…യുദ്ധത്തിനു ശേഷം ഞാൻ ബർലിനിലേക്കു വരുന്നുണ്ട്. അവിടെ വന്നാൽ ഒന്നാമതായി ചെയ്യാനുള്ളത് ഏതെങ്കിലും മാളത്തിലേക്കിഴഞ്ഞു കയറി ആത്മപരിശോധന നടത്തുക എന്നുള്ളതാണ്. എന്തായിരിക്കും അതിന്റെ ഫലം? എന്തിനു പറയുന്നു, എന്നിലെ ജീവിക്കുന്ന മനുഷ്യൻ ശുഭാപ്തിവിശ്വാസിയാണ്; അതിൽ അത്ഭുതപ്പെടാനില്ല. ചിന്തിക്കുന്ന മനുഷ്യനു പക്ഷേ ഒരു വിശ്വാസവുമില്ല. എന്നാൽക്കൂടി ആ ചിന്തിക്കുന്ന മനുഷ്യനും വാദിക്കുന്നത് ആ മാളത്തിൽ വച്ച് ഞാൻ എന്റെ കഥ കഴിക്കുകയാണെങ്കിൽ അതിലും മികച്ചതൊന്ന് ഞാൻ ചെയ്യാനില്ല എന്നാണ്. പക്ഷേ നിന്റെ കാര്യമോ, ഫെലിസ്? നിന്റെ മേൽ എനിക്കു യാതൊരവകാശവുമില്ല, ആ മാളത്തിൽ നിന്നു ഞാൻ പുറത്തു വന്നാലല്ലാതെ, ഏതു വിധേനയെങ്കിലും പുറത്തു വന്നാലല്ലാതെ. അതുവരെ നീ എന്റെ സ്വരൂപം കാണില്ല; എന്തെന്നാൽ നിനക്കു ഞാനിപ്പോൾ ഒരു വികൃതിക്കുട്ടിയാണ്, ഒരു ഭ്രാന്തൻ, അല്ലെങ്കിൽ അതുപോലെന്തോ; ആ വികൃതിക്കുട്ടിക്കു മേൽ താനർഹിക്കാത്ത അനുകമ്പ ചൊരിയുകയുമാണു നീ...
ഞാൻ അധികമൊന്നും എഴുതാത്തതെന്തു കൊണ്ടാണെന്ന് നീ പരിഭവപ്പെടുന്നു. ഇപ്പോൾ പറഞ്ഞതു വച്ചു നോക്കുമ്പോൾ ഞാൻ എന്തെഴുതാൻ? എഴുത്തുകാരന്റെയും വായനക്കാരന്റെയും ഞരമ്പുകളിൽ ഒരേപോലെ പിടിച്ചുവലിക്കുകയല്ലേ, ഓരോ വാക്കും; അവയ്ക്കു വേണ്ടിയിരുന്നതോ, സാന്ത്വനമായിരുന്നു, സന്തോഷം നൽകുന്ന പ്രവൃത്തികളായിരുന്നു...
(1916 ജനുവരി 18ന് കാഫ്ക ഫെലിസിനയച്ച കത്തിൽ നിന്ന്)
...എന്റെ മൌനത്തെക്കാൾ ഭയാനകമല്ലേ എന്റെ കത്തുകൾ:? അതിനെക്കാൾ ഭയാനകമല്ലേ എന്റെ ജീവിതം? ഞാൻ നിന്റെ മേൽ ഏല്പിക്കുന്ന പീഡനങ്ങളെക്കാൾ ഭിന്നമല്ലാത്തതും? എനിക്കുള്ള ശക്തി വച്ചും നിന്റെ സഹായം കൊണ്ടും കാത്തിരിക്കുക എന്നതല്ലാതെ മറ്റൊരു പരിഹാരവും ഞാൻ കാണുന്നില്ല, ആ പ്രക്രിയക്കിടയിൽ അരഞ്ഞു പൊടിയാവുകയാണു ഞാനെങ്കിൽക്കൂടി. അല്ലാതൊന്ന് എന്റെ അറിവിലില്ല. ഈ തരം എഴുത്തിനോട് മൌനത്തെ താരതമ്യം ചെയ്യാമോ? മൌനമല്ലേ തമ്മിൽ ഭേദം? എന്റെ കാൽക്കീഴിൽ പെട്ടെന്നൊരു സൂത്രവാതിൽ തുറന്നു ഞാൻ ഉള്ളിലെവിടെയോ പോയി മറഞ്ഞുവെങ്കിൽ? ഭാവിയിൽ കിട്ടാനിരിക്കുന്ന ഏതോ സ്വാതന്ത്ര്യവും പ്രതീക്ഷിച്ചുകൊണ്ട് എന്റെ ശക്തിയുടെ നിന്ദ്യമായ ശേഷിപ്പുകൾ അവിടെ സുരക്ഷിതമായിക്കിടക്കട്ടെ...
(1916 ജനുവരി 24ന് ഫെലിസിനെഴുതിയത്)
No comments:
Post a Comment