കടൽത്തുറകളിൽ, ഇടവഴികളിൽ, തെരുവുകളിൽ, ബാർബർഷാപ്പുകളിൽ അലഞ്ഞുനടക്കുക- സമയം ചെലവഴിക്കാൻ സന്തോഷപ്രദമായ ഒരു മാർഗ്ഗമല്ല അത്, കലാകാരനല്ല നിങ്ങളെങ്കിൽ. കലാകാരനായ സ്ഥിതിയ്ക്ക് സുന്ദരികളായ സ്ത്രീകൾക്കൊപ്പം ചായ കുടിച്ചിരിക്കാനല്ല, ഏറ്റവും വൃത്തികെട്ട
സ്ഥലങ്ങളിലേക്കു പോകാനാണു ഞാനിഷ്ടപ്പെടുക, വരയ്ക്കാൻ എന്തെങ്കിലും കിട്ടുക അവിടെയാണെന്നതിനാൽ. സുന്ദരികളായ സ്ത്രീകളെ വരയ്ക്കാൻ എനിക്കാഗ്രഹമില്ലെന്നതിനാൽ.
ഞാൻ പറയാൻ വരുന്നതിതാണ്: വരയ്ക്കാൻ വിഷയം തേടിയുള്ള അലച്ചിൽ, പണിയെടുക്കുന്നവർക്കിടയിലുള്ള ജീവിക്കൽ, പ്രകൃതിയെ നേരിട്ടു പകർത്തൽ- അതൊരു പരുക്കൻ ജോലിയാണ്, ചിലപ്പോഴൊക്കെ വൃത്തികെട്ട ജോലിയുമാണ്; എനിക്ക്, സുന്ദരികളായ സ്ത്രീകൾക്കും പണക്കാർക്കും വില പിടിച്ച സാധനങ്ങൾ വിറ്റു പണമുണ്ടാക്കേണ്ട ആവശ്യമില്ലാത്ത എനിക്ക്, ഗീസ്റ്റിൽ കുഴിയെടുക്കുന്നവരെ വരച്ചുനടക്കുന്ന എനിക്ക് ഒരു സെയിൽസ്മാന്റെ വേഷവും മട്ടുമൊന്നും തീരെ ചേരില്ല. ടെർസ്റ്റീഗു ചെയ്യുന്നത് എനിക്കു ചെയ്യാനാവുമെങ്കിൽ, അതിനുതകിയവനാണു ഞാനെങ്കിൽ എന്റെ പ്രവൃത്തിക്കു പറ്റിയവനല്ല ഞാനെന്നേ വരൂ; എന്റെ പ്രവൃത്തിക്ക് ഞാൻ ഞാനായി ഇരിക്കുക തന്നെയാണു വേണ്ടത്.
ഞാൻ, മുന്തിയ കടയിൽ നിന്നു വാങ്ങിയ മുന്തിയ തരം കോട്ടിട്ടാൽ അസ്വസ്ഥത തോന്നുന്ന ഞാൻ, ഇപ്പോൾ ആ പണിക്കു പോകാതിരിക്കുകയാണു നല്ലത്; എനിക്കെന്നെ മുഷിയും, അന്യർക്കെന്നെയും. ഗീസ്റ്റിൽ, ചതുപ്പുകളിൽ, മൺകൂനകളിൽ പണിയെടുക്കുമ്പോൾ തീർത്തും വ്യത്യസ്തനായ ഒരാളാവുകയാണു ഞാൻ. അപ്പോൾ എന്റെ ഈ വിരൂപമായ മുഖവും മുഷിഞ്ഞ വേഷവും ചുറ്റുപാടുമായി ശരിക്കും ചേർന്നുപോകുന്നു, സന്തോഷത്തോടെ ജോലി ചെയ്യാനും എനിക്കു കഴിയുന്നു. ഞാൻ നല്ല വേഷവും ധരിച്ചു ചെല്ലുമ്പോൾ എനിക്കു മോഡലായി വരുന്ന സാധുക്കൾ പേടിച്ചുമാറുകയാണ്, അവർക്കെന്നെ വിശ്വാസം വരാതെയാവുകയാണ്, അല്ലെങ്കിൽ അവർ കൂടുതൽ പണം ചോദിക്കുകയാണ്.
(1881 ഡിസംബറിൽ തിയോക്കെഴുതിയത്)
ഗീസ്റ്റ് - മണലു നിറഞ്ഞ ചതുപ്പുപ്രദേശം
ടെർസ്റ്റീഗ്- ചെറുപ്പത്തിൽ വാൻ ഗോഗിനെ ജോലിയ്ക്കു വച്ചിരുന്ന ആർട്ട് ഡീലർ. അവർ തമ്മിൽ പിന്നീടു മുഷിഞ്ഞു.
No comments:
Post a Comment