കണ്ടിരിക്കുന്നു ഞാൻ മെലിഞ്ഞുതേയുന്ന മുഖങ്ങളെ,
കൺപോളകൾക്കടിയിൽ നിന്നൊളിഞ്ഞുനോക്കുന്ന ഭീതിയെ,
കുഴിഞ്ഞ കവിളുകളുടെ നരച്ച പനയോലകളിൽ
യാതനയുടെ നാരായം വരയുന്ന കോണെഴുത്തുകളെ.
കണ്ടിരിക്കുന്നു ഞാൻ കാക്കക്കറുപ്പിന്റെ മുടിയിഴകൾ
ഒറ്റരാത്രി പുലരുമ്പോളാകെ നരയ്ക്കുന്നതും.
കണ്ടു ഞാൻ കീഴടങ്ങുന്ന ചുണ്ടുകളിൽ പുഞ്ചിരി മായുന്നതും ,
പൊള്ളയായ പൊട്ടിച്ചിരിയിൽ പേടിയുടെ വിറ പടരുന്നതും.
പ്രാർത്ഥിക്കട്ടെ ഞാൻ- ഏകാകിനിയെനിക്കായി മാത്രമല്ല,
മജ്ജ മരയ്ക്കുന്ന തണുപ്പിൽ, വേനലിന്റെ കൊടുംചൂടിൽ,
ചോരനിറത്തിലുയർന്ന തടവറയുടെ അന്ധമായ ചുമരിനരികിൽ
എന്നോടൊരുമിച്ചന്നാളിൽ വരിയിട്ടു നിന്ന സകലർക്കുമായി.
ചരമഗീതത്തില്‍ നിന്ന്‍