Wednesday, November 14, 2012

ഫെർണാണ്ടോ പെസ്സൊവ - റുബായിയാത്ത്

Pessoa

ദീർഘവും വിഫലവുമായ പകലിനു മേൽ സന്ധ്യയുടെ ശവക്കോടി.
നമുക്കതു നിഷേധിച്ച പ്രത്യാശ പോലും ഇല്ലായ്മയായി പൊടിയുന്നു.
ജീവിതം, കുടിച്ചു ലക്കു കെട്ടൊരു യാചകൻ,
സ്വന്തം നിഴലിനോടതു കൈനീട്ടിയിരക്കുന്നു.
*

“ഞാനിതു ചെയ്യും,” ഇതു കേട്ടുകേട്ടെനിക്കു മടുത്തു.
ചെയ്യുക, ചെയ്യാതിരിക്കുക- ആരാണതിനൊക്കെ അധികാരി?
ആത്മാവിന്റെ ഭാരം കൂടി പേറേണ്ടിവന്ന മൃഗം,
ഇടയ്ക്കിടെ ഞെട്ടിക്കൊണ്ടു മനുഷ്യനുറങ്ങുന്നു; അതേയെനിക്കറിയൂ.
*

ആത്മാവിനു നിത്യജീവനുണ്ടെന്നു പറയേണ്ട,
വെട്ടിമൂടിക്കഴിഞ്ഞാൽ ഉടലൊന്നുമറിയുന്നില്ലെന്നും.
തനിക്കറിയാത്തതൊന്നിനെക്കുറിച്ചു നിങ്ങളെന്തറിയാൻ?
കുടിയ്ക്കൂ! ഇന്നിന്റെ ഇല്ലായ്മയേ നിങ്ങൾക്കറിയൂ.
*

ആശയും തൃഷ്ണയുമില്ലാതെ, സ്നേഹവും വിശ്വാസവുമില്ലാതെ,
ജിവിതത്തെ നിഷേധിച്ചും കൊണ്ടു ജീവിതം കഴിയ്ക്കൂ,
പിന്നെ ഉറങ്ങാൻ നേരമാവുമ്പോൾ കളിപ്പാട്ടങ്ങൾ മാറ്റിവയ്ക്കൂ:
അതല്ലാത്തതൊന്നാണ്‌, ഉള്ളതായുള്ളതെല്ലാം.
*

നിങ്ങളുടെ ഹിതപ്പടി സ്വജീവിതത്തെ നിങ്ങൾക്കു രൂപപ്പെടുത്താം,
നിങ്ങൾ ജീവിക്കും മുമ്പേ ജീവിതത്തിനൊരു രൂപവുമുണ്ടായിരുന്നു.
നിലത്തു വരച്ചിടാനെന്തിനു വെറുതേ മോഹിക്കുന്നു,
ആകാശം കടന്നു പോകുന്ന മേഘത്തിന്റെ ക്ഷണികമായ നിഴലിനെ?
*

ഒക്കെയും വ്യർത്ഥം, എന്നറിയുന്നതുമുൾപ്പെടെ.
പകലിനു പിമ്പേ രാത്രി, പിന്നെ പകൽ.
പരിത്യാഗത്തിന്റെ അഭിജാതരാത്രിയിൽ
പരിത്യാഗത്തെത്തന്നെ പരിത്യജിക്കൂ.
*

തനിക്കു നഷ്ടമായതിനെ പൂട്ടിവയ്ക്കുന്നവൻ ജ്ഞാനി.
താനെന്ന ഇല്ലായ്മയെ ആരും കാണുന്നില്ലല്ലോ.
ഓരോ മുഖംമൂടിക്കടിയിലുമുണ്ട്, ഒരു തലയോട്ടി.
ആരുമല്ലാത്തൊരാളിന്റെ മുഖംമൂടിയാണോരോ ആത്മാവും.
*

ശാസ്ത്രത്തെ, അതിന്റെ പ്രയോഗത്തെ പ്രതി വേവലാതിപ്പെടേണ്ട.
അന്തിവെളിച്ചം വീണ ജീവിതമെന്ന ഈ മുറിയിൽ
മേശകസേരകളുടെ അളവെടുത്തിട്ടെന്തു കാര്യം?
അളവെടുക്കുകയല്ല, അവയുപയോഗിക്കൂ: മുറി ഒഴിഞ്ഞുകൊടുക്കാനുള്ളതല്ലേ?
*

സൂര്യൻ തിളങ്ങുന്ന കാലത്തോളം നാമതിൽ സുഖിക്കുക,
അതാകാശം വിട്ടുകഴിഞ്ഞാൽ നാം പോയിക്കിടന്നുറങ്ങുക.
മടങ്ങിവരുമ്പോൾ ഒരുവേള അതു നമ്മെ കണ്ടില്ലെന്നു വരാം,
ഇനിയല്ല, നാം തന്നെ മടങ്ങിവന്നുവെന്നും വരാം.
*


No comments: