Saturday, November 10, 2012

ഫെർണാണ്ടോ പെസ്സൊവ – സലാഡ്

salad-carol-scott_thumb

പ്രകൃതിയുടെ എന്തുമാതിരി മിശ്രിതമാണെന്റെ തളിക നിറയെ!
എന്റെ സഹോദരികളായ സസ്യങ്ങൾ,
ചോലകൾക്കു സഹചരർ,
ആരും പ്രാർത്ഥിക്കാത്ത വിശുദ്ധർ…

കൊത്തിയരിഞ്ഞ കഷണങ്ങളായി
അവർ നമ്മുടെ തീന്മേശകളിലെത്തുന്നു,
പെട്ടിയും ഭാണ്ഡവുമായി ഹോട്ടലുകളെത്തുന്ന സന്ദർശകർ
അശ്രദ്ധമായി ഓർഡർ ചെയ്യുന്നു “സലാഡ്”

അവരോർക്കുന്നില്ല,
മുന്നിൽ കൊണ്ടുവയ്ക്കാൻ
ഭൂമാതാവിനോടാവശ്യപ്പെടുകയാണു തങ്ങൾ,
അവളുടെ പുതുമയെ,
അവളുടെ കടിഞ്ഞൂൽസന്തതികളെ,
അവളാദ്യമുച്ചരിച്ച വാക്കുകളുടെ പച്ചയെ,
പ്രളയജലമിറങ്ങി, നനഞ്ഞും പച്ചയായും
കുന്നിൻതലപ്പുകൾ കാഴ്ചയിൽ വരുമ്പോൾ,
മാടപ്രാവു പ്രത്യക്ഷമായ ദിക്കിൽ
മഴവില്ലു മാഞ്ഞുതുടങ്ങുമ്പോൾ,
നോഹ കണ്ടുനിന്ന അതേ തിളങ്ങുന്നവയെ,
ജീവന്റെ പ്രഥമാങ്കുരങ്ങളെയെന്ന്.


(1914 മാർച്ച് 7)

No comments: