പ്രിയപ്പെട്ട മാക്സ്,
ഞാൻ ഇന്നേ മറുപടി എഴുതുന്നുള്ളു എന്നത് വെറും യാദൃച്ഛികം; മുറി, വെളിച്ചം, എലികൾ എന്നിവ മറ്റു കാരണങ്ങൾ. പരിഭ്രമമോ, നഗരത്തിൽ നിന്നു ഗ്രാമത്തിലേക്കു മാറിത്താമസിക്കുമ്പോഴുള്ള പിടിക്കായ്കയോ അല്ല ഇവിടെ പ്രശ്നം. എലികളോടുള്ള എന്റെ പ്രതികരണം കൊടുംഭീതി തന്നെ. അതിന്റെ സ്രോതസ്സു തേടിപ്പോവുക എന്നത് ഒരു സൈക്കോ-അനലിസ്റ്റിനു പറഞ്ഞിട്ടുള്ളതാണ്; ഞാൻ അങ്ങനെയൊരാളല്ല താനും. ഈ ഭീതി കീടങ്ങളോടുള്ള അകാരണഭീതി പോലെ ഈ ജന്തുക്കളുടെ അപ്രതീക്ഷിതമായ, ക്ഷണിക്കപ്പെടാത്ത, ഒഴിവാക്കാനാവാത്ത, ഏറെക്കുറെ നിശ്ശബ്ദമായ, പിടി വിടാത്ത, നിഗൂഢമായ ലക്ഷ്യത്തോടു ബന്ധപ്പെട്ടതാണെന്നതു തീർച്ച; എന്നു പറഞ്ഞാൽ, ചുറ്റുമുള്ള ചുമരുകളുടനീളം അവർ തുരങ്കങ്ങൾ തുരന്നിട്ടിരിക്കുകയാണെന്നും അവയിൽ പതുങ്ങിയിരിക്കുകയാണവരെന്നും, അവരുടേതാണു രാത്രിയെന്നും, ഈ രാത്രിഞ്ചരസ്വഭാവവും കൃശത്വവും കൊണ്ട് നമ്മിൽ നിന്നെത്രയോ അകന്നവരും നമ്മുടെ ശക്തിക്കതീതവുമാണവരെന്നും. അവയുടെ വലിപ്പക്കുറവു വിശേഷിച്ചും അവ ജനിപ്പിക്കുന്ന ഭീതിക്കു മറ്റൊരു മാനം കൂടി നൽകുകയാണ്. ഉദാഹരണത്തിന്, കണ്ടാൽ ശരിക്കും പന്നിയെപ്പോലിരിക്കുന്ന- അതു തന്നെ കൌതുകമുണ്ടാക്കുന്ന കാര്യമാണ്- എന്നാൽ എലിയെപ്പോലെ ചെറുതായ ഒരു ജീവി ഉണ്ടെന്നുള്ളത്, അത് തറയിലെ ഒരു ദ്വാരത്തിൽ നിന്ന് പുറത്തുവന്ന് മണം പിടിച്ചു നടക്കാമെന്നുള്ളത്. അത് ഭീതിയുളവാക്കുന്ന ഒരു തോന്നലു തന്നെ.
കഴിഞ്ഞ കുറേ ദിവസങ്ങളിൽ ഇതിനു തൽക്കാലത്തേക്കെങ്കിലും വളരെ തൃപ്തികരമായ ഒരു പരിഹാരം ഞാൻ കണ്ടുപിടിച്ചു. രാത്രിയിൽ എന്റെ മുറിക്കു തൊട്ടുള്ള ഒഴിഞ്ഞ മുറിയിൽ ഒരു പൂച്ചയെ പിടിച്ചിടുക; അങ്ങനെയാവുമ്പോൾ അവൾ എന്റെ മുറി വൃത്തികേടാക്കുകയുമില്ലല്ലോ. (ഇക്കാര്യത്തിന്മേൽ ഒരു ജന്തുവുമായി ധാരണയിലെത്തുക എത്ര ദുഷ്കരമാണെന്നോ. തെറ്റിദ്ധാരണകളേ ഉണ്ടാവൂ എന്നു തോന്നുന്നു; കാരണം തല്ലും മറ്റു വിശദീകരണങ്ങളും വഴി പൂച്ച മനസ്സിലാക്കുന്നുണ്ട്, തന്റെ ശാരീരികാവശ്യങ്ങൾ നിവർത്തിക്കുന്നതിൽ അനഭിമതമായിട്ടെന്തോ ഉണ്ടെന്നും, അക്കാരണത്താൽ ഒരുപാടാലോചനകൾക്കു ശേഷം വേണം, അതിനു സ്ഥലം തിരഞ്ഞെടുക്കേണ്ടതെന്നും. അപ്പോൾ അവളെന്തു ചെയ്യുന്നു? അവൾ ഉദാഹരണത്തിന് ഇരുട്ടുള്ള ഒരു സ്ഥാനം കണ്ടുപിടിക്കുന്നു; അവൾക്ക് എന്നോടുള്ള മമത പ്രകടിപ്പിക്കാൻ പറ്റിയതും, അവൾക്കിഷ്ടപ്പെട്ട മറ്റു ഗുണങ്ങളുള്ളതുമായ ഒരിടം. പക്ഷേ മനുഷ്യപക്ഷത്തു നിന്നു നോക്കുമ്പോൾ ഞാൻ കിടപ്പുമുറിയിൽ ഉപയോഗിക്കുന്ന ചെരുപ്പാണതെന്നു വരുന്നു. അങ്ങനെ അതു മറ്റൊരു തെറ്റിദ്ധാരണയായി; രാത്രികളും ശാരീരികാവശ്യങ്ങളും എത്രയുണ്ടോ, അത്രയും തെറ്റിദ്ധാരണകളുമുണ്ടാവുന്നു.)
നീ പലപ്പോഴും പറഞ്ഞിട്ടുള്ള പ്രത്യേകതരം കെണികളുടെ കാര്യം ഞാനോർക്കുന്നു. അവ ഇപ്പോൾ കിട്ടാനില്ലെന്നാണ് എന്റെ അറിവ്; തന്നെയുമല്ല അവ ഉപയോഗിക്കുന്നതും എനിക്കിഷ്ടമല്ല. കെണികൾ ശരിക്കു പറഞ്ഞാൽ കൂടുതൽ കൂടുതൽ എലികളെ ആകർഷിക്കുകയേയുള്ളു; അവയിൽ കുടുങ്ങിയവയെ മാത്രമേ അവ നശിപ്പിക്കുന്നുമുള്ളു. മറിച്ച് പൂച്ചകളാവട്ടെ, സ്വസാന്നിദ്ധ്യം കൊണ്ടുതന്നെ അവയെ ആട്ടിയോടിക്കുകയാണ്; എന്തിന്, അവയുടെ വിസർജ്ജ്യം തന്നെ മതി; അപ്പോൾ അതിനെ അങ്ങനെയങ്ങു വെറുക്കേണ്ടതുണ്ടെന്നും തോന്നുന്നില്ല. മഹത്തായ മൂഷികരാത്രിയെ തുടർന്നുണ്ടായ ആദ്യത്തെ മാർജ്ജാരരാത്രിയിലാണ് എനിക്കിതു ശരിക്കും മനസ്സിൽ തട്ടിയത്. മുറി ‘എലിയെപ്പോലെ നിശബ്ദ’മായി എന്നൊന്നും ഞാൻ പറയുന്നില്ല; പക്ഷേ അവയുടെ പരക്കം പാച്ചിൽ നിലച്ചു. തന്റെ നിർബന്ധിതസ്ഥാനചലനം കൊണ്ട് മനസ്സു കടുത്ത പൂച്ച സ്റ്റൌവിനടുത്ത് അനക്കമറ്റിരിക്കുന്നു. പക്ഷേ അതു മതി; ടീച്ചറുടെ സാന്നിദ്ധ്യം പോലെയാണത്: എലിമാളങ്ങളിൽ അവിടെയുമിവിടെയുമൊക്കെ ചില പിറുപിറുക്കലുകൾ കേൾക്കാനുണ്ടെന്നേയുള്ളു.
നീ നിന്നെക്കുറിച്ച് കാര്യമായിട്ടൊന്നും എഴുതുന്നില്ല; അതിനാൽ ഞാൻ എലികളെക്കൊണ്ടു തിരിച്ചടിക്കുന്നു.
(സുറാവു, 1917 ഡിസംബർ)
No comments:
Post a Comment