Tuesday, November 27, 2012

ആൽഫ്രഡ് സ്റ്റീഗ്ലിറ്റ്സ് - ഒരു മണിക്കൂർ ഉറക്കം, മൂന്നു സ്വപ്നങ്ങൾ

Alfred_Stieglitz

I


എന്റെ ശവസംസ്കാരം നടക്കാൻ പോവുകയാണ്‌. കുടുംബക്കാർ ചുറ്റും നില്പുണ്ട്. നൂറു കണക്കിനു സ്നേഹിതന്മാരും. എന്റെ ആഗ്രഹം പോലെ നടന്നു. ഒരു വാക്കു പോലും പറയപ്പെട്ടില്ല. ഒരു കണ്ണീർത്തുള്ളിയുമുണ്ടായില്ല. ആകെ നിശബ്ദതയായിരുന്നു, ആകെ ഇരുട്ടടച്ച പോലെയുമായിരുന്നു. ഒരു കതകു തുറന്ന് ഒരു സ്ത്രീ കയറിവന്നു. സ്ത്രീ കയറിവന്നപ്പോൾ ഞാൻ എഴുന്നേറ്റു നിന്നു; എന്റെ കണ്ണുകൾ തുറന്നു. പക്ഷേ ഞാൻ മരിച്ചുപോയിരുന്നു. സകലരും അലറിവിളിച്ചുകൊണ്ട് ഓടിയകന്നു. ആകെ ഒരു ഭീതിയും പരിഭ്രമവുമായിരുന്നു. ചിലർ ജനാല വഴി പുറത്തു ചാടി. സ്ത്രീ മാത്രം ശേഷിച്ചു. അവളുടെ നോട്ടം എന്റെ മേൽ തറഞ്ഞുനിന്നു. കണ്ണിൽ നിന്നു കണ്ണിലേക്ക്. അവൾ ചോദിച്ചു: “ ചങ്ങാതീ, താൻ ശരിക്കും മരിച്ചോ?” ഉറച്ചതും വ്യക്തവുമായിരുന്നു ശബ്ദം. മറുപടി ഇല്ല. സ്ത്രീ മൂന്നുതവണ ആവർത്തിച്ചു. മറുപടി ഇല്ല. അവൾ മൂന്നാമതും ചോദിക്കുമ്പോൾ ഞാൻ പഴയ പടി ചെന്നുകിടന്നു; ഇനി എന്നെ സംസ്കരിക്കാം. - ദീർഘമായൊരു തേങ്ങൽ ഞാൻ കേട്ടു. ഞാൻ ഉണർന്നു.

Stieglitz,_Georgia_O'Keeffe,_1918

II

എനിക്കു തീരെ സുഖമില്ലായിരുന്നു; കുറച്ചു കാലം വിശ്രമമെടുക്കാൻ എല്ലാവരും എന്നെ ഉപദേശിക്കുകയാണ്‌. ആരുടെ പ്രേരണയും എന്നിലേറ്റില്ല. ഒടുവിൽ ഒരു സ്ത്രീ പറഞ്ഞു: “നിങ്ങളുടെ കൂടെ ഞാൻ വരാം. എന്നാൽ നിങ്ങൾ പോകുമോ?” ഞങ്ങൾ പോയി. രാത്രിയും പകലും ഞങ്ങൾ അലഞ്ഞുനടന്നു. മലകളിൽ. മഞ്ഞിനു മേൽ. നിലാവത്ത്. പൊള്ളുന്ന വെയിലിൽ. ഞങ്ങൾക്കു കഴിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. ആരും ഒരു വാക്കും പറഞ്ഞില്ല. രാത്രികളും പകലുകളും കടന്നുപോകുന്തോറും സ്ത്രീ വിളറിവിളറി വരികയായിരുന്നു. അവൾക്കു നടക്കാൻ തന്നെ കഴിഞ്ഞിരുന്നില്ല. ഞാൻ അവളെ സഹായിച്ചു. എന്നിട്ടും ആരും ഒരക്ഷരം പോലും മിണ്ടിയില്ല. ഒടുവിൽ സ്ത്രീ തളർന്നുവീണു; കഷ്ടിച്ചു കേൾക്കാവുന്ന ഒച്ചയിൽ സ്ത്രീ പറഞ്ഞു: “ഭക്ഷണം- ഭക്ഷണം- എനിക്കു ഭക്ഷണം വേണം.” ഞാൻ പറഞ്ഞു: “ഭക്ഷണം- ഭക്ഷണം- കുട്ടീ, ഭക്ഷണമെന്നതില്ലാത്ത ഒരു ലോകത്താണു നാം, ഇവിടെ ആത്മാവും ഇച്ഛയും മാത്രമേയുള്ളു.” സ്ത്രീ ദയനീയമായി എന്റെ നേർക്കു നോക്കിക്കൊണ്ട് അർദ്ധപ്രാണയായി പറഞ്ഞു: “ഭക്ഷണം- ഭക്ഷണം-” ഞാൻ സ്ത്രീയെ ചുംബിച്ചു; ഞാൻ അതു ചെയ്തതും സ്ത്രീക്കു മുന്നിൽ വിശിഷ്ടമായ പലതരം ഭക്ഷണങ്ങൾ നിരന്നു. -ലളിതമായ ഒരു തടിമേശ മേൽ; വസന്തകാലവുമായിരിക്കുന്നു. സ്ത്രീ വാരിവലിച്ചു തിന്നാൻ തുടങ്ങിയപ്പോൾ - ഭക്ഷണത്തിനു വേണ്ടിയുള്ള പ്രകൃതിയുടെ വിളിയെക്കുറിച്ചു മാത്രമേ അവൾക്കു ബോധമുള്ളു- ഞാൻ അവിടുന്നു കടന്നുകളഞ്ഞു. ഞാൻ നടത്തം തുടർന്നു. - ദൂരെ ആരോ കരയുന്നതു ഞാൻ കേട്ടു. ഞാൻ ഉണർന്നു.

O'Keeffe-(hands)

III

സ്ത്രീയും ഞാനും മുറിയിൽ ഒറ്റയ്ക്കായിരുന്നു. അവൾ എന്നെ ഒരു പ്രേമകഥ പറഞ്ഞുകേൾപ്പിച്ചു. അത് അവളുടെ കഥ തന്നെയാണെന്ന് എനിക്കറിയാമായിരുന്നു. എന്തുകൊണ്ടാണ്‌ അവൾക്കെന്നെ പ്രേമിക്കാൻ കഴിയാത്തതെന്ന് എനിക്കു മനസ്സിലായി. കഥ പറയുന്നതിനിടയിൽ സ്ത്രീ പെട്ടെന്ന് ഭ്രാന്തിയെപ്പോലെയായി; പിച്ചും പേയും പറഞ്ഞുകൊണ്ട് അവളെന്നെ ചുംബിച്ചു- അവളുടെയും എന്റെയും വസ്ത്രങ്ങൾ വലിച്ചുകീറി. സ്വന്തം മുടിയിഴകൾ പിഴുതെടുത്തു. അവളുടെ കണ്ണുകൾ വന്യമായിരുന്നു- നിർജ്ജീവവുമായിരുന്നു. വികാരാവേശത്തോടെ എന്നെ പിടിച്ചു ചുംബിച്ചുകൊണ്ട് അവൾ അലറി: “താനെന്തുകൊണ്ടയാളായില്ല?” “എന്തുകൊണ്ടായില്ല?” ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അതു ഫലിച്ചില്ല. ഒടുവിൽ അവൾ കരഞ്ഞു: “എനിക്കു വേണ്ടത് അയാളെയാണ്‌, നിങ്ങളെയല്ല. എന്നിട്ടും ഞാൻ നിങ്ങളെ ചുംബിച്ചു. അയാളാണെന്നപോലെ ചുംബിച്ചു.” - എനിക്ക് ഇളകാൻ ധൈര്യം വന്നില്ല. ഭയമായിരുന്നില്ല എന്നെ നിശ്ചേഷ്ടനാക്കിയത്. ഭയത്തിലും ഭീകരമായിരുന്നു അത്. വശ്യത്തിൽപ്പെട്ടവനെപ്പോലെ ഞാൻ നിന്നു. പെട്ടെന്ന് സ്ത്രീ അകന്നുമാറി- ഭയാനകമായിരുന്നു അത്. അവളുടെ നോട്ടം. അവളുടെ കണ്ണുകൾ. -സ്ത്രീ നിശ്ചലയായി നിൽക്കുകയായിരുന്നു. അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിൽ തറഞ്ഞുനില്ക്കുകയായിരുന്നു.

പെട്ടെന്നവൾ ചീറി: “നിങ്ങൾ അയാളാണെന്നെന്നോടു പറയൂ- പറയാൻ. നിങ്ങൾ അയാളാണെന്ന്. നിങ്ങൾ അയാളല്ലെങ്കിൽ ഞാൻ നിങ്ങളെ കൊല്ലുകയും ചെയ്യും. നിങ്ങളെ ഞാൻ ചുംബിച്ചതല്ലേ.” ഞാൻ അക്ഷോഭ്യനായി നിന്നുകൊണ്ട് പറഞ്ഞു- അങ്ങനെ പറയണമെന്ന് എനിക്കൊട്ടും ആഗ്രഹമില്ലായിരുന്നു, കാരണം ആ സ്ത്രീക്കു ഭ്രാന്തു പിടിച്ചിരിക്കുകയാണെന്നും താൻ പറയുന്നതിനും പ്രവർത്തിക്കുന്നതിനും അവൾ ഉത്തരവാദിയല്ലെന്നും എനിക്കറിയാമായിരുന്നതാണല്ലോ. ഞാൻ പറഞ്ഞു, “ ഞാൻ അയാളല്ല.” ഞാൻ അതു പറഞ്ഞതും സ്ത്രീ വസ്ത്രത്തിന്റെ മടക്കുകൾക്കുള്ളിൽ നിന്ന് ഒരു കത്തിയുമെടുത്ത് എന്റെ നേർക്കു കുതിച്ചു. ഹൃദയത്തിലാണ്‌ അവൾ ആഞ്ഞുകുത്തിയത്. പുറത്തു ചാടാൻ കാത്തിരിക്കുകയായിരുന്നു എന്നപോലെ ചോര നേരേ മുന്നിലേക്കു ചീറ്റി. ചോരയൊഴുകുന്നതും ഞാൻ മരിച്ചുവീഴുന്നതും കണ്ടതോടെ സ്ത്രീക്കു ശരിക്കും സ്വബോധം തിരിച്ചുകിട്ടി. അവൾ ഒരു ചലനവുമില്ലാതെ നിന്നു. ഒരു ഭാവഭേദവുമില്ല. അവൾ കറങ്ങിത്തിരിഞ്ഞു. കറ പറ്റാത്ത വെളുത്ത ചുമരിൽ ചോരച്ചുവപ്പായ അക്ഷരങ്ങളിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് അവൾ കണ്ടു: “അയാൾ ആത്മഹത്യ ചെയ്തു. ചുംബനങ്ങൾ അയാൾക്കു മനസ്സിലായിരുന്നു.” -ഒരാക്രന്ദനം കേട്ടു. ഞാൻ ഉണർന്നു.


ആൽഫ്രഡ് സ്റ്റീഗ്ലിറ്റ്സ് (1864-1946)- അമേരിക്കൻ ഫോട്ടോഗ്രാഫറും ആധുനികകലയുടെ പ്രചാരകനും. ഫോട്ടോഗ്രഫി ഒരു കലാരൂപമായി അംഗീകരിക്കപ്പെടുന്നത് ഇദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയും പ്രചാരവേലയിലൂടെയുമാണ്‌.


wiki link to alfred stieglitz



No comments: