this earth what makes life worth living:
April’s hesitation
The aroma of bread at dawn
A woman’s opinion of men
The works of Aeschylus
The beginning of love
Grass on a stone
Mothers living on a flute’s sigh
and,
The invaders’ fear of memories
We have on this earth what makes life worth living:
The final days of September
A woman leaving forty in full blossom
The hour of sunlight in prison
A cloud reflecting a swarm of creatures
The peoples’ applause for those who face death with a smile
And,
The tyrants’ fear of songs.
We have on this earth what makes life worth living:
On this earth, the lady of earth,
Mother of all beginnings
Mother of all ends.
She was called… Palestine.
Her name later became… Palestine.

Wednesday, November 28, 2012

ഒലാവ് എഛ്. ഹോഗ് - കവിതകൾ

olafhauge



ഇന്നു ഞാൻ കണ്ടു


ഇന്നു ഞാൻ കണ്ടു
രണ്ടു ചന്ദ്രന്മാരെ,
ഒന്നു പുതിയത്,
ഒന്നു പഴയത്.
ഞാനൊരുപാടു വിശ്വാസമർപ്പിക്കുന്നു
പുതിയ ചന്ദ്രനിൽ;
അതിനി പഴയതാകാനും മതി.


കറുത്ത കുരിശുകൾ


വെളുത്ത മഞ്ഞിൽ
കറുത്ത കുരിശുകൾ
മഴയത്തു ചാഞ്ഞും കുനിഞ്ഞും.
മുൾച്ചതുപ്പും കടന്ന്
മരിച്ചവർ ഇവിടെ വന്നു
തോളത്തു കുരിശുകളുമായി
എന്നിട്ടവ താഴെയിറക്കിവച്ച്
തങ്ങളുടെ തങ്ങളുടെ
മഞ്ഞു വീണ പുൽക്കറ്റയ്ക്കു താഴെ
വിശ്രമിക്കാനും പോയി.


എന്തൊക്കെപ്പറഞ്ഞാലും


വർഷം മുഴുവൻ പുസ്തകങ്ങൾക്കു മേൽ
കുനിഞ്ഞിരിക്കുകയാണു നിങ്ങൾ.
ഒമ്പതു ജന്മങ്ങൾക്കു വേണ്ടതിലധികം ജ്ഞാനം
നിങ്ങൾ സംഭരിച്ചും കഴിഞ്ഞു.
എന്തൊക്കെപ്പറഞ്ഞാലും
വേണ്ടതൊരിത്തിരി മാത്രം,
അതു ഹൃദയത്തിനു പണ്ടേയറിയുന്നതും.
ഈജിപ്തിൽ അറിവിന്റെ ദേവന്‌
ആൾക്കുരങ്ങിന്റെ ശിരസ്സായിരുന്നു.


നമ്മുടെ സ്വപ്നം


നാം രഹസ്യമായി കൊണ്ടുനടക്കുന്നൊരു സ്വപ്നമാണ്‌,
ഒരത്ഭുതം നടക്കുമെന്ന്,
അതു നടക്കണമെന്ന്-
കാലം തുറക്കുമെന്ന്
ഹൃദയം തുറക്കുമെന്ന്
വാതിലുകൾ തുറക്കുമെന്ന്
മലകൾ തുറക്കുമെന്ന്
അരുവികൾ പുറത്തുചാടുമെന്ന്-
സ്വപ്നം തുറക്കുമെന്ന്
പ്രഭാതത്തിൽ നാം ഒഴുകിയെത്തും
നമുക്കറിവില്ലാതിരുന്നൊരു
കടവിലേക്കെന്ന്.


കാറ്റു നീയായിരുന്നു


കാറ്റു കാത്തു കിടന്ന
തോണിയായിരുന്നു ഞാൻ.
കാറ്റു നീയായിരുന്നു.
എനിക്കു പോകേണ്ട-
താ ദിക്കിലേക്കായിരുന്നുവോ?
കാറ്റതുമാതിരിയാവുമ്പോൾ
ദിക്കുകളെക്കുറിച്ചാരോർക്കുന്നു!


പരവതാനി


ഒരു പരവതാനി നെയ്തുതരൂ, ബോദ്ൽ,
അതിനൂടും പാവുമിടട്ടെ സ്വപ്നങ്ങളും ദർശനങ്ങളും,
കാറ്റുമതിലിഴയോടട്ടെ,
പ്രാർത്ഥിക്കുമ്പോളൊരു ബദൂയിനെപ്പോലെ
എനിക്കതു നീർത്തിയിടാം,
ഉറങ്ങുമ്പോഴെനിക്കതു മൂടിപ്പുതയ്ക്കാം,
കാലത്തെനിക്കു പിന്നെ വിളിച്ചുപറയാം:
“മേശപ്പുറമേ, വിഭവങ്ങൾ നിരക്കട്ടെ!”
തണുപ്പത്തെനിക്കതു മേലങ്കി,
എന്റെ തോണിയ്ക്കു കാറ്റുപായ;
പിന്നെയൊരുനാൾ
ഞാനതിൽ ചെന്നിരിക്കും,
മറ്റൊരു ലോകത്തേക്കു പറന്നും പോകും.


മുഴുവൻ സത്യവും...


മുഴുവൻ സത്യവുമെനിയ്ക്കു വേണ്ട,
എനിയ്ക്കു ദാഹിക്കുമ്പോൾ
കടൽ കൊണ്ടുതരേണ്ട,
വെളിച്ചത്തിനു പറയുമ്പോൾ
ആകാശവും വേണ്ട;
ഒരു സൂചന മതി,
ഒരു തുള്ളി മഞ്ഞ്,
ഒരു പ്രകാശകണം,
കടൽ വിട്ടുപോവുമ്പോൾ
കിളികൾ ചില തുള്ളികളെടുക്കുമ്പോലെ,
കാറ്റൊരുപ്പുതരിയുമെടുക്കുമ്പോലെ.


സ്വപ്നം


ഉറക്കത്തിലേക്കു
നൂണ്ടുകടക്കുക നാം,
ഒരു ശാന്തസ്വപ്നത്തിലേക്കു
നൂണ്ടുകടക്കുക നാം-
രാത്രിയെന്നു നാം പേരിട്ട
ഒരപ്പച്ചെമ്പിൽ
കുഴച്ച മാവിന്റെ രണ്ടു പിടി.
പിന്നെ പ്രഭാതത്തിൽ
നാമുണരട്ടെ,
മൊരിഞ്ഞുതുടുത്ത
രണ്ടപ്പങ്ങളായി!


(ഒ ലാവ് എഛ് ഹോഗ്  Olav H Hauge-നോർവേയിലെ ഉൾവിക്കിൽ 1908-ൽ ജനനം; എമ്പതു കൊല്ലത്തിൽപ്പിന്നെ മരണവും അവിടെത്തന്നെ. പാരമ്പര്യമനുസരിച്ച് കുടുംബസ്വത്തൊക്കെ കവിയുടെ ജ്യേഷ്ഠനു കിട്ടി; മൂന്നേക്ര കൃഷി ചെയ്തു കിട്ടുന്നതു കൊണ്ട് ജീവിതകാലം കഴിച്ചു ഒ ലാവ്. മുപ്പതു വയസ്സിനടുപ്പിച്ച് ഒരു മനോരോഗാശുപത്രിയിൽ കഴിയുന്നുണ്ടദ്ദേഹം. വിവാഹം അറുപത്തഞ്ചാം വയസ്സിൽ; വളരെ വിരളമായിരുന്ന കവിതാവായനച്ചടങ്ങുകളിൽ ഒന്നിൽ വച്ചു കണ്ടുമുട്ടിയ ബോദ്ൽ എന്ന കലാകാരിയായിരുന്നു വധു. മരണവും പഴയ മട്ടിൽ; ഒരു രോഗവും ഉണ്ടായിരുന്നില്ല. പത്തു ദിവസം ആഹാരം കഴിക്കാതെ കിടന്ന് മരിക്കുകയായിരുന്നു. താൻ ജ്ഞാനസ്നാനമേറ്റ പള്ളിയിൽ തന്നെയാണ്‌ അദ്ദേഹത്തെ അടക്കിയിരിക്കുന്നതും.)

വീസ്വാവ സിംബോഴ്സ്ക - സാദ്ധ്യതകൾ

Szymborska2

സിനിമകളാണെനിക്കിഷ്ടം.
പൂച്ചകളെയാണെനിക്കിഷ്ടം.
വാർത്താപുഴക്കരയിലെ ഓക്കുമരങ്ങളാണെനിക്കിഷ്ടം.
ദസ്തയേവ്സ്കിയെക്കാൾ ഡിക്കൻസിനെയാണെനിക്കിഷ്ടം.
മനുഷ്യവംശത്തെ സ്നേഹിക്കുന്ന എന്നെക്കാൾ
മനുഷ്യരെ ഇഷ്ടപ്പെടുന്ന എന്നെയാണെനിക്കിഷ്ടം.
കൈയരികിൽത്തന്നെ ഒരു സൂചിയും നൂലും സൂക്ഷിക്കുന്നതാണെനിക്കിഷ്ടം.
പച്ചനിറമാണെനിക്കിഷ്ടം.
ഇക്കണ്ട നാശത്തിനൊക്കെയുമുള്ള പഴി
യുക്തിയുടെ തലയിൽ കെട്ടിവയ്ക്കാതിരിക്കാനാണെനിക്കിഷ്ടം.
അപവാദങ്ങളാണെനിക്കിഷ്ടം.
നേരത്തേ സ്ഥലം വിടുന്നതാണെനിക്കിഷ്ടം.
ഡോക്ടർമാരോടു വേറെന്തെങ്കിലും പറഞ്ഞിരിക്കാനാണെനിക്കിഷ്ടം.
പണ്ടത്തെ മട്ടിൽ വരകൾക്കു കനം കൂടിയ വരപ്പുകളാണെനിക്കിഷ്ടം.
കവിതയെഴുതാതെ പരിഹാസപാത്രമാവുന്നതിനെക്കാൾ
കവിതയെഴുതി പരിഹാസപാത്രമാവുന്നതാണെനിക്കിഷ്ടം.
പ്രണയജീവിതത്തിൽ ദിവസേന ആഘോഷിക്കാവുന്ന തരത്തിൽ
കൃത്യമായറിയാത്ത വാർഷികങ്ങളാണെനിക്കിഷ്ടം.
യാതൊന്നും വാഗ്ദാനം ചെയ്യാത്ത സദാചാരചിന്തകരെയാണെനിക്കിഷ്ടം.
കണക്കു കൂട്ടി ചെയ്യുന്ന നന്മയെക്കാൾ വിശ്വസിച്ചു ചെയ്യുന്ന നന്മയാണെനിക്കിഷ്ടം.
പട്ടാളവേഷത്തിലല്ലാത്ത ഭൂമിയെയാണെനിക്കിഷ്ടം.
കീഴടക്കുന്ന രാജ്യങ്ങളെക്കാൾ കീഴടങ്ങിയ രാജ്യങ്ങളെയാണെനിക്കിഷ്ടം.
ചില തടസ്സവാദങ്ങളുണ്ടായിരിക്കുന്നതാണെനിക്കിഷ്ടം.
ചിട്ടയൊപ്പിച്ച നരകത്തെക്കാൾ താറുമാറായ നരകമാണെനിക്കിഷ്ടം.
പത്രങ്ങളുടെ മുൻപേജുകളെക്കാൾ ഗ്രിമ്മിന്റെ യക്ഷിക്കഥകളാണെനിക്കിഷ്ടം.
ഇലകളില്ലാത്ത പൂക്കളെക്കാൾ പൂക്കളില്ലാത്ത ഇലകളാണെനിക്കിഷ്ടം.
വാലു മുറിച്ചു ചെറുതാക്കിയ നായ്ക്കളെക്കാൾ വാലു മുറിക്കാത്ത നായ്ക്കളെയാണെനിക്കിഷ്ടം.
എന്റെ കണ്ണുകൾ ഇരുണ്ടതാണെന്നതിനാൽ തെളിഞ്ഞ കണ്ണുകളാണെനിക്കിഷ്ടം.
മേശവലിപ്പുകളാണെനിക്കിഷ്ടം.
ഇവിടെ പറയാത്ത പലതിനെക്കാളും ഇവിടെ സൂചിപ്പിക്കാത്ത പലതുമാണെനിക്കിഷ്ടം.
ഒരക്കത്തിന്റെ പിന്നാലെ നിരന്നുനിൽക്കുന്ന പൂജ്യങ്ങളെക്കാൾ
പിടി തരാതെ നടക്കുന്ന പൂജ്യങ്ങളെയാണെനിക്കിഷ്ടം.
നക്ഷത്രങ്ങളുടെ നേരത്തെക്കാൾ കീടങ്ങളുടെ നേരമാണെനിക്കിഷ്ടം.
തടിയിൽ തട്ടിനോക്കുന്നതാണെനിക്കിഷ്ടം.
ഇനിയെത്ര നേരമുണ്ടെന്നും എപ്പോഴെന്നും ചോദിക്കാതിരിക്കുന്നതാണെനിക്കിഷ്ടം.
ജീവിതത്തിന്‌ അതിന്റേതായ ചില കാരണങ്ങളുണ്ടാവാമെന്ന സാദ്ധ്യത മനസ്സിൽ വയ്ക്കുന്നതാണെനിക്കിഷ്ടം.


Tuesday, November 27, 2012

വീസ്വാവ സിംബോഴ്സ്ക - ദിനോസറിന്റെ അസ്ഥികൂടം

johnny_depp_velociraptor_by_node_of_ranvier1

പ്രിയസഹോദരങ്ങളേ,
ശരിയല്ലാത്ത അനുപാതങ്ങളുടെ ഒന്നാന്തരമൊരുദാഹരണമാണ്‌ നമുക്കു മുന്നിലുള്ളത്.
നോക്കൂ! ദിനോസറിന്റെ അസ്ഥികൂടമാണു മുന്നിൽ നിൽക്കുന്നത്.

പ്രിയപ്പെട്ട സുഹൃത്തുക്കളേ,
ഇടതുഭാഗത്തായി നമുക്കു കാണാം ഒരനന്തതയിലേക്ക് വാലു നീണ്ടുപോകുന്നത്,
വലതുഭാഗത്താവട്ടെ, മറ്റൊരനന്തതയിലേക്കു നീളുന്ന കഴുത്തും.

ബഹുമാന്യരായ സ്നേഹിതരേ,
രണ്ടിനുമിടയിൽ ഒടുവില്‍ ചെളിയില്‍ പൂണ്ടുപോയ നാലു കാലുകൾ,
കുന്നു പോലത്തെ ഉടലിനടിയിൽ.

മഹാനുഭാവരായ പൌരന്മാരേ,
പ്രകൃതിക്കു പിഴയ്ക്കാറില്ല, എന്നാൽ കൊച്ചുകൊച്ചു തമാശകൾ അതിനിഷ്ടമാണു താനും:
കണ്ടാൽ ചിരി വരുന്ന ആ കുഞ്ഞിത്തലയൊന്നു നോക്കിയാട്ടെ.

മാന്യമഹാജനങ്ങളേ,
ഈ വലിപ്പത്തിലുള്ള ഒരു തലയ്ക്കുള്ളിൽ ദീർഘദൃഷ്ടിക്കുള്ള ഇടമില്ല,
അതുകൊണ്ടല്ലേ, ഈ തലയുടെ ഉടമ അന്യം നിന്നു പോയതും.

ആദരീണയരായ മഹദ് വ്യക്തികളേ,
എത്രയും ചെറിയ മനസ്സ്, അത്രയും വലിയ വിശപ്പ്,
വിവേകപൂർവ്വമായ ധാരണാശക്തിയെക്കാൾ ബോധശൂന്യമായ മയക്കം.

വിശിഷ്ടാതിഥികളേ,
ആകൃതിയുടെ കാര്യത്തിൽ എത്രയോ ഭേദമാണു നാം,
ജീവിതം സുന്ദരം, ലോകം നമ്മുടേതും-

സംപൂജ്യരായ പ്രതിനിധികളേ,
ചിന്താശേഷിയുള്ള ഈറത്തണ്ടിനു* മേൽ നക്ഷത്രാവൃതമായ ആകാശം,
ധാർമ്മികചിന്ത ഉള്ളിലും.

അത്യാദരണീയരായ സംഘാംഗങ്ങളേ,
വിജയം രണ്ടാമതൊരിക്കലുണ്ടാവാറില്ല,
ഈ ഒരേയൊരു സൂര്യനു ചുവട്ടിലെന്നുമാവാം-

അത്യുത്കൃഷ്ടരായ സാമാജികരേ,
കൈകളെത്ര നിപുണം,
എത്ര വാചാലം ചുണ്ടുകൾ,
എന്തു മാതിരിയൊരു ശിരസ്സ് ഈ ചുമലുകൾക്കു മേൽ.

ന്യായാസനങ്ങളിലുന്നതമേ,
എന്തുമാത്രം ഉത്തരവാദിത്തം
കാണാതെപോയൊരു വാലിന്റെ സ്ഥാനത്ത്.


* മനുഷ്യനു പാസ്കലിന്റെ നിർവചനം

DINOSAUR SKELETON
Beloved Brethren,
we have before us an example of incorrect proportions.
Behold! the dinosaur's skeleton looms above--
Dear Friends,
on the left we see the tail trailing into one infinity,
on the right, the neck juts into another--
Esteemed Comrades,
in between, four legs that finally mired in the slime
beneath this hillock of a trunk--
Gentle Citizens,
nature does not err, but it loves its little joke:
please note the laughably small head--
Ladies, Gentlemen,
a head this size does not have room for foresight,
and that is why its owner is extinct--
Honored Dignitaries,
a mind too small, an appetite too large,
more senseless sleep than prudent apprehension--
Distinguished Guests,
we're in far better shape in this regard,
life is beautiful and the world is ours--
Venerated Delegation,
the starry sky above the thinking reed
and moral law within it--
Most Reverend Deputation,
such success does not come twice
and perhaps beneath this single sun alone--
Inestimable Council,
how deft the hands,
how eloquent the lips,
what a head on these shoulders--
Supremest of Courts,
so much responsibility in place of a vanished tail--

link to image

ആൽഫ്രഡ് സ്റ്റീഗ്ലിറ്റ്സ് - ഒരു മണിക്കൂർ ഉറക്കം, മൂന്നു സ്വപ്നങ്ങൾ

Alfred_Stieglitz

I


എന്റെ ശവസംസ്കാരം നടക്കാൻ പോവുകയാണ്‌. കുടുംബക്കാർ ചുറ്റും നില്പുണ്ട്. നൂറു കണക്കിനു സ്നേഹിതന്മാരും. എന്റെ ആഗ്രഹം പോലെ നടന്നു. ഒരു വാക്കു പോലും പറയപ്പെട്ടില്ല. ഒരു കണ്ണീർത്തുള്ളിയുമുണ്ടായില്ല. ആകെ നിശബ്ദതയായിരുന്നു, ആകെ ഇരുട്ടടച്ച പോലെയുമായിരുന്നു. ഒരു കതകു തുറന്ന് ഒരു സ്ത്രീ കയറിവന്നു. സ്ത്രീ കയറിവന്നപ്പോൾ ഞാൻ എഴുന്നേറ്റു നിന്നു; എന്റെ കണ്ണുകൾ തുറന്നു. പക്ഷേ ഞാൻ മരിച്ചുപോയിരുന്നു. സകലരും അലറിവിളിച്ചുകൊണ്ട് ഓടിയകന്നു. ആകെ ഒരു ഭീതിയും പരിഭ്രമവുമായിരുന്നു. ചിലർ ജനാല വഴി പുറത്തു ചാടി. സ്ത്രീ മാത്രം ശേഷിച്ചു. അവളുടെ നോട്ടം എന്റെ മേൽ തറഞ്ഞുനിന്നു. കണ്ണിൽ നിന്നു കണ്ണിലേക്ക്. അവൾ ചോദിച്ചു: “ ചങ്ങാതീ, താൻ ശരിക്കും മരിച്ചോ?” ഉറച്ചതും വ്യക്തവുമായിരുന്നു ശബ്ദം. മറുപടി ഇല്ല. സ്ത്രീ മൂന്നുതവണ ആവർത്തിച്ചു. മറുപടി ഇല്ല. അവൾ മൂന്നാമതും ചോദിക്കുമ്പോൾ ഞാൻ പഴയ പടി ചെന്നുകിടന്നു; ഇനി എന്നെ സംസ്കരിക്കാം. - ദീർഘമായൊരു തേങ്ങൽ ഞാൻ കേട്ടു. ഞാൻ ഉണർന്നു.

Stieglitz,_Georgia_O'Keeffe,_1918

II

എനിക്കു തീരെ സുഖമില്ലായിരുന്നു; കുറച്ചു കാലം വിശ്രമമെടുക്കാൻ എല്ലാവരും എന്നെ ഉപദേശിക്കുകയാണ്‌. ആരുടെ പ്രേരണയും എന്നിലേറ്റില്ല. ഒടുവിൽ ഒരു സ്ത്രീ പറഞ്ഞു: “നിങ്ങളുടെ കൂടെ ഞാൻ വരാം. എന്നാൽ നിങ്ങൾ പോകുമോ?” ഞങ്ങൾ പോയി. രാത്രിയും പകലും ഞങ്ങൾ അലഞ്ഞുനടന്നു. മലകളിൽ. മഞ്ഞിനു മേൽ. നിലാവത്ത്. പൊള്ളുന്ന വെയിലിൽ. ഞങ്ങൾക്കു കഴിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. ആരും ഒരു വാക്കും പറഞ്ഞില്ല. രാത്രികളും പകലുകളും കടന്നുപോകുന്തോറും സ്ത്രീ വിളറിവിളറി വരികയായിരുന്നു. അവൾക്കു നടക്കാൻ തന്നെ കഴിഞ്ഞിരുന്നില്ല. ഞാൻ അവളെ സഹായിച്ചു. എന്നിട്ടും ആരും ഒരക്ഷരം പോലും മിണ്ടിയില്ല. ഒടുവിൽ സ്ത്രീ തളർന്നുവീണു; കഷ്ടിച്ചു കേൾക്കാവുന്ന ഒച്ചയിൽ സ്ത്രീ പറഞ്ഞു: “ഭക്ഷണം- ഭക്ഷണം- എനിക്കു ഭക്ഷണം വേണം.” ഞാൻ പറഞ്ഞു: “ഭക്ഷണം- ഭക്ഷണം- കുട്ടീ, ഭക്ഷണമെന്നതില്ലാത്ത ഒരു ലോകത്താണു നാം, ഇവിടെ ആത്മാവും ഇച്ഛയും മാത്രമേയുള്ളു.” സ്ത്രീ ദയനീയമായി എന്റെ നേർക്കു നോക്കിക്കൊണ്ട് അർദ്ധപ്രാണയായി പറഞ്ഞു: “ഭക്ഷണം- ഭക്ഷണം-” ഞാൻ സ്ത്രീയെ ചുംബിച്ചു; ഞാൻ അതു ചെയ്തതും സ്ത്രീക്കു മുന്നിൽ വിശിഷ്ടമായ പലതരം ഭക്ഷണങ്ങൾ നിരന്നു. -ലളിതമായ ഒരു തടിമേശ മേൽ; വസന്തകാലവുമായിരിക്കുന്നു. സ്ത്രീ വാരിവലിച്ചു തിന്നാൻ തുടങ്ങിയപ്പോൾ - ഭക്ഷണത്തിനു വേണ്ടിയുള്ള പ്രകൃതിയുടെ വിളിയെക്കുറിച്ചു മാത്രമേ അവൾക്കു ബോധമുള്ളു- ഞാൻ അവിടുന്നു കടന്നുകളഞ്ഞു. ഞാൻ നടത്തം തുടർന്നു. - ദൂരെ ആരോ കരയുന്നതു ഞാൻ കേട്ടു. ഞാൻ ഉണർന്നു.

O'Keeffe-(hands)

III

സ്ത്രീയും ഞാനും മുറിയിൽ ഒറ്റയ്ക്കായിരുന്നു. അവൾ എന്നെ ഒരു പ്രേമകഥ പറഞ്ഞുകേൾപ്പിച്ചു. അത് അവളുടെ കഥ തന്നെയാണെന്ന് എനിക്കറിയാമായിരുന്നു. എന്തുകൊണ്ടാണ്‌ അവൾക്കെന്നെ പ്രേമിക്കാൻ കഴിയാത്തതെന്ന് എനിക്കു മനസ്സിലായി. കഥ പറയുന്നതിനിടയിൽ സ്ത്രീ പെട്ടെന്ന് ഭ്രാന്തിയെപ്പോലെയായി; പിച്ചും പേയും പറഞ്ഞുകൊണ്ട് അവളെന്നെ ചുംബിച്ചു- അവളുടെയും എന്റെയും വസ്ത്രങ്ങൾ വലിച്ചുകീറി. സ്വന്തം മുടിയിഴകൾ പിഴുതെടുത്തു. അവളുടെ കണ്ണുകൾ വന്യമായിരുന്നു- നിർജ്ജീവവുമായിരുന്നു. വികാരാവേശത്തോടെ എന്നെ പിടിച്ചു ചുംബിച്ചുകൊണ്ട് അവൾ അലറി: “താനെന്തുകൊണ്ടയാളായില്ല?” “എന്തുകൊണ്ടായില്ല?” ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അതു ഫലിച്ചില്ല. ഒടുവിൽ അവൾ കരഞ്ഞു: “എനിക്കു വേണ്ടത് അയാളെയാണ്‌, നിങ്ങളെയല്ല. എന്നിട്ടും ഞാൻ നിങ്ങളെ ചുംബിച്ചു. അയാളാണെന്നപോലെ ചുംബിച്ചു.” - എനിക്ക് ഇളകാൻ ധൈര്യം വന്നില്ല. ഭയമായിരുന്നില്ല എന്നെ നിശ്ചേഷ്ടനാക്കിയത്. ഭയത്തിലും ഭീകരമായിരുന്നു അത്. വശ്യത്തിൽപ്പെട്ടവനെപ്പോലെ ഞാൻ നിന്നു. പെട്ടെന്ന് സ്ത്രീ അകന്നുമാറി- ഭയാനകമായിരുന്നു അത്. അവളുടെ നോട്ടം. അവളുടെ കണ്ണുകൾ. -സ്ത്രീ നിശ്ചലയായി നിൽക്കുകയായിരുന്നു. അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിൽ തറഞ്ഞുനില്ക്കുകയായിരുന്നു.

പെട്ടെന്നവൾ ചീറി: “നിങ്ങൾ അയാളാണെന്നെന്നോടു പറയൂ- പറയാൻ. നിങ്ങൾ അയാളാണെന്ന്. നിങ്ങൾ അയാളല്ലെങ്കിൽ ഞാൻ നിങ്ങളെ കൊല്ലുകയും ചെയ്യും. നിങ്ങളെ ഞാൻ ചുംബിച്ചതല്ലേ.” ഞാൻ അക്ഷോഭ്യനായി നിന്നുകൊണ്ട് പറഞ്ഞു- അങ്ങനെ പറയണമെന്ന് എനിക്കൊട്ടും ആഗ്രഹമില്ലായിരുന്നു, കാരണം ആ സ്ത്രീക്കു ഭ്രാന്തു പിടിച്ചിരിക്കുകയാണെന്നും താൻ പറയുന്നതിനും പ്രവർത്തിക്കുന്നതിനും അവൾ ഉത്തരവാദിയല്ലെന്നും എനിക്കറിയാമായിരുന്നതാണല്ലോ. ഞാൻ പറഞ്ഞു, “ ഞാൻ അയാളല്ല.” ഞാൻ അതു പറഞ്ഞതും സ്ത്രീ വസ്ത്രത്തിന്റെ മടക്കുകൾക്കുള്ളിൽ നിന്ന് ഒരു കത്തിയുമെടുത്ത് എന്റെ നേർക്കു കുതിച്ചു. ഹൃദയത്തിലാണ്‌ അവൾ ആഞ്ഞുകുത്തിയത്. പുറത്തു ചാടാൻ കാത്തിരിക്കുകയായിരുന്നു എന്നപോലെ ചോര നേരേ മുന്നിലേക്കു ചീറ്റി. ചോരയൊഴുകുന്നതും ഞാൻ മരിച്ചുവീഴുന്നതും കണ്ടതോടെ സ്ത്രീക്കു ശരിക്കും സ്വബോധം തിരിച്ചുകിട്ടി. അവൾ ഒരു ചലനവുമില്ലാതെ നിന്നു. ഒരു ഭാവഭേദവുമില്ല. അവൾ കറങ്ങിത്തിരിഞ്ഞു. കറ പറ്റാത്ത വെളുത്ത ചുമരിൽ ചോരച്ചുവപ്പായ അക്ഷരങ്ങളിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് അവൾ കണ്ടു: “അയാൾ ആത്മഹത്യ ചെയ്തു. ചുംബനങ്ങൾ അയാൾക്കു മനസ്സിലായിരുന്നു.” -ഒരാക്രന്ദനം കേട്ടു. ഞാൻ ഉണർന്നു.


ആൽഫ്രഡ് സ്റ്റീഗ്ലിറ്റ്സ് (1864-1946)- അമേരിക്കൻ ഫോട്ടോഗ്രാഫറും ആധുനികകലയുടെ പ്രചാരകനും. ഫോട്ടോഗ്രഫി ഒരു കലാരൂപമായി അംഗീകരിക്കപ്പെടുന്നത് ഇദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയും പ്രചാരവേലയിലൂടെയുമാണ്‌.


wiki link to alfred stieglitz



Monday, November 26, 2012

ഫെയിസ് അഹമ്മദ് ഫെയിസ് - ജാലകം

faiz-ahmed-faiz-german

എന്റെ ജനാലയിൽ തൂങ്ങിയാടുന്നതെത്രയെത്ര കുരിശുകൾ!
ഓരോന്നിലും തറഞ്ഞുകിടപ്പുണ്ടതാതിന്റെ മിശിഹാക്കൾ.
ഓരോ മിശിഹായും കരഞ്ഞുവിളിക്കുകയാണവനവന്റെ ദൈവത്തെ!
ഒരു കുരിശിൽ ബലി കൊടുത്തതു വസന്തകാലമേഘത്തെ,
ഇനിയൊന്നിൽ നിലാവിന്റെ വെള്ളി ചുറ്റിയ ചന്ദ്രനെ,
മൂന്നാമതൊരു കുരിശിൽ ഇല തഴച്ച പൂമരത്തെ,
ഇനിയുമൊന്നിൽ കൊല കൊടുത്തതു പുലർകാലത്തെന്നലിനെ.
ഓരോ നാളുമെന്റെ തടവറയിലവ ചോരയൊഴുക്കുന്നു,
സത്യത്തിന്റെ, സൌന്ദര്യത്തിന്റെ, പ്രണയത്തിന്റെ പ്രതീകങ്ങൾ.
പിന്നെയോരോ നാളുമെന്റെ കണ്മുന്നിലുയർത്തെഴുന്നേൽക്കുന്നു,
കുരിശേറി ജീവൻ വെടിഞ്ഞ രക്തസാക്ഷികളുടെയുടലുകൾ.

(മോൺഗോമറി ജയിൽ, 1954  ഡിസംബർ)


Sunday, November 25, 2012

ഫെയിസ് അഹമ്മദ് ഫെയിസ് - സ്വാതന്ത്ര്യപ്പുലരി


ഈ വസൂരിക്കല കുത്തിയ വെളിച്ചം, രാത്രിയുടെ കറ മാറാത്ത പ്രഭാതം,
നാമിത്രനാൾ കാത്തിരുന്ന പുലരിയിതായിരുന്നില്ലല്ലോ.
ഉള്ളെരിഞ്ഞും കൊണ്ടു നാം തേടിനടന്നതിതായിരുന്നില്ലല്ലോ.
ഇതല്ല, ആകാശമരുപ്പരപ്പിൽ നക്ഷത്രങ്ങളുടെ മരുപ്പച്ച,
രാത്രിയുടെ തിരപ്പെരുക്കം തളർന്നു തല ചായ്ക്കുന്ന തീരം,
ശോകത്തിന്റെ കപ്പൽച്ചേതത്തിൽപ്പെട്ട ഹൃദയം നങ്കൂരമിടുന്ന കടവും.

യൌവനത്തിന്റെ ചോരത്തിളപ്പിൽ യാത്രയ്ക്കു നാമിറങ്ങുമ്പോൾ
വഴിവക്കിലെത്ര പ്രലോഭനങ്ങൾ നമ്മെയന്നു പിടിച്ചുവലിച്ചില്ല?
ഇരുളടഞ്ഞ നിശാനൃത്തശാലകളിൽ നിന്നു നമ്മെത്തേടിവന്നിരുന്നു,
മാടിവിളിക്കുന്ന കൈകൾ, ചുംബനങ്ങളുടെ സീത്കാരങ്ങൾ.
നമ്മുടെ ഹൃദയങ്ങൾ ദാഹിച്ചതു പക്ഷേ, പ്രഭാതത്തിന്റെ മുഖത്തിനായി,
വെള്ളിവെളിച്ചമാച്ഛാദനം ചെയ്ത പകലിന്റെയുടലിനായി.

ഇന്നു ചുവടുകളവയുടെ ലക്ഷ്യം കണ്ടുവെന്നാളുകൾ പറയുന്നു,
വെളിച്ചമിരുളിൽ നിന്നൊടുവിൽ മോചിതമായിരിക്കുന്നുവത്രെ,
ലോകത്തു പുതിയൊരു ക്രമം നടപ്പിൽ വന്നിരിക്കുന്നുവത്രെ,
വേർപാടിന്റെ വേദനകൾക്കു മേൽ വിലക്കു വീണിരിക്കുന്നുവത്രെ,
സംഗമങ്ങളുടെ ധന്യതകളാണിനി നിയമമത്രെ.

നമുക്കറിയാം പക്ഷേ, രാത്രിയുടെ കനത്ത മൂടിയുയർന്നിട്ടില്ല,
നമ്മുടെ ഹൃദയവും കണ്ണുകളുമെങ്ങും ചെന്നു തങ്ങിയിട്ടില്ല,
ഒരു പുലരിത്തെന്നലൊന്നിളകിയതെവിടെപ്പോയി?
അതു വന്നതും പോയതുമറിയാതെ വഴിവിളക്കിരിക്കുന്നു.
അതിനാൽ ഈ കപടവെളിച്ചത്തിൽ നിന്നകലെപ്പോവുക നാം,
ആ വാഗ്ദത്തപ്രഭാതത്തിനായി സഖാക്കളേ, യാത്ര തുടരുക നാം.


ഫെയിസിന്റെ കവിത സിയാ മുഹയുദ്ദീൻ ചൊല്ലുന്നു.


Saturday, November 24, 2012

ഷാക്ക് പ്രവേർ - കിളിയുടെ പടം വരയ്ക്കേണ്ടതെങ്ങനെയെന്ന്


ആദ്യമായി ഒരു കൂടു വരയ്ക്കുക.

വാതിൽ തുറന്നിട്ടിരിക്കണം.

എന്നിട്ട്‌

ഭംഗിയുള്ള

ലളിതമായ

കിളിക്കുപയോഗമുള്ള

എന്തെങ്കിലുമൊന്ന്

വരച്ചുചേർക്കുക.

പിന്നെ കാൻവാസ്‌ ഒരു മരത്തിൽ ചാരിവയ്ക്കുക.

തൊടിയിലോ

കാവിലോ

കാട്ടിലോ ആകാം.

എന്നിട്ടൊരു മരത്തിനു പിന്നിൽ

ഒളിച്ചുനിൽക്കൂ.

മിണ്ടരുത്‌

അനങ്ങരുത്‌...

ഒരുവേള കിളി പെട്ടെന്നെത്തിയെന്നുവരാം

ഒരുവേള കിളി തീരുമാനമെടുക്കാൻ വർഷങ്ങളെടുത്തെന്നുമാകാം.

മനസ്സിടിയരുത്‌

കാത്തിരിക്കുക

വേണമെങ്കിൽ വർഷങ്ങളോളം കാത്തിരിക്കുക

കിളി വന്നാലും വൈകിയാലും

അതുമായി ത്രത്തിന്റെ മേന്മയ്ക്ക്‌ ഒരു ബന്ധവുമില്ലെന്നുമോർക്കുക.

കിളിയെത്തുമ്പോൾ

അതെത്തിയെന്നാണെങ്കിൽ

പരിപൂർണ്ണനിശബ്ദത പാലിക്കുക

കിളി കൂട്ടിലേക്കു കയറാൻ കാത്തിരിക്കുക.

അതു കയറിക്കഴിഞ്ഞാൽ

തൂലിക കൊണ്ട്‌ വാതിൽ മെല്ലെയടയ്ക്കുക.

പിന്നെ കൂടിന്റെ അഴികൾ

ഒന്നൊന്നായി ചായമടിച്ചുമായ്ക്കുക.

കിളിയുടെ ഒരു തൂവൽ പോലും തൊടാതിരിക്കാൻ

ശ്രദ്ധ വേണം.

അടുത്തതായി ഒരു മരത്തിന്റെ ചിത്രം വരയ്ക്കണം.

കിളിക്കായി

അതിന്റെ ഏറ്റവും നല്ല ചില്ല തിരഞ്ഞെടുക്കുക.

പച്ചിലച്ചാർത്തും

കാറ്റിന്റെ പുതുമയും

വെയിലു വീഴുന്ന പരാഗവും വരയ്ക്കുക.

വേനൽപ്പുൽക്കൊടികളിൽ

ചീവീടിന്നിരമ്പവും വരയ്ക്കുക.

ഇനി കിളി പാടാനൊരുങ്ങുന്നതു നോക്കിയിരിക്കുക.

കിളി പാടുന്നില്ലെന്നാണെങ്കിൽ

അതൊരു ചീത്ത ലക്ഷണമാണ്‌

നിങ്ങളുടെ ചിത്രം മോശമായിപ്പോയി

എന്നതിന്റെ ലക്ഷണമാണ്‌.

അല്ല, അതു പാടുന്നെവെന്നാണെങ്കിൽ

അതു ശുഭലക്ഷണമത്രേ

നിങ്ങൾക്കിനി ഒപ്പ് വയ്ക്കാമെന്നാണതിനർത്ഥം.

അങ്ങനെ നിങ്ങൾ

വളരെ മൃദുവായി

കിളിയുടെ ഒരു തൂവൽ പിഴുതെടുക്കുന്നു

ചിത്രത്തിന്റെ ഒരു മൂലയ്ക്ക്‌

നിങ്ങളുടെ പേരു കോറിയിടുകയും ചെയ്യുന്നു.


To paint a bird's portrait

First of all, paint a cage
with an opened little door
then paint something attractive
something simple
something beautiful
something of benefit for the bird
Put the picture on a tree
in a garden
in a wood
or in a forest
hide yourself behind the tree
silent
immovable...
Sometimes the bird arrives quickly
but sometimes it takes years
Don't be discouraged
wait
wait for years if necessary
the rapidity or the slowness of the arrival
doesn't have any relationship
with the result of the picture

When the bird comes
if it comes
keep the deepest silence
wait until the bird enters the cage
and when entered in
Close the door softly with the brush
then remove one by the one all the bars
care not to touch any feather of the bird
Then draw the portrait of the tree
choosing the most beautiful branch
for the bird
paint also the green foliage and the coolness
of the beasts of the grass in the summer's heat
and then, wait that the bird starts singing
If the bird doesn't sing
it's a bad sign
it means that the picture is wrong
but if it sings it's a good sign
it means that you can sign
so you tear with sweetness
a feather from the bird
and write your name in a corner of the painting.


Friday, November 23, 2012

ഷാക്ക് പ്രവേർ - എഞ്ചുവടി

page_1

രണ്ടും രണ്ടും നാല്‌
നാലും നാലും എട്ട്‌
എട്ടും എട്ടും പതിനാറ്‌...
ഒന്നുകൂടി: മാഷ്‌ പറയുന്നു
രണ്ടും രണ്ടും നാല്‌
നാലും നാലും എട്ട്‌
എട്ടും എട്ടും പതിനാറ്‌.
അല്ലാ, അതു നോക്കൂ!
മാനത്തൊരു കിന്നരിമൈന പറക്കുന്നു.
കുട്ടി അതിനെ കണ്ടുവല്ലോ
കുട്ടി അതിന്റെ പാട്ടു കേട്ടുവല്ലോ
കുട്ടി അതിനെ വിളിക്കുകയാണല്ലോ.
എന്നെ രക്ഷിക്കൂ കിളീ!
എന്റെ കൂടെ കളിക്കാൻ വരൂ കിളീ!
അങ്ങനെ കിളി പറന്നിറങ്ങുകയായി.
അതു കുട്ടിയുമൊത്തു കളിയാടുകയായി.
രണ്ടും രണ്ടും നാല്‌...
ഒന്നുകൂടി! മാഷ്‌ പറയുന്നു
കുട്ടി കളിക്കുകയാണ്‌
കിളിയും ഒത്തുകളിക്കുകയാണ്‌...
നാലും നാലും എട്ട്‌
എട്ടും എട്ടും പതിനാറ്‌...
പതിനാറുരണ്ടെന്താകും?
പതിനാറുരണ്ടൊന്നുമാവില്ല
മുപ്പത്തിരണ്ടൊരിക്കലുമാവില്ല.
അവ പോയിമറയുന്നു.
കുട്ടി കിളിയെ
തന്റെ മേശക്കടിയിൽ ഒളിപ്പിച്ചിരിക്കുകയാണല്ലോ
കുട്ടികളെല്ലാം അതിന്റെ പാട്ടു കേൾക്കുകയാണല്ലോ
കുട്ടികളെല്ലാം സംഗീതം കേൾക്കുകയാണല്ലോ.
എട്ടും എട്ടും ഊഴമിട്ടു പോയിമറയുന്നു
നാലും നാലും രണ്ടും രണ്ടും
ഊഴമിട്ടു പോയിമറയുന്നു.
ഒന്നും ഒന്നും ഒന്നുമാവുന്നില്ല,
രണ്ടുമാവുന്നില്ല.
ഒന്നിനു പിമ്പൊന്നായി
അവയും പോയിമറയുന്നു.
കിന്നരിമൈന പാടുന്നു
കുട്ടികൾ ഒപ്പം പാടുന്നു
മാഷ്‌ ഒച്ചവയ്ക്കുന്നു:
നിർത്തെടാ കഴുതകളി!
എന്നാൽ കുട്ടികൾ പാട്ടു കേൾക്കുകയാണ്‌
ക്ലാസ്സുമുറിയുടെ ഭിത്തികൾ
നിശബ്ദമായി പൊടിഞ്ഞുതിരുന്നു
അങ്ങനെ ജാലകച്ചില്ലുകൾ
വീണ്ടും മണൽത്തരികളാകുന്നു
മഷി കടലാകുന്നു
മേശ മരങ്ങളാകുന്നു
ചോക്കുകഷണം ചുണ്ണാമ്പുപാറയാവുന്നു
തൂവൽപേനയോ
വീണ്ടുമൊരു കിളിയാകുന്നു.




PAGE D’ÉCRITURE
Jacques Prévert
Two and two make four
Four and four make eight
Eight and eight make sixteen…
Repeat! says the teacher
Two and two make four
Four and four make eight
Eight and eight make sixteen…
But there is the songbird
Passing by in the sky!
The child sees it…
The child hears it…
The child calls it:
Save me
Play with me, bird!
So the bird comes down
And plays with the child.
Two and two four…
Repeat! says the teacher
And the child plays and
The bird plays with him.
Four and four make eight
Eight and eight make sixteen
And what do sixteen and sixteen make?
They don’t make anything, sixteen and sixteen
And especially not thirty-two
Anyway
And they go away.
And the child has now hidden the bird
In his desk
And all the children
Hear his song
And all the children
Hear the music.
And eight and eight also go away
And four and four and two and two
Also leave
And one and one make neither one nor two.
One and one go away too.
And the song bird plays
And the child sings
And the teacher yells:
When will you stop acting like fools!
But all the other children
Listen to the music
And the walls of the classroom
Slowly crumble.
And the windows become sand again.
The ink becomes water again
The desks become trees again
The chalk becomes a cliff again
The inkwell again becomes a bird.
Here it is in French:
PAGE D’ÉCRITURE
Jacques Prévert
Deux et deux quatre
Quatre et quatre huit
Huit et huit font seize…
Répétez! dit le maître
Deux et deux quatre
Quatre et quatre huit
Huit et huit font seize…
Mais voilà l’oiseau-lyre
Qui passe dans le ciel!
L’enfant le voit…
L’enfant l’entend…
L’enfant l’appelle:
Sauve-moi
Joue avec moi, oiseau!
Alors l’oiseau descend
Et joue avec l’enfant.
Deux et deux quatre…
Répétez! Dit le maitre
Et l’enfant joue
L’oiseau joue avec lui…
Quatre et quatre huit
Huit et huit font seize
Et seize et seize qu’est-ce qu’ils font?
Ils ne font rien seize et seize
Et surtout pas trente-deux
De toute façon
Et ils s’en vont.
Et l’enfant a caché l’oiseau
Dans son pupitre
Et tous les enfants
Entendent sa chanson
Et tous le enfants
Entendent la musique.
Et huit et huit à leur tour s’en vont
Et quatre et quatre et deux et deux
À leur tour fichent le camp
Et un et un ne font ni un ni deux
Un a un s’en vont également.
Et l’oiseau-lyre joue
Et l’enfant chante
Et le professeur crie :
Quand vous aurez fini de faire le pitre!
Mais tous les autres enfants
Écoutent la musique
Et les murs de la classe
S’écroulent tranquillement.
Et les vitres redeviennent sable.
L’encre redevient eau
Les pupitres redeviennent arbres
La craie redevient falaise
Le porte-plume redevient oiseau.


Thursday, November 22, 2012

മംഗലേശ് ദബ്രാൽ - വെളിയിൽ

Mangalesh Dabral

വാതിലും ചാരി
ഞാനൊരു കവിതയെഴുതാനിരുന്നു
ഒരിളംകാറ്റു വീശുന്നുണ്ടായിരുന്നു
അരണ്ട വെളിച്ചമുണ്ടായിരുന്നു
ഒരു സൈക്കിൾ മഴ കൊള്ളുന്നുണ്ടായിരുന്നു
ഒരു കുട്ടി വീട്ടിലേക്കു മടങ്ങുകയായിരുന്നു

ഞാനെഴുതിയ കവിതയിൽ
ഇളംകാറ്റില്ലായിരുന്നു
വെളിച്ചമില്ലായിരുന്നു
സൈക്കിളും കുട്ടിയുമില്ലായിരുന്നു
വാതിലുമില്ലായിരുന്നു


Wednesday, November 21, 2012

കാഫ്ക - പിടിച്ചടുപ്പിക്കാനാണു കൈകൾ

franz-kafka-and-felice-ba-0071

പ്രിയപ്പെട്ടവളേ, എനിക്കെത്രയും പ്രിയപ്പെട്ടവളേ, ഇപ്പോൾ സമയം രാത്രി ഒന്നര. ഇന്നു രാവിലത്തെ കത്തിലൂടെ ഞാൻ നിന്റെ ഹൃദയം മുറിപ്പെടുത്തിയോ? ബന്ധുക്കളോടും സുഹൃത്തുക്കളോടുമുള്ള നിന്റെ ബാധ്യതകളെപ്പറ്റി ഞാനെന്തറിയാൻ? നീ ആ കഷ്ടപ്പാടുകളും കൊണ്ടിരിക്കുമ്പോഴാണ്‌ അതൊക്കെ ഏറ്റെടുത്തതിന്റെ പേരിൽ എന്റെവക കുറ്റപ്പെടുത്തലുകൾ. ദയവു ചെയ്ത്, പ്രിയപ്പെട്ടവളേ, എനിക്കു മാപ്പു തരൂ! മാപ്പു തന്നിരിക്കുന്നു എന്നതിനു തെളിവായി നീ ഒരു റോസാപ്പൂവയച്ചാൽ മതി. ശരിക്കു പറഞ്ഞാൽ എനിക്കു ക്ഷീണമല്ല, ഒരു മരവിപ്പും ഭാരവുമാണ്‌; എന്തു വാക്കാണ്‌ അതിനുപയോഗിക്കേണ്ടതെന്ന് എനിക്കറിയുന്നുമില്ല. ഇതേ എനിക്കു പറയാനുള്ളു: എന്റെ കൂടെ നില്ക്കുക, എന്നെ വിട്ടു പോകരുത്. ഇനി എന്റെ ഉള്ളിൽ തന്നെയുള്ള എന്റെ ശത്രുക്കളിലൊരാൾ- ഇന്നു രാവിലത്തെപ്പോലെ- നിനക്കു കത്തെഴുതിയാൽ അവനെ വിശ്വസിക്കേണ്ട, അവനെ കണ്ട ഭാവം നടിക്കേണ്ട; നീ നേരെ എന്റെ ഹൃദയത്തിലേക്കു നോക്കൂ. ജീവിതം അത്ര കഠിനവും ശോകമയവുമായിരിക്കെ എഴുതപ്പെട്ട വാക്കുകൾ കൊണ്ടല്ലാതെ മറ്റേതൊന്നു കൊണ്ടാണൊരാൾ മറ്റൊരാളെ തന്നിലേക്കടുപ്പിച്ചു നിർത്തുക? പിടിച്ചടുപ്പിക്കാനാണു കൈകൾ. പക്ഷേ എന്റെ ഈ കൈ നിന്റെ കൈയിൽ, എനിക്കനുപേക്ഷണീയമായിത്തീർന്ന നിന്റെ കൈയിൽ പിടിച്ചതു മൂന്നേ മൂന്നു നിമിഷങ്ങളിൽ മാത്രം: ഞാൻ മുറിയിൽ കയറിവന്നപ്പോൾ, പാലസ്തീനിലേക്കു കൂടെ വരാമെന്നു നീ വാക്കു തന്നപ്പോൾ, പിന്നെ ഞാൻ, വിഡ്ഡിയായ ഈ ഞാൻ, ലിഫ്റ്റിലേക്കു കയറാൻ നിന്നെ വിട്ടപ്പോൾ.

എന്നാൽ ഞാനിനി നിന്നെയൊന്നു ചുംബിച്ചോട്ടെ? ഈ ദുരിതം പിടിച്ച കടലാസ്സിൽ? ജനാല തുറന്നിട്ട് രാത്രിവായുവിനെ ചുംബിക്കുന്ന പോലെയാണത്.

പ്രിയപ്പെട്ടവളേ, എന്നോടു കോപം തോന്നരുതേ! അതേ ഞാൻ ചോദിക്കുന്നുള്ളു.


(1912 നവംബർ 20ന്‌ ഫെലിസിനെഴുതിയ കത്ത്)


സുനിൽ ഗംഗോപാധ്യായ് - ഓർമ്മകളുടെ നഗരം

sunil_gangopdhaya_partition_issue_050504

അതിർത്തിയിൽ ആളുകൾ സംസാരിക്കുന്നതു ഗദ്യം,
ചേരികളിലും കമ്പനികളിലും ആളുകൾ സംസാരിക്കുന്നതു ഗദ്യം,
പകൽ നഗരം സംസാരിക്കുന്നതു ഗദ്യം,
സമകാലികദുരിതങ്ങളൊക്കെയും സംസാരിക്കുന്നതു ഗദ്യം,
വരണ്ട പാടവും മയമില്ലാത്ത മുഷിഞ്ഞ മനുഷ്യനും സംസാരിക്കുന്നതു ഗദ്യം,
കത്തികളുടെയും കത്രികകളുടെയും സംസ്ക്കാരമൊന്നാകെ സംസാരിക്കുന്നതും ഗദ്യം.
എങ്കില്പിന്നെയെന്താണു കവിതയുടെ വിഷയം?



Tuesday, November 20, 2012

കാഫ്ക - നിന്നെ ഞാൻ സ്നേഹിക്കുന്നു, ഫെലിസ്…

felice mit hut

...നിന്നെ ഞാൻ സ്നേഹിക്കുന്നു, ഫെലിസ്, ഒരു മനുഷ്യജീവിയെന്ന നിലയിൽ എന്നിൽ നല്ലതായിട്ടുള്ളതൊക്കെയും വച്ച്, ജീവനുള്ള മനുഷ്യർക്കിടയിൽ ജീവനുള്ളതായിരിക്കാൻ എന്നെ അർഹനാക്കുന്നതൊക്കെയും വച്ച്. അതത്രയധികമില്ലെങ്കിൽ അത്രയ്ക്കേയുള്ളു ഞാൻ. നിന്നെ നീയായ മാതിരി ഞാൻ സ്നേഹിക്കുന്നു; നിന്നിൽ എനിക്കു സമ്മതമായിട്ടുള്ളതിനെ, സമ്മതമല്ലാത്തതിനെയും, സർവതിനെയും, സർവതിനെയും. മറ്റെന്തൊക്കെ ശരിയാണെങ്കിലും പക്ഷേ, നിനക്കെന്നോടുള്ള മനോഭാവം ഈ വിധമല്ല. എന്നിൽ നിനക്കതൃപ്തിയുണ്ട്, എന്നെ സംബന്ധിച്ച പല കാര്യങ്ങളിലും നിനക്കു പ്രതിഷേധമുണ്ട്, എന്നെ മറ്റൊരാളാക്കണമെന്ന് നിനക്കാഗ്രഹമുണ്ട്. ഞാൻ ‘കുറേക്കൂടി യഥാർത്ഥലോകത്തു ജീവിക്കണം’, ‘കാര്യങ്ങളെ വരുന്നപോലെ കാണണം’, എന്നിങ്ങനെ. ഇങ്ങനെ ഒരാഗ്രഹം നിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നാണു വരുന്നതെങ്കിൽ, നിനക്കു ബോദ്ധ്യമാകുന്നില്ലേ, ഫെലിസ്, നിനക്കെന്നെ വേണ്ടാതായിരിക്കുന്നുവെന്ന്, എന്നെ പിന്നിലാക്കി കടന്നുപോകാനാണു നിന്റെ ആഗ്രഹമെന്ന്? ആളുകളെ മാറ്റാൻ നോക്കുന്നതെന്തിനാണു ഫെലിസ്? അതു ശരിയല്ല.  ആളുകളെ ഒന്നുകിൽ അവരെന്താണോ, അതുപോലെ കൈക്കൊള്ളുക, അല്ലെങ്കിൽ അങ്ങനെതന്നെ വിട്ടുകളയുക. അവരെ മാറ്റാൻ പറ്റില്ല, അതവരുടെ സന്തുലനം തകർക്കുകയേയുള്ളു. ഒറ്റയൊറ്റ ഭാഗങ്ങൾ ഇണക്കിച്ചേർത്തല്ലല്ലോ, ഒരു മനുഷ്യജീവിയെ സൃഷ്ടിച്ചിരിക്കുന്നത്; ഏതെങ്കിലുമൊരു ഭാഗം അടർത്തിയെടുത്തിട്ട് പകരം മറ്റേതെങ്കിലും വയ്ക്കാൻ പറ്റില്ല. മറിച്ച്, ഒരു പൂർണ്ണതയാണയാൾ; ഒരറ്റത്തു പിടിച്ചു വലിച്ചാൽ നിങ്ങൾക്കിഷ്ടപ്പെട്ടാലുമില്ലെങ്കിലും, മറ്റേയറ്റം പിടയ്ക്കാൻ തുടങ്ങും. എന്നാൽക്കൂടി, ഫെലിസ്- നിനക്കു സമ്മതമല്ലാത്ത പലതും എന്നിലുണ്ടെന്ന, അവയെ മാറ്റിയെടുക്കണമെന്ന ആഗ്രഹം നിനക്കുണ്ടെന്ന വസ്തുത, അതിനെപ്പോലും ഞാൻ സ്നേഹിക്കുന്നു; നീ അതറിയണം എന്നേ എനിക്കുള്ളു.

ഇനി തീരുമാനിക്കൂ, ഫെലിസ്! നിന്റെ ഒടുവിലത്തെ കത്ത് കൃത്യമായ ഒരു തീരുമാനമായിരുന്നില്ല; ചില ചോദ്യചിഹ്നങ്ങളെങ്കിലും അതിൽ ശേഷിക്കുന്നു. ഞാൻ എന്നെ കാണുന്നതിനെക്കാൾ വ്യക്തമായി നീ നിന്നെക്കണ്ടിരുന്നതാണല്ലോ. അക്കാര്യത്തിൽ ഇപ്പോൾ നീ എന്നെക്കാൾ താഴെയാവരുത്.

ഇനി അവസാനമായി, ഈ കത്തു താഴെയിടുന്ന ആ കൈയിൽ ഞാനൊന്നു ചുംബിക്കട്ടെ.

(1914 ജനുവരി 2ന്‌ ഫെലിസിനയച്ച കത്തിൽ നിന്ന്)



നിദാ ഫസ്ലി - ഒരു ദിവസം

nida fasli

സൂര്യൻ!
ഒരു വികൃതിക്കുട്ടിയെപ്പോലെ
പകലു മുഴുവനവൻ കാടു കാട്ടിനടക്കും,
കുരുവികളെ ചിതറിയോടിക്കും,
കിരണങ്ങൾ കൊണ്ടു കിരീടമണിയും,
അരിവാളും പേനയും ചുറ്റികയും ബ്രഷും
കണ്ടേടത്തെടുത്തെറിയും.

സന്ധ്യ!
അവശയായൊരമ്മയെപ്പോലെ
ഒരു വിളക്കു കൊളുത്തിവയ്ക്കുന്നു,
ചിതറിക്കിടക്കുന്നവ പെറുക്കിക്കൂട്ടുന്നു.


 

ജാനോ പിലിൻസ്കി - പഴംകഥ

pilinsky

ഒരിക്കൽ ഒരിടത്ത്‌
ഏകാകിയായൊരു ചെന്നായുണ്ടായിരുന്നു;
മാലാഖമാരെക്കാൾ ഏകാകിയായിരുന്നു അവൻ.


അവൻ ഒരു ഗ്രാമത്തിലേക്കു വരാനിടയായി.
ആദ്യം കണ്ട വീടിനോടു തന്നെ
അവനു സ്നേഹവുമായി.
അവനതിന്റെ ചുമരുകളെ സ്നേഹിച്ചു;
മൺകട്ടകളുടെ ലാളനകളെ സ്നേഹിച്ചു.
എന്നാൽ ജനാലകൾ അവനെ അടുപ്പിച്ചില്ല.


മുറിക്കുള്ളിൽ ആളുകൾ ഇരുപ്പുണ്ടായിരുന്നു.
ദൈവമൊഴികെ മറ്റാരും
അവരെ ഇത്ര സൌന്ദര്യമുള്ളവരായി കണ്ടിരിക്കില്ല,
ശിശുവിനെപ്പോലുള്ള ഈ ജന്തുവൊഴികെ.
അങ്ങനെ രാത്രിയിലവൻ

വീടിനുള്ളിലേക്കു കയറിച്ചെന്നു.
മുറിയുടെ നടുക്കവൻ നിന്നു.
അവിടെ നിന്ന് അവൻ പിന്നെ മാറിയതേയില്ല.


വിടർന്ന കണ്ണുകളുമായി
രാവു മുഴുവൻ
അവൻ അവിടെ നിന്നു.
പ്രഭാതമായപ്പോൾ
അവരവനെ തല്ലിക്കൊന്നു.


ഫെയിസ് അഹമ്മദ് ഫെയിസ് - ഭാഗ്യം ചെയ്തവർ


എത്ര ഭാഗ്യം ചെയ്തവരാണവർ,
പ്രണയം തൊഴിലാക്കിയവർ,
തൊഴിലിനോടു പ്രണയമായവരും.
എന്റെ ജീവിതവും കർമ്മനിരതമായിരുന്നു,
അല്പം പ്രണയവും ചെറിയൊരു തൊഴിലുമായി.
പ്രണയിക്കാൻ തോന്നുന്ന നേരത്തു പക്ഷേ,
തൊഴിലതിനിടയിൽ കയറിവന്നിരുന്നു;
തൊഴിലു ചെയ്യേണ്ട നേരത്താകട്ടെ,
പ്രണയമൊരു വിഘാതവുമായിരുന്നു.
ഇന്നു രണ്ടും മതിയാക്കി ഞാനിരിക്കുന്നു,
പാതിയാക്കിയ പ്രണയവും പാതി ചെയ്ത തൊഴിലുമായി.


Monday, November 19, 2012

കാഫ്ക - ട്രോയിയിൽ ഒരു ഗ്രീക്കുകാരൻ

kafka 1905

ചരിത്രത്തിലൂടെ വികാസം പ്രാപിക്കുന്ന നിയോഗങ്ങളുണ്ടാവാം, അങ്ങനെയല്ലാത്തവയും. താനറിയാതെ ട്രോയിയിലെത്തിപ്പെട്ട ഒരു ഗ്രീക്കുകാരനെ ചിലപ്പോൾ ഒരു രസത്തിനു വേണ്ടി ഞാൻ ഭാവനയിൽ കാണാറുണ്ട്. താനെവിടെ നിൽക്കുന്നു എന്ന് അയാൾക്കു പിടി കിട്ടുമ്പോഴേക്കും പൊരിഞ്ഞ യുദ്ധത്തിനിടയിൽ പെട്ടുപോവുകയാണയാൾ. യുദ്ധത്തിനു വിഷയമായതെന്താണെന്ന് ദേവന്മാർ തന്നെ അറിയാൻ പോകുന്നതേയുള്ളു; ഈ മനുഷ്യനെ പക്ഷേ ട്രോജൻ പടയാളികൾ തങ്ങളുടെ തേരിനു പിന്നിൽ കൊളുത്തിയിട്ട് നഗരത്തിലൂടെ വലിച്ചിഴയ്ക്കാൻ തുടങ്ങിയിരിക്കുന്നു. പിന്നെയും കാലം കഴിഞ്ഞേ ഹോമർ തന്റെ ഗാഥകൾക്കു തുടക്കമിടുകയുള്ളു; എന്നാൽ നിർജ്ജീവമായ ആ കണ്ണുകളുമായി അദ്ദേഹം കിടപ്പുണ്ട്- ട്രോയിയിലെ പൊടിയിലല്ലെങ്കിൽ ഒരു ചാരുകസേരയിലെ പതുപതുത്ത മെത്തയിൽ. ഹെക്കൂബ അയാൾക്കാരുമല്ല. ഹെലൻ പോലും അയാൾക്കൊരു നിർണ്ണായകഘടകമല്ല. ദേവന്മാരുടെ വിളി കേട്ട് ഇറങ്ങിപ്പുറപ്പെടുകയും, അവരുടെ രക്ഷാകവചത്തിൻ കീഴിൽ യുദ്ധം ചെയ്യുകയും ചെയ്ത മറ്റു ഗ്രീക്കുകാരെപ്പോലെ ഈയാളും ഇറങ്ങിപ്പുറപ്പെടുകയായിരുന്നു; ഒരച്ഛന്റെ തൊഴിയായിരുന്നു പക്ഷേ, അയാൾക്കു പ്രേരകമായത്; അയാൾ യുദ്ധം ചെയ്തതോ, പിതൃശാപത്തിൻ കീഴിലും. മറ്റു ഗ്രീക്കുകാരും അവിടെയുണ്ടായതു ഭാഗ്യമായി; അല്ലെങ്കിൽ അയാളുടെ പിതൃഭവനത്തിലെ രണ്ടു മുറികളിലും അവയ്ക്കിടയിലെ വാതിലിലുമായി ലോകചരിത്രം പരിമിതപ്പെട്ടുപോയേനേ.


(1921ൽ ഏപ്രിലിൽ മാക്സ് ബ്രോഡിനയച്ച കത്തിൽ നിന്ന്)



കാഫ്ക - ഹീനമായ ഒരു ജീവിതവും ഹീനമായ ഒരു മരണവും

article-2114162-014DA3C500000578-610_233x335

പ്രിയപ്പെട്ട മാക്സ്,
ഞാൻ ചെയ്യുന്നത് ലളിതവും യുക്തിയുക്തവുമാണ്‌- നഗരത്തിൽ, എന്റെ കുടുംബത്തിൽ, എന്റെ തൊഴിലിൽ, സമൂഹത്തിൽ, എന്റെ പ്രണയബന്ധങ്ങളിൽ (നിനക്കു വേണമെങ്കിൽ അതിനെ ഈ പട്ടികയുടെ തുടക്കം തന്നെയാക്കാം), നമ്മുടെ സമുദായത്തിന്റെ ഇപ്പോഴുള്ളതോ ഇനി വരാനിരിക്കുന്നതോ ആയ രൂപങ്ങളിൽ- ഇതിലൊന്നിലും ഞാൻ എന്റെ ബാദ്ധ്യത വേണ്ടവണ്ണം നിറവേറ്റിയിട്ടില്ല; എന്നു തന്നെയല്ല, എന്റെ അറിവിലുള്ള മറ്റൊരാൾക്കും കഴിയാത്ത മാതിരി ഞാനതിൽ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. ഒരു കൊച്ചുകുട്ടിയുടെ മനോഭാവമാണ്‌ (“എന്നെപ്പോലെ മോശക്കാരനായി ആരുമില്ല”) ഇതിനടിയിൽ കിടക്കുന്നതെന്നു വേണമെങ്കിൽ പറയാം. ദുഷ്ടതയെക്കുറിച്ചോ ആത്മനിന്ദയെക്കുറിച്ചോ അല്ല ഞാൻ പറയുന്നത്; സ്വന്തം ബാദ്ധ്യത നിറവേറ്റിയിട്ടില്ല എന്ന പ്രകടമായ മനഃശാസ്ത്രപരമായ വസ്തുതയെക്കുറിച്ചാണ്‌. ഞാൻ ജീവിക്കാതെപോയ ജീവിതത്തെക്കുറിച്ചു പരത്തിപ്പറയണമെന്ന് എനിക്കാഗ്രഹമില്ല; കാരണം, തിരിഞ്ഞുനോക്കുമ്പോൾ എനിക്കു തോന്നുന്നുണ്ട് ആ ജീവിതത്തിനു ചെറുത്തുനിൽക്കേണ്ടിവന്ന വസ്തുതകളേല്പിച്ച യാതനകളുമായി തട്ടിച്ചു നോക്കുമ്പോൾ അത്രയൊന്നും അതനുഭവിച്ചിട്ടില്ലെന്ന്. എന്നാൽക്കൂടി ഏറെനാൾ സഹിക്കാനാവാത്തവിധം അത്ര കടുത്തതായിരുന്നു അത്; ഇനി അത്ര കടുത്തതല്ലെങ്കിൽ അത്രയ്ക്ക് അർത്ഥശൂന്യവുമായിരുന്നു.
 
ഇതിൽ നിന്നൊക്കെയുള്ള ഏറ്റവും സ്വാഭാവികമായ രക്ഷാമാർഗ്ഗം (ബാല്യം മുതൽക്കു തന്നെ) ആത്മഹത്യയല്ല, ആത്മഹത്യ എന്ന ആശയമായിരുന്നു. ആത്മഹത്യ ചെയ്യുന്നതിൽ നിന്നെന്നെ വിലക്കിയത് ഏതെങ്കിലും തരത്തിലുള്ള ഭീരുത്വമായിരുന്നില്ല, മറിച്ച് അർത്ഥശൂന്യതയിൽ കലാശിക്കുന്ന ഇങ്ങനെയൊരു ചിന്തയായിരുന്നു: “അതു ശരി, യാതൊന്നും ചെയ്യാൻ കഴിവില്ലാത്ത താൻ ഇതെങ്ങനെ ചെയ്യാൻ? അങ്ങനെയൊന്നു ചിന്തിക്കാനുള്ള ധൈര്യം തന്നെ തനിക്കുണ്ടോ? സ്വയം കൊല്ലാനുള്ള കഴിവു തനിക്കുണ്ടെങ്കിൽ തനിക്കതിന്റെ ആവശ്യം തന്നെ വരില്ല.” അങ്ങനെ പോയി എന്റെ ചിന്ത. പിന്നീട്, കുറച്ചുകൂടി ആഴത്തിലുള്ള ഉൾക്കാഴ്ച എനിക്കു കിട്ടിയപ്പോൾ ആത്മഹത്യയെക്കുറിച്ചു ഞാൻ ചിന്തിക്കാതെയായി. ഇന്നതെന്നറിയാത്ത പ്രത്യാശകൾക്കും ഒറ്റപ്പെട്ട പ്രഹർഷങ്ങൾക്കും ഊതിവീർപ്പിച്ച അഹന്തകൾക്കുമപ്പുറത്തേക്കൊരു നോട്ടം കിട്ടുമ്പോൾ - എന്റെ ഇപ്പോഴത്തെ ജീവിതാവസ്ഥ വച്ച് വളരെ അപൂർവ്വമായേ എനിക്കതിനുള്ള അവസരം കിട്ടുന്നുമുള്ളു- എനിക്കു പ്രതീക്ഷിക്കാനുള്ളതായി ഇതേ ഞാൻ കാണുന്നുള്ളു: ഹീനമായ ഒരു ജീവിതവും ഹീനമായ ഒരു മരണവും. “താൻ മരിച്ചാലും അതിന്റെ നാണക്കേടു ശേഷിക്കും എന്നപോലെയായിരുന്നു” *: ഇങ്ങനെയാണ്‌ എന്റെ വിചാരണ അവസാനിക്കുന്നത്.

മറ്റൊരു പരിഹാരം ഞാനിപ്പോൾ കാണുന്നുണ്ട്; സാദ്ധ്യമാണെന്നു ഞാൻ മുമ്പു കരുതിയതിനെക്കാൾ പൂർണ്ണവും, സ്വന്തമായ മാർഗ്ഗങ്ങളിലൂടെ (ക്ഷയരോഗം സ്വന്തമായ മാർഗ്ഗമല്ലെങ്കിൽ) എനിക്കൊരിക്കലും കണ്ടുപിടിക്കാൻ കഴിയാത്തതുമായതൊന്ന്. പക്ഷേ ഞാനതിനെ കണ്ടിട്ടേയുള്ളു, അല്ലെങ്കിൽ കണ്ടതായി എനിക്കു തോന്നിയിട്ടേയുള്ളു, ഞാനതിനെ സ്വീകരിക്കാനിരിക്കുന്നതേയുള്ളു. ഇതാണത്: ഈ ലോകത്ത് ഞാൻ എന്തെങ്കിലുമാണെന്നു തെളിയിക്കാൻ എനിക്കു കഴിയില്ല എന്ന വസ്തുത  അംഗീകരിക്കുക; ഒരു സ്വകാര്യമായിട്ടോ ആത്മഗതമായിട്ടോ അല്ല, ഏവർക്കും കാണാവുന്ന രീതിയിൽ എന്റെ പെരുമാറ്റം കൊണ്ടുതന്നെ ഞാനതു സമ്മതിക്കുക. അതിനർത്ഥം, ഞാൻ എന്റെ പൂർവ്വജന്മത്തിന്റെ വഴികൾ പതറാത്ത വിരലുകൾ കൊണ്ടു വരച്ചിടുക മാത്രം ചെയ്താൽ മതി എന്നാണ്‌. എങ്കിൽ എനിക്ക് എന്റെ മേൽ ഒരു പിടുത്തം കിട്ടിയെന്നു വരാം, അർത്ഥശൂന്യമായ പ്രവൃത്തികളിൽ ഞാൻ എന്റെ ഊർജ്ജം കൊണ്ടുപോയി തുലച്ചില്ലെന്നു വരാം. മറവുകളില്ലാത്ത ഒരു കാഴ്ച എനിക്കു കിട്ടിയെന്നു വരാം.


(1917-ൽ മാക്സ് ബ്രോഡിനെഴുതിയത്.)
* വിചാരണ എന്ന നോവലിന്റെ അവസാനത്തെ വാക്യം.


Sunday, November 18, 2012

കാഫ്കയുടെ കത്തുകൾ

kafka_3

പ്രിയപ്പെട്ട മാക്സ്

...അച്ഛനു നല്ല സുഖമില്ല. അദ്ദേഹം വീട്ടിലുണ്ട്. ഇടതുഭാഗത്ത് പ്രഭാതഭക്ഷണത്തിന്റെ കലപില ശമിക്കുമ്പോൾ വലതുഭാഗത്ത് ഉച്ചഭക്ഷണത്തിന്റെ കലപില തുടങ്ങുകയായി. അവിടെയുമിവിടെയും വാതിലുകൾ വലിച്ചടയ്ക്കുന്നതു കേട്ടാൽ ചുമരുകൾ ഇടിച്ചിടുകയാണെന്നു തോന്നും. ഇതിനൊക്കെ മീതെയായി എന്റെ യാതനകളുടെ കേന്ദ്രബിന്ദുവും: എനിക്ക് എഴുതാൻ പറ്റുന്നില്ല. എന്റേതെന്നു സാക്ഷ്യപ്പെടുത്താവുന്ന ഒറ്റ വരി ഞാൻ എഴുതിയിട്ടില്ല. പാരീസിൽ നിന്നു വന്നതിനു ശേഷം  എഴുതിയതൊക്കെ ഞാൻ തുടച്ചുമാറ്റിക്കളഞ്ഞിരിക്കുന്നു. അതാണെങ്കിൽ അത്രയധികം ഉണ്ടായിരുന്നതുമില്ല. ഓരോ വാക്കെഴുതാൻ നോക്കുമ്പോഴും എന്റെ ശരീരം മുന്നിൽ വന്നുനിന്നു വിലക്കുകയാണ്‌; ഓരോ വാക്കും ഞാൻ അതിനെ എഴുതിവയ്ക്കും മുമ്പ് പരിസരം വീക്ഷിച്ച് ഉറപ്പു വരുത്തുകയാണ്‌. വാചകങ്ങൾ അക്ഷരാർത്ഥത്തിൽത്തന്നെ എന്റെ കണ്മുന്നിൽ പൊടിഞ്ഞുതിരുന്നു; അവയുടെ ഉൾവശം കണ്ണിൽപ്പെടുമ്പോൾ ഞാൻ വേഗം തന്നെ എഴുത്തു നിർത്തുകയുമാണ്‌...

(പ്രാഗ്, 1910 ഡിസംബർ 17)


പ്രിയപ്പെട്ട മാക്സ്,

താൻ എവിടെപ്പോയിക്കിടക്കുന്നു? നീ വരുന്നതും കാത്തു സോഫയിൽ കിടക്കുമ്പോൾ ഞാൻ ഒന്നുറങ്ങാൻ നോക്കി; പക്ഷേ ഉറക്കം വന്നില്ല, നീയും വന്നില്ല. ഇനിയിപ്പോൾ എനിക്കു വീട്ടിൽ പോകാനും നേരമായി. 12 മണി വരെ ഞാൻ ഓഫീസിലുണ്ടാവും. നീ അവിടെ വന്ന് എന്നെ കാണുന്നത് എനിക്കത്ര ഹിതമല്ലെങ്കിലും, നിന്നെ വേഗം കാണാൻ പറ്റുമല്ലോ. അതെന്തായാലും 12 കഴിഞ്ഞാൽ ഞാൻ നിന്റവിടെ വരും. ആ സമയത്തു വീട്ടിലുണ്ടാവാൻ നിനക്കു പറ്റിയാൽ നിന്നെയും കൂട്ടി നമ്മുടെ സൂര്യന്റെ ചുവട്ടിൽ ഞാനൊന്നു നടക്കാൻ പോകും. ഫ്രൌളിൻ ബി. നിനക്ക് തന്റെ വക അന്വേഷണം അറിയിക്കുന്നു; അത് എന്റെ നാവിലൂടെയാവുന്നതിൽ എനിക്കു സന്തോഷമേയുള്ളു.

ഫ്രാൻസ്

(പ്രാഗ്, 1912 ശരത്കാലം)



ഇല്ല ഫെലിക്സ്, ഒന്നും ശരിയാവില്ല; എന്റെ കാര്യത്തിൽ യാതൊന്നും ഒരു കാലത്തും ശരിയാവാൻ പോകുന്നില്ല. ചില നേരത്ത് എനിക്കു തോന്നിപ്പോകാറുണ്ട്, ഞാൻ ഇപ്പോൾ ഈ ലോകത്തല്ലെന്നും, നരകത്തിലെവിടെയോ അലഞ്ഞുനടക്കുകയാണെന്നും. എന്റെ കുറ്റബോധം ഒരൂന്നുവടിയാണെന്ന്, പുറത്തേക്കൊരു വഴിയാണെന്നാണു നീ കരുതുന്നതെങ്കിൽ നിനക്കു തെറ്റി. ഈ കുറ്റബോധം എന്നിലുള്ളതിനു കാരണം, പ്രായശ്ചിത്തത്തിന്റെ ഉയർന്ന രൂപമായി ഞാതിനെ കാണുന്നു എന്നതാണ്‌. പക്ഷേ ഒന്നു സൂക്ഷിച്ചു നോക്കിയാൽ കാണാവുന്നതേയുള്ളു, ഒരു നഷ്ടബോധം മാത്രമാണതെന്ന്. ഇതു കണ്ടെത്തിക്കഴിയേണ്ട താമസം, ആ പ്രായശ്ചിത്തത്തെ പിന്നിലാക്കിക്കൊണ്ട്, അതിനെക്കാൾ ഭയാനകമായും, ഉയർന്നുവരികയായി, താൻ സ്വതന്ത്രനാണെന്ന, മോചിതനാണെന്ന, സംതൃപ്തനാണെന്ന തോന്നൽ...

(ഫെലിക്സ് വെല്ഷിന്‌ റീവയിലെ സാനിറ്റോറിയത്തിൽ നിന്ന് 1913 സെപ്തംബറിൽ എഴുതിയ കത്തിൽ നിന്ന്)


മുഹമ്മദ് ഇക്ബാൽ - മനുഷ്യനും ദൈവവും

iqbal


ദൈവം:
ഒരേ മണ്ണും ജലവും കൊണ്ടു നാം ഈ ലോകം സൃഷ്ടിച്ചു,
നീയതിനെ ഇറാനും താർത്താരിയും നൂബിയായുമാക്കി.
പൊടിയിൽ നിന്നു നാം കറ പുരളാത്ത ഇരുമ്പയിരു സൃഷ്ടിച്ചു,
നീയതിനെ വാളും വില്ലും തോക്കുമാക്കി,
മരത്തെ വീഴ്ത്താൻ മഴുവാക്കി,
പാടുന്ന കിളിയെ തടവിലാക്കാൻ കൂടുമാക്കി.

മനുഷ്യൻ:

നീ രാത്രി സൃഷ്ടിച്ചു, ഞാനതിൽ വിളക്കു കൊളുത്തിവച്ചു.
നീ കളിമണ്ണു സൃഷ്ടിച്ചു, ഞാനതിനെ ചഷകമായി മെനഞ്ഞു.
ചതുപ്പുകളും മലകളും കാടുകളും നീ സൃഷ്ടിച്ചതിൽ
തോപ്പുകളും പൂത്തടങ്ങളും ഉദ്യാനങ്ങളും ഞാൻ വിരിച്ചു.
കല്ലുരച്ചു കണ്ണാടിയാക്കിയതു ഞാൻ,
വിഷത്തിൽ നിന്നമൃതമെടുത്തതും ഞാൻ.


 

Friday, November 16, 2012

കാഫ്ക - ‘വിധിന്യായ’ത്തെക്കുറിച്ച്

kafka-das-urteil

താൻ ഒരു യഥാർത്ഥ എഴുത്തുകാരനാണെന്ന് കാഫ്കയ്ക്കു സ്വയം ബോദ്ധ്യം വരുന്നത് 1912 സെപ്തംബർ 22 ന്‌ ഒറ്റ രാത്രി കൊണ്ടെഴുതിയ ‘വിധിന്യായം’ എന്ന കഥയ്ക്കു ശേഷമാണ്‌. എറിക് ഹെല്ലർ പറയുന്നപോലെ ഈഡിപ്പൽ സംഘർഷവും പറുദീസാനഷ്ടവും ഒരേപോലെ വിഷയമായ, മന:ശാസ്ത്രപരമായ ദൈവശാസ്ത്രത്തിന്റേതായ ഈ കഥ അദ്ദേഹത്തിന്‌ എത്രമേൽ പ്രധാനപ്പെട്ടതായിരുന്നുവെന്ന് അക്കാലത്തെ കത്തുകളിൽ നിന്നും കുറിപ്പുകളിൽ നിന്നും കാണാം.


...ഈ കഥ, വിധിന്യായം, 22നു രാത്രി പത്തു മണി മുതൽ രാവിലെ ആറു മണി വരെ ഒറ്റയിരുപ്പിന്‌ ഞാൻ എഴുതിത്തീർത്തു. മേശയ്ക്കടിയിൽ നിന്നു കാലു വലിച്ചെടുക്കാൻ ഞാൻ വിഷമിച്ചുപോയി; ഇരുന്നിരുന്ന് അവ മരച്ചുപോയിരുന്നു. ഭയാനകമായ ഈ ആയാസം, ആനന്ദം; കണ്മുന്നിൽ കഥ രൂപമെടുക്കുന്നത്, ജലത്തിൽ വകഞ്ഞുനീങ്ങുകയാണു ഞാനെന്നപോലെ. രാത്രിയിൽ പല തവണ മുതുകത്തു സ്വന്തം ഭാരം ഞാനറിഞ്ഞിരിക്കുന്നു. എങ്ങനെയാണ്‌ പറയേണ്ടതൊക്കെയും പറയേണ്ടതെന്ന്; ഏതിനും, ഇനി അതെത്ര വിചിത്രമായ ഭാവനാസൃഷ്ടിയായിക്കോട്ടെ, അതിനു വീണു ദഹിക്കാൻ, പിന്നെ പുതുജീവൻ നേടി ഉയരാൻ ഒരു മഹാഗ്നി കാത്തിരുപ്പുണ്ടെന്ന്. പിന്നെ ജനാലയക്കു പുറത്ത് നീലനിറം പടരുന്നത്. ഒരു കുതിരവണ്ടി ഉരുണ്ടുനീങ്ങി. പാലത്തിനു മേൽ കൂടി രണ്ടു പേർ നടന്നുപോയി. ഒടുവിൽ ഞാൻ ക്ളോക്കു നോക്കുമ്പോൾ രണ്ടു മണി ആയിരുന്നു. വേലക്കാരി കടന്നുവരുമ്പോൾ ഞാൻ കഥയുടെ അവസാനത്തെ വാചകം എഴുതുകയായിരുന്നു...നോവൽരചനയുടെ കാര്യത്തിൽ ഞാൻ ഇപ്പോഴും എഴുത്തിന്റെ ലജ്ജാകരമായ അടിവാരങ്ങളിൽത്തന്നെയാണെന്ന് എനിക്കിതോടെ ബോദ്ധ്യമായി. ഈവിധമാണ്‌ എഴുത്തു നടക്കേണ്ടത്, ഇങ്ങനെയൊരടുക്കോടെ, ഉടലിന്റെയും ആത്മാവിന്റെയും ഈവിധമൊരു മലർക്കെത്തുറന്നിടലോടെ...

(1912 സെപ്തംബർ 23ലെ ഡയറിയിൽ നിന്ന്)


ഇന്നലെ ഓസ്ക്കാർ ബാമിന്റവിടെവച്ച് കഥ വായിച്ചു. അവസാനമാവുമ്പോഴേക്ക് എന്റെ കൈ നിയന്ത്രണം വിട്ടു ചലിക്കുകയായിരുന്നു, ശരിക്കും എന്റെ മുഖത്തിനു മുന്നിൽ. എന്റെ കണ്ണു നിറഞ്ഞു. കഥയുടെ നിസ്സന്ദേഹത്വം സ്ഥാപിക്കപ്പെട്ടു.

(സെപ്തംബർ 25ലെ ഡയറിയിൽ നിന്ന്)


...ഏറെക്കുറെ വന്യവും നിരർത്ഥകവുമാണത്; എന്തെങ്കിലുമൊരു ആന്തരസത്യം അതിനാവിഷ്കരിക്കാനില്ലെങ്കിൽ ( അതൊരു സാർവജനീനസത്യമല്ല, ഓരോ വായനക്കാരനും അല്ലെങ്കിൽ കേൾവിക്കാരനും ഓരോ തവണയും അംഗീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യേണ്ടതാണത്) അതൊന്നുമല്ല. ഇത്ര ചെറുതായിട്ടും (ടൈപ്പു ചെയ്ത പതിനേഴു പേജുകൾ) അതിൽ ഇത്രയധികം തെറ്റുകൾ വന്നതെങ്ങനെയെന്ന് എനിക്കു മനസ്സിലാവുന്നില്ല. ഇങ്ങനെ സംശയാസ്പദമായ ഒരു സൃഷ്ടിയെ നിനക്കു സമർപ്പിക്കാൻ എനിക്കെന്തവകാശമാണുള്ളതെന്നും എനിക്കു മനസ്സിലാവുന്നില്ല. പക്ഷേ അവനവനാവുന്നതല്ലേ അന്യോന്യം നമുക്കു നല്കാനാവൂ? ഞാൻ ഈ കൊച്ചുകഥ നിനക്കു നല്കുന്നു, ഞാനെന്ന വെച്ചുകെട്ടുമായി; നീ നിന്റെ സ്നേഹമെന്ന വിപുലോപഹാരം എനിക്കും നല്കുന്നു. പ്രിയപ്പെട്ടവളേ, എത്ര സന്തോഷവാനാണെന്നോ ഞാൻ, നിന്നിലൂടെ; നിന്റെ കഥയുടെ അന്ത്യം എന്റെ കണ്ണിലൂറിച്ച ഒരേയൊരു കണ്ണുനീർത്തുള്ളിയോടു കലർന്ന് ആനന്ദത്തിന്റെ കണ്ണുനീരും...

(ഫെലിസിന്‌ ഡിസംബർ 4നു രാത്രിയിൽ എഴുതിയ കത്തിൽ നിന്ന്; ‘വിധിന്യായം’ സമർപ്പിച്ചിരിക്കുന്നത് ഫെലിസിനാണ്‌)


...അവസാനവാചകം വിവർത്തനം ചെയ്തിരിക്കുന്നത് വളരെ നന്നായി. ഈ കഥയിലെ ഓരോ വാചകവും ഓരോ വാക്കും ഓരോ സംഗീതവും (അങ്ങനെ പറയാമെങ്കിൽ) ഭീതിയോടു ബന്ധപ്പെട്ടതാണ്‌. ഈ അവസരത്തിൽ വ്രണം ആദ്യമായി പൊട്ടിത്തുറക്കുന്നത് ദീർഘമായൊരു രാത്രിയിലായിരുന്നു. എന്റെ അഭിപ്രായത്തിൽ വിവർത്തനം ആ ബന്ധം കണിശമായി പിടിച്ചെടുത്തിരിക്കുന്നു, നിങ്ങളുടെ ആ മാന്ത്രികവിരലുകൾ കൊണ്ട്.

(കഥ ചെക്കുഭാഷയിലേക്കു വിവർത്തനം ചെയ്ത മിലേനക്കെഴുതിയത്)


ഗുസ്താവ് യനൌഖ് കാഫ്കയോടു പറഞ്ഞു:
‘ഞാൻ “വിധിന്യായം” വായിക്കുകയായിരുന്നു.
’അതിഷ്ടപ്പെട്ടോ?‘
‘ഇഷ്ടപ്പെടുകയോ? ഭയാനകമാണത്!’
’നിങ്ങൾ പറഞ്ഞതു കൃത്യമാണ്‌.‘

‘അതെഴുതാൻ ഇടവന്നതെങ്ങനെയെന്നറിയാൻ താല്പര്യമുണ്ടായിരുന്നു. “എഫിന്‌” എന്നുള്ള സമർപ്പണം വെറും ഔപചാരികമല്ല. ആ പുസ്തകം ആരോടോ എന്തോ പറയണമെന്നു നിങ്ങൾക്കാഗ്രഹമുണ്ടായിരുന്നു എന്നതു തീർച്ച. എനിക്കതിന്റെ സന്ദർഭമറിഞ്ഞാൽ കൊള്ളാമായിരുന്നു.’
അമ്പരന്നപോലെ കാഫ്ക ഒന്നു മന്ദഹസിച്ചു.
‘ഞാൻ പറഞ്ഞതധികപ്രസംഗമായോ? ക്ഷമിക്കണേ.’
‘അങ്ങനെ മാപ്പു പറയാനൊന്നുമില്ല. വായിക്കുന്നത് ചോദ്യം ചോദിക്കാനാണല്ലോ. ഒരു രാത്രിയുടെ പ്രേതമാണ്‌ “വിധിന്യായം”.’
‘എന്നു പറഞ്ഞാൽ?’
‘അതൊരു പ്രേതമാണെന്ന്,’ വിദൂരതയിലേക്ക് തറഞ്ഞൊരു നോട്ടമയച്ചുകൊണ്ട് അദ്ദേഹം ആവർത്തിച്ചു.
‘എന്നിട്ടും നിങ്ങളതെഴുതി.’
‘അത് ആ പ്രേതത്തിനൊരു സ്ഥിരീകരണം മാത്രമായിരുന്നു, അതുവഴി അതിന്റെ ഉച്ചാടനവും.’


The Judgment



കാഫ്ക - എലിയും പൂച്ചയും

9 kafka

പ്രിയപ്പെട്ട മാക്സ്,


ഞാൻ ഇന്നേ മറുപടി എഴുതുന്നുള്ളു എന്നത് വെറും യാദൃച്ഛികം; മുറി, വെളിച്ചം, എലികൾ എന്നിവ മറ്റു കാരണങ്ങൾ. പരിഭ്രമമോ, നഗരത്തിൽ നിന്നു ഗ്രാമത്തിലേക്കു മാറിത്താമസിക്കുമ്പോഴുള്ള പിടിക്കായ്കയോ അല്ല ഇവിടെ പ്രശ്നം. എലികളോടുള്ള എന്റെ പ്രതികരണം കൊടുംഭീതി തന്നെ. അതിന്റെ സ്രോതസ്സു തേടിപ്പോവുക എന്നത് ഒരു സൈക്കോ-അനലിസ്റ്റിനു പറഞ്ഞിട്ടുള്ളതാണ്‌; ഞാൻ അങ്ങനെയൊരാളല്ല താനും. ഈ ഭീതി കീടങ്ങളോടുള്ള അകാരണഭീതി പോലെ ഈ ജന്തുക്കളുടെ അപ്രതീക്ഷിതമായ, ക്ഷണിക്കപ്പെടാത്ത, ഒഴിവാക്കാനാവാത്ത, ഏറെക്കുറെ നിശ്ശബ്ദമായ, പിടി വിടാത്ത, നിഗൂഢമായ ലക്ഷ്യത്തോടു ബന്ധപ്പെട്ടതാണെന്നതു തീർച്ച; എന്നു പറഞ്ഞാൽ, ചുറ്റുമുള്ള ചുമരുകളുടനീളം അവർ തുരങ്കങ്ങൾ തുരന്നിട്ടിരിക്കുകയാണെന്നും അവയിൽ പതുങ്ങിയിരിക്കുകയാണവരെന്നും, അവരുടേതാണു രാത്രിയെന്നും, ഈ രാത്രിഞ്ചരസ്വഭാവവും കൃശത്വവും കൊണ്ട് നമ്മിൽ നിന്നെത്രയോ അകന്നവരും നമ്മുടെ ശക്തിക്കതീതവുമാണവരെന്നും. അവയുടെ വലിപ്പക്കുറവു വിശേഷിച്ചും അവ ജനിപ്പിക്കുന്ന ഭീതിക്കു മറ്റൊരു മാനം കൂടി നൽകുകയാണ്‌. ഉദാഹരണത്തിന്‌, കണ്ടാൽ ശരിക്കും പന്നിയെപ്പോലിരിക്കുന്ന- അതു തന്നെ കൌതുകമുണ്ടാക്കുന്ന കാര്യമാണ്‌- എന്നാൽ എലിയെപ്പോലെ ചെറുതായ ഒരു ജീവി ഉണ്ടെന്നുള്ളത്, അത് തറയിലെ ഒരു ദ്വാരത്തിൽ നിന്ന് പുറത്തുവന്ന് മണം പിടിച്ചു നടക്കാമെന്നുള്ളത്. അത് ഭീതിയുളവാക്കുന്ന ഒരു തോന്നലു തന്നെ.

കഴിഞ്ഞ കുറേ ദിവസങ്ങളിൽ ഇതിനു തൽക്കാലത്തേക്കെങ്കിലും വളരെ തൃപ്തികരമായ ഒരു പരിഹാരം ഞാൻ കണ്ടുപിടിച്ചു. രാത്രിയിൽ എന്റെ മുറിക്കു തൊട്ടുള്ള ഒഴിഞ്ഞ മുറിയിൽ ഒരു പൂച്ചയെ പിടിച്ചിടുക; അങ്ങനെയാവുമ്പോൾ അവൾ എന്റെ മുറി വൃത്തികേടാക്കുകയുമില്ലല്ലോ. (ഇക്കാര്യത്തിന്മേൽ ഒരു ജന്തുവുമായി ധാരണയിലെത്തുക എത്ര ദുഷ്കരമാണെന്നോ. തെറ്റിദ്ധാരണകളേ ഉണ്ടാവൂ എന്നു തോന്നുന്നു; കാരണം തല്ലും മറ്റു വിശദീകരണങ്ങളും വഴി പൂച്ച മനസ്സിലാക്കുന്നുണ്ട്, തന്റെ ശാരീരികാവശ്യങ്ങൾ നിവർത്തിക്കുന്നതിൽ അനഭിമതമായിട്ടെന്തോ ഉണ്ടെന്നും, അക്കാരണത്താൽ ഒരുപാടാലോചനകൾക്കു ശേഷം വേണം, അതിനു സ്ഥലം തിരഞ്ഞെടുക്കേണ്ടതെന്നും. അപ്പോൾ അവളെന്തു ചെയ്യുന്നു? അവൾ ഉദാഹരണത്തിന്‌ ഇരുട്ടുള്ള ഒരു സ്ഥാനം കണ്ടുപിടിക്കുന്നു; അവൾക്ക് എന്നോടുള്ള മമത പ്രകടിപ്പിക്കാൻ പറ്റിയതും, അവൾക്കിഷ്ടപ്പെട്ട മറ്റു ഗുണങ്ങളുള്ളതുമായ ഒരിടം. പക്ഷേ മനുഷ്യപക്ഷത്തു നിന്നു നോക്കുമ്പോൾ ഞാൻ കിടപ്പുമുറിയിൽ ഉപയോഗിക്കുന്ന ചെരുപ്പാണതെന്നു വരുന്നു. അങ്ങനെ  അതു മറ്റൊരു തെറ്റിദ്ധാരണയായി; രാത്രികളും ശാരീരികാവശ്യങ്ങളും എത്രയുണ്ടോ, അത്രയും തെറ്റിദ്ധാരണകളുമുണ്ടാവുന്നു.)

നീ പലപ്പോഴും പറഞ്ഞിട്ടുള്ള പ്രത്യേകതരം കെണികളുടെ കാര്യം ഞാനോർക്കുന്നു. അവ ഇപ്പോൾ കിട്ടാനില്ലെന്നാണ്‌ എന്റെ അറിവ്; തന്നെയുമല്ല അവ ഉപയോഗിക്കുന്നതും എനിക്കിഷ്ടമല്ല. കെണികൾ ശരിക്കു പറഞ്ഞാൽ കൂടുതൽ കൂടുതൽ എലികളെ ആകർഷിക്കുകയേയുള്ളു; അവയിൽ കുടുങ്ങിയവയെ മാത്രമേ അവ നശിപ്പിക്കുന്നുമുള്ളു. മറിച്ച് പൂച്ചകളാവട്ടെ, സ്വസാന്നിദ്ധ്യം കൊണ്ടുതന്നെ അവയെ ആട്ടിയോടിക്കുകയാണ്‌; എന്തിന്‌, അവയുടെ വിസർജ്ജ്യം തന്നെ മതി; അപ്പോൾ അതിനെ അങ്ങനെയങ്ങു വെറുക്കേണ്ടതുണ്ടെന്നും തോന്നുന്നില്ല. മഹത്തായ മൂഷികരാത്രിയെ തുടർന്നുണ്ടായ ആദ്യത്തെ മാർജ്ജാരരാത്രിയിലാണ്‌ എനിക്കിതു ശരിക്കും മനസ്സിൽ തട്ടിയത്. മുറി ‘എലിയെപ്പോലെ നിശബ്ദ’മായി എന്നൊന്നും ഞാൻ പറയുന്നില്ല; പക്ഷേ അവയുടെ പരക്കം പാച്ചിൽ നിലച്ചു. തന്റെ നിർബന്ധിതസ്ഥാനചലനം കൊണ്ട് മനസ്സു കടുത്ത പൂച്ച സ്റ്റൌവിനടുത്ത് അനക്കമറ്റിരിക്കുന്നു. പക്ഷേ അതു മതി; ടീച്ചറുടെ സാന്നിദ്ധ്യം പോലെയാണത്: എലിമാളങ്ങളിൽ അവിടെയുമിവിടെയുമൊക്കെ ചില പിറുപിറുക്കലുകൾ കേൾക്കാനുണ്ടെന്നേയുള്ളു.

നീ നിന്നെക്കുറിച്ച് കാര്യമായിട്ടൊന്നും എഴുതുന്നില്ല; അതിനാൽ ഞാൻ എലികളെക്കൊണ്ടു തിരിച്ചടിക്കുന്നു.

(സുറാവു, 1917 ഡിസംബർ)


link to image

തദേവുഷ് റോസെവിച്ച് - - കിഴവികളെക്കുറിച്ച് ഒരു കഥ

484px-Edgar_Degas_-_La_vieille_femme_italienne

എനിക്കിഷ്ടമാണു കിഴവികളെ
വിരൂപകളെ
ദുഷ്ടകളെ

ഭൂമിയുടെ ഉപ്പാണവർ
മനുഷ്യമാലിന്യം കണ്ടാൽ
അവർക്കറയ്ക്കില്ല

നാണയത്തിന്റെ മറുവശം
അവർ കണ്ടിരിക്കുന്നു
സ്നേഹത്തിന്റെയും
വിശ്വാസത്തിന്റെയും

ഏകാധിപതികൾ
കോമാളി കളിച്ചു നടക്കട്ടെ
കൈയിൽ മനുഷ്യച്ചോരയുമായി
വന്നുപോകട്ടെ

കിഴവികൾ അതികാലത്തെഴുന്നേൽക്കുന്നു
ഇറച്ചിയും റൊട്ടിയും പഴവും വാങ്ങുന്നു
അടിച്ചുവാരുന്നു പാചകം ചെയ്യുന്നു
കൈയും കെട്ടി തെരുവിൽ നിൽക്കുന്നു
ക്ഷമയോടെ

ചിരഞ്ജീവികളാണു
കിഴവികൾ

ഹാംലറ്റ് കെണിയിൽ കിടന്നു
കൈകാലിട്ടടിക്കട്ടെ
ഫൌസ്റ്റ് നിന്ദ്യമായ വിഡ്ഡിവേഷം കെട്ടട്ടെ
റാസ്ക്കോൾ നിക്കോഫ് മഴുവെടുത്തു വെട്ടട്ടെ

നാശമില്ലാത്തവരാണു കിഴവികൾ
വാത്സല്യത്തോടെ അവർ മന്ദഹസിക്കുന്നു

ഒരു ദേവൻ മരിക്കുന്നു
കിഴവികൾ പതിവു പോലെ കാലത്തെഴുന്നേല്ക്കുന്നു
മീനും റൊട്ടിയും വീഞ്ഞും വാങ്ങുന്നു
ഒരു സംസ്കാരം മരിക്കുന്നു
കിഴവികൾ പതിവുപോലെ കാലത്തെഴുന്നേൽക്കുന്നു
ജനാലകൾ തുറന്നിടുന്നു
മാലിന്യങ്ങൾ ദൂരെക്കൊണ്ടുകളയുന്നു
ഒരാൾ മരിക്കുന്നു
അവർ ജഡത്തെ കുളിപ്പിക്കുന്നു
മരിച്ചവരെ അടക്കുന്നു
കുഴിമാടത്തിൽ പൂക്കൾ വയ്ക്കുന്നു

എനിക്കിഷ്ടമാണു കിഴവികളെ
വിരൂപകളെ
ദുഷ്ടകളെ

അവർ നിത്യജീവനിൽ വിശ്വസിക്കുന്നു
ഭൂമിയുടെ ഉപ്പാണവർ
മരത്തിന്റെ തൊലിയാണവർ
മൃഗങ്ങളുടെ എളിമയുള്ള കണ്ണുകളാണവർ

ഭീരുത്വവും വീരത്തവും മഹത്വവും ഹീനതയും
അതാതിന്റെ തോതിൽ അവർ കാണുന്നുണ്ട്
ദൈനന്ദിനജീവിതത്തിനു വേണ്ട അളവിൽ
അവരെടുക്കുന്നുണ്ട്
അവരുടെ മക്കൾ അമേരിക്ക കണ്ടുപിടിക്കുന്നു
തെർമോപൈലേയിൽ പടവെട്ടി മരിക്കുന്നു
കുരിശിൽ കിടന്നു ചാവുന്നു

പ്രപഞ്ചത്തെ കീഴടക്കുന്നു
കിഴവികൾ അതികാലത്തെഴുന്നേൽക്കുന്നു
പട്ടണത്തിൽ പോയി പാലും റൊട്ടിയും ഇറച്ചിയും വാങ്ങുന്നു
സൂപ്പു താളിക്കുന്നു
ജനാലകൾ തുറന്നിടുന്നു

വിഡ്ഡികളേ കളിയാക്കുള്ളു
‘കിഴവികളെ
വിരൂപകളെ
ദുഷ്ടകളെ

ഇവർ സുന്ദരികളത്രെ
കാരുണ്യവതികളത്രെ
ഒരു ഭ്രൂണമാണവർ
നിഗൂഢതയില്ലാത്ത നിഗൂഢത
ഉരുണ്ടുരുണ്ടുപോകുന്നൊരു ഗോളം

പവിത്രമാർജ്ജാരങ്ങളുടെ
മമ്മികളാണവർ

ശുഷ്ക്കിച്ച
ഉണങ്ങിച്ചുരുണ്ട
പഴങ്ങളാണവർ
അല്ലെങ്കിൽ
കൊഴുത്തുരുണ്ട ബുദ്ധന്മാർ

അവർ മരിക്കുമ്പോൾ
ഒരു കണ്ണുനീർത്തുള്ളി
കവിളിലൂടുരുണ്ടിറങ്ങുന്നു
ഒരു പെൺകുട്ടിയുടെ ചുണ്ടത്തെ
പുഞ്ചിരിയിൽ ചെന്നുചേരുന്നു




തെർമോപൈലേ - ക്രി.മു.480ൽ ഗ്രീക്ക് നഗരരാഷ്ട്രങ്ങളും പേഴ്സ്യയും തമ്മിൽ യുദ്ധം നടന്ന സ്ഥലം.

link to image


Translator Joanna Trzeciak reads from Sobbing Superpower: Selected Poems of Tadeusz Rosewicz

Thursday, November 15, 2012

കാഫ്ക - പ്രിയപ്പെട്ട മാക്സ്…

Kafka Passphoto 1920
(പാസ്പോർട്ടിലെ ഫോട്ടോ 1920)



1908 സെപ്തംബർ

പ്രിയപ്പെട്ട മാക്സ്,

ഇപ്പോൾ രാത്രി പന്ത്രണ്ടര മണി, കത്തെഴുതാൻ എത്രയും വിചിത്രമായ സമയം, ഇന്നത്തെപ്പോലെ ചുട്ടുപൊള്ളുന്ന രാത്രിയാണെങ്കിൽക്കൂടി. ശലഭങ്ങൾ പോലും വിളക്കിനടുത്തേക്കു വരുന്നില്ല.

ബൊഹീമിയൻ കാടുകളിലെ ഒരാഴ്ചത്തെ സുഖവാസത്തിനു ശേഷം- ഇവിടെ മീവൽപ്പക്ഷികൾ പറക്കുന്ന ഉയരത്തിലാണ്‌ അവിടെ പൂമ്പാറ്റകൾ പറക്കുന്നത്- നാലു ദിവസമായി പ്രാഗിൽ; അതിനാൽ നിസ്സഹായനും. ആർക്കും എന്നെ സഹിക്കാൻ പറ്റുന്നില്ല, എനിക്കും ആരെയും സഹിക്കാൻ പറ്റുന്നില്ല; രണ്ടാമത്തേത് ആദ്യത്തേതിന്റെ ഫലമാണെന്നേയുള്ളു. നിന്റെ പുസ്തകം മാത്രമുണ്ട് എനിക്കൊരു തുണയായി. എന്തെന്നറിയാത്ത ശോകത്തിൽ ഞാൻ വീണുപോയിട്ട് കുറേ നാളായിരിക്കുന്നു. വായിക്കുന്ന നേരത്തോളം ഞാൻ പുസ്തകത്തിൽ വിടാതെ പിടിച്ചിരിക്കുന്നു, അസന്തുഷ്ടർക്കു സഹായമാവാനല്ല അതെഴുതിയിരിക്കുന്നതെങ്കിൽപ്പോലും. അല്ലാത്ത നേരത്താവട്ടെ, മമതയോടൊന്നു തൊടാനെങ്കിലും ഒരാളെത്തേടിയുള്ള ഓട്ടത്തിലാണു ഞാൻ; അങ്ങനെ ഇന്നലെ ഒരു വേശ്യയെ കൂട്ടി ഞാൻ ഒരു ഹോട്ടലിൽ പോയി. വിഷാദം തോന്നാനുള്ള പ്രായമൊക്കെ അവൾ കടന്നിരിക്കുന്നു; എന്നാലും ഒരു വെപ്പാട്ടിയോടു കാണിക്കുന്ന കരുണ ആളുകൾ ഒരു വേശ്യയോടു കാണിക്കുന്നില്ലെന്നത് അവൾക്കു വിഷമമുണ്ടാക്കുന്നുണ്ട്, അതിലവൾക്ക് ആശ്ചര്യം തോന്നുന്നില്ലെങ്കിലും. ഞാ വൾക്കാശ്വാസമായില്ല, അവ നിക്കാശ്വാസമായില്ലെന്നതിനാൽ.

കാഫ്ക - കത്തുകളിലൂടെ കണ്ടുമുട്ടുക എന്നാൽ…

180px-Kafka1906

1907, ആഗസ്റ്റ് 29

പ്രിയപ്പെട്ടവളേ, എനിക്കു ക്ഷീണം തോന്നുന്നു, സുഖമില്ലാത്ത പോലെയും തോന്നുന്നു. 

ഞാൻ ഇതെഴുതുന്നത് ഓഫീസിലിരുന്നാണ്‌; നിനക്കൊരു കത്തെഴുതി ഇവിടം അല്പം കൂടി സുഖപ്രദമാക്കാൻ നോക്കുകയാണു ഞാൻ. എനിക്കു ചുറ്റുമുള്ള സർവതും നിന്നെ ആശ്രയിച്ചാണിരിക്കുന്നത്. മേശ കടലാസിന്മേൽ അതിനോടു പ്രേമമാണെന്നപോലെ അമർന്നിരിക്കുന്നു; തള്ളവിരലിനും ചൂണ്ടുവിരലിനുമിടയിൽ അനുസരണക്കാരനായ കുട്ടിയെപ്പോലെ പേന; പാടുന്ന കിളിയെപ്പോലെ മണിയടിക്കുന്ന ക്ളോക്ക്.

എന്റെ തോന്നൽ പക്ഷേ, ഞാൻ നിനക്കെഴുതുന്നത് ഏതോ യുദ്ധമുന്നണിയിൽ നിന്നോ, അങ്ങനെയേതോ സ്ഥലത്തു നിന്നോ ആണെന്നാണ്‌; കാരണമായ ഘടകങ്ങൾ അത്രയ്ക്കസാധാരണമാകയാൽ ഭാവന ചെയ്യാൻ വിഷമമായ ഏതോ സംഭവങ്ങൾക്കിടയിൽ നിന്നാണെന്നപോലെ...

(രാത്രി പതിനൊന്നു കഴിഞ്ഞ്)
നോക്കൂ, പരിഹാസ്യനാണു ഞാൻ; നിനക്കെന്നോട് എന്തെങ്കിലും മമത തോന്നുന്നുണ്ടെങ്കിൽ അനുകമ്പ കൊണ്ടാണത്; എന്റെ ഭാഗത്തു ഭീതിയേയുള്ളു. എത്ര വ്യർത്ഥമായ ശ്രമമാണ്‌ കത്തുകളിലൂടെ കണ്ടുമുട്ടുക എന്നത്; ഒരു വൻകടലിനപ്പുറവും ഇപ്പുറവും നിൽക്കുന്ന രണ്ടുപേർ പരസ്പരം വെള്ളം തെറ്റിത്തെറിപ്പിക്കാൻ നോക്കുന്ന പോലെയാണത്. അക്ഷരങ്ങളുടെ ചരിവുകളെല്ലാം ഉരുണ്ടിറങ്ങിയ പേന ഇതാ അന്ത്യത്തിലെത്തിയിരിക്കുന്നു; തണുപ്പായിരിക്കുന്നു, ഞാനിനി ഒഴിഞ്ഞ കിടക്കയിലേക്കു കയറുകയും വേണം.

നിന്റെ ഫ്രാൻസ്



(വിയന്നായിലെ ഹെഡ്വിഗ് [1888-1953]എന്ന പത്തൊമ്പതുകാരിക്ക് കാഫ്ക എഴുതിയ കത്ത്; അദ്ദേഹമന്ന് പ്രാഗിലെ ക്രിമിനൽ കോടതിൽ ജോലി ചെയ്യുകയാണ്‌. 1907 വേനൽക്കാലത്ത് മൊറേവിയയിൽ വച്ചാണ്‌ അവർ തമ്മിൽ കാണുന്നത്. ഈ ബന്ധം അല്പായുസ്സായിരുന്നു.)

ഹാഫിസ് - ഞങ്ങൾക്കതു മതി

371px-Saki_-_Reza_Abbasi_-_Moraqqa’-e_Golshan_1609_Golestan_Palace

ഒരു പനിനീർപ്പൂവിന്റെ തുടുത്ത മുഖമുണ്ടുദ്യാനത്തിലെങ്കിൽ
ഞങ്ങൾക്കതു മതി,
നടവഴിയിലൊരേയൊരു സൈപ്രസിന്റെ തണലുണ്ടെങ്കിൽ
ഞങ്ങൾക്കതു മതി.
വാക്കും ചെയ്തിയും  ചേരാത്ത മനുഷ്യർക്കിടയിൽ നിന്നെനി-
ക്കകലെപ്പോയാൽ മതി.
മുഖം മുഷിഞ്ഞ മനുഷ്യർക്കിടയിലൊരു പാത്രം മദിരയുണ്ടെങ്കിൽ
ഞങ്ങൾക്കതു മതി.
ഇവിടെ നല്ലതു ചെയ്താൽ അവിടെ മാളിക കിട്ടുമെന്നു
ചിലർ പറയുന്നു;
പ്രകൃതം കൊണ്ടേ നാടോടികൾ, യാചകരുമാണു ഞങ്ങൾ,
കള്ളുകടയുടെ കോണിലൊഴിഞ്ഞൊരിടം തന്നാൽ
ഞങ്ങൾക്കതു മതി.
ഒഴുകുന്ന പുഴയുടെ കരയ്ക്കിടയ്ക്കൊന്നു ചെന്നിരിക്കെന്നേ.
അത്രവേഗം മായുന്നതാണു ലോകമെന്നൊന്നു കണ്ടാൽ
ഞങ്ങൾക്കതു മതി.
പണത്തിന്റെ കുത്തൊഴുക്കും ലോകത്തിന്റെ ദുരിതവുമൊന്നു കാണൂ.
ലാഭചേതങ്ങളുടെ കാഴ്ച കണ്ടു നിങ്ങൾക്കു മതിയായില്ലെങ്കിൽ
ഞങ്ങൾക്കതു മതി.
തോഴന്മാരിൽ വച്ചു തോഴൻ തന്നെ ഇവിടെ വന്നിരിക്കെ
മറ്റാരെത്തേടിയുഴറാൻ?
ആത്മമിത്രവുമായൊന്നാനന്ദിച്ചു സംസാരിക്കാനായെങ്കിൽ
ഞങ്ങൾക്കതു മതി.
നിന്റെ വാതിൽക്കൽ നിന്നെന്നെപ്പറഞ്ഞയക്കരുതേ, ദൈവമേ,
സ്വർഗ്ഗത്തിലേക്കായാലും.
സ്ഥലകാലങ്ങൾ വേണ്ട, നിന്റെയൊരിടവഴിയുണ്ടെങ്കിൽ
ഞങ്ങൾക്കതു മതി.
ഇതുചിതമല്ല ഹാഫിസ്, വിധി തന്ന ഉപഹാരങ്ങളെച്ചൊല്ലി
ഇത്രയും പരാതിയോ?
പുഴയുടെ പ്രകൃതം പോലൊഴുകുന്ന നിന്റെ കവിതകളുണ്ടെങ്കിൽ
ഞങ്ങൾക്കതു മതി.



Wednesday, November 14, 2012

വാൻ ഗോഗ് - നമുക്കുള്ളിലെ അഗ്നി

 

3317702987_3a12f9e9c2



സ്നേഹത്തിനർഹമായതിനെ നാം സ്നേഹിച്ചുകൊണ്ടിരുന്നാൽ, നിസ്സാരവും വില കെട്ടതും അർത്ഥശൂന്യവുമായവയിൽ നാം നമ്മുടെ സ്നേഹത്തെ കൊണ്ടുതുലയ്ക്കാതിരുന്നാൽ പോകപ്പോകെ നാം കരുത്തരായിവരും, നാം വെളിച്ചം നിറഞ്ഞവരായി വരും. ഇടയ്ക്കൊക്കെ ലോകത്തേക്കിറങ്ങിപ്പോകുന്നതും മനുഷ്യരുമായി ഇടപെടുന്നതും നല്ലതു തന്നെ; ചിലപ്പോൾ നാമതിനു നിർബ്ബന്ധിതരു

മാവാറുണ്ട്. പക്ഷേ തന്റെ പ്രവൃത്തിയുമായി അടങ്ങിയൊതുങ്ങി ഇരിക്കാൻ ഇഷ്ടപ്പെടുന്നവൻ, സ്നേഹിതന്മാർ വളരെക്കുറച്ചു മതി എന്നു വയ്ക്കുന്നവൻ, അവൻ ഈ ലോകത്തിലൂടെയും മനുഷ്യർക്കിടയിലൂടെയും സുരക്ഷിതനായി കടന്നുപോവും.എത്ര പരിഷ്കൃതരായ മനുഷ്യർക്കിടയിലാവട്ടെ, എത്ര കേമമായ ചുറ്റുപാടിലാവട്ടെ, അവനവനു തനതായുള്ള ആ യമിയുടെ ഭാവം അല്പമെങ്കിലും നാം കൈവിടാതിരിക്കണം; അതില്ലെങ്കിൽ വേരറ്റവരായിപ്പോവും നാം. നമുക്കുള്ളിലെ അഗ്നി കെടാൻ വിടരുത്; അതെരിച്ചുകൊണ്ടേയിരിക്കണം നാം. ദാരിദ്ര്യം തനിക്കായി വരിക്കുന്നവൻ, അതിനെ സ്നേഹിക്കുന്നവൻ - വലിയൊരു നിധിക്കുടമയാണവൻ; തന്റെ മനഃസാക്ഷിയുടെ ശബ്ദം അവൻ തെളിഞ്ഞുകേൾക്കുകയും ചെയ്യും. ദൈവത്തിന്റെ ആ മഹാപ്രസാദം, ആ ശബ്ദത്തിനു കാതു കൊടുക്കുന്നവൻ, അതിനെ അനുസരിക്കുന്നവൻ- അവൻ അതിൽ തന്റെ സ്നേഹിതനെ കണ്ടെത്തും, അവൻ പിന്നെ ഏകാകിയുമല്ല.

(തിയോയ്ക്ക് 1877 മേയിൽ എഴുതിയ കത്തിൽ നിന്ന്)


ഫെർണാണ്ടോ പെസ്സൊവ - റുബായിയാത്ത്

Pessoa

ദീർഘവും വിഫലവുമായ പകലിനു മേൽ സന്ധ്യയുടെ ശവക്കോടി.
നമുക്കതു നിഷേധിച്ച പ്രത്യാശ പോലും ഇല്ലായ്മയായി പൊടിയുന്നു.
ജീവിതം, കുടിച്ചു ലക്കു കെട്ടൊരു യാചകൻ,
സ്വന്തം നിഴലിനോടതു കൈനീട്ടിയിരക്കുന്നു.
*

“ഞാനിതു ചെയ്യും,” ഇതു കേട്ടുകേട്ടെനിക്കു മടുത്തു.
ചെയ്യുക, ചെയ്യാതിരിക്കുക- ആരാണതിനൊക്കെ അധികാരി?
ആത്മാവിന്റെ ഭാരം കൂടി പേറേണ്ടിവന്ന മൃഗം,
ഇടയ്ക്കിടെ ഞെട്ടിക്കൊണ്ടു മനുഷ്യനുറങ്ങുന്നു; അതേയെനിക്കറിയൂ.
*

ആത്മാവിനു നിത്യജീവനുണ്ടെന്നു പറയേണ്ട,
വെട്ടിമൂടിക്കഴിഞ്ഞാൽ ഉടലൊന്നുമറിയുന്നില്ലെന്നും.
തനിക്കറിയാത്തതൊന്നിനെക്കുറിച്ചു നിങ്ങളെന്തറിയാൻ?
കുടിയ്ക്കൂ! ഇന്നിന്റെ ഇല്ലായ്മയേ നിങ്ങൾക്കറിയൂ.
*

ആശയും തൃഷ്ണയുമില്ലാതെ, സ്നേഹവും വിശ്വാസവുമില്ലാതെ,
ജിവിതത്തെ നിഷേധിച്ചും കൊണ്ടു ജീവിതം കഴിയ്ക്കൂ,
പിന്നെ ഉറങ്ങാൻ നേരമാവുമ്പോൾ കളിപ്പാട്ടങ്ങൾ മാറ്റിവയ്ക്കൂ:
അതല്ലാത്തതൊന്നാണ്‌, ഉള്ളതായുള്ളതെല്ലാം.
*

നിങ്ങളുടെ ഹിതപ്പടി സ്വജീവിതത്തെ നിങ്ങൾക്കു രൂപപ്പെടുത്താം,
നിങ്ങൾ ജീവിക്കും മുമ്പേ ജീവിതത്തിനൊരു രൂപവുമുണ്ടായിരുന്നു.
നിലത്തു വരച്ചിടാനെന്തിനു വെറുതേ മോഹിക്കുന്നു,
ആകാശം കടന്നു പോകുന്ന മേഘത്തിന്റെ ക്ഷണികമായ നിഴലിനെ?
*

ഒക്കെയും വ്യർത്ഥം, എന്നറിയുന്നതുമുൾപ്പെടെ.
പകലിനു പിമ്പേ രാത്രി, പിന്നെ പകൽ.
പരിത്യാഗത്തിന്റെ അഭിജാതരാത്രിയിൽ
പരിത്യാഗത്തെത്തന്നെ പരിത്യജിക്കൂ.
*

തനിക്കു നഷ്ടമായതിനെ പൂട്ടിവയ്ക്കുന്നവൻ ജ്ഞാനി.
താനെന്ന ഇല്ലായ്മയെ ആരും കാണുന്നില്ലല്ലോ.
ഓരോ മുഖംമൂടിക്കടിയിലുമുണ്ട്, ഒരു തലയോട്ടി.
ആരുമല്ലാത്തൊരാളിന്റെ മുഖംമൂടിയാണോരോ ആത്മാവും.
*

ശാസ്ത്രത്തെ, അതിന്റെ പ്രയോഗത്തെ പ്രതി വേവലാതിപ്പെടേണ്ട.
അന്തിവെളിച്ചം വീണ ജീവിതമെന്ന ഈ മുറിയിൽ
മേശകസേരകളുടെ അളവെടുത്തിട്ടെന്തു കാര്യം?
അളവെടുക്കുകയല്ല, അവയുപയോഗിക്കൂ: മുറി ഒഴിഞ്ഞുകൊടുക്കാനുള്ളതല്ലേ?
*

സൂര്യൻ തിളങ്ങുന്ന കാലത്തോളം നാമതിൽ സുഖിക്കുക,
അതാകാശം വിട്ടുകഴിഞ്ഞാൽ നാം പോയിക്കിടന്നുറങ്ങുക.
മടങ്ങിവരുമ്പോൾ ഒരുവേള അതു നമ്മെ കണ്ടില്ലെന്നു വരാം,
ഇനിയല്ല, നാം തന്നെ മടങ്ങിവന്നുവെന്നും വരാം.
*


Tuesday, November 13, 2012

കാഫ്ക - മൌനത്തെക്കാൾ ഭയാനകമായ കത്തുകൾ

cze24

…യുദ്ധത്തിനു ശേഷം ഞാൻ ബർലിനിലേക്കു വരുന്നുണ്ട്. അവിടെ വന്നാൽ ഒന്നാമതായി ചെയ്യാനുള്ളത് ഏതെങ്കിലും മാളത്തിലേക്കിഴഞ്ഞു കയറി ആത്മപരിശോധന നടത്തുക എന്നുള്ളതാണ്‌. എന്തായിരിക്കും അതിന്റെ ഫലം? എന്തിനു പറയുന്നു, എന്നിലെ ജീവിക്കുന്ന മനുഷ്യൻ ശുഭാപ്തിവിശ്വാസിയാണ്‌; അതിൽ അത്ഭുതപ്പെടാനില്ല. ചിന്തിക്കുന്ന മനുഷ്യനു പക്ഷേ ഒരു വിശ്വാസവുമില്ല. എന്നാൽക്കൂടി ആ ചിന്തിക്കുന്ന മനുഷ്യനും വാദിക്കുന്നത് ആ മാളത്തിൽ വച്ച് ഞാൻ എന്റെ കഥ കഴിക്കുകയാണെങ്കിൽ അതിലും മികച്ചതൊന്ന് ഞാൻ ചെയ്യാനില്ല എന്നാണ്‌. പക്ഷേ നിന്റെ കാര്യമോ, ഫെലിസ്? നിന്റെ മേൽ എനിക്കു യാതൊരവകാശവുമില്ല, ആ മാളത്തിൽ നിന്നു ഞാൻ പുറത്തു വന്നാലല്ലാതെ, ഏതു വിധേനയെങ്കിലും പുറത്തു വന്നാലല്ലാതെ. അതുവരെ നീ എന്റെ സ്വരൂപം കാണില്ല; എന്തെന്നാൽ നിനക്കു ഞാനിപ്പോൾ ഒരു വികൃതിക്കുട്ടിയാണ്‌, ഒരു ഭ്രാന്തൻ, അല്ലെങ്കിൽ അതുപോലെന്തോ; ആ വികൃതിക്കുട്ടിക്കു മേൽ താനർഹിക്കാത്ത അനുകമ്പ ചൊരിയുകയുമാണു നീ...

ഞാൻ അധികമൊന്നും എഴുതാത്തതെന്തു കൊണ്ടാണെന്ന് നീ പരിഭവപ്പെടുന്നു. ഇപ്പോൾ പറഞ്ഞതു വച്ചു നോക്കുമ്പോൾ ഞാൻ എന്തെഴുതാൻ? എഴുത്തുകാരന്റെയും വായനക്കാരന്റെയും ഞരമ്പുകളിൽ ഒരേപോലെ പിടിച്ചുവലിക്കുകയല്ലേ, ഓരോ വാക്കും; അവയ്ക്കു വേണ്ടിയിരുന്നതോ, സാന്ത്വനമായിരുന്നു, സന്തോഷം നൽകുന്ന പ്രവൃത്തികളായിരുന്നു...

(1916 ജനുവരി 18ന്‌ കാഫ്ക ഫെലിസിനയച്ച കത്തിൽ നിന്ന്)


...എന്റെ മൌനത്തെക്കാൾ ഭയാനകമല്ലേ എന്റെ കത്തുകൾ:? അതിനെക്കാൾ ഭയാനകമല്ലേ എന്റെ ജീവിതം? ഞാൻ നിന്റെ മേൽ ഏല്പിക്കുന്ന പീഡനങ്ങളെക്കാൾ ഭിന്നമല്ലാത്തതും? എനിക്കുള്ള ശക്തി വച്ചും നിന്റെ സഹായം കൊണ്ടും കാത്തിരിക്കുക എന്നതല്ലാതെ മറ്റൊരു പരിഹാരവും ഞാൻ കാണുന്നില്ല, ആ പ്രക്രിയക്കിടയിൽ അരഞ്ഞു പൊടിയാവുകയാണു ഞാനെങ്കിൽക്കൂടി. അല്ലാതൊന്ന് എന്റെ അറിവിലില്ല. ഈ തരം എഴുത്തിനോട് മൌനത്തെ താരതമ്യം ചെയ്യാമോ? മൌനമല്ലേ തമ്മിൽ ഭേദം? എന്റെ കാൽക്കീഴിൽ പെട്ടെന്നൊരു സൂത്രവാതിൽ തുറന്നു ഞാൻ ഉള്ളിലെവിടെയോ പോയി മറഞ്ഞുവെങ്കിൽ? ഭാവിയിൽ കിട്ടാനിരിക്കുന്ന ഏതോ സ്വാതന്ത്ര്യവും പ്രതീക്ഷിച്ചുകൊണ്ട് എന്റെ ശക്തിയുടെ നിന്ദ്യമായ ശേഷിപ്പുകൾ അവിടെ സുരക്ഷിതമായിക്കിടക്കട്ടെ...

(1916 ജനുവരി 24ന്‌ ഫെലിസിനെഴുതിയത്)



വീസ്വാവാ സിംബോഴ്സ്ക - പരസ്യം

article-new_ehow_images_a06_9f_rs_benzodiazepines-vs_-pain-killers-withdrawal-800x800

ഞാനൊരു ട്രാൻക്വിലൈസർ.
വീട്ടിൽ ഞാൻ വളരെ ഫലപ്രദമാണ്‌.
ഓഫീസിൽ ഞാൻ പണിയെടുക്കാം.
പരീക്ഷയെ നേരിടാം,
സാക്ഷിക്കൂട്ടിൽ കയറിനിൽക്കാം.
ഉടഞ്ഞ കപ്പുകൾ കരുതലോടെ കൂട്ടിയിണക്കാം.
നിങ്ങളെന്നെ വായിലിടുകയേ വേണ്ടു,
നാവിനടിയിൽ ഞാനൊന്നലിയട്ടെ,
ഒരു ഗ്ളാസു വെള്ളവുമായി
എന്നെ അകത്താക്കുക.

ഭാഗ്യക്കേടുകളെ കൈകാര്യം ചെയ്യാനെനിക്കറിയാം,
ദുഃഖവാർത്തകളെ കൈക്കൊള്ളാനും.
അനീതിയുടെ ഭാരം ഞാൻ കുറയ്ക്കാം,
ദൈവത്തിന്റെ അഭാവം സഹിക്കാൻ സഹായിക്കാം,
നിങ്ങളുടെ മുഖത്തിനു ചേരുന്ന വിധവയുടെ മൂടുപടവും
ഞാൻ തിരഞ്ഞെടുത്തു തരാം.
ഇനിയുമെന്തു കാത്തിരിക്കുകയാണെന്നേ?
എന്റെ രാസസഹതാപത്തിൽ വിശ്വസിച്ചോളൂ.

അധികം പ്രായമാവാത്ത ചെറുപ്പക്കാരൻ/ചെറുപ്പക്കാരി ആണല്ലോ നിങ്ങൾ.
മനസ്സിന്റെ ഭാരമിറക്കിവയ്ക്കുന്ന പണി പഠിക്കാൻ
ഇനിയും നിങ്ങൾക്കു വൈകിയിട്ടില്ല.
ആരു പറഞ്ഞു,
വരുന്നതിനോടൊക്കെ മല്ലു പിടിക്കണമെന്ന്?

നിങ്ങളുടെ കൊടുംഗർത്തമെനിക്കു തരൂ,
ഞാനതിന്മേൽ നിദ്രയുടെ മൃദുമെത്ത വിരിക്കാം.
വന്നു വീഴാൻ നാലു കാലു നൽകിയെന്നതിനാൽ
നിങ്ങൾക്കെന്നോടു നന്ദിയേ ഉണ്ടാവൂ.

നിങ്ങളുടെ ആത്മാവെനിക്കു വിൽക്കൂ.
വാങ്ങാൻ വേറെയാരുമില്ല.

ഞാനല്ലാതൊരു പിശാചുമില്ല.


Monday, November 12, 2012

വ്ളദിമിർ ഹോലാൻ - മരണം

vladimirholan

വർഷങ്ങൾക്കു മുമ്പേ നിങ്ങളതിനെ ആട്ടിയോടിച്ചതായിരുന്നു,
മുറിയുമടച്ചുപൂട്ടി, അതിനെക്കുറിച്ചൊന്നുമോർക്കാതിരിക്കാൻ
നിങ്ങൾ ശ്രമിച്ചതായിരുന്നു.
സംഗീതത്തിലതില്ല എന്നു നിങ്ങൾക്കറിയാമായിരുന്നു,
അതിനാൽ നിങ്ങൾ പാടി.
മൌനത്തിലതില്ല എന്നു നിങ്ങൾക്കറിയാമായിരുന്നു,
അതിനാൽ നിങ്ങൾ മൌനിയായി.
ഏകാന്തതയിലതില്ല എന്നു നിങ്ങൾക്കറിയാമായിരുന്നു,
അതിനാൽ നിങ്ങളൊറ്റയായി.
ഇന്നു പക്ഷേ ഇതെന്തു സംഭവിച്ചു,
വർഷങ്ങളായി ആൾത്താമസമില്ലാതെ കിടന്ന
അടുത്ത മുറിയുടെ വാതിലിനടിയിൽ
രാത്രിയിൽ പെട്ടെന്നൊരു ചീളു വെളിച്ചം
നിങ്ങളുടെ കണ്ണിൽപ്പെടുന്ന പോലെ?



Sunday, November 11, 2012

വ്ളദിമിർ ഹോലാൻ - ഉയിർത്തെഴുന്നേല്പ്

Holan 72_1

നമ്മുടെ ഈ ജീവിതത്തിനൊടുവിലൊരുനാൾ
കാഹളങ്ങളുടെ പ്രചണ്ഡാരവം കേട്ടു നാമുണരുമെന്നതു ശരിയോ?
എങ്കിൽ പൊറുക്കണേ, ദൈവമേ,
ഞങ്ങൾ മരിച്ചവരുടെ ഉയിർത്തെഴുന്നേല്പുദ്ഘോഷിക്കാൻ
വെറുമൊരു പൂവൻകോഴി കൂവുമെങ്കിൽ
അതു കൊണ്ടു ഞാനാശ്വാസം കണ്ടോളാം.

അല്പനേരം കൂടി ഞങ്ങളങ്ങനെ കിടക്കും...
ആദ്യമെഴുന്നേൽക്കുന്നതമ്മയായിരിക്കും,
അവരടുക്കളയിൽ തീ പൂട്ടുന്നതു ഞങ്ങൾ കേൾക്കും,
അടുപ്പിനു മേൽ ചായപ്പാത്രം കേറ്റിവയ്ക്കുന്നതും,
അലമാരയിൽ നിന്നു ചായക്കപ്പുകളെടുക്കുന്നതും.
വീടിന്റെ സ്വസ്ഥതയിലേക്കു വീണ്ടും ഞങ്ങൾ മടങ്ങും.


link to Holan


കാഫ്ക - പ്രിയപ്പെട്ട ഫെലിസ്,

26kafka-t_CA0-articleLarge

പ്രിയപ്പെട്ട ഫ്രൌളിൻ ഫെലിസ്,

നിങ്ങൾ ഇനിയെനിക്കു കത്തെഴുതരുത്; ഞാനും നിങ്ങൾക്കെഴുതുകയില്ല. എന്റെ കത്ത് നിങ്ങളുടെ സന്തോഷം നശിപ്പിക്കുകയേയുള്ളു; ഞാനാകട്ടെ, ഇനിയേതു സഹായം കൊണ്ടും രക്ഷ കിട്ടാത്തവനും. ഇതു സ്വയം ബോദ്ധ്യമാകാനായി ഘടികാരത്തിൽ മണിയടിക്കുന്നതും കേട്ട് രാത്രി മുഴുവൻ ഉറങ്ങാതെ കിടക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല എനിക്ക്; നിങ്ങൾക്കു ഞാൻ ആദ്യത്തെ കത്തെഴുതുമ്പോൾത്തന്നെ എനിക്കതു ബോദ്ധ്യമായിക്കഴിഞ്ഞിരിക്കുന്നു. എന്നിട്ടുകൂടി നിങ്ങൾക്കു മേൽ എന്നെ വച്ചുകെട്ടാൻ ഞാൻ ശ്രമിച്ചുവെങ്കിൽ ശപിക്കപ്പെടാൻ തീർത്തും യോഗ്യനെന്നേ എന്നെക്കുറിച്ചു പറയാനുള്ളു, ഇതിനകം ശപിക്കപ്പെട്ടവനായിട്ടില്ല ഞാനെങ്കിൽ. നിങ്ങളുടെ കത്തുകൾ മടക്കിവേണമെന്നാണെങ്കിൽ തീർച്ചയായും ഞാനവ തിരിച്ചയക്കാം, അവ കൈയിൽ വയ്ക്കാനാണ്‌ ഞാൻ ഇഷ്ടപ്പെടുക എങ്കിൽക്കൂടി. ഇനിയല്ല, നിങ്ങൾക്കു നിർബ്ബന്ധമാണെങ്കിൽ അതിന്റെ സൂചനയായി ഒരു പോസ്റ്റുകാർഡ് ഒന്നുമെഴുതാതെ എന്റെ പേർക്കയക്കുക. നേരേ മറിച്ച്, ഞാനയച്ച കത്തുകൾ നിങ്ങൾ തന്നെ സൂക്ഷിച്ചുവയ്ക്കുക എന്നു ഞാൻ അപേക്ഷിക്കട്ടെ. ഇനി എന്നെ, ഈ പ്രേതത്തെ എത്രയും വേഗം മറന്നുകളഞ്ഞേക്കൂ. മുമ്പത്തെപ്പോലെ സന്തോഷവതിയായി, മനസ്സമാധാനത്തോടെ ജീവിതം തുടരുകയും ചെയ്യൂ.

(1912 നവംബർ 9നു ഫെലിസിനെഴുതിയത്; ഇതു പക്ഷേ പോസ്റ്റു ചെയ്തിട്ടില്ല.)


…കണ്ണീരു കണ്ടാൽ എനിക്കു പേടി വരും. എനിക്കു കരച്ചിൽ വരാറില്ല. മറ്റുള്ളവരുടെ കണ്ണീരാവട്ടെ, എനിക്കപരിചിതമായ, എനിക്കു മനസ്സിലാവാത്ത ഒരു പ്രതിഭാസവും. ഇത്രയും കൊല്ലത്തിനിടയിൽ ഒരിക്കലേ ഞാൻ കരഞ്ഞിട്ടുള്ളു; അത് രണ്ടുമൂന്നു മാസം മുമ്പായിരുന്നു; അന്നു ഞാൻ ശരിക്കും കസേരയിലിരുന്നു വിറയ്ക്കുകയായിരുന്നു. എന്റെ നിയന്ത്രണം വിട്ട തേങ്ങൽ കേട്ട് അടുത്ത മുറിയിൽ കിടക്കുന്ന അച്ഛനും അമ്മയും എഴുനേറ്റുവരുമോയെന്നു എന്നു ഞാൻ ഭയന്നു. ഒരു രാത്രിയിൽ നടന്ന സംഭവമാണിത്; അതിനു കാരണമായതോ, ഞാൻ എഴുതിക്കൊണ്ടിരുന്ന നോവലിലെ ഒരു ഭാഗവും. പക്ഷേ പ്രിയപ്പെട്ടവളേ, നിന്റെ കരച്ചിൽ എന്നെ വേവലാതിപ്പെടുത്തുന്നു; അതോ അത്ര പെട്ടെന്ന് നിനക്കു കരച്ചിൽ വരാറുണ്ടോ? നീ എപ്പോഴും കരയാറുണ്ടോ? ഇനിയഥവാ, ഞാനാണോ അതിനു കാരണമായത്? അതെ, ഞാൻ തന്നെ. പറയൂ, നിന്നോടിത്രയും കടപ്പെട്ട മറ്റൊരാളുണ്ടാവുമോ, എന്നെപ്പോലെ ഒരു കാരണവുമില്ലാതെ ഇത്രയും നിന്നെ വേദനിപ്പിക്കുന്നവൻ? നീ പറയാതെ തന്നെ എനിക്കതറിയാം. പക്ഷേ ഞാനതു വേണമെന്നു വച്ചു ചെയ്യുന്നതല്ല എന്നു നീ അറിയണം, ഫെലിസ്…നിന്റെ മനോഹരമായ ഈറൻകണ്ണുകളിൽ ഞാനൊന്നു ചുംബിക്കട്ടെ?

(1912 നവംബർ 28ന്‌ ഫെലിസിനെഴുതിയത്)


കാഫ്ക - കത്തുകളിൽ നിന്ന്

kafka (1)

ഹോട്ടൽമുറികളെക്കുറിച്ച്‌


…നീയൊരിക്കലെന്നോടു പറഞ്ഞിരുന്നല്ലോ ഒരു ഹോട്ടൽമുറിയിൽ ഒറ്റയ്ക്കു കഴിയുക എന്നത്‌ നിന്റെ മനസ്സിന്റെ സ്വസ്ഥത കെടുത്തുമെന്ന്. നേരേ മറിച്ച്‌ ഒരു ഹോട്ടൽമുറിയിൽ ഒറ്റയ്ക്കു കഴിയുമ്പോഴാണ്‌ എനിക്കു മനസ്സിനു സ്വസ്ഥത കിട്ടുക എന്നൊരു മറുപടി ഞാനന്നു പറഞ്ഞിട്ടുമുണ്ടാവണം. ശരിക്കും യാഥാർത്ഥ്യമാണത്‌; കഴിഞ്ഞകൊല്ലം മഞ്ഞുകാലത്ത്‌ വടക്കൻബൊഹീമിയയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും യാത്ര ചെയ്യേണ്ടിവന്നപ്പോൾ ഞാനതു പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. കാഴ്ചവട്ടത്തിലൊതുങ്ങുന്ന നാലു ചുമരുകളും പൂട്ടിയിടാവുന്ന ഒരു വാതിലുമായി ഒരു ഹോട്ടൽമുറിയുടെ വിശാലത സ്വന്തമായിക്കിട്ടുക; തന്റെ സ്വകാര്യവസ്തുക്കള്ളിൽ ഇന്നിന്നവ ഭിത്തിയലമാരകളുടെ ഇന്നിന്ന കോണുകളിൽ, മേശപ്പുറങ്ങളിൽ, ഹാങ്ങറുകളിൽ ഒതുങ്ങിക്കിടക്കുകയാണെന്ന അറിവ്‌ ഊർജ്ജം തുടിയ്ക്കുന്നതും, ഇപ്പോഴത്തേതിലും ഭേദപ്പെട്ട ചിലതു ചെയ്യാനുദ്ദിഷ്ടവുമായ ഒരു ശിഷ്ടജീവിതത്തിനുടമയാണു താനെന്ന അസ്പഷ്ടമായൊരനുഭൂതി എന്നുമെനിക്കു നൽകിയിട്ടുണ്ട്‌; അതിനി സ്വന്തം അതിരുകൾക്കുമപ്പുറത്തേക്കു കടന്ന ഒരു നൈരാശ്യം ഒരു ഹോട്ടൽമുറിയുടെ തണുത്ത ശവക്കല്ലറയിൽ സ്വസ്ഥത കണ്ടെത്തുന്നതാണെന്നു പറയുന്നതാവും കൂടുതൽ ശരി. അതെന്തായാലും അവ എനിക്കു മനസ്സമാധാനം നൽകിയിട്ടുണ്ട്‌; ഞാനിന്നേവരെ താമസിച്ചിട്ടുള്ള മിക്ക ഹോട്ടലുകളെക്കുറിച്ചും നല്ലതേ എനിക്കു പറയാനുമുള്ളു…


(കാഫ്ക ഫെലിസിനയച്ച ഒരു കത്തിൽ നിന്ന്)


പൂക്കളെക്കുറിച്ച്


മനോഹരമായ പൂക്കളടക്കം ചെയ്ത ഈ പെട്ടിയ്ക്കർഹനാവാനും വേണ്ടി ഞാനെന്തു ചെയ്തു? അങ്ങനെയെന്തെങ്കിലും ചെയ്തതായി എന്റെ ഓർമ്മയിലില്ല; പെട്ടിയ്ക്കുള്ളിൽ ഒരു ഭൂതത്തെയാണ്‌ ഒളിപ്പിച്ചുവച്ചിരുന്നതെങ്കിൽ, അവൻ എടുത്തുചാടി എന്റെ മൂക്കിൽ കടിച്ചുതൂങ്ങിക്കിടന്നിരുന്നുവെങ്കിൽ, പിന്നെ ആയുശ്ശേഷം ഞാനവനെയും തൂക്കി നടക്കേണ്ടിവന്നിരുന്നുവെങ്കിൽ അതായേനേ കൂടുതൽ ഉചിതം എന്നെനിക്കു തോന്നിപ്പോവുന്നു. നിനക്കറിയുമോ പൂക്കളെ എനിക്കത്ര കാര്യമല്ലെന്ന്, ഇപ്പോൾ ഞാനവയെ ആസ്വദിക്കുന്നെങ്കിൽ അതു നീ അയച്ചതു കൊണ്ടു മാത്രമാണെന്ന്, എന്നാല്ക്കൂടി നേരിട്ടല്ല, നിനക്കവയോടുള്ള മമതയിലൂടെയാണ്‌ ഞാനവയെ ആസ്വദിക്കുന്നതെന്ന്? പൂക്കളുടെ സൗന്ദര്യമാസ്വദിക്കാൻ കഴിയാത്തതിന്റെ പേരിൽ കുട്ടിക്കാലം മുതല്ക്കേ ഞാൻ പലപ്പോഴും വ്യാകുലപ്പെട്ടിട്ടുണ്ട്. ഈ കഴിവുകേടാവട്ടെ, ഒരു പരിധി വരെ സംഗീതമാസ്വദിക്കാനുള്ള എന്റെ കഴിവുകേടിനോടും ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയൊരു ബന്ധമുള്ളതായി തോന്നിയിട്ടുണ്ടെന്നെങ്കിലും പറയാം. പൂക്കളുടെ സൗന്ദര്യം എനിക്കു കണ്ണിൽപ്പെടാറേയില്ല; ഒരു റോസാപ്പൂ ഉദാസീനമായി നോക്കിനില്ക്കേണ്ടൊരു വസ്തുവാണെനിക്ക്; രണ്ടായാൽ അത്രയ്ക്കും ഒന്നുപോലായെന്നു മാത്രം; പൂക്കളടുക്കിയതിലാവട്ടെ, എന്തെങ്കിലുമൊരു ക്രമമോ അർത്ഥമോ കണ്ടെത്താൻ എനിക്കൊരിക്കലും കഴിയാറുമില്ല. ഏതു കുറവിന്റെയും കാര്യത്തിലെന്നപോലെ, പൂക്കളോടു പ്രത്യേകിച്ചൊരാഭിമുഖ്യം എനിക്കുണ്ടെന്നു മറ്റുള്ളവരെ ബോധിപ്പിക്കാൻ ഞാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. നമുക്കു സ്വയം ബോദ്ധ്യമുള്ള ഏതു കുറവിന്റെയും കാര്യത്തിലെന്നപോലെ, പൂക്കളോട് അവ്യക്തമായൊരു മമതയുള്ളവരെ, അതവരുടെ സ്വഭാവത്തിന്റെ ഏതെങ്കിലും ഘടകത്തിൽ പ്രകടമാവണമെന്നുമില്ല, കബളിപ്പിക്കുന്നതിൽ ഞാൻ വിജയിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന്‌, എന്റെ അമ്മയ്ക്കു നല്ല ഉറപ്പാണ്‌ ഞാൻ പൂക്കളെ സ്നേഹിക്കുന്ന ഒരാളാണെന്ന്; കാരണം ആളുകൾക്കവ സമ്മാനിക്കുന്നത് എനിക്കിഷ്ടമാണ്‌; കമ്പിയിൽ കോർത്ത പൂക്കൾ കണ്ടാൽ ഞാൻ കിടുങ്ങിവിറച്ചുപോവുകയും ചെയ്യും. പക്ഷേ കമ്പി എന്നെ ആധിപ്പെടുത്തുന്നത് പൂക്കൾ കാരണമല്ല; ഞാൻ എന്നെക്കുറിച്ചേ ചിന്തിക്കുന്നുള്ളു; ആ ഒരു കാരണം കൊണ്ടാണ്‌ ജീവനുള്ള ഒരു ദേഹത്ത് ആ ലോഹക്കഷണം പിരിഞ്ഞുകയറുന്നത് എന്നെ പേടിപ്പെടുത്തുന്നതും…


(കാഫ്ക 1913 മാർച്ച് 11-ന്‌ ഫെലിസിനയച്ച കത്തിൽ നിന്ന്)


എഴുത്തിനെക്കുറിച്ച്


എന്റെ എഴുത്ത് എന്നെ താങ്ങിനിർത്തുന്നു. പക്ഷേ ഇങ്ങനെയൊരു ജീവിതത്തെയാണ്‌ അതു താങ്ങിനിർത്തുന്നത് എന്നു പറഞ്ഞാൽ അതല്ലേ കൂടുതൽ കൃത്യമാവുക? എഴുതാതിരിക്കുമ്പോൾ എന്റെ ജീവിതം ഇതിലും ഭേദമാണെന്നുമല്ല ഞാൻ സൂചിപ്പിക്കുന്നത്. നേരേ മറിച്ച് അങ്ങനെയുള്ളപ്പോൾ ആകെ വഷളാവുകയാണ്‌ എന്റെ സ്ഥിതി; തീർത്തും അസഹനീയമാവുകയാണത്; അതു ചെന്നു കലാശിക്കുക ഭ്രാന്തിലുമായിരിക്കും…എഴുത്തുകാരനായതു കൊണ്ടുള്ള ഗുണമെന്താണ്‌? വിസ്മയപ്പെടുത്തുന്നതും മധുരിക്കുന്നതുമായ ഒരു പ്രതിഫലമാണ്‌ എഴുത്ത്; പക്ഷേ എന്തിനുള്ള പ്രതിഫലം? ഇന്നലെ രാത്രിയിൽ എനിക്കതു ശരിക്കും തെളിഞ്ഞുകിട്ടി: പിശാചിനെ സേവ ചെയ്യുന്നതിനു കിട്ടുന്ന പ്രതിഫലമാണത്. തമസ്സിന്റെ ശക്തികളിലേക്കുള്ള ഈ അവരോഹണം, സാധാരണഗതിയിൽ തളഞ്ഞുകിടക്കുന്ന ദുർഭൂതങ്ങളെ തുടലഴിച്ചുവിടൽ, സംശയാസ്പദമായ പരിരംഭണങ്ങൾ, അങ്ങഗാധതയിൽ നടക്കുന്ന മറ്റു പലതും: മുകളിൽ പകൽവെളിച്ചത്തിലിരുന്നു കഥകളെഴുതുമ്പോൾ നാം ഇതൊന്നുമറിയുന്നില്ല. എഴുതാൻ മറ്റു രീതികളുണ്ടാവാം; പക്ഷേ ഈയൊരു വഴിയേ എനിക്കറിയൂ; രാത്രിയിൽ ഭീതി ഉറക്കത്തെ വിലക്കിനിർത്തുമ്പോൾ ഇതൊന്നേ എനിക്കറിയൂ…


(1922 ജൂലൈ 5ന്‌ മാക്സ് ബ്രോഡിനെഴുതിയ കത്തിൽ നിന്ന്)


 

ഇബ്ൻ സെയ്ദുൻ - മദിരയും പനിനീർപ്പൂക്കളും

zaydun

“വരട്ടെ, മദിര!”യെന്നു ഞാൻ പറഞ്ഞു.
വന്നവൾ കൊണ്ടുവന്നതു മദിരയും പനിനീർപ്പൂക്കളും.
അവളുടെ അധരത്തിൽ നിന്നു ഞാൻ നുകർന്നു,
മദിപ്പിക്കുന്ന മധുരമദിര;
അവളുടെ കവിളിൽ നിന്നു ഞാനിറുത്തു,
ചെമന്ന പനിനീർപ്പൂവിതളുകൾ.


(ഇബ്ൻ സെയ്ദുൻ 1003-1071 സ്പെയിനിലെ കൊർദോബയിൽ ജീവിച്ചിരുന്ന അറബിക്കവി.)


 

ഹാഫിസ് - എന്നോടു ചോദിക്കേണ്ട

hafez

പ്രണയമേ, നിന്റെ വേദന ഞാനെത്രയറിഞ്ഞിരിക്കുന്നു!
എങ്ങനെയെ
ന്നെന്നോടു ചോദിക്കേണ്ട-
വിരഹമേ, നിന്റെ കൈപ്പൻനീരെത്ര ഞാൻ മൊത്തിയിരിക്കുന്നു!
എങ്ങനെയെന്നെന്നോടു ചോദിക്കേണ്ട-


തേടിത്തേടിയെത്ര വഴികൾ തെറ്റി ഞാനലഞ്ഞു;
അതിനൊക്കെയുമൊടുവിൽ ഞാൻ തേടിപ്പിടിച്ചതാരെ?
ആരെയെന്നെന്നോടു ചോദിക്കേണ്ട-


അവളുടെ പടിക്കൽ നിന്നൊരേയൊരു മൺപൊടി,
ഒരു മൺപൊടി കാണാനെന്റെ കണ്ണുകളെന്തു കണ്ണീരൊഴുക്കി!
എങ്ങനെയെന്നെന്നോടു ചോദിക്കേണ്ട-


എന്തേ, അതൃപ്തരായി ചുണ്ടു കടിക്കുന്നു നിങ്ങൾ, സ്നേഹിതരേ?
എനിക്കു വശമായതേതു പവിഴാധരമെന്നു നിങ്ങൾക്കറിയുമോ?
എന്നെന്നെന്നോടു ചോദിക്കേണ്ട-


പോയ രാത്രിയിൽ ഇതേ കാതുകൾ കേട്ടിരിക്കുന്നു
അവളുടെ ചുണ്ടുകളിൽ നിന്നിമ്മാതിരിയൊരു ഭാഷ-
എന്തെന്നെന്നോടു ചോദിക്കേണ്ട-


പ്രണയത്തിന്റെ ചുറ്റിച്ചുഴലുന്ന വഴികളിൽ തേടിയലഞ്ഞവ,
ഹാഫിസിനെപ്പോലെന്റെ കാലടികൾ ലക്ഷ്യം കണ്ടുവല്ലോ-
എവിടെയെന്നെന്നോടു ചോദിക്കേണ്ട.