Friday, November 9, 2012

കാഫ്ക - സാഞ്ചോ പാൻസയെ സംബന്ധിച്ച സത്യം

PabloPicasso-Don-Quixote-1955

സാഞ്ചോ പാൻസ (ഇക്കാര്യത്തിന്റെ പേരിൽ അയാൾ മേനി നടിച്ചിട്ടില്ല എന്നും പറയണമല്ലോ) തന്റെ വൈകുന്നേരങ്ങളും രാത്രികാലങ്ങളും തള്ളിനീക്കാൻ വായിച്ചുകൂട്ടിയ വീരസാഹസികകഥകളുടെ സഹായത്താൽ തന്റെയുള്ളിലെ പിശാചിന്റെ ശ്രദ്ധയെ ( ഈ പിശാചിനെയാണ്‌ പിൽക്കാലം അയാൾ ഡോൺ ക്വിക്സോട്ട് എന്നു വിളിയ്ക്കുന്നത്) തന്നിൽ നിന്നു പരിപൂർണ്ണമായി തിരിച്ചുവിടുന്നതിൽ വിജയിക്കുകയും, ഈ പിശാചു പിന്നെ എത്രയും ഭ്രാന്തമായ സാഹസങ്ങൾക്കായി ഇറങ്ങിപ്പുറപ്പെടുകയും, പൂർവനിശ്ചിതമായൊരു ലക്ഷ്യത്തിന്റെ അഭാവത്താൽ (അതു സാഞ്ചോ പാൻസ തന്നെ ആവേണ്ടിയിരുന്നു) അവ ആർക്കുമാർക്കും ഒരുപദ്രവമാവാതെ തീരുകയും ചെയ്യുകയുണ്ടായി. സ്വതന്ത്രനായ സാഞ്ചോ പാൻസാ ആവട്ടെ, ദാർശനികമായ ഒരു നിർമ്മമതയോടെ ഡോൺ ക്വിക്സോട്ടിനെ അയാളുടെ കുരിശുയുദ്ധങ്ങളിൽ അനുയാത്ര ചെയ്യുകയും (അതിനി ഒരുതരം ഉത്തരവാദിത്തബോധം കൊണ്ടാണെന്നും വരാം), തന്റെ ജീവിതാന്ത്യം വരെയും അതയാൾക്ക് സാർത്ഥകമായൊരു വിനോദോപാധി ആയി മാറുകയും ചെയ്തു.


No comments: