താൻ ഒരു യഥാർത്ഥ എഴുത്തുകാരനാണെന്ന് കാഫ്കയ്ക്കു സ്വയം ബോദ്ധ്യം വരുന്നത് 1912 സെപ്തംബർ 22 ന് ഒറ്റ രാത്രി കൊണ്ടെഴുതിയ ‘വിധിന്യായം’ എന്ന കഥയ്ക്കു ശേഷമാണ്. എറിക് ഹെല്ലർ പറയുന്നപോലെ ഈഡിപ്പൽ സംഘർഷവും പറുദീസാനഷ്ടവും ഒരേപോലെ വിഷയമായ, മന:ശാസ്ത്രപരമായ ദൈവശാസ്ത്രത്തിന്റേതായ ഈ കഥ അദ്ദേഹത്തിന് എത്രമേൽ പ്രധാനപ്പെട്ടതായിരുന്നുവെന്ന് അക്കാലത്തെ കത്തുകളിൽ നിന്നും കുറിപ്പുകളിൽ നിന്നും കാണാം.
...ഈ കഥ, വിധിന്യായം, 22നു രാത്രി പത്തു മണി മുതൽ രാവിലെ ആറു മണി വരെ ഒറ്റയിരുപ്പിന് ഞാൻ എഴുതിത്തീർത്തു. മേശയ്ക്കടിയിൽ നിന്നു കാലു വലിച്ചെടുക്കാൻ ഞാൻ വിഷമിച്ചുപോയി; ഇരുന്നിരുന്ന് അവ മരച്ചുപോയിരുന്നു. ഭയാനകമായ ഈ ആയാസം, ആനന്ദം; കണ്മുന്നിൽ കഥ രൂപമെടുക്കുന്നത്, ജലത്തിൽ വകഞ്ഞുനീങ്ങുകയാണു ഞാനെന്നപോലെ. രാത്രിയിൽ പല തവണ മുതുകത്തു സ്വന്തം ഭാരം ഞാനറിഞ്ഞിരിക്കുന്നു. എങ്ങനെയാണ് പറയേണ്ടതൊക്കെയും പറയേണ്ടതെന്ന്; ഏതിനും, ഇനി അതെത്ര വിചിത്രമായ ഭാവനാസൃഷ്ടിയായിക്കോട്ടെ, അതിനു വീണു ദഹിക്കാൻ, പിന്നെ പുതുജീവൻ നേടി ഉയരാൻ ഒരു മഹാഗ്നി കാത്തിരുപ്പുണ്ടെന്ന്. പിന്നെ ജനാലയക്കു പുറത്ത് നീലനിറം പടരുന്നത്. ഒരു കുതിരവണ്ടി ഉരുണ്ടുനീങ്ങി. പാലത്തിനു മേൽ കൂടി രണ്ടു പേർ നടന്നുപോയി. ഒടുവിൽ ഞാൻ ക്ളോക്കു നോക്കുമ്പോൾ രണ്ടു മണി ആയിരുന്നു. വേലക്കാരി കടന്നുവരുമ്പോൾ ഞാൻ കഥയുടെ അവസാനത്തെ വാചകം എഴുതുകയായിരുന്നു...നോവൽരചനയുടെ കാര്യത്തിൽ ഞാൻ ഇപ്പോഴും എഴുത്തിന്റെ ലജ്ജാകരമായ അടിവാരങ്ങളിൽത്തന്നെയാണെന്ന് എനിക്കിതോടെ ബോദ്ധ്യമായി. ഈവിധമാണ് എഴുത്തു നടക്കേണ്ടത്, ഇങ്ങനെയൊരടുക്കോടെ, ഉടലിന്റെയും ആത്മാവിന്റെയും ഈവിധമൊരു മലർക്കെത്തുറന്നിടലോടെ...
(1912 സെപ്തംബർ 23ലെ ഡയറിയിൽ നിന്ന്)
ഇന്നലെ ഓസ്ക്കാർ ബാമിന്റവിടെവച്ച് കഥ വായിച്ചു. അവസാനമാവുമ്പോഴേക്ക് എന്റെ കൈ നിയന്ത്രണം വിട്ടു ചലിക്കുകയായിരുന്നു, ശരിക്കും എന്റെ മുഖത്തിനു മുന്നിൽ. എന്റെ കണ്ണു നിറഞ്ഞു. കഥയുടെ നിസ്സന്ദേഹത്വം സ്ഥാപിക്കപ്പെട്ടു.
(സെപ്തംബർ 25ലെ ഡയറിയിൽ നിന്ന്)
...ഏറെക്കുറെ വന്യവും നിരർത്ഥകവുമാണത്; എന്തെങ്കിലുമൊരു ആന്തരസത്യം അതിനാവിഷ്കരിക്കാനില്ലെങ്കിൽ ( അതൊരു സാർവജനീനസത്യമല്ല, ഓരോ വായനക്കാരനും അല്ലെങ്കിൽ കേൾവിക്കാരനും ഓരോ തവണയും അംഗീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യേണ്ടതാണത്) അതൊന്നുമല്ല. ഇത്ര ചെറുതായിട്ടും (ടൈപ്പു ചെയ്ത പതിനേഴു പേജുകൾ) അതിൽ ഇത്രയധികം തെറ്റുകൾ വന്നതെങ്ങനെയെന്ന് എനിക്കു മനസ്സിലാവുന്നില്ല. ഇങ്ങനെ സംശയാസ്പദമായ ഒരു സൃഷ്ടിയെ നിനക്കു സമർപ്പിക്കാൻ എനിക്കെന്തവകാശമാണുള്ളതെന്നും എനിക്കു മനസ്സിലാവുന്നില്ല. പക്ഷേ അവനവനാവുന്നതല്ലേ അന്യോന്യം നമുക്കു നല്കാനാവൂ? ഞാൻ ഈ കൊച്ചുകഥ നിനക്കു നല്കുന്നു, ഞാനെന്ന വെച്ചുകെട്ടുമായി; നീ നിന്റെ സ്നേഹമെന്ന വിപുലോപഹാരം എനിക്കും നല്കുന്നു. പ്രിയപ്പെട്ടവളേ, എത്ര സന്തോഷവാനാണെന്നോ ഞാൻ, നിന്നിലൂടെ; നിന്റെ കഥയുടെ അന്ത്യം എന്റെ കണ്ണിലൂറിച്ച ഒരേയൊരു കണ്ണുനീർത്തുള്ളിയോടു കലർന്ന് ആനന്ദത്തിന്റെ കണ്ണുനീരും...
(ഫെലിസിന് ഡിസംബർ 4നു രാത്രിയിൽ എഴുതിയ കത്തിൽ നിന്ന്; ‘വിധിന്യായം’ സമർപ്പിച്ചിരിക്കുന്നത് ഫെലിസിനാണ്)
...അവസാനവാചകം വിവർത്തനം ചെയ്തിരിക്കുന്നത് വളരെ നന്നായി. ഈ കഥയിലെ ഓരോ വാചകവും ഓരോ വാക്കും ഓരോ സംഗീതവും (അങ്ങനെ പറയാമെങ്കിൽ) ഭീതിയോടു ബന്ധപ്പെട്ടതാണ്. ഈ അവസരത്തിൽ വ്രണം ആദ്യമായി പൊട്ടിത്തുറക്കുന്നത് ദീർഘമായൊരു രാത്രിയിലായിരുന്നു. എന്റെ അഭിപ്രായത്തിൽ വിവർത്തനം ആ ബന്ധം കണിശമായി പിടിച്ചെടുത്തിരിക്കുന്നു, നിങ്ങളുടെ ആ മാന്ത്രികവിരലുകൾ കൊണ്ട്.
(കഥ ചെക്കുഭാഷയിലേക്കു വിവർത്തനം ചെയ്ത മിലേനക്കെഴുതിയത്)
ഗുസ്താവ് യനൌഖ് കാഫ്കയോടു പറഞ്ഞു:
‘ഞാൻ “വിധിന്യായം” വായിക്കുകയായിരുന്നു.
’അതിഷ്ടപ്പെട്ടോ?‘
‘ഇഷ്ടപ്പെടുകയോ? ഭയാനകമാണത്!’
’നിങ്ങൾ പറഞ്ഞതു കൃത്യമാണ്.‘
‘അതെഴുതാൻ ഇടവന്നതെങ്ങനെയെന്നറിയാൻ താല്പര്യമുണ്ടായിരുന്നു. “എഫിന്” എന്നുള്ള സമർപ്പണം വെറും ഔപചാരികമല്ല. ആ പുസ്തകം ആരോടോ എന്തോ പറയണമെന്നു നിങ്ങൾക്കാഗ്രഹമുണ്ടായിരുന്നു എന്നതു തീർച്ച. എനിക്കതിന്റെ സന്ദർഭമറിഞ്ഞാൽ കൊള്ളാമായിരുന്നു.’
അമ്പരന്നപോലെ കാഫ്ക ഒന്നു മന്ദഹസിച്ചു.
‘ഞാൻ പറഞ്ഞതധികപ്രസംഗമായോ? ക്ഷമിക്കണേ.’
‘അങ്ങനെ മാപ്പു പറയാനൊന്നുമില്ല. വായിക്കുന്നത് ചോദ്യം ചോദിക്കാനാണല്ലോ. ഒരു രാത്രിയുടെ പ്രേതമാണ് “വിധിന്യായം”.’
‘എന്നു പറഞ്ഞാൽ?’
‘അതൊരു പ്രേതമാണെന്ന്,’ വിദൂരതയിലേക്ക് തറഞ്ഞൊരു നോട്ടമയച്ചുകൊണ്ട് അദ്ദേഹം ആവർത്തിച്ചു.
‘എന്നിട്ടും നിങ്ങളതെഴുതി.’
‘അത് ആ പ്രേതത്തിനൊരു സ്ഥിരീകരണം മാത്രമായിരുന്നു, അതുവഴി അതിന്റെ ഉച്ചാടനവും.’
No comments:
Post a Comment