Sunday, November 25, 2012

ഫെയിസ് അഹമ്മദ് ഫെയിസ് - സ്വാതന്ത്ര്യപ്പുലരി


ഈ വസൂരിക്കല കുത്തിയ വെളിച്ചം, രാത്രിയുടെ കറ മാറാത്ത പ്രഭാതം,
നാമിത്രനാൾ കാത്തിരുന്ന പുലരിയിതായിരുന്നില്ലല്ലോ.
ഉള്ളെരിഞ്ഞും കൊണ്ടു നാം തേടിനടന്നതിതായിരുന്നില്ലല്ലോ.
ഇതല്ല, ആകാശമരുപ്പരപ്പിൽ നക്ഷത്രങ്ങളുടെ മരുപ്പച്ച,
രാത്രിയുടെ തിരപ്പെരുക്കം തളർന്നു തല ചായ്ക്കുന്ന തീരം,
ശോകത്തിന്റെ കപ്പൽച്ചേതത്തിൽപ്പെട്ട ഹൃദയം നങ്കൂരമിടുന്ന കടവും.

യൌവനത്തിന്റെ ചോരത്തിളപ്പിൽ യാത്രയ്ക്കു നാമിറങ്ങുമ്പോൾ
വഴിവക്കിലെത്ര പ്രലോഭനങ്ങൾ നമ്മെയന്നു പിടിച്ചുവലിച്ചില്ല?
ഇരുളടഞ്ഞ നിശാനൃത്തശാലകളിൽ നിന്നു നമ്മെത്തേടിവന്നിരുന്നു,
മാടിവിളിക്കുന്ന കൈകൾ, ചുംബനങ്ങളുടെ സീത്കാരങ്ങൾ.
നമ്മുടെ ഹൃദയങ്ങൾ ദാഹിച്ചതു പക്ഷേ, പ്രഭാതത്തിന്റെ മുഖത്തിനായി,
വെള്ളിവെളിച്ചമാച്ഛാദനം ചെയ്ത പകലിന്റെയുടലിനായി.

ഇന്നു ചുവടുകളവയുടെ ലക്ഷ്യം കണ്ടുവെന്നാളുകൾ പറയുന്നു,
വെളിച്ചമിരുളിൽ നിന്നൊടുവിൽ മോചിതമായിരിക്കുന്നുവത്രെ,
ലോകത്തു പുതിയൊരു ക്രമം നടപ്പിൽ വന്നിരിക്കുന്നുവത്രെ,
വേർപാടിന്റെ വേദനകൾക്കു മേൽ വിലക്കു വീണിരിക്കുന്നുവത്രെ,
സംഗമങ്ങളുടെ ധന്യതകളാണിനി നിയമമത്രെ.

നമുക്കറിയാം പക്ഷേ, രാത്രിയുടെ കനത്ത മൂടിയുയർന്നിട്ടില്ല,
നമ്മുടെ ഹൃദയവും കണ്ണുകളുമെങ്ങും ചെന്നു തങ്ങിയിട്ടില്ല,
ഒരു പുലരിത്തെന്നലൊന്നിളകിയതെവിടെപ്പോയി?
അതു വന്നതും പോയതുമറിയാതെ വഴിവിളക്കിരിക്കുന്നു.
അതിനാൽ ഈ കപടവെളിച്ചത്തിൽ നിന്നകലെപ്പോവുക നാം,
ആ വാഗ്ദത്തപ്രഭാതത്തിനായി സഖാക്കളേ, യാത്ര തുടരുക നാം.


ഫെയിസിന്റെ കവിത സിയാ മുഹയുദ്ദീൻ ചൊല്ലുന്നു.


No comments: