Monday, November 5, 2012

വാൻ ഗോഗ് - ഒരു സുവിശേഷപ്രസംഗം



ഈ ഭൂമിയിൽ ഒരപരിചിതനാണു ഞാൻ, നിന്റെ കല്പനകളെ എന്റെ കണ്ണുകൾക്കു മറയ്ക്കരുതേ. (സങ്കീർത്തനം 119:19)

ഈ ഭൂമിയിലെ തീർത്ഥാടകരാണു നാം, ഇവിടെ അപരിചിതരുമാണു നാം- അങ്ങകലെ നിന്നു നാം വന്നു, നാം പോകുന്നതും അകലെയ്ക്ക്. ഭൂമിയിലെ നമ്മുടെ മാതാവിന്റെ കൈകളിൽ നിന്ന് ആകാശത്തിലെ നമ്മുടെ പിതാവിന്റെ കൈകളിലേക്ക് നമ്മുടെ ജീവിതയാത്ര നീളുന്നു. ഭൂമിയിലെ സർവ്വതും മാറുന്നു- ഒരു നഗരവും ചിരസ്ഥായിയല്ല- സർവ്വർക്കും അനുഭവമാണിത്: ദൈവ
േച്ഛയാണ്‌, ഭൂമിയിൽ പ്രിയതരമായതിനെയൊക്കെ നാം വിട്ടുപോകണമെന്ന്, നമ്മുടെ പടുതികളും മാറണമെന്ന്, പണ്ടു നാമായിരുന്നതല്ല, ഇന്നു നാമെന്ന്, ഇന്നു നാമായിരിക്കുന്നതല്ല, നാളെ നാമാവുകയെന്ന്. ശൈശവത്തിൽ നിന്നു നാം മുതിരുന്നു, ബാലന്മാരും ബാലികമാരുമായി, യുവാക്കളും യുവതികളുമായി- ദൈവം അനുവദിക്കുമെങ്കിൽ, തുണയ്ക്കുമെങ്കിൽ ഭർത്താക്കന്മാരും ഭാര്യമാരുമായി, നമ്മുടെ ഊഴമെത്തുമ്പോൾ അച്ഛന്മാരും അമ്മമാരുമായി; പിന്നെ സാവധാനം, അസന്ദിഗ്ദ്ധമായും, ഒരുകാലത്ത് പ്രഭാതത്തിലെ മഞ്ഞുതുള്ളി പോലെയായിരുന്ന നമ്മുടെ മുഖത്ത് ചുളിവുകൾ വീഴുന്നു, ഒരിക്കൽ യൌവനവും ആഹ്ളാദവും കതിരു വീശിയിരുന്ന കണ്ണുകൾ ഉള്ളിൽ തട്ടിയൊരു വിഷാദത്തിന്റെ കഥ പറഞ്ഞു തുടങ്ങുന്നു- വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും അനുകമ്പയുടെയും അഗ്നി ഇനിയുമവയിൽ കെട്ടടങ്ങിയിട്ടില്ലെങ്കിൽക്കൂടി, ദൈവചൈതന്യം അവയിൽ തിളങ്ങുന്നുണ്ടെങ്കിൽക്കൂടി. മുടിയിൽ നര കേറുന്നു, അല്ലെങ്കിൽ അതു കൊഴിഞ്ഞുപോകുന്നു- ഹാ- നാം ഭൂമിയിലൂടെ കടന്നുപോകുന്നതേയുള്ളു, ജിവിതത്തിലൂടെ നാം കടന്നുപോകുന്നതേയുള്ളു- ഭൂമിയിൽ തീർത്ഥാടകരും അപരിചിതരുമാണു നാം. ഭൂമിയും അതിന്റെ പ്രതാപങ്ങളും അസ്തമിച്ചുപോകുന്നു. ഞങ്ങളുടെ ശിഷ്ടായുസ്സു നിനക്കു സമീപസ്ഥമായിരിക്കട്ടെ, അതിനാൽ ഞങ്ങളുടെ ഈ നാളുകളെക്കാൾ ഭേദപ്പെട്ടതും.

(1876 ഒക്റ്റോബർ 29 ന്‌ വാൻ ഗോഗ് ചെയ്ത ഒരു സുവിശേഷപ്രസംഗത്തിൽ നിന്ന്)

No comments: