Friday, November 9, 2012

ഗെയ്ഥേ - പ്രകൃതി

Goethe in the Roman Campagna

പ്രകൃതി! നമ്മെ വലയം ചെയ്തിരിക്കുകയാണവൾ, നമ്മെ പുണർന്നു കിടക്കുകയാണവൾ. അവളിൽ നിന്നു വേർപെട്ടുപോരാനശക്തരാണു നാം, അവളെ ഭേദിച്ചപ്പുറം പോകാനുമശക്തരാണു നാം.

നമ്മോടു ചോദിക്കാതെ, ഒരു സൂചന പോലും നൽകാതെ തന്റെ ചുഴലിനൃത്തത്തിലേക്ക് അവൾ നമ്മെ റാഞ്ചിയെടുത്തിട്ടു; അവൾ നമ്മെ വട്ടം കറക്കുന്നു, നാം തളരും വരെ, നാമവളുടെ കൈകളിൽ നിന്നു താഴെ വീഴും വരെ.

എന്നും പുതുപുതുരൂപങ്ങൾ മെനഞ്ഞെടുക്കുകയാണവൾ: ഉള്ളത് ഉണ്ടായിട്ടേയില്ല, ഉണ്ടായിരുന്നത് ഇനിയുണ്ടാവുകയുമില്ല. പുതിയതാണു സർവതും, എന്നാൽ പഴയതല്ലാതൊന്നുമില്ലതാനും.

നാം ജീവിക്കുന്നതവൾക്കിടയിൽ, എന്നാൽ നമുക്കവളെയൊട്ടറിയുകയുമില്ല. നമ്മോടവൾ വാതോരാതെ സംസാരിക്കുന്നുണ്ട്, എന്നാൽ തന്റെ രഹസ്യം അവൾ വിട്ടുപറയുന്നുമില്ല. നമ്മുടെ പ്രവൃത്തികളൊക്കെ അവൾക്കു മേൽ തന്നെ, എന്നാൽ നമ്മുടെ ശക്തിക്കതീതയുമാണവൾ.

വ്യക്തിത്വമൊന്നു മാത്രമാണവളുന്നം വയ്ക്കുന്നതെന്നു തോന്നാം, എന്നാൽ വ്യക്തികളെ അവൾക്കു തീരെ മതിപ്പുമില്ല. പണിതെടുക്കുകയും തകർത്തിടുകയുമാണവളുടെ നിത്യത്തൊഴിൽ. അവളുടെ പണിപ്പുരയിലേക്കെന്നാൽ പ്രവേശനവുമില്ല.

സ്വന്തം സന്തതികളിലാണ്‌ അവളുടെ ജീവിതം; പക്ഷേ എവിടെ, അവളിലെ മാതൃത്വം? കലാകാരിയായി അവളെപ്പോലൊരാളില്ല: ഒരേ വസ്തുവിന്‌ കടകവിരുദ്ധങ്ങളായ രൂപങ്ങൾ അവൾ നൽകുന്നു; ഒരു യത്നത്തിന്റെ ലാഞ്ഛന പോലുമില്ലാതെ പൂർണ്ണതയിലേക്ക്, കൃത്യതയിലേക്ക് അവളെത്തുന്നു.

അവൾ സൃഷ്ടിക്കുന്നതിനോരോന്നിനുമുണ്ട്, സ്വന്തമായൊരു സത്ത; അവളുടെ ഓരോ പ്രതിഭാസത്തിനുമുണ്ട്, സവിശേഷമായൊരു സ്വഭാവം: ആ നാനാത്വത്തിനും പക്ഷേ, ഏകത്വമാണടിസ്ഥാനം.

ഒരു നാടകം നടിക്കുകയാണവൾ; നമുക്കറിയില്ല, അവൾ തന്റെ അഭിനയം കാണുന്നുണ്ടോയെന്ന്; എന്നാൽ അവൾ അഭിനയിക്കുന്നു, കാണികളായ നമുക്കായി.

അനവരതമാണ്‌ അവളുടെ ജീവിതം, വികാസം, ചലനം; നിൽക്കുന്നിടത്തു നിന്നെന്നാലവൾ നീങ്ങുന്നേയില്ല. നിത്യപരിണാമിയാണവൾ, ഒരു നിമിഷമെങ്കിലും അവൾ ഇളവെടുക്കുന്നുമില്ല. നിശ്ചലത അചിന്ത്യമാണവൾക്ക്, പ്രവൃത്തിയാണവളുടെ ധർമ്മം.സ്ഥിരതയാണവൾ. അളന്നു മുറിച്ചതാണവളുടെ ചുവടുവയ്പുകൾ, അപൂർവ്വമാണവളിൽ അപവാദങ്ങൾ, നീക്കുപോക്കില്ലാത്തതാണവളുടെ നിയമങ്ങൾ.

എന്നുമവൾ ചിന്തയിലായിരുന്നു, ഇന്നും ചിന്തയിലാണവൾ; അവൾ ധ്യാനിക്കുന്നത് സർവാശ്ളേഷിയായൊരു തത്വത്തെ; എത്ര തേടിപ്പോയാലും നാമതു കണ്ടെത്തുകയുമില്ല.

മനുഷ്യർ വസിക്കുന്നതവളിൽ, അവൾ വസിക്കുന്നതവരിൽ. മനുഷ്യരുമായി ഒരു തമാശക്കളി കളിക്കുകയാണവൾ; അവർ ജയിക്കുന്നതാണവൾക്കിഷ്ടം. പലർക്കും അവളുടെ കരുനീക്കങ്ങൾ കണ്ണിൽപ്പെടുന്നില്ല; അതറിഞ്ഞുവരുമ്പോഴേയ്ക്കും പക്ഷേ, കളി കലാശിക്കുകയും ചെയ്യുന്നു.

പ്രകൃതിയ്ക്കെത്ര നിരക്കാത്തതെന്നു തോന്നുന്നതും പ്രകൃതി തന്നെ; അതിമൂഢമായ സംസ്കാരശൂന്യതയിലുമുണ്ടാവും അവളുടെ പ്രതിഭയുടെ മിന്നലാട്ടം. എവിടെയും അവളെ കണ്ടെത്താത്തവർ ഒരിടത്തും അവളുടെ തനിസ്വരൂപം കാണുന്നുമില്ല.

ആത്മാനുരാഗിണിയാണവൾ, അവളുടെ അസംഖ്യമായ കണ്ണുകളും മമതകളും ഉന്നം വയ്ക്കുന്നത് അവളെത്തന്നെ. താൻ തന്നെ തന്റെ ആനന്ദമാകേണ്ടതിലേക്കായ് അവൾ തന്നെത്തന്നെ രണ്ടായി പകുത്തിരിക്കുന്നു. ആനന്ദത്തിനായുള്ള തന്റെ ഒടുങ്ങാത്ത ദാഹത്തിനൊരു ശമനത്തിനായി അനുഭൂതികളുടെ നവനവരൂപങ്ങൾ നിരന്തരം സൃഷ്ടിക്കുകയാണവൾ.

മായയിൽ അവൾ രമിക്കുന്നു. തന്നിലെ, അന്യരിലെ മായാഭ്രമത്തെ നശിപ്പിക്കുന്നവനു മേൽ എത്രയും നിർദ്ദയമത്രേ അവളുടെ പ്രതികാരം. തന്നെ വിശ്വസിച്ചു പിന്നാലെ വരുന്നവനെ അവൾ ശിശുവിനെയെന്നപോലെ മാറോടടുക്കുകയും ചെയ്യുന്നു.

എണ്ണമറ്റതാണവളുടെ സന്തതികൾ. ആരോടുമവൾ ലോഭിക്കുന്നില്ല; എന്നാലും ചില പ്രീതിഭാജനങ്ങൾ അവൾക്കുണ്ട്; ധൂർത്തയാണവൾ അവരുടെ കാര്യത്തിൽ, അവർക്കായി എന്തു ത്യാഗം ചെയ്യാനും ഒരുക്കവുമാണവൾ. മഹത്വത്തെ അവൾ തന്റെ പരിച കൊണ്ടു കാക്കുന്നു.

ശൂന്യതയിൽ നിന്നാണ്‌ അവൾ തന്റെ സൃഷ്ടികളെ കുടഞ്ഞിടുന്നത്; അവൾ അവരോടു പറയുന്നുമില്ല, എവിടെ നിന്നാണവർ വന്നതെന്ന്, എവിടെയ്ക്കാണവർ പോകേണ്ടതെന്ന്. അവർ ഓടിക്കൊണ്ടേയിരുന്നാൽ മതി, വഴി അവൾ പറഞ്ഞുതരും.

