Wednesday, November 21, 2012

കാഫ്ക - പിടിച്ചടുപ്പിക്കാനാണു കൈകൾ

franz-kafka-and-felice-ba-0071

പ്രിയപ്പെട്ടവളേ, എനിക്കെത്രയും പ്രിയപ്പെട്ടവളേ, ഇപ്പോൾ സമയം രാത്രി ഒന്നര. ഇന്നു രാവിലത്തെ കത്തിലൂടെ ഞാൻ നിന്റെ ഹൃദയം മുറിപ്പെടുത്തിയോ? ബന്ധുക്കളോടും സുഹൃത്തുക്കളോടുമുള്ള നിന്റെ ബാധ്യതകളെപ്പറ്റി ഞാനെന്തറിയാൻ? നീ ആ കഷ്ടപ്പാടുകളും കൊണ്ടിരിക്കുമ്പോഴാണ്‌ അതൊക്കെ ഏറ്റെടുത്തതിന്റെ പേരിൽ എന്റെവക കുറ്റപ്പെടുത്തലുകൾ. ദയവു ചെയ്ത്, പ്രിയപ്പെട്ടവളേ, എനിക്കു മാപ്പു തരൂ! മാപ്പു തന്നിരിക്കുന്നു എന്നതിനു തെളിവായി നീ ഒരു റോസാപ്പൂവയച്ചാൽ മതി. ശരിക്കു പറഞ്ഞാൽ എനിക്കു ക്ഷീണമല്ല, ഒരു മരവിപ്പും ഭാരവുമാണ്‌; എന്തു വാക്കാണ്‌ അതിനുപയോഗിക്കേണ്ടതെന്ന് എനിക്കറിയുന്നുമില്ല. ഇതേ എനിക്കു പറയാനുള്ളു: എന്റെ കൂടെ നില്ക്കുക, എന്നെ വിട്ടു പോകരുത്. ഇനി എന്റെ ഉള്ളിൽ തന്നെയുള്ള എന്റെ ശത്രുക്കളിലൊരാൾ- ഇന്നു രാവിലത്തെപ്പോലെ- നിനക്കു കത്തെഴുതിയാൽ അവനെ വിശ്വസിക്കേണ്ട, അവനെ കണ്ട ഭാവം നടിക്കേണ്ട; നീ നേരെ എന്റെ ഹൃദയത്തിലേക്കു നോക്കൂ. ജീവിതം അത്ര കഠിനവും ശോകമയവുമായിരിക്കെ എഴുതപ്പെട്ട വാക്കുകൾ കൊണ്ടല്ലാതെ മറ്റേതൊന്നു കൊണ്ടാണൊരാൾ മറ്റൊരാളെ തന്നിലേക്കടുപ്പിച്ചു നിർത്തുക? പിടിച്ചടുപ്പിക്കാനാണു കൈകൾ. പക്ഷേ എന്റെ ഈ കൈ നിന്റെ കൈയിൽ, എനിക്കനുപേക്ഷണീയമായിത്തീർന്ന നിന്റെ കൈയിൽ പിടിച്ചതു മൂന്നേ മൂന്നു നിമിഷങ്ങളിൽ മാത്രം: ഞാൻ മുറിയിൽ കയറിവന്നപ്പോൾ, പാലസ്തീനിലേക്കു കൂടെ വരാമെന്നു നീ വാക്കു തന്നപ്പോൾ, പിന്നെ ഞാൻ, വിഡ്ഡിയായ ഈ ഞാൻ, ലിഫ്റ്റിലേക്കു കയറാൻ നിന്നെ വിട്ടപ്പോൾ.

എന്നാൽ ഞാനിനി നിന്നെയൊന്നു ചുംബിച്ചോട്ടെ? ഈ ദുരിതം പിടിച്ച കടലാസ്സിൽ? ജനാല തുറന്നിട്ട് രാത്രിവായുവിനെ ചുംബിക്കുന്ന പോലെയാണത്.

പ്രിയപ്പെട്ടവളേ, എന്നോടു കോപം തോന്നരുതേ! അതേ ഞാൻ ചോദിക്കുന്നുള്ളു.


(1912 നവംബർ 20ന്‌ ഫെലിസിനെഴുതിയ കത്ത്)


No comments: