ഇന്നു ഞാൻ കണ്ടു
ഇന്നു ഞാൻ കണ്ടു
രണ്ടു ചന്ദ്രന്മാരെ,
ഒന്നു പുതിയത്,
ഒന്നു പഴയത്.
ഞാനൊരുപാടു വിശ്വാസമർപ്പിക്കുന്നു
പുതിയ ചന്ദ്രനിൽ;
അതിനി പഴയതാകാനും മതി.
കറുത്ത കുരിശുകൾ
വെളുത്ത മഞ്ഞിൽ
കറുത്ത കുരിശുകൾ
മഴയത്തു ചാഞ്ഞും കുനിഞ്ഞും.
മുൾച്ചതുപ്പും കടന്ന്
മരിച്ചവർ ഇവിടെ വന്നു
തോളത്തു കുരിശുകളുമായി
എന്നിട്ടവ താഴെയിറക്കിവച്ച്
തങ്ങളുടെ തങ്ങളുടെ
മഞ്ഞു വീണ പുൽക്കറ്റയ്ക്കു താഴെ
വിശ്രമിക്കാനും പോയി.
എന്തൊക്കെപ്പറഞ്ഞാലും
വർഷം മുഴുവൻ പുസ്തകങ്ങൾക്കു മേൽ
കുനിഞ്ഞിരിക്കുകയാണു നിങ്ങൾ.
ഒമ്പതു ജന്മങ്ങൾക്കു വേണ്ടതിലധികം ജ്ഞാനം
നിങ്ങൾ സംഭരിച്ചും കഴിഞ്ഞു.
എന്തൊക്കെപ്പറഞ്ഞാലും
വേണ്ടതൊരിത്തിരി മാത്രം,
അതു ഹൃദയത്തിനു പണ്ടേയറിയുന്നതും.
ഈജിപ്തിൽ അറിവിന്റെ ദേവന്
ആൾക്കുരങ്ങിന്റെ ശിരസ്സായിരുന്നു.
നമ്മുടെ സ്വപ്നം
നാം രഹസ്യമായി കൊണ്ടുനടക്കുന്നൊരു സ്വപ്നമാണ്,
ഒരത്ഭുതം നടക്കുമെന്ന്,
അതു നടക്കണമെന്ന്-
കാലം തുറക്കുമെന്ന്
ഹൃദയം തുറക്കുമെന്ന്
വാതിലുകൾ തുറക്കുമെന്ന്
മലകൾ തുറക്കുമെന്ന്
അരുവികൾ പുറത്തുചാടുമെന്ന്-
സ്വപ്നം തുറക്കുമെന്ന്
പ്രഭാതത്തിൽ നാം ഒഴുകിയെത്തും
നമുക്കറിവില്ലാതിരുന്നൊരു
കടവിലേക്കെന്ന്.
കാറ്റു നീയായിരുന്നു
കാറ്റു കാത്തു കിടന്ന
തോണിയായിരുന്നു ഞാൻ.
കാറ്റു നീയായിരുന്നു.
എനിക്കു പോകേണ്ട-
താ ദിക്കിലേക്കായിരുന്നുവോ?
കാറ്റതുമാതിരിയാവുമ്പോൾ
ദിക്കുകളെക്കുറിച്ചാരോർക്കുന്നു!
പരവതാനി
ഒരു പരവതാനി നെയ്തുതരൂ, ബോദ്ൽ,
അതിനൂടും പാവുമിടട്ടെ സ്വപ്നങ്ങളും ദർശനങ്ങളും,
കാറ്റുമതിലിഴയോടട്ടെ,
പ്രാർത്ഥിക്കുമ്പോളൊരു ബദൂയിനെപ്പോലെ
എനിക്കതു നീർത്തിയിടാം,
ഉറങ്ങുമ്പോഴെനിക്കതു മൂടിപ്പുതയ്ക്കാം,
കാലത്തെനിക്കു പിന്നെ വിളിച്ചുപറയാം:
“മേശപ്പുറമേ, വിഭവങ്ങൾ നിരക്കട്ടെ!”
തണുപ്പത്തെനിക്കതു മേലങ്കി,
എന്റെ തോണിയ്ക്കു കാറ്റുപായ;
പിന്നെയൊരുനാൾ
ഞാനതിൽ ചെന്നിരിക്കും,
മറ്റൊരു ലോകത്തേക്കു പറന്നും പോകും.
മുഴുവൻ സത്യവും...
മുഴുവൻ സത്യവുമെനിയ്ക്കു വേണ്ട,
എനിയ്ക്കു ദാഹിക്കുമ്പോൾ
കടൽ കൊണ്ടുതരേണ്ട,
വെളിച്ചത്തിനു പറയുമ്പോൾ
ആകാശവും വേണ്ട;
ഒരു സൂചന മതി,
ഒരു തുള്ളി മഞ്ഞ്,
ഒരു പ്രകാശകണം,
കടൽ വിട്ടുപോവുമ്പോൾ
കിളികൾ ചില തുള്ളികളെടുക്കുമ്പോലെ,
കാറ്റൊരുപ്പുതരിയുമെടുക്കുമ്പോലെ.
സ്വപ്നം
ഉറക്കത്തിലേക്കു
നൂണ്ടുകടക്കുക നാം,
ഒരു ശാന്തസ്വപ്നത്തിലേക്കു
നൂണ്ടുകടക്കുക നാം-
രാത്രിയെന്നു നാം പേരിട്ട
ഒരപ്പച്ചെമ്പിൽ
കുഴച്ച മാവിന്റെ രണ്ടു പിടി.
പിന്നെ പ്രഭാതത്തിൽ
നാമുണരട്ടെ,
മൊരിഞ്ഞുതുടുത്ത
രണ്ടപ്പങ്ങളായി!
(ഒ ലാവ് എഛ് ഹോഗ് Olav H Hauge-നോർവേയിലെ ഉൾവിക്കിൽ 1908-ൽ ജനനം; എമ്പതു കൊല്ലത്തിൽപ്പിന്നെ മരണവും അവിടെത്തന്നെ. പാരമ്പര്യമനുസരിച്ച് കുടുംബസ്വത്തൊക്കെ കവിയുടെ ജ്യേഷ്ഠനു കിട്ടി; മൂന്നേക്ര കൃഷി ചെയ്തു കിട്ടുന്നതു കൊണ്ട് ജീവിതകാലം കഴിച്ചു ഒ ലാവ്. മുപ്പതു വയസ്സിനടുപ്പിച്ച് ഒരു മനോരോഗാശുപത്രിയിൽ കഴിയുന്നുണ്ടദ്ദേഹം. വിവാഹം അറുപത്തഞ്ചാം വയസ്സിൽ; വളരെ വിരളമായിരുന്ന കവിതാവായനച്ചടങ്ങുകളിൽ ഒന്നിൽ വച്ചു കണ്ടുമുട്ടിയ ബോദ്ൽ എന്ന കലാകാരിയായിരുന്നു വധു. മരണവും പഴയ മട്ടിൽ; ഒരു രോഗവും ഉണ്ടായിരുന്നില്ല. പത്തു ദിവസം ആഹാരം കഴിക്കാതെ കിടന്ന് മരിക്കുകയായിരുന്നു. താൻ ജ്ഞാനസ്നാനമേറ്റ പള്ളിയിൽ തന്നെയാണ് അദ്ദേഹത്തെ അടക്കിയിരിക്കുന്നതും.)
1 comment:
പരിഭാഷ കാണാതായപ്പോള്‍ വിഷമം തോന്നി . രവി ,you are doing a great thing ,thank you very much.
Post a Comment