Monday, November 19, 2012

കാഫ്ക - ഹീനമായ ഒരു ജീവിതവും ഹീനമായ ഒരു മരണവും

article-2114162-014DA3C500000578-610_233x335

പ്രിയപ്പെട്ട മാക്സ്,
ഞാൻ ചെയ്യുന്നത് ലളിതവും യുക്തിയുക്തവുമാണ്‌- നഗരത്തിൽ, എന്റെ കുടുംബത്തിൽ, എന്റെ തൊഴിലിൽ, സമൂഹത്തിൽ, എന്റെ പ്രണയബന്ധങ്ങളിൽ (നിനക്കു വേണമെങ്കിൽ അതിനെ ഈ പട്ടികയുടെ തുടക്കം തന്നെയാക്കാം), നമ്മുടെ സമുദായത്തിന്റെ ഇപ്പോഴുള്ളതോ ഇനി വരാനിരിക്കുന്നതോ ആയ രൂപങ്ങളിൽ- ഇതിലൊന്നിലും ഞാൻ എന്റെ ബാദ്ധ്യത വേണ്ടവണ്ണം നിറവേറ്റിയിട്ടില്ല; എന്നു തന്നെയല്ല, എന്റെ അറിവിലുള്ള മറ്റൊരാൾക്കും കഴിയാത്ത മാതിരി ഞാനതിൽ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. ഒരു കൊച്ചുകുട്ടിയുടെ മനോഭാവമാണ്‌ (“എന്നെപ്പോലെ മോശക്കാരനായി ആരുമില്ല”) ഇതിനടിയിൽ കിടക്കുന്നതെന്നു വേണമെങ്കിൽ പറയാം. ദുഷ്ടതയെക്കുറിച്ചോ ആത്മനിന്ദയെക്കുറിച്ചോ അല്ല ഞാൻ പറയുന്നത്; സ്വന്തം ബാദ്ധ്യത നിറവേറ്റിയിട്ടില്ല എന്ന പ്രകടമായ മനഃശാസ്ത്രപരമായ വസ്തുതയെക്കുറിച്ചാണ്‌. ഞാൻ ജീവിക്കാതെപോയ ജീവിതത്തെക്കുറിച്ചു പരത്തിപ്പറയണമെന്ന് എനിക്കാഗ്രഹമില്ല; കാരണം, തിരിഞ്ഞുനോക്കുമ്പോൾ എനിക്കു തോന്നുന്നുണ്ട് ആ ജീവിതത്തിനു ചെറുത്തുനിൽക്കേണ്ടിവന്ന വസ്തുതകളേല്പിച്ച യാതനകളുമായി തട്ടിച്ചു നോക്കുമ്പോൾ അത്രയൊന്നും അതനുഭവിച്ചിട്ടില്ലെന്ന്. എന്നാൽക്കൂടി ഏറെനാൾ സഹിക്കാനാവാത്തവിധം അത്ര കടുത്തതായിരുന്നു അത്; ഇനി അത്ര കടുത്തതല്ലെങ്കിൽ അത്രയ്ക്ക് അർത്ഥശൂന്യവുമായിരുന്നു.
 