അവളുടെ യന്ത്രത്തിന്‌ ചില ഭാഗങ്ങളേയുള്ളു; പക്ഷേ അവ തേയുക എന്നതില്ല. എന്നും സക്രിയമാണവ, വിവിധവൃത്തികളിൽ നിരതമാണവ.

എന്നും പുതുതാണ്‌ പ്രകൃതി എന്ന കാഴ്ച; എന്തെന്നാൽ കാണികൾ എന്നും മാറുകയാണല്ലോ. അവളുടെ വിശിഷ്ടമായ ആവിഷ്കാരമത്രെ, ജീവൻ; മരണം, ജീവന്റെ ഉറവ വറ്റാതിരിക്കാൻ അവളെടുത്ത വിദഗ്ധതന്ത്രവും.

അവൾ മനുഷ്യനെ ഇരുട്ടു കൊണ്ടു പുതപ്പിക്കുന്നു, വെളിച്ചത്തിനായുള്ള നിത്യദാഹം അവനിൽ നിറയ്ക്കുന്നു. മൂഢവും ഘനവുമായ ഭൂമിയുമായി അവൾ അവനെ തളച്ചിട്ടു; ആ തുടലു പൊട്ടിക്കാമെന്ന വ്യാമോഹവും അവൾ അവനു നൽകി.

പ്രവൃത്തി ഇഷ്ടമാണെന്നതിനാൽ അവൾ ആവശ്യങ്ങൾ സൃഷ്ടിച്ചു. ഇത്രയും പ്രവൃത്തി ഇത്രയനായസമായി അവൾ സൃഷ്ടിക്കുന്നുവെന്നത് ആശ്ചര്യം തന്നെ! ഓരോ ആവശ്യത്തിനും വൈകാതെ നിവൃത്തിയാവുന്നു, ആവശ്യങ്ങൾ പിന്നെയുമുണ്ടാകുന്നു. ഓരോ പുതിയ ആവശ്യവും ആനന്ദാനുഭൂതിയ്ക്കുള്ള പുതിയൊരുറവ തന്നെ. പക്ഷേ അവൾ വൈകാതെ തന്നെ ഒരു സമതുലനം സാധിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.

ഓരോ നിമിഷവും അനന്തമായ ഒരു യാത്ര അവൾ തുടങ്ങിവയ്ക്കുന്നു; ഓരോ നിമിഷവും അവൾ തന്റെ ലക്ഷ്യസ്ഥാനമെത്തുകയും ചെയ്യുന്നു.

ഇത്ര ഗർവിച്ചവൾ വേറെയില്ല; ആ ഗർവു പക്ഷേ അവൾ നമ്മോടെടുക്കുന്നുമില്ല; ഏതു ശിശുവിനും അവൾക്കു മേൽ തന്റെ കാടു കാട്ടാം, ഏതു വിഡ്ഡിയ്ക്കും അവളെ വിലയിരുത്താം; ആയിരങ്ങളാണ്‌ സ്വബോധമെന്നതില്ലാതെ, യാതൊന്നും കണ്ണിൽപ്പെടാതെ അവളെ ചവിട്ടി നടക്കുന്നതും. എല്ലാവരെയും അവൾക്കിഷ്ടമാണ്‌, എല്ലാവരെയും അവൾ കണക്കിൽ കൊള്ളിക്കുകയും ചെയ്യുന്നു.

നാമവളുടെ നിയമങ്ങളെ കലഹിച്ചു കൊണ്ടുതന്നെ അനുസരിക്കുന്നു; ഇടയാനുള്ള  മോഹം മനസ്സിൽ വച്ചുകൊണ്ടുതന്നെ നാം അവളുടെ പ്രവൃത്തികളിൽ പങ്കു ചേരുകയും ചെയ്യുന്നു.

തരുന്ന ഓരോ ഉപഹാരവും നമ്മുടെ ആഗ്രഹസാഫല്യങ്ങളാക്കി അവൾ മാറ്റിയിരിക്കുന്നു. അവൾ വച്ചു താമസിപ്പിക്കുന്നു, നമ്മൂടെ തൃഷ്ണ വളർത്തുന്നതിനായി; ചോദിക്കാതെതന്നെ അവൾ തരികയും ചെയ്യുന്നു, നമുക്കവളെ മടുക്കരുതെന്നതിനായി.

ഭാഷയും വ്യവഹാരവും അവൾക്കറിയില്ല; നാവുകളും ഹൃദയങ്ങളും പക്ഷേ, അവൾ സൃഷ്ടിച്ചിരിക്കുന്നു; അവളറിയുന്നതും പറയുന്നതും അവയിലൂടെ.

സ്നേഹമത്രേ അവളുടെ മകുടം. അവളെ സമീപിക്കാൻ നമുക്കു ധൈര്യം തരുന്നതു സ്നേഹം തന്നെ. ജീവിതങ്ങളെ അവൾ വേർപെടുത്തിയിരിക്കുന്നു; അതുകൊണ്ടാണ്‌ ഒരുമിക്കാൻ അവ ദാഹിക്കുന്നതും. ഒന്ന് ഒന്നിനോടടുക്കുന്നതിനായി സർവതിനെയും അവൾ ചിതറിച്ചു കളഞ്ഞിരിക്കുന്നു. ഒരായുസ്സിന്റെ നോവുകൾക്കു മതിയായ പ്രതിഫലമായി സ്നേഹത്തിന്റെ പാനപാത്രത്തിൽ നിന്നു രണ്ടിറക്കു കുടിയ്ക്കാൻ അവൾ നമ്മെ അനുവദിച്ചുവെന്നാവാം.

അഖിലവും അവൾ തന്നെ. അവൾ സ്വയം പുരസ്കൃതയാവുന്നു, അവൾ സ്വയം ശിക്ഷിക്കുന്നു. അവൾ തന്നെ അവളുടെ ആനന്ദവും അവളുടെ വേദനയും. പരുഷയും മൃദുലയുമാണവൾ, സുന്ദരിയും വിലക്ഷണയുമാണ്വ്വൾ, അശക്തയും സർവശക്തയുമാണവൾ. നിത്യവർത്തമാനമാണവൾ. ഭൂതവും ഭാവിയും അവൾക്കുള്ളതല്ല. ഇക്ഷണമാണവളുടെ നിത്യത. ഉപകാരിയാണവൾ. ഞാനവളെ സ്തുതിക്കുന്നു, അവളുടെ സൃഷ്ടികളെ സ്തുതിക്കുന്നു. മൌനിയും ജ്ഞാനിയുമാണവൾ.

ഒരു വിശദീകരണവും അവളിൽ നിന്നു കവർന്നെടുക്കാമെന്നു കരുതേണ്ട; ഒരുപഹാരവും അവളുടെ കൈയിൽ നിന്നു കിട്ടുമെന്നു കരുതേണ്ട. സൂത്രശാലിയാണവളെങ്കിൽ നല്ലതിനാണതും. അവളുടെ തന്ത്രങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതാണു നല്ലതും.

പണി തീർന്നതാണവൾ, എന്നാൽ കുറ തീർന്നിട്ടുമില്ല. ഇന്നെന്നപോലെ എന്നുമവൾ പണി ചെയ്യും. തന്റേതായ രീതിയിൽ ആർക്കുമവളെ നോക്കാം. ഒരായിരം പേരുകൾക്കും പ്രയോഗങ്ങൾക്കുമടിയിൽ അവൾ തന്നെ ഒളിപ്പിച്ചിരിക്കുന്നു; എന്നാലും എന്നുമവളൊന്നുതന്നെ. എന്നെ ഇവിടെയ്ക്കു കൊണ്ടുവന്നതവളാണ്‌; എന്നെ ഇവിടെ നിന്നു കൊണ്ടുപോകുന്നതും അവൾ തന്നെ. എനിക്കവളെ വിശ്വാസമാണ്‌. അവളെന്നെ ശാസിച്ചേക്കാം, എന്നാലും എന്റെ ചെയ്തികളെ അവൾ വെറുക്കുക എന്നതുണ്ടാവില്ല. അവളെക്കുറിച്ച് ഇപ്പറഞ്ഞതും ഞാനല്ല. അല്ല! നേരാവട്ടെ, നുണയാവട്ടെ, പറഞ്ഞതൊക്കെ അവൾ തന്നെ. അതിലെ ശരി, അതിലെ തെറ്റ്, അതൊക്കെ അവൾക്കുള്ളത്.


No comments: