(പാസ്പോർട്ടിലെ ഫോട്ടോ 1920)
1908 സെപ്തംബർ
പ്രിയപ്പെട്ട മാക്സ്,
ഇപ്പോൾ രാത്രി പന്ത്രണ്ടര മണി, കത്തെഴുതാൻ എത്രയും വിചിത്രമായ സമയം, ഇന്നത്തെപ്പോലെ ചുട്ടുപൊള്ളുന്ന രാത്രിയാണെങ്കിൽക്കൂടി. ശലഭങ്ങൾ പോലും വിളക്കിനടുത്തേക്കു വരുന്നില്ല.
ബൊഹീമിയൻ കാടുകളിലെ ഒരാഴ്ചത്തെ സുഖവാസത്തിനു ശേഷം- ഇവിടെ മീവൽപ്പക്ഷികൾ പറക്കുന്ന ഉയരത്തിലാണ് അവിടെ പൂമ്പാറ്റകൾ പറക്കുന്നത്- നാലു ദിവസമായി പ്രാഗിൽ; അതിനാൽ നിസ്സഹായനും. ആർക്കും എന്നെ സഹിക്കാൻ പറ്റുന്നില്ല, എനിക്കും ആരെയും സഹിക്കാൻ പറ്റുന്നില്ല; രണ്ടാമത്തേത് ആദ്യത്തേതിന്റെ ഫലമാണെന്നേയുള്ളു. നിന്റെ പുസ്തകം മാത്രമുണ്ട് എനിക്കൊരു തുണയായി. എന്തെന്നറിയാത്ത ശോകത്തിൽ ഞാൻ വീണുപോയിട്ട് കുറേ നാളായിരിക്കുന്നു. വായിക്കുന്ന നേരത്തോളം ഞാൻ പുസ്തകത്തിൽ വിടാതെ പിടിച്ചിരിക്കുന്നു, അസന്തുഷ്ടർക്കു സഹായമാവാനല്ല അതെഴുതിയിരിക്കുന്നതെങ്കിൽപ്പോലും. അല്ലാത്ത നേരത്താവട്ടെ, മമതയോടൊന്നു തൊടാനെങ്കിലും ഒരാളെത്തേടിയുള്ള ഓട്ടത്തിലാണു ഞാൻ; അങ്ങനെ ഇന്നലെ ഒരു വേശ്യയെ കൂട്ടി ഞാൻ ഒരു ഹോട്ടലിൽ പോയി. വിഷാദം തോന്നാനുള്ള പ്രായമൊക്കെ അവൾ കടന്നിരിക്കുന്നു; എന്നാലും ഒരു വെപ്പാട്ടിയോടു കാണിക്കുന്ന കരുണ ആളുകൾ ഒരു വേശ്യയോടു കാണിക്കുന്നില്ലെന്നത് അവൾക്കു വിഷമമുണ്ടാക്കുന്നുണ്ട്, അതിലവൾക്ക് ആശ്ചര്യം തോന്നുന്നില്ലെങ്കിലും. ഞാൻ അവൾക്കാശ്വാസമായില്ല, അവൾ എനിക്കാശ്വാസമായില്ലെന്നതിനാൽ.
No comments:
Post a Comment