ഇതിൽ നിന്നൊക്കെയുള്ള ഏറ്റവും സ്വാഭാവികമായ രക്ഷാമാർഗ്ഗം (ബാല്യം മുതൽക്കു തന്നെ) ആത്മഹത്യയല്ല, ആത്മഹത്യ എന്ന ആശയമായിരുന്നു. ആത്മഹത്യ ചെയ്യുന്നതിൽ നിന്നെന്നെ വിലക്കിയത് ഏതെങ്കിലും തരത്തിലുള്ള ഭീരുത്വമായിരുന്നില്ല, മറിച്ച് അർത്ഥശൂന്യതയിൽ കലാശിക്കുന്ന ഇങ്ങനെയൊരു ചിന്തയായിരുന്നു: “അതു ശരി, യാതൊന്നും ചെയ്യാൻ കഴിവില്ലാത്ത താൻ ഇതെങ്ങനെ ചെയ്യാൻ? അങ്ങനെയൊന്നു ചിന്തിക്കാനുള്ള ധൈര്യം തന്നെ തനിക്കുണ്ടോ? സ്വയം കൊല്ലാനുള്ള കഴിവു തനിക്കുണ്ടെങ്കിൽ തനിക്കതിന്റെ ആവശ്യം തന്നെ വരില്ല.” അങ്ങനെ പോയി എന്റെ ചിന്ത. പിന്നീട്, കുറച്ചുകൂടി ആഴത്തിലുള്ള ഉൾക്കാഴ്ച എനിക്കു കിട്ടിയപ്പോൾ ആത്മഹത്യയെക്കുറിച്ചു ഞാൻ ചിന്തിക്കാതെയായി. ഇന്നതെന്നറിയാത്ത പ്രത്യാശകൾക്കും ഒറ്റപ്പെട്ട പ്രഹർഷങ്ങൾക്കും ഊതിവീർപ്പിച്ച അഹന്തകൾക്കുമപ്പുറത്തേക്കൊരു നോട്ടം കിട്ടുമ്പോൾ - എന്റെ ഇപ്പോഴത്തെ ജീവിതാവസ്ഥ വച്ച് വളരെ അപൂർവ്വമായേ എനിക്കതിനുള്ള അവസരം കിട്ടുന്നുമുള്ളു- എനിക്കു പ്രതീക്ഷിക്കാനുള്ളതായി ഇതേ ഞാൻ കാണുന്നുള്ളു: ഹീനമായ ഒരു ജീവിതവും ഹീനമായ ഒരു മരണവും. “താൻ മരിച്ചാലും അതിന്റെ നാണക്കേടു ശേഷിക്കും എന്നപോലെയായിരുന്നു” *: ഇങ്ങനെയാണ്‌ എന്റെ വിചാരണ അവസാനിക്കുന്നത്.

മറ്റൊരു പരിഹാരം ഞാനിപ്പോൾ കാണുന്നുണ്ട്; സാദ്ധ്യമാണെന്നു ഞാൻ മുമ്പു കരുതിയതിനെക്കാൾ പൂർണ്ണവും, സ്വന്തമായ മാർഗ്ഗങ്ങളിലൂടെ (ക്ഷയരോഗം സ്വന്തമായ മാർഗ്ഗമല്ലെങ്കിൽ) എനിക്കൊരിക്കലും കണ്ടുപിടിക്കാൻ കഴിയാത്തതുമായതൊന്ന്. പക്ഷേ ഞാനതിനെ കണ്ടിട്ടേയുള്ളു, അല്ലെങ്കിൽ കണ്ടതായി എനിക്കു തോന്നിയിട്ടേയുള്ളു, ഞാനതിനെ സ്വീകരിക്കാനിരിക്കുന്നതേയുള്ളു. ഇതാണത്: ഈ ലോകത്ത് ഞാൻ എന്തെങ്കിലുമാണെന്നു തെളിയിക്കാൻ എനിക്കു കഴിയില്ല എന്ന വസ്തുത  അംഗീകരിക്കുക; ഒരു സ്വകാര്യമായിട്ടോ ആത്മഗതമായിട്ടോ അല്ല, ഏവർക്കും കാണാവുന്ന രീതിയിൽ എന്റെ പെരുമാറ്റം കൊണ്ടുതന്നെ ഞാനതു സമ്മതിക്കുക. അതിനർത്ഥം, ഞാൻ എന്റെ പൂർവ്വജന്മത്തിന്റെ വഴികൾ പതറാത്ത വിരലുകൾ കൊണ്ടു വരച്ചിടുക മാത്രം ചെയ്താൽ മതി എന്നാണ്‌. എങ്കിൽ എനിക്ക് എന്റെ മേൽ ഒരു പിടുത്തം കിട്ടിയെന്നു വരാം, അർത്ഥശൂന്യമായ പ്രവൃത്തികളിൽ ഞാൻ എന്റെ ഊർജ്ജം കൊണ്ടുപോയി തുലച്ചില്ലെന്നു വരാം. മറവുകളില്ലാത്ത ഒരു കാഴ്ച എനിക്കു കിട്ടിയെന്നു വരാം.


(1917-ൽ മാക്സ് ബ്രോഡിനെഴുതിയത്.)
* വിചാരണ എന്ന നോവലിന്റെ അവസാനത്തെ വാക്യം.


No comments: