Friday, April 29, 2011

അന്തോണിയോ മച്ചാദോ - സൂര്യനൊരഗ്നിഗോളം...



സൂര്യനൊരഗ്നിഗോളം...

സൂര്യനൊരഗ്നിഗോളം,
ചന്ദ്രനൊരു ധ്രൂമ്രഫലകം.

നൂറെത്തിയ നെടിയ സൈപ്രസ്
ഒരു വെണ്മാടപ്രാവിനു ചേക്കമരം.

വാസനക്കൊളുന്തുകളുടെ ചതുരത്തടങ്ങൾ
പൊടിയടിഞ്ഞു മങ്ങിയ സൂര്യപടങ്ങൾ പോലെ.

ഒരുദ്യാനം, പ്രശാന്തമായൊരപരാഹ്നം...
ഒരു വെണ്ണക്കൽത്തൊട്ടിയിൽ കുമിളയിടുന്ന ജലധാര.


ഇരുണ്ട സൈപ്രസ് മരങ്ങൾക്കു പിന്നിൽ...


ഇരുണ്ട സൈപ്രസ് മരങ്ങൾക്കു പിന്നിൽ
ചോരച്ചൊരസ്തമയത്തിന്റെ കനലുകൾ പുകയുന്നു...
നിഴലടഞ്ഞ വള്ളിക്കുടിലിൽ
ഒരു ജലധാരയ്ക്കു മേൽ
ചിറകു വച്ച കാമദേവന്റെ നഗ്നരൂപം
മൗനസ്വപ്നത്തിൽ.
വെണ്ണക്കൽത്താമ്പാളത്തിൽ
തളം കെട്ടുന്ന വെള്ളം.


Wednesday, April 27, 2011

നിസാർ ഖബ്ബാനി - പ്രണയകവിതകൾ

 


പ്രണയിക്കാൻ നിങ്ങളെപ്പഠിപ്പിക്കാൻ


പ്രണയിക്കാൻ നിങ്ങളെപ്പഠിപ്പിക്കാൻ
ഞാനാളല്ല ഗുരുവാകാൻ.
മീനുകൾക്കൊരു ഗുരു വേണ്ടല്ലോ
നീന്താനവയെപ്പഠിപ്പിക്കാൻ.
കിളികൾക്കൊരു ഗുരു വേണ്ടല്ലോ
പറക്കാനവയെപ്പഠിപ്പിക്കാൻ.
നിങ്ങൾ തന്നെ ചിറകെടുക്കൂ.
നിങ്ങൾ തന്നെയിറങ്ങിനീന്തൂ.
പ്രണയത്തിനില്ല പാഠപുസ്തകങ്ങൾ,
നിരക്ഷരരായിരുന്നു
ചരിത്രത്തിൽ പേരു കേൾപ്പിച്ച കമിതാക്കളും.


നിന്നെ പ്രണയിക്കുന്നുവെന്നു ഞാൻ നിന്നോടു പറയുമ്പോൾ

നിന്നെ പ്രണയിക്കുന്നുവെന്നു ഞാൻ നിന്നോടു പറയുമ്പോൾ
എനിക്കറിയാം
വായിക്കാനറിയാത്തൊരു നഗരത്തിനായി
പുതിയൊരക്ഷരമാല കണ്ടുപിടിക്കുകയായിരുന്നു ഞാനെന്ന്,
ആളൊഴിഞ്ഞ കസേരകൾക്കു മുന്നിൽ
കവിത വായിക്കുകയായിരുന്നു ഞാനെന്ന്,
ലഹരിയുടെ ആനന്ദങ്ങളറിയാത്തവർക്കു മുന്നിൽ
മദ്യമൊഴിച്ചുവയ്ക്കുകയായിരുന്നു ഞാനെന്ന്.


 

Tuesday, April 26, 2011

അന്തോണിയോ മച്ചാദോ - ഒരു സ്വപ്നത്തിന്റെ പടിവാതിലിൽ...


ഒരു സ്വപ്നത്തിന്റെ പടിവാതിലിൽ...




ഒരു സ്വപ്നത്തിന്റെ പടിവാതിലിൽ നിന്നാരോയെന്നെ വിളിച്ചു...
ആ മധുരസ്വരം, ഞാൻ സ്നേഹിക്കുന്ന ശബ്ദം.

'പറയൂ, ആത്മാവിലേക്കു ഞാൻ വിരുന്നു ചെല്ലുമ്പോൾ
ഒപ്പം വരില്ലേ നിങ്ങളും?'

'എന്നുമെന്നും നിന്റെയൊപ്പം...'
എന്റെ സ്വപ്നത്തിൽ മുന്നോട്ടു നീങ്ങി ഞാൻ
വിജനവും ദീർഘവുമായൊരിടനാഴിയിലൂടെ,
അവളുടെ വെണ്മേലാടയുരുമ്മിയും.
അവളുടെ കൈത്തണ്ടയിൽ സിരകളുടെ മൃദുതാളമറിഞ്ഞും.




നേരല്ലതു ദുഃഖമേ...

നേരല്ലതു ദുഃഖമേ, നിന്നെ ഞാനറിയുമേ:
ഒരു സുഖജീവിതത്തിനുള്ളഭിലാഷം നീ,
ഏകാന്തത നീ, കനം വച്ചൊരു ഹൃദയത്തിന്റെ,
ഒരു വഴികാട്ടിനക്ഷത്രമില്ലാതെ
കടലിൽ മുങ്ങിത്താഴാതെയുമൊഴുകുന്നൊരു നൗകയുടെ.


പിന്നാലെ ചെല്ലാനൊരു ഗന്ധമില്ലാതെ,
ഏതു ദിക്കെന്നില്ലാതെ തെരുവലയുന്നൊരു നായയെപ്പോലെ,
ഉത്സവരാത്രിയിൽ കൂട്ടം തെറ്റിയ കുട്ടിയെപ്പോലെ,
തിരക്കിൽ, പൊടിയിൽ, ആളുന്ന പന്തങ്ങൾക്കിടയിൽ
പേടിച്ചും, പാട്ടും ശോകവും കൊണ്ടു ഹൃദയം വിരണ്ടും.


അങ്ങനെയൊരാളാണു ഞാൻ.
ശോകം കനത്തൊരു മദ്യപൻ,
ഒരു വിഭ്രാന്തഗായകൻ, കവി,
സ്വപ്നങ്ങളിൽ സ്വയം മറന്ന പാവം,
മൂടൽമഞ്ഞിനുള്ളിൽ ദൈവത്തെത്തിരഞ്ഞു നടക്കുന്നവൻ.


Monday, April 25, 2011

അന്തോണിയോ മച്ചാദോ - കാവ്യകല


കാവ്യകല


ആത്മാവിനാനന്ദിക്കാനൊന്നേയുള്ളൂ.
പ്രണയം, പലനിറങ്ങളിലൊരു നിഴലിച്ച,
ഒരു മധുരസ്വപ്നം, പിന്നെ... പിന്നെയൊന്നുമില്ല:
പഴന്തുണിയിഴകൾ, ഉൾപ്പക, തത്വശാസ്ത്രം.
കണ്ണാടിയിലുടഞ്ഞുകിടക്കുന്നു
നീ നന്നായിപ്പാടിയൊരിടയഗാനം.
ഇന്നു, ജീവിതത്തോടു നീ പുറം തിരിഞ്ഞുനിൽക്കെ
നിന്റെ പ്രഭാതകീർത്തനമിങ്ങനെയാവട്ടെ:
ഹാ, എത്ര സുന്ദരമായ ദിവസം, കഴുവേറാൻ!


പഥികന്റെ പാട്ട്‌


പറയൂ, ചിരിക്കുന്ന വ്യാമോഹമേ,
എവിടെ വിട്ടുപോന്നു നീ നിന്റെ സോദരിവ്യാമോഹത്തെ,
ജലമുറയുന്ന ചിറയിൽ വീണുടഞ്ഞ വെയിൽനാളത്തെപ്പോലെ
കണ്ണുകൾ പിടയ്ക്കുന്ന ബാലികയെ?
ഏതു വെൺപുടവയിലും വെളുത്തതായിരുന്നു അവൾ,
ഏതു വെൺപനിനീർപ്പൂവിലും വെളുത്തതായിരുന്നു അവൾ.
മൃദുചുംബനങ്ങളോമനിച്ച മേനിയിൽ വീണുകിടന്നിരുന്നു
വാസനിയ്ക്കുന്ന പുലരിയുടെ മന്ദഹാസങ്ങളും.
അവളുടെ ചുണ്ടുകളിലുണ്ടായിരുന്നു
വിദൂരമായ കിന്നരങ്ങളുടെ നേർത്ത ഗാനം,
കുളിർകാറ്റലയുന്നൊരപരാഹ്നത്തിൽ
കാടിന്റെ വിഷാദിച്ച നിശ്വാസം പോലെ.
ഞാനവളെ സ്നേഹിച്ചിരുന്നു,
മണികളിമ്പത്തോടെ മുഴങ്ങുന്ന പ്രശാന്തസന്ധ്യകളിൽ
നീലിച്ചുപതയുന്ന മലകൾക്കു മേൽ
വെണ്മേഘങ്ങൾ കംബളം വിരിക്കുന്ന വേളയിൽ
അകലെയകലെ വിരിഞ്ഞുനിൽക്കുന്നൊരു
ലില്ലിപ്പൂവിന്റെ കിനാവു പോലെ.


 

Sunday, April 24, 2011

ഫ്രാന്‍സ്‌ കാഫ്ക–ഒന്നുകിൽ / അല്ലെങ്കിൽ



1912 ഡിസംബർ 23-24

പ്രിയപ്പെട്ടവളേ, എനിക്കെഴുതാൻ കഴിയാതെയാൽ എന്തു സംഭവിയ്ക്കും? ആ നിമിഷമെത്തിക്കഴിഞ്ഞുവെന്ന് എനിക്കു തോന്നിപ്പോവുന്നു; കഴിഞ്ഞ ഒരാഴ്ചയായി യാതൊന്നും ഞാൻ നേടിയിട്ടില്ല; പോയ പത്തു രാത്രികൾക്കിടയ്ക്ക്‌ (തുടരെത്തുടരെയുണ്ടായ തടസ്സങ്ങൾക്കിടയിലാണ്‌ ഞാൻ പണിയെടുത്തതെന്നും സമ്മതിക്കണം) ഒരിക്കലേ ശരിക്കുമെനിക്കു പ്രചോദനമുണ്ടായെന്നു പറയാനുള്ളു. ക്ഷീണം സ്ഥായിയായിരിക്കുന്നെനിയ്ക്ക്‌; ഉറങ്ങാനുള്ള അതിമോഹം എന്റെ തലയ്ക്കുള്ളിൽക്കിടന്നു വട്ടം ചുറ്റുകയാണ്‌. എന്റെ തലയോട്ടിയ്ക്കു മേലറ്റം ഇടതും വലതുമായി വല്ലാത്ത മുറുക്കം. ഇന്നലെ ഞാനൊരു കൊച്ചുകഥ തുടങ്ങിവച്ചതാണ്‌; എനിക്കത്രയ്ക്കു പ്രിയപ്പെട്ടതും, പേന തൊട്ടപ്പോഴേക്കും കണ്മുന്നിൽ തുറന്നുകിട്ടിയെന്നെനിയ്ക്കു തോന്നിയതും; ഇന്നതാകെ അടഞ്ഞുകൂടിയിരിയ്ക്കുന്നു; എന്തു സംഭവിക്കുമെന്നു ഞാൻ ചോദിക്കുമ്പോൾ എന്നെക്കുറിച്ചല്ല ഞാനാലോചിക്കുന്നത്‌; ഇതിലും വഷളായ കാലങ്ങൾ കടന്നുപോന്ന ഞാൻ ഇന്നും ഏറെക്കുറെ ജീവനോടെ ഇരിക്കുന്നണ്ടല്ലോ; എനിക്കായിട്ടെഴുതാനല്ല ഞാൻ പോകുന്നതെങ്കിൽ അത്രയുമധികം നേരം നിനക്കെഴുതാൻ എനിക്കു കിട്ടും; നിന്റെ സാമീപ്യമനുഭവിക്കാനും: ചിന്തിച്ചും, എഴുതിയും, ആത്മാവിനുള്ള ശക്തിയൊക്കെയെടുത്തു പൊരുതിയും ഞാൻ സൃഷ്ടിച്ചെടുത്ത ആ സാമീപ്യം- പക്ഷേ പിന്നെ നിനക്ക്‌, നിനക്കെന്നെ സ്നേഹിക്കാനാവില്ല. അതു പക്ഷേ, എനിക്കായിട്ടുള്ള എന്റെയെഴുത്തു നടക്കാത്തതു കൊണ്ടല്ല, മറിച്ച്‌ ഈ എഴുതാതിരിക്കുക എന്നത്‌ എന്നെ ഇപ്പോഴത്തേതിലും നികൃഷ്ടനും, സമനില തെറ്റിയവനും, മനസ്സുറപ്പു കുറഞ്ഞവനുമാക്കുമെന്നുമുള്ളതു കൊണ്ടാണ്‌; അങ്ങനെയൊരു ജീവിയെ സ്നേഹിക്കാൻ നിനക്കു കഴിയണമെന്നില്ല. പ്രിയപ്പെട്ടവളേ, തെരുവുകളിലെ സാധുകുട്ടികൾക്ക്‌ സന്തോഷം പകരുന്നവളാണു നീയെങ്കിൽ എന്റെ കാര്യത്തിലും അതു കാണിക്കേണമേ; അവരെപ്പോലെ തന്നെ സാധുവാണ്‌ ഈ ഞാനും. നിനക്കറിയില്ല വിൽക്കാത്ത സാധനങ്ങളുമായി സന്ധ്യയ്ക്കു വീട്ടിലേക്കു മടങ്ങുന്ന കിഴവനുമായി എനിക്കു തോന്നുന്ന അടുപ്പം- അവർക്കൊക്കെ നീ എന്തു ചെയ്തുകൊടുക്കുമോ, അതൊക്കെ എന്റെ കാര്യത്തിലും കാണിക്കേണമേ; അതിനി മറ്റു പലതിനെയുമെന്നപോലെ ഇതിനെയും നിന്റെ അമ്മ ദ്വേഷിക്കുമെങ്കിൽക്കൂടി (ഏവരും സ്വന്തം ഭാരങ്ങൾ നിരുപാധികം ചുമലേറ്റണം; അച്ഛനമ്മമാരുടെ കാര്യത്തിൽ സ്വന്തം മക്കളുടെ നിഷ്കളങ്കപ്രകൃതിയെച്ചൊല്ലിയുള്ള കോപമാണത്‌): ചുരുക്കത്തിൽ നീയെന്നെ തുടർന്നും സ്നേഹിക്കുമെന്നൊന്നു പറയൂ; എന്റെ പെരുമാറ്റം ഏതുവിധമായിരുന്നാലും എന്തു ത്യാഗം ചെയ്തും എന്നെ സ്നേഹിക്കൂ; അതിനായി എന്തു നാണക്കേടു സഹിക്കാനും തയാറാണു ഞാൻ- അല്ല, പറഞ്ഞുപറഞ്ഞു ഞാനെങ്ങോട്ടാണോ ഈ പോകുന്നത്‌?

ഒരു മനസ്സിന്റെ കാടു കയറിയ ചിന്തകളാണിവ, അതും ഒരൊഴിവുദിവസം, അതിനു വിശ്രമം കിട്ടേണ്ട ദിവസം! സ്ഥിതിഗതികൾ ഇങ്ങനെയായിരിക്കെ ഓഫീസിൽത്തന്നെ കുത്തിയിരുന്ന് ഒരു കൊടുങ്കാറ്റു പോലെ കുടിശ്ശികജോലികൾ ചെയ്തുതീർക്കേണ്ടതല്ലേ ഞാൻ? മനസ്സു മൊത്തം തന്റെ ജോലിയിലായ, കണിശക്കാരനും, ചിട്ടക്കാരനുമായ ഒരുദ്യോഗസ്ഥനാവേണ്ടതല്ലേ ഞാൻ? പിന്നെയൊരു വാദം ബാക്കിയുള്ളത്‌, ആദ്യത്തെ ഈ രണ്ടവധിദിവസങ്ങൾ കൊണ്ട്‌ ഞാനന്ധാളിച്ചുപോയതാവാമെന്നും, എവിടെത്തുടങ്ങണമെന്ന് ധൃതി കാരണം ഞാൻ മറന്നതാവാമെന്നുമുള്ളതാണ്‌; എന്തായാലും ഇതിലും നല്ലൊരു ക്രിസ്തുമസ്‌ എന്റെ ഓർമ്മയിലില്ലെന്നതും ശരിയാണല്ലോ (നിനക്കു വേണ്ടി പഴയ ഡയറികളിൽ ചിലതിൽ ഞാൻ പരതിനോക്കാം) - പക്ഷേ ഈ വാദങ്ങളൊന്നും ഗൗരവത്തിലെടുക്കരുതേ. ഇവിടെയും, മറ്റെവിടെയുമെന്നപോലെ, കണക്കിലെടുക്കാനുള്ളത്‌ ഒന്നുകിൽ-അല്ലെങ്കിൽ എന്നതു മാത്രം. ഒന്നുകിൽ എനിക്കൊരു സംഗതി ചെയ്യാം, അല്ലെങ്കിൽ ഇല്ല; ഇത്തവണ വിഷയം അവസാനിക്കുന്നത്‌ 'അല്ലെങ്കിൽ' എന്നതിൽ.

'നീയെന്നെ സ്നേഹിക്കുന്നുണ്ടോ, ഫെലിസ്‌?' എന്ന ചോദ്യത്തിനുത്തരമായി കൂറ്റൻ 'ഉവ്വുകളു'ടെ അവസാനിക്കാത്ത ഒരു നിര ഒന്നിനു പിന്നാലെ ഒന്നായി പിന്തുടരുമെന്നുള്ള കാലത്തോളം മറ്റെന്തിനെയും കീഴ്പ്പെടുത്താവുന്നതേയുള്ളു.

ഫ്രാൻസ്‌



റോബർട്ട്‌ ദിസ്നോസ്‌–കവിതകൾ





വേനൽക്കൊരു നടവഴിയിൽ


ഈ പാതവക്കത്തൽപ്പനേരമിരിക്കുക നാം,
വെയിൽച്ചൂടു കൊണ്ടും,
ഒരുനാളത്തെപ്പണി കഴിഞ്ഞ പൊടിയണിഞ്ഞും.
രാത്രിയെത്തും മുമ്പേ,
ആദ്യത്തെത്തെരുവുവിളക്കു കൊളുത്തും മുമ്പേ
ഓടയിൽ പ്രതിഫലിച്ചു നാം കാണും
ദൂരെ, വിദൂരചക്രവാളത്തിൽ
ചോര ചിന്തുന്ന മേഘങ്ങളെ,
മേൽക്കൂരകൾക്കു മേൽ
ഒരു നക്ഷത്രത്തിന്റെ പിറവിയും.




അവസാനത്തെക്കവിത

അത്രയേറെ നിന്നെ സ്നേഹിച്ചു ഞാൻ,
അത്രയേറെ നടന്നു ഞാ,നത്രയേറെപ്പറഞ്ഞു ഞാൻ.
അത്രയേറെ നിന്റെ നിഴലിനെ സ്നേഹിച്ചു ഞാൻ;
ഇന്നെനിക്കു ശേഷിച്ചതൊരു നിഴലിന്റെ ബാക്കിയും.
നിഴലുകൾക്കിടയിലൊരു നിഴലായാൽ മതിയെനിയ്ക്ക്‌,
ഒരു നിഴലിന്റെ നിഴലായാൽ മതിയെനിയ്ക്ക്‌,
നിന്റെ ജീവിതത്തിന്റെ തെളിവെയിലിൽ
വന്നുപോകാനൊരു നിഴൽ.






റോബർട്ട്‌ ദിസ്നോസ്‌ (1900-1945) - ഫ്രഞ്ച്‌ സർറിയലിസ്റ്റു കവി
link to desnos



Saturday, April 23, 2011

ഫെർണാണ്ടോ പെസ്സോവ– ഭാഷയും ദിവ്യത്വവും


256

ഉപജാപങ്ങൾ, നയതന്ത്രം, രഹസ്യസംഘങ്ങൾ, ഗൂഢാർത്ഥശാസ്ത്രങ്ങൾ- നിഗൂഢത ചൂഴ്‌ന്ന സംഗതികളോട്‌ ഭൗതികമെന്നു പറയാവുന്നൊരു ജുഗുപ്സയാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌. എന്നെ പ്രത്യേകിച്ചും ഈർഷ്യ പിടിപ്പിക്കുന്നവയാണ്‌ ഒടുവിൽ പറഞ്ഞ രണ്ടെണ്ണം- ദൈവങ്ങൾ, ഗുരുക്കന്മാർ, ലോകസ്രഷ്ടാക്കൾ ഇവരുമായി തങ്ങൾക്കുള്ള സവിശേഷസമ്പർക്കത്തിലൂടെ തങ്ങൾക്കു മാത്രമേ അറിയൂ പ്രപഞ്ചത്തിനടിസ്ഥാനമായിട്ടുള്ള മഹാരഹസ്യങ്ങൾ എന്ന ചിലരുടെ നാട്യം.

അവരുടെ അവകാശവാദങ്ങളെ വിശ്വസിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല; അതേസമയം മറ്റൊരാൾക്കതു കഴിയുമെന്നും ഞാൻ വിശ്വസിക്കുന്നു. പക്ഷേ ഈ ആളുകൾക്കൊക്കെ തലയ്ക്കു തുമ്പു കെട്ടുപോയതാണെന്നോ, അല്ലെങ്കിൽ അവരേതോ വ്യാമോഹത്തിൽപ്പെട്ടുപോയതാണെന്നോ കരുതുന്നതിൽ യുക്തിഭംഗമെന്തെങ്കിലുമുണ്ടോ? അവർ അനേകമുണ്ടെന്ന വസ്തുത ഒന്നിനുമുള്ള തെളിവുമല്ല, കാരണം, കൂട്ടമതിഭ്രമം നടപ്പുള്ളതാണ്‌.

എന്നെ ശരിക്കും ഞെട്ടിപ്പിക്കുന്ന കാര്യം ഈ ഐന്ദ്രജാലികരും അദൃശ്യശക്തികളുടെ ഉപാസകരും തങ്ങളുടെ നിഗൂഢതത്വങ്ങളെക്കുറിച്ചെഴുതുമ്പോൾ ആ എഴുത്ത്‌ അറപ്പുണ്ടാക്കുന്ന വിധത്തിലാവുന്നു എന്നതാണ്‌. പോർട്ടുഗീസ്ഭാഷയിൽ പ്രാവീണ്യം നേടാതെ തന്നെ ഒരാൾക്ക്‌ പിശാചിനെ വരുതിയിലാക്കാമെന്നത്‌ എന്റെ ബുദ്ധിയ്ക്ക്‌ ശരിയ്ക്കങ്ങു പിടികിട്ടുന്നില്ല. പിശാചുക്കളോടു മല്ലുപിടിയ്ക്കുന്നത്‌ വ്യാകരണത്തോടു മല്ലുപിടിയ്ക്കുന്നതിനേക്കാൾ എളുപ്പമാണെന്നുണ്ടോ? ഏകാഗ്രതയുടെയും ഇച്ഛാശക്തിയുടെയും സുദീർഘസന്നിവേശത്തിലൂടെ ഒരു വ്യക്തിയ്ക്ക്‌ പ്രേതദർശനം സാദ്ധ്യമാകുമെങ്കിൽ അതേ വ്യക്തിയ്ക്ക്‌ - അതിലും എത്രയോ കുറഞ്ഞ അളവിലുള്ള ഏകാഗ്രതയുടെയും ഇച്ഛാശക്തിയുടെയും പ്രയോഗത്തിലൂടെ - വാക്യഘടനയെക്കുറിച്ചൊരു ദർശനം എന്തുകൊണ്ടു കിട്ടിക്കൂടാ? ആഭിചാരശാസ്ത്രങ്ങളുടെ ഉപാസകരെ ഹൃദ്യമായി, ഒഴുക്കോടെയെങ്കിലും എഴുതുന്നതിൽ നിന്നു വിലക്കുന്നതായി - വ്യക്തതയോടെ എഴുതണമെന്നു ഞാൻ പറയില്ല, കാരണം, നിഗൂഢനിയമങ്ങൾ സ്വഭാവേന തന്നെ ദുർഗ്രാഹ്യമാവാം - എന്താണ്‌ അവയിലെ ഉപദേശങ്ങളിലും അനുഷ്ഠാനങ്ങളിലുമുള്ളത്‌? മനുഷ്യഭാഷയുടെ വർണ്ണവും താളവും പഠിയ്ക്കാൻ ഒരണുവോളമെങ്കിലും ബാക്കി വയ്ക്കാതെ ആത്മാവിന്റെ ഊർജ്ജമങ്ങനെതന്നെ ചെലവഴിക്കേണ്ടതുണ്ടോ ദൈവങ്ങളുടെ ഭാഷ പഠിയ്ക്കാൻ?

സാധാരണക്കാരാവാൻ കഴിയാത്ത ഗുരുക്കന്മാരെ എനിക്കു വിശ്വാസമാവാറില്ല. മറ്റാളുകളെപ്പോലെ എഴുതാൻ കഴിയാത്ത ആ കിറുക്കൻകവികളെപ്പോലെയാണ്‌ എനിക്കവർ. അവരുടെ വൈലക്ഷണ്യം ഞാൻ സമ്മതിച്ചുകൊടുത്തേക്കാം; അതുപക്ഷേ പ്രമാണങ്ങൾക്കതീതരാണു തങ്ങളെന്നതുകൊണ്ടാണ്‌, അല്ലാതെ പ്രമാണങ്ങളെ അനുസരിക്കാനുള്ള കഴിവുകേടു കൊണ്ടല്ല എന്നതിനൊരു തെളിവു കൂടി അവർ തന്നാൽ എനിക്കതു സന്തോഷമാവും.

ലളിതമായ കൂട്ടൽകിഴിയ്ക്കലിൽ പിഴവുകൾ വരുത്തുന്ന കേമന്മാരായ ഗണിതശാസ്ത്രജ്ഞന്മാരെക്കുറിച്ചു പറഞ്ഞുകേൾക്കാറുണ്ട്‌; പക്ഷേ ഞാനിവിടെ സംസാരിക്കുന്നത്‌ അജ്ഞതയെക്കുറിച്ചാണ്‌, പിഴവിനെക്കുറിച്ചല്ല. മഹാനായൊരു ഗണിതശാസ്ത്രജ്ഞന്‌ രണ്ടും രണ്ടും കൂട്ടി അഞ്ചു കിട്ടിയേക്കാമെന്ന് ഞാൻ സമ്മതിക്കുന്നു: ഒരു നിമിഷത്തേക്കു ശ്രദ്ധ ശിഥിലമായാൽ ആർക്കും അതു സംഭവിക്കാം. കൂട്ടൽകിഴിയ്ക്കൽ എന്താണെന്നോ, എങ്ങനെയാണതു ചെയ്യുന്നതെന്നോ അദ്ദേഹത്തിനറിയേണ്ട കാര്യമില്ലെന്നു പറഞ്ഞാൽ ഞാനതു സമ്മതിയ്ക്കില്ല. ആത്മീയഗുരുക്കന്മാരീൽ ബഹുഭൂരിപക്ഷത്തിന്റെയും കാര്യം ഇതുതന്നെ.

257

ചിന്ത ഉന്നതമാവാം, മനോജ്ഞമാവാതെ തന്നെ; അന്യരിൽ അതിന്റെ പ്രഭാവം അതേ അളവിൽ കുറഞ്ഞിരിക്കുമെന്നേയുള്ളു. മയമില്ലാത്ത ബലം വെറും പിണ്ഡം.

258

ക്രിസ്തുവിന്റെ പാദം സ്പർശിച്ചുവെന്നത്‌ കുത്തും കോമയുമിടാനറിയാത്തതിന്‌ ഒരു ന്യായീകരണമാവുന്നില്ല.

കുടിച്ചു ബോധം കെട്ടാലേ ഒരാൾക്കെഴുത്തു നന്നാവൂ എങ്കിൽ ഞാനയാളോടു പറയും: പോയി കുടിച്ചിട്ടു വാ. അതുകൊണ്ടു തന്റെ കരളു കേടാവുമെന്ന് അയാൾ പറഞ്ഞാൽ ഞാനിങ്ങനെ പറയും: തന്റെ കരളെന്താണിത്ര? തനിയ്ക്കു ജീവനുള്ള കാലത്തോളം ജീവനുണ്ടെന്നു പറയാവുന്ന ഒരു മൃതവസ്തു; താനെഴുതുന്ന കവിതകളോ, കാലാകാലത്തോളം  അവ ജീവിക്കും.


Friday, April 22, 2011

യഹൂദാ അമിച്ചായി - പ്രണയകവിതകള്‍


***


മുന്തിരിപ്പഴങ്ങൾ പോലെ നിന്റെ ചിരി:
ഉരുണ്ടു പച്ചനിറത്തിലൊരുപാടു ചിരികൾ.

ഗൗളികൾ നിന്റെയുടലുടനീളം:
സൂര്യനെ കാമിക്കുന്നവ.

പാടത്തു പൂക്കൾ പൊട്ടിമുളച്ചു, എന്റെ കവിളത്തു പുൽക്കൊടികളും.
എന്തും നടക്കുമെന്നായിരുന്നു.



***

നിന്റെ ഹൃദയം നിന്റെ സിരകളിൽ
ഒളിച്ചുകളിക്കുന്നു.

നിന്റെ കണ്ണുകളിപ്പോഴുമൂഷ്മളം,
അവയിൽ കിടന്നതു കാലം.

നിന്റെ തുടകൾ- രണ്ടോമനകളിന്നലെകൾ,
ഞാനിതാ വരുന്നു.

നൂറ്റമ്പതു സങ്കീർത്തനങ്ങളും
ഒരുമിച്ചാക്രോശിക്കുന്നു.


***



എന്റെയിടുപ്പിൽ നിന്നു
നിന്റെ തുടകളവർ ഛേദിച്ചുകളഞ്ഞു.
ശസ്ത്രക്രിയാവിദഗ്ധന്മാരായിരുന്നു അവർ.
ഒരാളൊഴിയാതെല്ലാവരും.

ഒരാളിൽ നിന്നൊരാളായി
നമ്മെയവർ വേർപെടുത്തിക്കളഞ്ഞു.
എഞ്ചിനീയർമാരായിരുന്നു അവർ.
കഷ്ടമേ.

ഒന്നാന്തരമൊരാവിഷ്കാരമായിരുന്നു നമ്മൾ:
ആണും പെണ്ണും കൂടിച്ചേർന്നൊരു വിമാനം,
ചിറകുമൊക്കെയായി:
ഭൂമിയിൽ നിന്നൊരുയരത്തിൽ പൊന്തിയിരുന്നു നാം.
ഒരൽപം നാം പറക്കുകയും ചെയ്തു.


***


എന്റെ തവിട്ടുകണ്ണുകൾക്കു
പച്ചയായിരുന്നു
നിന്റെ നീലക്കണ്ണുകൾ
ഈ രാത്രിയ്ക്കു ശേഷം.

വിരിപ്പിൽ ചുളിവുകൾ കണ്ടു;
വാർദ്ധക്യത്തിന്റേതല്ല.



***

'ഞങ്ങൾ പ്രണയിച്ചു' എന്ന ചത്ത വാക്കുകൾ
പായലു മൂടി പൂഴിയിൽ കിടന്നപ്പോൾ
കാണികളൊരുപാടു തടിച്ചുകൂടി.

രാത്രിയോളം നമ്മൾ കേട്ടുകിടന്നു
ആ സംഭവം നടന്നതെങ്ങനെയെന്നതിനു
തിരകളൊന്നൊന്നായി വന്നുപറഞ്ഞ വിവരണങ്ങളും.


 

Thursday, April 21, 2011

ഫെർണാണ്ടോ പെസ്സോവ - പ്രവൃത്തിയും നിവൃത്തിയും



ഒന്നിനോടും വിധേയത്വമില്ലാതിരിക്കുക, അതിനി ഒരു മനുഷ്യനാവട്ടെ, ഒരു പ്രണയമാവട്ടെ, ഒരാശയമാവട്ടെ; സത്യത്തിൽ വിശ്വസിക്കാതിരിക്കാൻ, സത്യമെന്നൊന്നുണ്ടെങ്കിൽ അതറിഞ്ഞതുകൊണ്ട്‌ പ്രയോജനമൊന്നുമില്ലെന്നു വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കുക- ഇതാണെന്നു തോന്നുന്നു ചിന്തിക്കാതെ ജീവിക്കാൻ കഴിയാത്തവരുടെ ധൈഷണികമായ ആന്തരജീവിതത്തിനു ചേർന്ന മനോഭാവം. മ്ലേച്ഛതയുടെ പര്യായമാണ്‌ വേഴ്ചകൾ. വിശ്വാസസംഹിതകൾ, ആശയങ്ങൾ, ഒരു സ്ത്രീ, ഒരു തൊഴിൽ- തടവറകളും തുടലുകളുമാണൊക്കെയും. സ്വാതന്ത്ര്യം തന്നെ അസ്തിത്വം. ഉത്കർഷേച്ഛ പോലും, നാമതിൽ അഭിമാനം കൊള്ളുന്നുവെങ്കിൽ, വിലങ്ങായി മാറുന്നു; നമ്മെ കെട്ടിവലിയ്ക്കുന്ന ചരടാണതെന്നു നമുക്കു ബോദ്ധ്യമായാൽ നാമതിൽ അഭിമാനം കൊള്ളുക തന്നെയില്ല. ഇല്ല: ഒരു കെട്ടുപാടും വേണ്ട, നമ്മോടു പോലും! അന്യരിൽ നിന്നെന്നപോലെ നമ്മിൽ നിന്നു തന്നെയും വിമുക്തരാവുക; സമാധിയില്ലാത്ത തപസ്വികൾ, നിഗമനങ്ങളിലെത്താത്ത ചിന്തകർ, ദൈവത്തിൽ നിന്നും വിടുതൽ നേടിയവർ-  തടവറമുറ്റത്ത്‌ നമ്മുടെ ആരാച്ചാരന്മാരുടെ ശ്രദ്ധ മാറിയതിനാൽ വീണുകിട്ടിയ അൽപനിമിഷങ്ങളുടെ ധന്യതയിൽ നാം ജീവിക്കുക.  നാളെ കൊലമരത്തിനു നേർക്കുനേർ നിൽക്കാനുള്ളവരാണ് നമ്മൾ. നാളെയല്ലെങ്കിൽ അതിനടുത്ത നാൾ. അന്ത്യം വന്നെത്തും മുമ്പ്‌ വെയിലും കൊണ്ടു നാമൊന്നുലാത്തുക, സകല പദ്ധതികളും അന്വേഷണങ്ങളും മനഃപൂർവ്വം മറന്നും. വെയിലത്തു നമ്മുടെ നെറ്റിത്തടങ്ങൾ ചുളിവുകളില്ലാതെ തിളങ്ങും, ആശകൾ വേണ്ടെന്നു വച്ചവർക്ക്‌ ഇളംകാറ്റിൽ കുളിരു കോരും.

ചരിവുള്ള മേശപ്പുറത്തേക്ക്‌ എന്റെ പേനയെടുത്തിട്ടിട്ട്‌ അതുരുണ്ടുപോകുന്നത്‌ കൈയും കെട്ടി ഞാൻ നോക്കിയിരിക്കുന്നു. ഒരു മുന്നറിവുമില്ലാതെ ഞാനിതൊക്കെ ഉള്ളിലറിഞ്ഞു. എന്റെ സന്തോഷമെന്നാൽ ഞാനനുഭവിക്കാത്ത രോഷത്തിന്റെ ഈയൊരു ചേഷ്ടയും.

236


ചിന്തിക്കുക തന്നെയും പ്രവൃത്തിയുടെ ഒരു രൂപമെന്നേ പറയാനാവൂ. വെറും ദിവാസ്വപ്നത്തിൽ, ക്രിയാത്മകമായതൊന്നും ഇടപെടാതിരിക്കുകയും, നമ്മുടെ ആത്മാവബോധം പോലും ചെളിയിൽ പൂന്തിപ്പോവുകയും ചെയ്യുന്ന ദിവാസ്വപ്നത്തിൽ- അസ്തിത്വമില്ലായ്മയുടെ ഊഷ്മളവും ഈറനുമായ  ആ ഒരവസ്ഥയിലേ പൂർണ്ണനിവൃത്തി നമുക്കു കൈവരിക്കാനാവൂ.

മനസ്സിലാക്കാൻ ശ്രമിക്കാതിരിക്കുക, വിശകലനങ്ങൾ നിർത്തുക...പ്രകൃതിയെ കാണും പോലെ നമ്മെയും കാണുക, ഒരു പാടം നോക്കിക്കാണും പോലെ നമ്മുടെ അനുഭൂതികളെയും വീക്ഷിക്കുക- അതാണ്‌ യഥാർത്ഥജ്ഞാനം.

252


മഹത്തായതിലെല്ലാം കുടികൊള്ളുന്ന ആ ഭവ്യശോകം- ഉയർന്ന മലകളിൽ, മഹാത്മാക്കളിൽ, ഗഹനമായ രാത്രികളിൽ, ചിരന്തനമായ കവിതകളിൽ.

233


റില്‍ക്കെ - അയൽക്കാരൻ


File:François Prume.jpg



ഞാനറിയാത്ത വയലിന്‍,
നീയെന്തിനെന്റെ പിന്നാലെ കൂടുന്നു? 
എത്രയെത്ര അന്യനഗരങ്ങളിൽ
നിന്റെയേകാന്തരാത്രി
എന്റെയേകാന്തരാത്രിയെ
പേരു ചൊല്ലി വിളിച്ചു.
നിന്നെ മീട്ടുന്നതു നൂറു പേരോ,
അല്ല, ഒരേയൊരാളോ?
ഏതു മഹാനഗരങ്ങളിലുമുണ്ടായിരിക്കുമോ ചിലർ,
നീയൊരാളില്ലെങ്കിൽ പുഴകളിൽ
ജിവിതം ഹോമിക്കുമായിരുന്നവർ?
ഒരുനാളുമിനിയെന്നെപ്പിരിയുകയുമില്ല നീയെന്നോ?
എന്റെഅയല്‍ക്കാരെന്തേ
എന്നുമിങ്ങനെയാവാൻ?
ഏതിലും ഭാരമേറിയതാണ്
ജീവിതത്തിന്റെ ഭാരമെന്നു പറയാൻ
നിന്നെ പീഡിപ്പിച്ചു പാടിക്കുകയാണവർ.



link to image


Wednesday, April 20, 2011

റൂമി - വട്ടപ്പൂജ്യം

 

zen1


നിസ്സഹായരാവുക,
കണ്ണും കാതുമടഞ്ഞവരാവുക,
അതെയെന്നോ അല്ലയെന്നോ പറയാനാവാതെയാവുക.
എങ്കിലുന്നതത്തിൽ നിന്നൊരു മഞ്ചമിറങ്ങിവരും,
നമ്മെ വാരിയെടുത്തുകൊണ്ടുപോകും.

പാട കെട്ടിയ നമ്മുടെ കണ്ണുകൾക്കാവില്ല
അതിന്റെ സൗന്ദര്യം കാണാൻ.
കഴിയുമെന്നു നാം സമർത്ഥിച്ചാൽ
അതൊരു നുണ.
ഇല്ലെന്നു പറഞ്ഞാൽ
നാമതു കാണുന്നുമില്ല.
ഇല്ല നമ്മെ ഗളഛേദം ചെയ്യും,
കാതലിലേക്കുള്ള വാതിലിറുക്കിയടയ്ക്കും.

അതിനാൽ തീർച്ചകൾ വെടിഞ്ഞവരാവുക നാം,
മതി കെട്ടവരാവുക നാം.
അതുകണ്ടതിശയജീവികളോടിവരട്ടെ
നമ്മെ തുണയ്ക്കാൻ.
മനം മറിഞ്ഞും, നാവിറങ്ങിയും
ഒരു വട്ടപ്പൂജ്യത്തിൽ വളഞ്ഞുകിടന്നും
നാമൊടുവിൽ പറഞ്ഞുവെന്നാവും
വമ്പിച്ച വാഗ്വൈഭവത്തോടെയും-
ഞങ്ങളെ നയിച്ചാലും.
ആ സൗന്ദര്യത്തിനടിയറവു പറഞ്ഞതിൽപ്പിന്നെ
വലുതായൊരു കാരുണ്യവുമാവും നാം.


Tuesday, April 19, 2011

റൂമി - അവനെ വശഗനാക്കാൻ


എന്റെ വാഗ്ധാടി കൊണ്ടു ഞാനവനെ വശത്താക്കും,
യുക്തി പറയുന്നു.

എന്റെ മൗനം കൊണ്ടു ഞാനവനെ വശത്താക്കും,
പ്രണയം പറയുന്നു.

എന്റേതൊക്കെ അവന്റേതായിരിക്കെ
എങ്ങനെ ഞാനവനെ വശത്താക്കാൻ?
ആത്മാവു ചോദിക്കുന്നു.

അവനു വേണ്ടതായില്ലൊന്നും,
അവനാവലാതികളില്ലൊന്നും,
സുഖാനുഭൂതികൾ വേണമെന്നില്ലവനും-
എങ്ങനെ ഞാനവനെ വശത്താക്കാൻ,
മധുരിക്കുന്ന മദിര കാട്ടി, പൊന്നും പണവും കാട്ടി?

മനുഷ്യന്റെ വടിവു പൂണ്ടവനെങ്കിലും
മാലാഖയാണവൻ.
മാലാഖമാർ പോലും പറക്കില്ല
അവന്റെ സാന്നിദ്ധ്യത്തിൽ-
എങ്ങനെ പിന്നെ ഞാനവനെ വശത്താക്കാൻ
സ്വർഗ്ഗീയമായൊരു രൂപമെടുത്തും?

അവൻ പറക്കുന്നതു ദൈവത്തിന്റെ ചിറകുകളിൽ,
നറുംവെളിച്ചമവനു ഭോജനം-
എങ്ങനെ ഞാനവനെ വശത്താക്കാൻ
ഒരപ്പക്കഷണമെടുത്തുകാട്ടി?

വ്യാപാരിയല്ലവൻ, തൊഴിലുടമയല്ലവൻ,
എങ്ങനെ ഞാനവനെ വശത്താക്കാൻ-
വലിയ ലാഭത്തിന്റെ പദ്ധതികൾ നിരത്തി?

അന്ധനല്ലവൻ, വിഡ്ഢിയുമല്ലവൻ-
എങ്ങനെ ഞാനവനെ വശത്താക്കാൻ
മരണക്കിടക്കയിലാണു ഞാനെന്നൊരഭിനയം നടത്തി?

ഭ്രാന്തനാവും ഞാൻ, മുടി പിഴുതെടുക്കും ഞാൻ,
ചെളിയിൽ മുഖമുരയ്ക്കും ഞാൻ-
എങ്ങനെയതുകൊണ്ടു ഞാനവനെ വശത്താക്കാൻ?

എല്ലാം കാണുന്നവനവൻ-
എങ്ങനെ ഞാനവനെ കബളിപ്പിയ്ക്കാൻ?

കീർത്തി തേടിപ്പോകില്ലവൻ,
മുഖസ്തുതി കേൾക്കുന്ന രാജാവുമല്ലവൻ-
എങ്ങനെ ഞാനവനെ വശത്താക്കാൻ
ഒഴുക്കുള്ള പദങ്ങളും കാവ്യാലങ്കാരങ്ങളും പാടി?

പ്രപഞ്ചമെങ്ങും അവന്റെയദൃശ്യരൂപം നിറയവെ
എങ്ങനെ ഞാനവനെ വശത്താക്കാൻ
വെറുമൊരു സ്വർഗ്ഗത്തിന്റെ വാഗ്ദാനം നൽകി?

ഭൂമി മുഴുവൻ ഞാൻ പനിനീർപ്പൂ വിതറാം,
കണ്ണീരു കൊണ്ടു കടലു നിറയ്ക്കാം,
കീർത്തനങ്ങൾ ചൊല്ലി മാനം കുലുക്കാം-
അതിനൊന്നുമാവില്ലവനെ വശത്താക്കാൻ.

വഴിയൊന്നേയുള്ളു
അവനെ,യെന്റെ പ്രിയനെ വശഗനാക്കാൻ-

അവന്റേതാവുക.


 

Monday, April 18, 2011

ഫെർണാണ്ടോ പെസ്സോവ - ഉറക്കമില്ലാത്ത രാത്രികൾ


ഉറക്കം മോശമായൊരു രാത്രിയ്ക്കു ശേഷം നമ്മെ ആർക്കും ഇഷ്ടമില്ലാതാവുന്നു. നമ്മെ വെടിഞ്ഞുപോയ ഉറക്കം നമ്മെ മനുഷ്യരാക്കുന്ന എന്തോ കൂടി എടുത്തുകൊണ്ടുപോയിരിക്കുന്നു. ചുറ്റുമുള്ള അചേതനമായ വായുവിലേക്കു കൂടി പടരുന്ന ഒരീർഷ്യ നാം നമ്മുടെയുള്ളിൽ കണ്ടെത്തുന്നു. നമ്മെ വെടിഞ്ഞുപോയതു നമ്മൾ തന്നെ; നമുക്കും നമുക്കുമിടയിലാണ്‌ നയതന്ത്രത്തിന്റെ നിശ്ശബ്ദയുദ്ധം നടക്കുന്നത്‌.

ഇന്നു ഞാനെന്റെ കാലടികളെയും കനത്ത ക്ഷീണത്തെയും തെരുവുകളിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി. ഒരു നൂൽപ്പന്തു മാതിരി ചുരുങ്ങിപ്പോയിരിക്കുന്നു എന്റെയാത്മാവ്‌; ഞാനെന്താണോ, ഞാനെന്തായിരുന്നുവോ, എന്നു പറഞ്ഞാൽ ഞാൻ, അതിന്റെ പേരും മറന്നിരിക്കുന്നു. നാളെ എന്നൊരു നാൾ എനിക്കുണ്ടോയെന്ന് എനിക്കറിയില്ല. എനിക്കുറങ്ങാൻ കഴിഞ്ഞില്ല എന്നേ എനിക്കറിയൂ; ചിലനേരത്തെനിയ്ക്കു തോന്നുന്ന മനക്കുഴപ്പമാവട്ടെ, എന്റെ ആത്മഭാഷണത്തിൽ നീണ്ട വിരാമങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു.

ഹാ, അന്യരാസ്വദിക്കുന്ന കൂറ്റൻ പൂന്തോപ്പുകൾ, അത്രയധികം പേർക്കു സുപരിചിതമായ ഉദ്യാനങ്ങൾ, ഒരുകാലത്തും എന്നെ അറിയാത്തവരായ മനുഷ്യർ നടന്നുപോകുന്ന നടക്കാവുകൾ! ഉറക്കമില്ലാത്ത രാത്രികൾക്കിടയിൽ തളം കെട്ടുകയാണു ഞാൻ, പുറംമോടിക്കാരനാവാൻ ധൈര്യമില്ലാത്തൊരാളെപ്പോലെ; സ്വപ്നം മുറിയും പോലെ എന്റെ ധ്യാനം ഞെട്ടുകയും ചെയ്യുന്നു.

വൈധവ്യം ഭവിച്ചൊരു വീടാണു ഞാൻ; ഒളിച്ചും നാണിച്ചും പ്രേതങ്ങൾ പെരുമാറുന്നൊരു വീട്‌. അടുത്ത മുറിയിലായിരിക്കും എപ്പോഴും ഞാൻ, അതല്ലെങ്കിൽ അവർ; എനിക്കു ചുറ്റും മരങ്ങളുടെ മുഖരമായ മർമ്മരം. അലഞ്ഞലഞ്ഞു കണ്ടെത്തുകയാണു ഞാൻ; അലയുകയാണെന്നതിനാൽ കണ്ടെത്തുകയുമാണു ഞാൻ. ഹാ, ഇതു നിങ്ങളോ, എന്റെ ബാല്യത്തിന്റെ നാളുകളേ, വള്ളിനിക്കറുമൊക്കെയിട്ട്‌!

ഇതിനൊക്കെയിടയിലും തെരുവിലൂടെ നടന്നു പോവുകയാണു ഞാൻ, തെണ്ടിനടക്കുന്ന ഒരുറക്കംതൂങ്ങിയായി, ഞെട്ടടർന്ന ഒറ്റയിലയായി. ഏതോ ഇളംതെന്നൽ എന്നെ നിലത്തു നിന്നു പൊന്തിച്ചു; ഒടുങ്ങുന്ന സന്ധ്യ പോലൊഴുകുകയാണു ഞാൻ, ഒരു ഭൂദൃശ്യത്തിന്റെ വിശദാംശങ്ങൾക്കിടയിലൂടെ. വലിഞ്ഞിഴുന്ന കാലുകൾക്കു മേൽ എന്റെ കൺപോളകൾ കനത്തുതൂങ്ങുന്നു. നടക്കുകയാണെന്നതിനാൽ ഉറങ്ങുകയാണെന്നു തോന്നുകയാണെനിക്ക്‌. എന്റെ ചുണ്ടുകൾ മുദ്ര വയ്ക്കാനെന്നപോലെ കൂട്ടിയടച്ചിരിക്കുകയാണെന്റെ വായ. ഒരു കപ്പൽ മുങ്ങിത്താഴുന്ന മാതിരിയാണു ഞാൻ നടക്കുന്നത്‌.

ഇല്ല, ഞാനുറങ്ങിയില്ല; ഉറങ്ങാത്തപ്പോൾ, എന്നിട്ടും ഉറക്കം വരാതിരിക്കുമ്പോൾ അധികമധികം ഞാനാവുകയാണു ഞാൻ. പാതി മുറിഞ്ഞൊരാത്മാവായി സ്വയം ഭാവന ചെയ്യുകയാണു ഞാൻ; അങ്ങനെയൊരവസ്ഥയുടെ യാദൃച്ഛികവും പ്രതീകാത്മകവുമായ നിത്യതയിൽ സാക്ഷാൽ ഞാനാവുകയുമാണു ഞാൻ. ഒന്നുരണ്ടു പേർ എന്നെയൊന്നു നോക്കിപ്പോവുന്നുണ്ട്‌, അവർക്കെന്നെ അറിയാമെന്നപോലെ, വിചിത്രമാണെന്റെ നടപ്പെന്നപോലെ. അസ്പഷ്ടമായ ഒരു ബോധവുമെനിക്കുണ്ട്‌, കൺപോളകൾക്കുള്ളിലുരുമ്മുന്ന കണ്ണുകൾ കൊണ്ട്‌ ഞാനവരെ തിരിഞ്ഞൊന്നു നോക്കിയപോലെയും; എന്നാലും ലോകമുണ്ടെന്നറിയാതിരിക്കാനാണെനിക്കിഷ്ടം.

എനിക്കുറക്കം വരുന്നു, വല്ലാതെ ഉറക്കം വരുന്നു!


അശാന്തിയുടെ പുസ്തകം-174



റില്‍ക്കെ - മാലാഖമാർ


കീർത്തിച്ചു കീർത്തിച്ചവർക്കു ചുണ്ടുകൾ കഴച്ചിരിയ്ക്കുന്നു,
വിളുമ്പുകളില്ലാത്തതാണവരുടെ സുതാര്യമായ ആത്മാക്കളും.
ചിലനേരമവരുടെ സ്വപ്നങ്ങളിൽ നിഴലു വീഴ്ത്തുന്നു
അടങ്ങാത്തൊരു ദാഹം ( പാപം ചെയ്യാനെന്നപോലെ).

അവരൊരാളൊരാളെപ്പോലെ,
ദൈവത്തിന്റെയുദ്യാനത്തിലവരുലാത്തുന്നു
അവന്റെ ഗംഭീരഗാനത്തിലെ
നിരവധിനിരവധിയന്തരങ്ങൾ പോലെ.

ചിലനേരമവർ ചിറകെടുക്കുമ്പോൾ
ചണ്ഢവാതങ്ങൾ പിടഞ്ഞെഴുന്നേൽക്കുന്നു,
പെരുന്തച്ചൻദൈവത്തിന്റെ തഴമ്പിച്ച വിരലുകൾ
ഉൽപ്പത്തിപ്പുസ്തകത്തിന്റെ ഇരുണ്ട താളു മറിയ്ക്കും പോലെ.



Sunday, April 17, 2011

ഫെർണാണ്ടോ പെസ്സോവ - ലോകത്തു ഞാൻ...



ലോകത്തു ഞാൻ...


ലോകത്തേകനായിരുന്നു ഞാൻ,
ദൈവങ്ങൾ വിധിച്ചതങ്ങനെ.
അവരോടു മല്ലുപിടിയ്ക്കുക വ്യർത്ഥം:
അവർ തന്നതു മറുത്തൊന്നു പറയാതെ ഞാൻ കൈക്കൊണ്ടു.
കാറ്റത്തുലയുന്ന ഗോതമ്പുകതിരുകളെപ്പോലെ,
കാറ്റടങ്ങുമ്പോൾ തല പൊക്കുന്ന കതിരുകളെപ്പോലെ.


നിങ്ങളുടെ നിയോഗത്തെ...


നിങ്ങളുടെ നിയോഗത്തെയനുസരിക്കൂ,
നിങ്ങളുടെ ചെടികൾക്കു നനച്ചുകൊടുക്കൂ,
നിങ്ങളുടെ പനിനീർപ്പൂക്കളെ സ്നേഹിക്കൂ.
അജ്ഞാതവൃക്ഷങ്ങളുടെ നിഴലു മാത്രം ശേഷമൊക്കെ.

നാമാഗ്രഹിച്ചതിൽ നിന്നെപ്പോഴും
അല്പം കുറവാകാം, കൂടുതലുമാകാം യാഥാർത്ഥ്യം.
നമ്മളേ നമുക്കു തുല്യമാകുന്നുള്ളു.

ഒറ്റയ്ക്കു ജീവിയ്ക്കുക തന്നെ നല്ലത്‌,
സരളമായി ജീവിക്കുക കുലീനവും.
വേദനകൾ അൾത്താരയിൽ വയ്ച്ചേക്കൂ
ദൈവങ്ങൾക്കുള്ള നിവേദ്യമായി.

അകലെ നിന്നു നോക്കിക്കാണുക ജീവിതത്തെ,
ചോദ്യങ്ങളുമതിനോടു വേണ്ട.
തിരിച്ചുപറയാനതിനൊന്നുമുണ്ടാവില്ല.
ദൈവങ്ങൾക്കുമതീതമാണുത്തരങ്ങൾ.

എന്നാലുമുള്ളിലനുകരിക്കുക ഒളിമ്പസ്സിനെ,
ദൈവങ്ങൾ ദൈവങ്ങളായിരിക്കുന്നത്‌
തങ്ങളാരെന്നു ചിന്തിക്കാൻ
അവർ മിനക്കെടുന്നില്ലെന്നതിനാൽ.


 

ഫെർണാണ്ടോ പെസ്സോവ - പുഴയും പാടവും കാണാൻ




ഇന്നതികാലത്തേ ഞാനിറങ്ങിനടന്നു...

ഇന്നതികാലത്തേ ഞാനിറങ്ങിനടന്നു,
പതിവിലും നേരത്തേ ഞാനുണർന്നുവെന്നതിനാൽ,
യാതൊന്നും ചെയ്യണമെന്നെനിക്കില്ലായിരുന്നുവെന്നതിനാൽ.

ഏതു വഴി പോകണമെന്നെനിയ്ക്കറിയില്ലായിരുന്നു,
ഒരു വശത്തു പക്ഷേ കാറ്റാഞ്ഞുവീശിയിരുന്നു,
അതു തള്ളിവിട്ട വഴിയേ ഞാൻ നടന്നു.

ഇതു മാതിരിയായിരുന്നിതേവരെയെന്റെ ജീവിതം,
ഇതു മാതിരി തന്നെയാവട്ടെയിനിയുള്ള കാലവും-
ഞാൻ പോകുന്നതു കാറ്റു കൊണ്ടുപോകുന്നിടത്തേക്ക്‌,
ചിന്തിക്കുക വേണ്ടതില്ലാത്തിടത്തേക്ക്‌.



പുഴയും പാടവും കാണാൻ

പുഴയും പാടവും കാണാൻ
ജനാല തുറന്നിട്ടതു കൊണ്ടായില്ല,
മരവും പൂവും കാണാൻ
അന്ധനല്ലെന്നായതു കൊണ്ടുമായില്ല.
ഒരു തത്ത്വശാസ്ത്രവുമുണ്ടാവരുതെന്നുമുണ്ട്‌.
തത്ത്വശാസ്ത്രത്തിനു മരങ്ങളില്ല, ആശയങ്ങൾ മാത്രം.
നാമോരോരുത്തരും മാത്രം, ഓരോരോ ഗുഹകൾ പോലെ.
ചേർത്തടച്ചൊരു ജനാലയും പുറത്തൊരു  മുഴുവൻ ലോകവും;
ജനാല തുറന്നിരുന്നുവെങ്കിൽ
പുറത്തെന്തൊക്കെക്കാണാമായിരുന്നുവെന്ന സ്വപ്നവും;
അതാകട്ടെ, ജനാല തുറന്നാൽ നിങ്ങൾ കാണുന്നതുമല്ല.


 

ടാങ്ങ്‌ കവിതകൾ

File:Gao Xiang-Tanzhi Pavillion.jpg


ലിയു ചാങ്ങ്‌-ചിങ്ങ്‌ (733-)


തീർത്ഥാടകൻ

മുളംകാവിനുള്ളിലൊരൊരമ്പലം,
സന്ധ്യമണി മുട്ടുന്ന പതിഞ്ഞ നാദം,
മലയിറങ്ങുന്ന ഭക്തന്റെ ചുമലിലേറി
അകന്നകന്നുപോകുമസ്തമയം.


ഒരു നന്തുണി

പൈൻമരങ്ങളിൽ കുളിരു വീശുന്ന
തെന്നലാണു നിന്റെ നന്തുണി;
ആരും കാതോർത്തു നിൽക്കുന്നുമില്ല
അതിന്റെയോമനപ്പാട്ടുകൾ കേൾക്കാൻ.



ചെൻ ത്‌സു-ആങ്ങ്‌ (656-698)

ഒരു നഗരകവാടത്തിൽ

എവിടെ,യെന്മുന്നിൽ പൊയ്പ്പോയൊരക്കാലങ്ങൾ?
എവിടെ,യെൻ പിന്നിൽ വരാനുള്ള കാലങ്ങൾ?
ഓർത്തുപോയ്‌ ഞാനപ്പോൾ മണ്ണിനെ, മാനത്തെ-
സീമയുമന്ത്യവുമില്ലാത്ത സ്ഥായികൾ;
ഏകനീ ഞാനെന്നു കണ്ണീരു വാർത്തു ഞാൻ.



ലിയു ത്‌സുങ്ങ്‌-യുവാൻ (773-819)

പുഴമഞ്ഞ്‌

ഒരു നൂറു മലകളുണ്ടൊരു കുഞ്ഞുകിളിയില്ല,
ഒരു നൂറു പാതകളുണ്ടൊരു കാലടിപ്പാടില്ല;
ഒരു കൊതുമ്പുവള്ളം, ഒരു മുളങ്കുപ്പായം,
പുഴമഞ്ഞിൽ ചൂണ്ടയിടും ഒരു വൃദ്ധരൂപം.



ചൈനീസ്‌ കവിതയുടെ സുവർണ്ണകാലമായിരുന്നു ഏഴു മുതൽ പത്തു വരെയുള്ള നൂറ്റാണ്ടുകളിലെ ടാങ്ങ്‌ ഭരണകാലം. ലീ ബോ, ദു ഫു, വാങ്ങ്‌ വെയ്‌, മെങ്ങ്‌ ഹാവോ റാൻ ഇവരൊക്കെ ആ കാലത്തെഴുതിയിരുന്നവരാണ്‌.


link to image


Saturday, April 16, 2011

ഫെർണാണ്ടോ പെസ്സോവ - മരണം

File:Coat Silhouette.svg

എന്തുകൊണ്ടെന്നെനിക്കത്ര തീർച്ചയില്ല, മരണത്തെക്കുറിച്ചൊരു മുന്നറിവു കിട്ടിയ പോലെ ചിലനേരമെനിക്കു തോന്നിപ്പോവാറുണ്ട്‌...അതൊരുപക്ഷേ ഇന്നതെന്നില്ലാത്ത ഒരാതുരതയാവാം; വേദനയായി മൂർത്തരൂപം പ്രാപിക്കാത്തതിനാൽ ഒരില്ലായ്മയായി, അന്ത്യമായി രൂപം മാറുകയാവാമത്‌. ഇനിയഥവാ, നിദ്രയ്ക്കു നൽകാനാവുന്നതിനെക്കാൾ അഗാധമായ ഒരു മയക്കമാവശ്യമായ ഒരു ക്ഷീണവുമാവാമത്‌. നാളു ചെല്ലുന്തോറൂം അവസ്ഥ വഷളായി, ഒടുവിൽ ശാന്തനായി, ഖേദങ്ങളകന്നും, കിടക്കവിരിപ്പിൽ അള്ളിപ്പിടിച്ചിരുന്ന ക്ഷീണിച്ച വിരലുകൾ നീട്ടിയിടുന്ന ഒരു ദീനക്കാരനെപ്പോലെയാണു ഞാനെന്നെനിക്കു തോന്നിപ്പോവുന്നുവെന്നേ എനിയ്ക്കറിയൂ.

അപ്പോൾ ഞാൻ അലോചിച്ചുപോവുകയുമാണ്‌, എന്താണ്‌ നാം ഈ മരണമെന്നു വിളിയ്ക്കുന്ന വസ്തുവെന്ന്. ഞാനർത്ഥമാക്കുന്നത്‌ മരണത്തിന്റെ നിഗൂഢതയെയല്ല; അതിന്റെ ആഴം ഒരിക്കലും എനിക്കു പിടികിട്ടാൻ പോകുന്നില്ല; ജീവിതത്തിന്റെ തുടർച്ച നിലയ്ക്കുക എന്ന ഭൗതികബോധത്തിന്റെ കാര്യമാണു ഞാൻ പറയുന്നത്‌. മനുഷ്യന്‌ മരണത്തെ ഭയമാണ്‌; പക്ഷേ ആ ഭയത്തിന്‌ തീർച്ചയുള്ള ഒരു രൂപവുമില്ല. സാമാന്യക്കാരനായ ഒരു മനുഷ്യൻ നേരിട്ടുള്ള ഒരു യുദ്ധത്തിൽ പിന്നോക്കം പോവുകയില്ല; അങ്ങനെയൊരാൾ രോഗമോ വാർദ്ധക്യമോ പ്രാപിയ്ക്കുമ്പോൾ ഇല്ലായ്മയുടെ ഗർത്തത്തെ ഭീതിയോടെ വീക്ഷിയ്ക്കുക എന്നതും അപൂർവ്വമാണ്‌, ആ ഇല്ലായ്മയുടെ അനിവാര്യതയെ അയാൾ അംഗീകരിയ്ക്കുമെങ്കിൽക്കൂടി. അയാൾക്കു ഭാവനാശേഷി ഇല്ലെന്നതാണതിനു കാരണം. ചിന്താശീലനായ ഒരാൾക്ക്‌ ഒരിക്കലും മരണത്തെ വെറുമൊരു മയക്കമായി കാണാനാവില്ല. മരണം ഉറക്കത്തിനു സദൃശമല്ലെങ്കിൽ നാമതിനെ മയക്കമെന്നെന്തിനു വിളിയ്ക്കണം? ഉറക്കത്തിന്റെ അടിസ്ഥാനഭാവമാണ്‌ നാമതിൽ നിന്നുണരുന്നുവെന്നത്‌; മരണത്തിൽ നിന്നുണരാനാവുമെന്നത്‌ നമ്മുടെ സങ്കൽപ്പത്തിലില്ലാത്തതുമാണല്ലോ. മരണം ഉറക്കത്തിനു സദൃശമാണെങ്കിൽ നാമതിൽ നിന്നുണരുമെന്നു കൂടി നമുക്കു സങ്കൽപ്പിയ്ക്കേണ്ടിവരും; പക്ഷേ ഒരു സമാന്യൻ അങ്ങനെ സങ്കൽപ്പിയ്ക്കാറില്ല; ഒരാളും പിന്നെയുണരാത്ത ഒരു മയക്കമാണ്‌, എന്നു പറഞ്ഞാൽ ഒരില്ലായ്മയാണ്‌ മരണം എന്നേ അയാൾ മനസ്സിൽ കാണൂ. മരണം മയക്കത്തിനു സദൃശമല്ല, കാരണം, മയക്കത്തിൽ നമുക്കു ജീവനുണ്ട്‌, നാമുറങ്ങുകയാണ്‌; നമ്മെ സംബന്ധിച്ചിടത്തോളം മരണം എന്തിനോടെങ്കിലും സദൃശമാണെന്ന് എങ്ങനെ പറയാൻ കഴിയുമെന്നെനിയ്ക്കറിയില്ല; കാരണം നമുക്കതനുഭവമല്ല, അതിനോടു താരതമ്യം ചെയ്യാൻ എന്തെങ്കിലുമുള്ളതായി നമ്മുടെ അറിവിലുമില്ല.

ഒരു ജഡം കാണുമ്പോഴൊക്കെ മരണം ഒരു വേർപാടു പോലെയാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌. എടുക്കാൻ വിട്ടുപോയ ഒരു വേഷമാണ്‌ ജീവൻ പോയ ഉടലെന്നെനിയ്ക്കു തോന്നിപ്പോവുന്നു. ആരോ ഇവിടം വിട്ടുപോയി; തനിയ്ക്കാകെയുള്ള ഒരുടുവസ്ത്രം കൂടെയെടുക്കണമെന്ന് അയാൾക്കു തോന്നിയതുമില്ല.


അശാന്തിയുടെ പുസ്തകം - 40

Friday, April 15, 2011

മെനാൻഡർ - ചിതാലേഖം


താനിതാരെന്ന സംശയമാണു നിങ്ങൾക്ക്‌?
ചുറ്റിനടക്കുമ്പോൾ ചുറ്റുമുള്ള ശവമാടങ്ങളുമൊന്നു നോക്കൂ;
അവയിൽക്കിടപ്പുണ്ടെലുമ്പുക,ളെളിമപ്പെട്ടവ,
കാറ്റൊഴിഞ്ഞ പൂഴിമൺതരികളും;
പ്രഭുക്കൾ, സമ്രാട്ടുകളെന്നു കേൾവിപ്പെട്ടവരാണവർ,
മഹാമനസ്സുകൾ, മഹാബലികൾ, കുബേരന്മാരുമാണവർ.
ഉടലിന്റെ പുഷ്കലയൗവനവും
പേരാളുന്ന കീർത്തിയും സ്വന്തമായിരുന്നവരാണവർ.
കാലത്തെത്തടുക്കാനാവതുള്ള പരിചയായില്ലവയൊന്നും.
ഒന്നു നോക്കിനിൽക്കൂ,
ജീർണ്ണിപ്പിന്റെ രീതിയേതുവിധമെന്നൊന്നു കണ്ടുനോക്കൂ.
കണ്ണു തുറന്നൊന്നു നോക്കൂ,
താനിതാരെന്നു കണ്ണു കൊണ്ടു കണ്ടറിയൂ.


(ക്രി.മു 342-291)

link to menander


Thursday, April 14, 2011

ഫെർണാണ്ടോ പെസ്സോവ -ഒറ്റയാൻ


ഒറ്റപ്പെടൽ അതിന്റെ രൂപത്തിലും ഛായയിലും എന്നെ കൊത്തിയെടുത്തിരിക്കുന്നു. മറ്റൊരാളുടെ സാന്നിദ്ധ്യം - അതിനി ഏതൊരാളാവട്ടെ - തത്ക്ഷണം എന്റെ ചിന്തയെ പിന്നോട്ടടിയ്ക്കുകയാണ്‌; ഒരു സാധാരണമനുഷ്യന്‌ അന്യരുമായുള്ള സമ്പർക്കം ഭാഷാപ്രയോഗത്തിനും രസികത്തത്തിനുമുള്ള ഉത്തേജകമായിരിക്കുമ്പോൾ എന്റെ കാര്യത്തിലത്‌ ഒരു പ്രത്യുത്തേജകമാണ്‌, അങ്ങനെയൊരു സംയുക്തപദം ഭാഷാശാസ്ത്രപരമായി ശരിയാണെങ്കിൽ. ഒറ്റയ്ക്കായിരിക്കുമ്പോൾ  രസം പിടിച്ച അഭിപ്രായപ്രകടനങ്ങൾ, ആരും പറഞ്ഞിട്ടില്ലാത്തതിനോടുള്ള എടുത്തടിച്ച മറുപടികൾ, ആരോടുമല്ലാതെയുള്ള വേഴ്ചയിലെ മിന്നൽ പാളുന്ന നേരമ്പോക്കുകൾ - ഇതൊക്കെ മനസ്സിൽ കാണാനെനിയ്ക്കു കഴിയുന്നുണ്ട്‌,. പക്ഷേ ഉടലോടെ ഒരാളെ മുന്നിൽ കാണുമ്പോൾ  ഇപ്പറഞ്ഞതൊക്കെ ആവിയായിപ്പോവുകയാണ്‌: എനിക്കെന്റെ ബുദ്ധി മന്ദിച്ചുപോവുന്നു, എന്റെ നാവിറങ്ങിപ്പോവുന്നു, അര മണിക്കൂർ കഴിയുമ്പോഴേക്കും ഞാനാകെത്തളർന്നുവെന്നുമാവുന്നു. സത്യം, അന്യരോടു സംസാരിക്കുകയെന്നാൽ ഉറക്കം വരുന്നപോലെയാണെനിക്ക്‌. മായാരൂപികളും ഭാവനയിലുള്ളവരുമായ സുഹൃത്തുക്കൾ, സ്വപ്നത്തിൽ ഞാൻ നടത്തുന്ന സംഭാഷണങ്ങൾ - അവയേ ശരിയ്ക്കും യഥാർത്ഥവും മൂർത്തവുമായിട്ടുള്ളു; അവയിൽ എന്റെ ധിഷണ കണ്ണാടിയിൽ പ്രതിബിംബമെന്നപോലെ വെട്ടിത്തിളങ്ങുകയും ചെയ്യുന്നു.

മറ്റൊരാളുമായി സമ്പർക്കത്തിലേർപ്പെടുക എന്ന ചിന്ത തന്നെ എന്നെ അധൈര്യവാനാക്കുന്നു. ഒരു സുഹൃത്ത്‌ എന്നെ അത്താഴത്തിനു ക്ഷണിക്കുന്നതു പോലും എന്നിലുളവാക്കുന്ന ഉത്കണ്ഠ നിർവ്വചനങ്ങൾക്കതീതമായിരിക്കും. സാമൂഹ്യമായ ഉത്തരവാദിത്തങ്ങൾ, അതിനിയെന്താവട്ടെ, ഒരു ശവസംസ്കാരച്ചടങ്ങിൽ പങ്കുകൊള്ളുക, ഓഫീസുകാര്യവുമായി ബന്ധപ്പെട്ട്‌ ആരോടെങ്കിലും സംസാരിക്കേണ്ടിവരിക, എനിക്കു പരിചയമുള്ള അല്ലെങ്കിൽ പരിചയമില്ലാത്ത ആരെയെങ്കിലും സ്റ്റേഷനിൽ കാത്തുനിൽക്കുക- അതിനെക്കുറിച്ചോർക്കുമ്പോൾത്തന്നെ ഒരു പകൽനേരത്തേക്ക്‌ എന്റെ ചിന്തകൾ കലുഷമായിപ്പോകുന്നു; ചിലപ്പോഴാവട്ടെ, തലേ രാത്രിയിൽത്തന്നെ ഞാൻ വേവലാതിപ്പെട്ടു തുടങ്ങുകയും, അങ്ങനെ ഉറക്കം തന്നെ ശരിപ്പെടാതെവരികയും ചെയ്യും. കാര്യം നടന്നു കഴിയുമ്പോഴാണ്‌ ഞാൻ അത്രകണ്ടു പേടിച്ച ആ  സംഗതികൾ തീർത്തും അഗണ്യമാണെന്നറിയുന്നത്‌, എന്റെ ഉത്കണ്ഠകൾക്കൊന്നിനു പോലും ന്യായീകരണമില്ലായിരുന്നുവെന്നു വരുന്നത്‌. പക്ഷേ അടുത്ത തവണയൗം ഇതു തന്നെ ആവർത്തിക്കും: ഞാനൊരിക്കലും പഠിക്കാൻ പഠിക്കില്ല.

'ഏകാന്തതയുടേതാണ്‌, മനുഷ്യരുടേതല്ല, എന്റെ ശീലങ്ങൾ.' എനിക്കറിയില്ല അതു പറഞ്ഞത്‌ റൂസോയോ, സെനാൻകോറോ എന്ന്. ആരായാലും എന്റെ ജനുസ്സിൽപ്പെട്ട ഒരു മനസ്സു തന്നെ; എന്റെ വർഗ്ഗത്തെക്കുറിച്ച്‌ ഇതിലധികമൊന്നും പറയാനില്ലെന്നുമാവാം.


അശാന്തിയുടെ പുസ്തകം -49


യഹൂദാ അമിച്ചായി - അതേ നിറം, അതേ തുന്നൽ



അമ്മയെനിക്കു ചുട്ടുതന്നിരുന്നു...


അമ്മയെനിക്കു ലോകമങ്ങനെതന്നെ ചുട്ടുതന്നിരുന്നു
മധുരിക്കുന്ന അപ്പമായി.
എന്റെ കാമുകി എന്റെ ജനാല നിറച്ചുതന്നിരുന്നു
നക്ഷത്രങ്ങളുടെ ഉണക്കമുന്തിരിപ്പഴങ്ങളുമായി.
എന്റെ അഭിലാഷങ്ങൾ എന്റെ ഉള്ളിലുമടങ്ങി
ഒരപ്പക്കഷണത്തിലെ കുമിളകൾ പോലെ.
പുറമേ മിനുത്തതും ശാന്തവും മൊരിഞ്ഞതുമാണു ഞാൻ.
ലോകത്തിനരുമയുമാണു ഞാൻ.
എന്നാൽ വറ്റിവരളുന്നൊരു ചതുപ്പിലെ ഓടത്തണ്ടുകൾ പോലെ
മ്ലാനമാണെന്റെ മുടിനാരുകൾ-
എന്നിൽ നിന്നു പറന്നകലുകയുമാണ്‌
അലങ്കാരത്തുവൽ വച്ച അപൂർവ്വപക്ഷികൾ.

1956


ചുടുകാറ്റത്ത്‌


അരളിപ്പൂക്കളനുധാവനം ചെയ്ത ഒരു തീവണ്ടി
മലകളുടെ പൊള്ളുന്ന തുടകൾക്കിടയിലൂടെ പാഞ്ഞൊളിക്കുന്നു.

ഒലീവുമരങ്ങൾ വിരണ്ടു കണ്മിഴിക്കുന്നു,
പല്ലികളെയുമോന്തുകളെയും കുടഞ്ഞിടുന്നു.

സൂര്യനൊരു സൂര്യനു പിറവി കൊടുക്കുന്നു,
ഒരു സൂര്യനും, പിന്നെയൊരു സൂര്യനും.

പൊടിപടലത്തിന്റെ യവനിക മാറുന്നു,
നാലുപാടും തൊഴിയ്ക്കുന്നൊരു വായുവിനെ കാണുമാറാകുന്നു.

പല്ലുപോയ ഭൂമി മന്ത്രിക്കുന്നു
ഭ്രാന്തൻമുള്ളുകൾ, വാൻഗോഗിനെപ്പോലെ.

1978


അതേ നിറം, അതേ തുന്നൽ


തലയിൽ ഉച്ചിത്തൊപ്പി വച്ച ഒരാളെ ഞാൻ കണ്ടു,
പണ്ടൊരിക്കൽ ഞാൻ പ്രേമിച്ച ഒരു പെണ്ണിന്റെ അടിയുടുപ്പിനും
അതേ നിറവും അതേ തുന്നലുമായിരുന്നു.

ഞാനയാളെ നോക്കിയതെന്തിനെന്നയാൾക്കു മനസ്സിലായില്ല,
അയാൾ കടന്നുപോയിട്ടും ഞാൻ തിരിഞ്ഞുനോക്കിയതെന്തിനെന്നും;
തോളൊന്നു വെട്ടിച്ച്‌ അയാൾ നടന്നുപോയി.

ഞാൻ തന്നെത്താൻ പിറുപിറുക്കുകയായിരുന്നു:
അതേ നിറം, അതേ തുന്നൽ,
അതേ നിറം, അതേ തുന്നൽ.

1983


Wednesday, April 13, 2011

യഹൂദാ അമിച്ചായി - പിറന്ന നാട്ടിൽ നിന്നകലെ...


പിറന്ന നാട്ടിൽ നിന്നകലെ...


പിറന്ന നാട്ടിൽ നിന്നൊരാളേറെക്കാലമകലെക്കഴിയുമ്പോൾ
അയാളുടെ ഭാഷ കൂടുതൽ കൃത്യമാവുന്നു, ശുദ്ധമാവുന്നു, പിഴ വരാത്തതുമാവുന്നു,
ഒരുകാലത്തും മഴ വീഴാത്തൊരു നീലിച്ച പശ്ചാത്തലത്തിൽ
മൂർച്ചയോടെ വരഞ്ഞിട്ട ഗ്രീഷ്മമേഘങ്ങളെപ്പോലെ.

ഒരുകാലത്തു പ്രണയത്തിലായിരുന്നവരും ചിലനേരം
ഒരു പ്രണയഭാഷ സംസാരിച്ചുവെന്നുവരാം,
വന്ധ്യവും വിമലവും, മാറാത്തതും വഴങ്ങാത്തതും.

എന്നാൽ ഞാനോ, നാട്ടിൽത്തങ്ങിയ ഞാനുപയോഗിക്കുന്നത്‌
മലിനമായ വായും ചുണ്ടും നാവും.
എന്റെ വാക്കുകളിൽ കലർന്നിരിക്കുന്നു
ആത്മാവിന്റെ മലം, വികാരങ്ങളുടെ കുപ്പ, പൊടിയും വിയർപ്പും.
എന്റെ ആക്രന്ദനങ്ങൾക്കും വികാരത്തിന്റെ മന്ത്രണങ്ങൾക്കുമിടയിൽ
ഞാൻ കുടിക്കുന്ന വെള്ളം പോലും,
വെള്ളം കിട്ടാത്ത ഈ നാട്ടിൽ
ഞാനൊഴിക്കുന്ന മൂത്രം തന്നെ,
ജഡിലമായ ഒരു പ്രക്രിയയിലൂടെ ശുദ്ധീകരിച്ചെടുത്തത്‌.

1978



എന്റെ ദൈവമേ...

എന്റെ ദൈവമേ,
നീയെനിക്കു തന്ന ആത്മാവു വെറും പുകയാണല്ലോ,
പ്രണയസ്മൃതികളുടെ കെടാത്ത തീയിൽ നിന്നുയരുന്നത്‌.
പിറവിയെടുത്തതും ഞങ്ങളെരിഞ്ഞുതുടങ്ങുകയായി,
പുക പോലെ പുകയലിഞ്ഞുപോകും വരെ.

1978



വിമാനത്തിലെ പരിചാരിക

പുകയുന്നതൊക്കെക്കെടുത്താൻ വിമാനത്തിലെ പരിചാരിക പറഞ്ഞു,
സിഗരറ്റ്‌, സിഗാർ, പൈപ്പ്‌, ഏതൊക്കെയെന്നവൾ വിശദീകരിച്ചുമില്ല.
മനസ്സിൽ ഞാനവളോടു മറുപടി പറഞ്ഞു: സുന്ദരമായ പ്രണയസാമഗ്രികൾ തന്നെ നിനക്കുള്ളത്‌,
ഏതൊക്കെയെന്നു ഞാൻ വിശദീകരിച്ചുമില്ല.

കൊളുത്തിടാൻ, സീറ്റുബൽറ്റിടാൻ അവളെന്നോടു പറഞ്ഞു.
ഞാനവളോടു മറുപടിയും പറഞ്ഞു:
എന്റെ ജീവിതത്തിലെ സകലകൊളുത്തുകൾക്കും
നിന്റെ വായയുടെ വടിവാകണമെന്നുണ്ടെനിക്ക്‌.

പിന്നെയവൾ പറഞ്ഞു:
നിങ്ങൾക്കിപ്പോൾ കോഫി വേണോ, പിന്നെ മതിയോ,
അതോ വേണ്ടെന്നോ.
ആകാശത്തോളമുയരത്തിൽ
അവളെന്നെയും കടന്നുപോയി.

അവളുടെ കൈയ്ക്കു മേലറ്റത്തെ ചെറിയ വടു സാക്ഷ്യപ്പെടുത്തിയിരുന്നു
അവളെയിനി വസൂരി തൊടില്ലെന്ന്;
അവളുടെ കണ്ണുകൾ സാക്ഷ്യപ്പെടുത്തിയിരുന്നു
അവളിനി പ്രേമിക്കാനില്ലെന്നും.
അവളംഗമായിരിക്കുന്നത്‌ കമിതാക്കളുടെ യാഥാസ്ഥിതികകക്ഷിയിൽ,
ഒരേയൊരു വമ്പൻപ്രണയമേ അവർക്കു ജീവിതത്തിലുള്ളു.

1980


Tuesday, April 12, 2011

കാഫ്ക - ഫെലിസിനെഴുതിയ കത്തുകൾ


1913 ആഗസ്റ്റ്‌ 22


ചർച്ച ചെയ്യാതൊന്നും ബാക്കിയില്ല. ഫെലിസ്‌, അതിനെക്കുറിച്ചു നീ പേടിക്കേണ്ട; ഒരു പക്ഷേ സർവ്വപ്രധാനമായ വിഷയം നിനക്കിനിയും പൂർണ്ണമായി പിടി കിട്ടിയിട്ടില്ലെന്നും വരാം. ഇതൊരു കുറ്റപ്പെടുത്തലല്ല, കുറ്റപ്പെടുത്തലിന്റെ ലാഞ്ഛന പോലുമല്ല. മനുഷ്യസാദ്ധ്യമായതൊക്കെ നീ ചെയ്തുകഴിഞ്ഞിരിക്കുന്നുവല്ലോ. പക്ഷേ നിനക്കുള്ളിലില്ലാത്തത്‌ നിനക്കു പിടികിട്ടലുമില്ല. ആർക്കുമതാവില്ല. ജീവനുള്ള പാമ്പുകളെപ്പോലെ എല്ലാ ഉത്കണ്ഠകളും ഭീതികളും ഉള്ളിൽ കൊണ്ടുനടക്കുന്നതു ഞാൻ മാത്രമാണല്ലോ; അവയെ കണ്ണെടുക്കാതെ സൂക്ഷ്മനിരീക്ഷണം ചെയ്തുകൊണ്ടിരിക്കുന്നതും ഞാൻ മാത്രമാണല്ലോ; അവ എന്താണെന്നറിയുന്നതും എനിക്കു മാത്രം. നീ അവയെക്കുറിച്ചറിയുന്നത്‌ എന്നിലൂടെ മാത്രം, എന്റെ കത്തുകളിലൂടെ മാത്രം ; അവയെക്കുറിച്ച്‌ എന്റെ കത്തുകളിലൂടെ നിനക്കു കിട്ടുന്ന അറിവിന്‌ യാഥാർത്ഥ്യവുമായുള്ള ബന്ധം -അതിന്റെ ഭീകരതയിൽ, തുടർച്ചയിൽ, അളവിൽ, അദമ്യതയിൽ- അതിനോട്‌ എന്റെ എഴുത്തിനുള്ളത്ര പോലുമുണ്ടായിരിക്കുകയുമില്ല. ഇതൊക്കെ എനിക്കു ബോധ്യമാകുന്നത്‌ അത്രയും കാരുണ്യവും ആത്മവിശ്വാസവും നിറഞ്ഞ ഇന്നലത്തെ കത്തു വായിക്കുമ്പോഴാണ്‌; അതെഴുതുമ്പോൾ ബർലിനിൽ വച്ച്‌ എന്നെക്കുറിച്ചുള്ള ഓർമ്മകളൊക്കെ നീ മറന്നിട്ടുണ്ടാവണം. നിന്നെ കാത്തിരിക്കുന്ന ജീവിതം വെസ്റ്റർലാൻഡിൽ നിന്റെ മുന്നിലൂടെ ഉലാത്തുന്ന സന്തുഷ്ടരായ ദമ്പതികളുടേതല്ല; കൈകൾ കോർത്തുപിടിച്ചുള്ള സല്ലാപങ്ങളല്ല. മറിച്ച്‌ നിരുന്മേഷവാനായ, മിണ്ടാട്ടമില്ലാത്ത, അതൃപ്തനായ, ദീനക്കാരനായ ഒരു മനുഷ്യന്റെ അരികിലുള്ള ആശ്രമജീവിതമാണ്‌. ആ മനുഷ്യനാകട്ടെ, ഇതു ഭ്രാന്താണെന്നു നിനക്കു തോന്നുകയും ചെയ്യും, അദൃശ്യമായ സാഹിത്യത്തോട്‌ അദൃശ്യമായ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു കിടക്കുകയുമാണ്‌; ആരെങ്കിലും അടുത്തേക്കു ചെന്നാൽ ആരോ ആ ചങ്ങലകളിൽ തൊട്ടുവെന്നു പറഞ്ഞ്‌ അലറിവിളിയ്ക്കുകയുമാണയാൾ.


1913 ആഗസ്റ്റ്‌ 24


പ്രിയപ്പെട്ട ഫെലിസ്‌, അർദ്ധജാഡ്യത്തിൽ നിന്ന് വേലക്കാരി എന്നെ വിളിച്ചുണർത്തിയിട്ട്‌ നിന്റെ കത്ത്‌ എനിക്കു തന്നു. ഇപ്പോൾ എന്റെ രാത്രികൾക്കു പതിവായ അർദ്ധബോധാവസ്ഥയിൽ എന്റെ തലയ്ക്കുള്ളിലൂടെ കടന്നുപോകുന്ന നിറം കടുത്ത ചിത്രങ്ങൾക്കു ചേർന്ന ഒരനുബന്ധമായിരുന്നു അത്‌. പക്ഷേ അവർ ആ കത്തു കൊണ്ടുവരുന്നത്‌ ഇനി ഏതു നേരത്താവട്ടെ, നീയും നമ്മുടെ ഭാവിയും മാത്രം വിഷയമായ എന്റെ ചിന്തകളോട്‌ അതു സ്വാഭാവികമായി ചേർന്നുപോവുകയും ചെയ്യും.


പാവം ഫെലിസ്‌! മറ്റാരോടുമൊപ്പമല്ല, നിന്നോടൊപ്പമാണു ഞാൻ ഏറ്റവുമധികം വേദന തിന്നുന്നതെന്നതും, മറ്റാരുമല്ല, ഞാനാണ്‌ നിന്നെ ഏറ്റവുമധികം വേദന തീറ്റിയ്ക്കുന്നതുമെന്നത്‌ ഒരേസമയം ഭീതിദമാണ്‌, ന്യായവുമാണ്‌. ഒരു തരത്തിൽ പറഞ്ഞാൽ നടുക്കു വച്ചൊടിയുകയാണു ഞാൻ. താൻ തന്നെ മിനക്കെട്ടേൽപ്പിക്കുന്ന പ്രഹരങ്ങൾ കൊള്ളാതിരിക്കാൻ തല താഴ്ത്തുകയാണു ഞാൻ. ഇതിലും മോശപ്പെട്ടൊരു ശകുനം നമുക്കു വേറെ വേണമോ!
എഴുതാനുള്ളൊരു വാസനയല്ല, പ്രിയപ്പെട്ട ഫെലിസ്‌, ഒരു വാസനയല്ല, എന്റെ ആത്മാവങ്ങനെതന്നെയാണത്‌. ഒരു വാസനയെ പിഴുതെടുത്ത്‌ ചവിട്ടിയരയ്ക്കാവുന്നതേയുള്ളു. പക്ഷേ ഞാനിതാണ്‌; എന്നെയും പിഴുതെടുത്തു ചവിട്ടിയരയ്ക്കാവുന്നതേയുള്ളു എന്നതിൽ സംശയമില്ല; അപ്പോൾ നിന്റെ കാര്യമോ? നീ പരിത്യക്തയാവും, എന്നിട്ടും എന്നോടൊപ്പം ജീവിക്കുകയും ചെയ്യും. എനിക്കു വിധിച്ച വഴിയേ ഞാൻ ജീവിക്കുകയാണെങ്കിൽ താൻ പരിത്യക്തയായതായി നിനക്കു തോന്നും; ആ വഴിയേയല്ല ഞാൻ ജീവിക്കുന്നതെങ്കിൽ നീ ശരിയ്ക്കും പരിത്യക്തയാവുകയും ചെയ്യും. ഒരു വാസനയല്ല, വാസനയല്ല! അതാണെന്റെ ജീവിതത്തിലെ ഏറ്റവും സൂക്ഷ്മമായ ഒരംശത്തെപ്പോലും നിർണ്ണയിക്കുന്നതും, അതിനവലംബമായിരിക്കുന്നതും. എന്റെ രീതികളോടു താൻ പഴകിക്കോളുമെന്നു നീ പറയുന്നു; എത്രയ്ക്കസഹ്യമായ യാതനകൾക്കിടയിലായിരിക്കുമത്‌! ഞാൻ നിന്നോടു മുമ്പേ പറഞ്ഞിട്ടുള്ള പോലെ, ശരൽക്കാലത്തും മഞ്ഞുകാലത്തുമെങ്കിലും ദിവസത്തിൽ ഒരു മണിക്കൂറു മാത്രം ഒരുമിച്ചു കഴിയാൻ കിട്ടുന്ന ഒരു ജീവിതം മനസ്സിൽ കാണാൻ ശരിയ്ക്കും നിനക്കു കഴിയുമോ? അകലെ, തനിക്കു ചേർന്നതും പരിചിതവുമായൊരു ചുറ്റുപാടിൽ നിനക്കിരുന്നു ഭാവന ചെയ്യാമെങ്കിലും വിവാഹിതയായൊരു സ്ത്രീയ്ക്ക്‌ ഏകാന്തത അതിഭാരമാകുന്നൊരു ജീവിതം? ആശ്രമം എന്ന സങ്കൽപ്പത്തിനു മുന്നിൽത്തന്നെ നീ ചൂളിപ്പിന്മാറും; എന്നിട്ടു നീ പ്രകൃതത്താൽത്തന്നെ (ചുറ്റുപാടു കൊണ്ടും ) ആശ്രമജീവിതം നയിക്കാൻ പ്രേരിതനായ ഒരു മനുഷ്യനോടൊപ്പം ജീവിക്കുന്നതിനെക്കുറിച്ചാലോചിക്കുകയും? നമുക്കൊന്നു ശാന്തരാവുക, ഫെലിസ്‌, ശാന്തരാവുക! സമചിത്തതയോടെ, ശ്രദ്ധിച്ചാലോചിച്ചെഴുതിയ ഒരു കത്ത്‌ നിന്റെ അച്ഛനിൽ നിന്ന് ഇന്നെനിക്കു കിട്ടിയിരുന്നു; അതിനെ അപേക്ഷിച്ചു നോക്കുമ്പോൾ എന്റെ അവസ്ഥ ഭ്രാന്തു പിടിച്ചതെന്നു പറയണം. പക്ഷേ നിന്റെ അച്ഛന്റെ കത്തു പ്രശാന്തമാണെങ്കിൽ അതു ഞാൻ അദ്ദേഹത്തെ കബളിപ്പിച്ചതു കൊണ്ടു മാത്രമാണ്‌. അദ്ദേഹത്തിന്റെ കത്ത്‌ സൗഹാർദ്ദപൂർണ്ണവും മറയില്ലാത്തതുമാണെങ്കിൽ, എന്റേതാവട്ടെ, പ്രിയപ്പെട്ട ഫെലിസ്‌, നിന്നെ ആക്രമിയ്ക്കാൻ എന്നെ, നിന്റെ ശാപമായ എന്നെ നിരന്തരം തള്ളിവിടുന്ന നിന്ദ്യമായ നിഗൂഢലക്ഷ്യങ്ങളെ ഒളിപ്പിച്ചുവയ്ക്കാനുള്ള ഒരു തിരശ്ശീല മാത്രമായിരുന്നു. നിന്റെ അച്ഛൻ സ്വാഭാവികമായും തീരുമാനങ്ങളൊന്നുമെടുക്കുന്നില്ല; നീയും നിന്റെ അമ്മയും തമ്മിലുള്ള ഒരു ചർച്ചയ്ക്കു വിട്ടുകൊടുക്കുകയാണ്‌ അദ്ദേഹമതിനെ. നിന്റെ അച്ഛനോടു സത്യസന്ധത കാണിയ്ക്കൂ ഫെലിസ്‌, എനിക്കതായിട്ടില്ലെന്നിരിയ്ക്കെ. ഞാനാരാണെന്ന് അദ്ദേഹത്തോടു പറയൂ, ചില കത്തുകളും കാണിച്ചു കൊടുക്കൂ; പ്രേമം കൊണ്ടന്ധനായ ഞാൻ, ഇന്നുമന്ധനായ ഞാൻ കത്തുകളും അപേക്ഷകളും പ്രാർത്ഥനകളും കൊണ്ടു നിന്നെ തള്ളിവിട്ട ഈ ശപ്തവലയത്തിൽ നിന്ന് അദ്ദേഹത്തിന്റെ സഹയത്തോടെ പുറത്തു കടക്കൂ.


1913ആഗസ്റ്റ്‌ 30


പ്രിയപ്പെട്ട ഫെലിസ്‌, നിനക്കെന്നെ അറിയില്ല, ഞാനെത്ര നികൃഷ്ടനാണെന്നു നിനക്കറിയില്ല; ആ നികൃഷ്ടതയുടെ വേരു കിടക്കുന്നത്‌ സാഹിത്യമെന്നോ, ഇനി മറ്റെന്തു പേരിട്ടോ നിനക്കു വിളിയ്ക്കാവുന്ന ആ അകക്കാമ്പിലുമാണ്‌.എത്ര പരിതാപം പിടിച്ചൊരെഴുത്തുകാരൻ; അതു നിന്നെ ബോദ്ധ്യപ്പെടുത്താൻ എനിക്കു കഴിഞ്ഞിട്ടില്ലെന്നോർക്കുമ്പോൾ എന്നോടു തന്നെ രോഷം കൊള്ളുകയുമാണു ഞാൻ. ( ഇന്നതിരാവിലെ മുതൽ, ഈ നേരവും, ഇടതുചെന്നിയിൽ കൈ അമർത്തിവച്ചിരിക്കുകയാണു ഞാൻ; ഇല്ലെങ്കിൽ ഇന്നെനിയ്ക്കനങ്ങാൻ പറ്റില്ല.)


എന്നെ വിലക്കുന്നതു വസ്തുതകളാണെന്നു പറഞ്ഞാൽ ശരിയായിരിക്കില്ല; അതു ഭയമാണ്‌, കീഴടക്കാനാവാത്തൊരു ഭയമാണ്‌, സന്തോഷം കൈവരിക്കുന്നതിലുള്ള ഭയമാണ്‌, ഏതോ മഹിതലക്ഷ്യത്തിനായി സ്വയം പീഡിപ്പിക്കുന്നതിനുള്ള തൃഷ്ണയും ശാസനയുമാണ്‌. എനിക്കു മാത്രം വിധിച്ചിട്ടുള്ള ആ ഭാരവണ്ടിയുടെ ചക്രങ്ങൾക്കടിയിൽ പ്രിയപ്പെട്ടവളേ, നിനക്കും വന്നുവീഴേണ്ടിവരുന്നുവെന്നത്‌ തികച്ചും ഭീകരം തന്നെ. എന്റെ നിയോഗം ഇരുട്ടു തന്നെയെന്ന് എന്റെ മനഃസാക്ഷി നിശ്ചയിച്ചിരിക്കുന്നു; അതേസമയം നിന്റെ ആകർഷണത്തിൽപ്പെടാതിരിക്കാനും എനിക്കു കഴിയുന്നില്ല; രണ്ടും തമ്മിൽ പൊരുത്തപ്പെടലുമില്ല; ഇനി നാമതിനു ശ്രമിച്ചാൽത്തന്നെ പ്രഹരങ്ങൾ എനിക്കും നിനക്കും മേൽ ഒരേപോലെ വന്നുവീഴുകയും ചെയ്യും.


പ്രിയപ്പെട്ടവളേ, നീയെന്താണോ, അതല്ലാതെയാകണം നീയെന്നു ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല; എന്തായാലും ഞാൻ സ്നേഹിക്കുന്നതു നിന്നെയാണ്‌, ഏതെങ്കിലും മരീചികയെയല്ലല്ലോ. അപ്പോഴും പക്ഷേ, എന്റെ അസ്തിത്വം കൊണ്ടു തന്നെ ഞാൻ നിന്റെ മേൽ അടിച്ചേൽപ്പിക്കുന്ന ആ നിഷ്ഠുരത ബാക്കി നിൽക്കുന്നു; ഈ വൈരുദ്ധ്യം എന്നെ കടിച്ചുകീറുകയാണ്‌. മറ്റൊരു പോംവഴിയില്ലെന്നതിനു തെളിവുമാണത്‌.


നീ ഇവിടെയുണ്ടായിരിക്കുകയും, നീയനുഭവിക്കുന്ന കഷ്ടപ്പാടു ഞാൻ കാണുകയും ചെയ്തിരുന്നെങ്കിൽ (അതു മാത്രമല്ല, അകലെക്കിടന്നു നീ കഷ്ടപ്പെടുന്നതാണ്‌ കൂടുതൽ മോശം), സഹായിക്കാൻ എനിക്കു കഴിയുമായിരുന്നെങ്കിൽ, നമുക്കുടനേ തന്നെ വിവാഹം കഴിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ആലോചനയ്ക്കൊന്നും നിൽക്കാതെ ഞാൻ സകലതിനെയും അതിന്റെ വഴിയ്ക്കു വിടുമായിരുന്നു, ഭാഗ്യക്കേടിനെപ്പോലും അതിന്റെ വഴിയ്ക്കു പോകട്ടേയെന്നു വയ്ക്കുമായിരുന്നു. ഇപ്പോൾപ്പക്ഷേ പരിഹാരത്തിനുള്ള മാർഗ്ഗമതല്ല. ഇന്നെനിയ്ക്കു കിട്ടിയ നിന്റെ ആത്മഹത്യാപരമായ അരുമക്കത്തു വായിച്ചതിനു ശേഷം നിന്റെ ഹിതം പോലെ കിടക്കട്ടെയെല്ലാമെന്ന്, ഇനി മേലിൽ നിന്നെ യാതനപ്പെടുത്തരുതെന്ന് വാഗ്ദാനം ചെയ്യാനുള്ള വക്കിലെത്തിയിരുന്നു ഞാൻ. പക്ഷേ എത്ര തവണ അതൊക്കെ വാഗ്ദാനം ചെയ്തിരിക്കുന്നു ഞാൻ! എന്റെ കാര്യത്തിൽ ഉറപ്പു പറയാൻ ഞാനാളല്ല. നിന്റെ അടുത്ത കത്തോടെ, അതുമല്ലെങ്കിൽ ഇന്നു രാത്രിയിൽത്തന്നെയുമാവാം, ആ ഭയം തിരിച്ചുവരികയായി; എനിക്കതിൽ നിന്നു രക്ഷപ്പെടാൻ കഴിയുന്നില്ല; നമ്മുടെ വിവാഹനിശ്ചയത്തിന്റെ ഈ കാലം കഴിച്ചുകൂട്ടുക അസാദ്ധ്യമാണെനിയ്ക്ക്‌. ഇതേവരെ എല്ലാ മാസവും ആവർത്തിച്ചിരുന്നത്‌ ഇനി മുതൽ എല്ലാ ആഴ്ചയും ആവർത്തിയ്ക്കും. വരുന്ന ഓരോ കത്തും പേടിപ്പെടുത്തുന്ന സൂചനകൾക്കുള്ള അവസരങ്ങളാവും; എന്റെയുള്ളിൽ മുരളുന്ന ആ ഭീകരമായ പമ്പരം പിന്നെയും കറങ്ങിത്തുടങ്ങും. അതു നിന്റെ പിഴയല്ല, അതൊരിക്കലും അങ്ങനെയായിരിരുന്നിട്ടുമില്ല, ഫെലിസ്‌; അതിലാകെക്കൂടിയുള്ള അപ്രായോഗികതയിലാണ്‌ പിഴ വന്നിരിക്കുന്നത്‌. ഉദാഹരണത്തിന്‌, നീ ഒടുവിലയച്ച കത്തു ഞാൻ വായിച്ചു; അതെന്നിൽ ജനിപ്പിച്ച പരിഭ്രമം നിനക്കു സ്വപ്നം കാണാൻ കഴിയില്ല. സമ്മതം നൽകുന്നതിലേക്കു നിന്റെ അച്ഛനമ്മമാരെ നയിച്ച പര്യാലോചനകളാണ്‌ എന്റെ മുന്നിൽ കിടക്കുന്നത്‌. ആ പര്യാലോചനകളെ ഞാനെന്തിനു പരിഗണിയ്ക്കണം? ആ പര്യാലോചനകളെ ഞാൻ വെറുത്തു. നിന്റെ അമ്മയ്ക്ക്‌ ഭാവിൽ എന്നോടു തോന്നാവുന്ന സ്നേഹത്തെക്കുറിച്ച്‌ നീ എഴുതിയിരിക്കുന്നു! അവരുടെ സ്നേഹവും കൊണ്ട്‌ ഞാനെന്തു ചെയ്യാൻ? ഒരിക്കലും അതു തിരിച്ചുകൊടുക്കാൻ കഴിയാത്ത ഞാൻ, അവരുടെ സ്നേഹത്തിനർഹനാവണം താനെന്നൊരിക്കലുമാഗ്രഹിക്കാത്ത, അതിനു കഴിയാത്ത ഞാൻ! അവരുമായുള്ള ദീർഘമായ ചർച്ചകൾ പോലും എന്നെ കൊടുംഭീതിയ്ക്കടിമയാക്കി. നമ്മുടെ വിവാഹനിശ്ചയവും ഒഴിവുകാലവും തമ്മിലുള്ള ബന്ധവും, ആ ബന്ധത്തെ വാച്യമായി പ്രകടിപ്പിച്ചതും തന്നെ എന്നെ സംഭീതനാക്കി. ഇതു ഭ്രാന്തു തന്നെ, ഞാനതു വ്യക്തമായി കാണുന്നുണ്ട്‌; അതേ സമയം നിർമ്മൂലനം ചെയ്യാനാവാത്തതുമാണത്‌, എനിക്കതറിവുമുണ്ട്‌.


ഇതൊക്കെപ്പക്ഷേ എന്റെ തനിപ്രകൃതത്തിന്റെ വെറും ലക്ഷണങ്ങൾ മാത്രവുമാണ്‌; അവ നിന്നെ നിർത്തില്ലാതെ കരണ്ടുതിന്നുകയും ചെയ്യും. ഇതൊന്നു കണ്ണു തുറന്നു കാണൂ, ഫെലിസ്‌; നിന്റെ മുന്നിൽ സാഷ്ടാംഗം വീണുകിടന്നു ഞാൻ പ്രാർത്ഥിക്കുകയാണ്‌ എന്നെയൊന്നു തള്ളിമാറ്റാൻ; മറ്റെന്തായാലും നാമിരുവരുടെയും നാശമാവും ഫലം. ഇതാണ്‌ ജനുവരിയിൽ ഞാനെഴുതിയതെന്നാണ്‌ എന്റെ വിശ്വാസം; അതു വീണ്ടും പൊട്ടിപ്പുറത്തുവരികയാണ്‌, അതിനെ അടക്കിവയ്ക്കാനാവില്ല. നിന്റെ മുന്നിൽ എന്നെ പിളർന്നുകാട്ടാൻ എനിക്കായാൽ നീയും ഇതുതന്നെ പറയും.


യഹൂദാ അമിച്ചായി - അമ്മയോടൊപ്പം

File:Whistler James Arrangement in Grey and Black 1871.jpg


അമ്മയോടൊപ്പം


ഞാൻ പുറത്തു കളിയ്ക്കാൻ പോകുമ്പോൾ
അമ്മയെന്നെ അകത്തേയ്ക്കു വിളിയ്ക്കുമായിരുന്നു.
ഒരിക്കൽ അവരെന്നെ വിളിച്ചപ്പോൾ
വർഷങ്ങളോളം ഞാൻ മടങ്ങിയതേയില്ല,
കളി ഞാൻ മുടക്കിയതുമില്ല.

ഇന്നമ്മയ്ക്കു മുന്നിലിരിക്കുമ്പോൾ
നാവിറങ്ങിയ കല്ലു പോലെയാണവർ.
എന്റെ വാക്കുകളും കവിതകളുമാവട്ടെ,
തേനിറ്റുന്ന വാചാലതയും,
കമ്പിളിവിൽപനക്കാരന്റെ,
കൂട്ടിക്കൊടുപ്പുകാരന്റെ,
ദല്ലാളിന്റെ.

1968



പ്രണയഗീതം

ആളുകളന്യോന്യമുപയോഗപ്പെടുത്തുന്നു
തങ്ങളുടെ തങ്ങളുടെ വേദന ശമിപ്പിക്കാൻ.
ഒരാൾ മറ്റൊരാളെ വച്ചമർത്തുന്നു
തങ്ങളുടെ അസ്തിത്വമുറിവുകളിൽ,
കണ്ണിൽ, ലിംഗത്തിൽ, യോനിയിൽ,
വായിൽ, തുറന്ന കൈയിൽ.
അവരന്യോന്യം കടന്നുപിടിയ്ക്കുന്നു,
പിന്നെ പിടി വിടുന്നുമില്ല.

1974


ഉദ്യാനത്തിൽ


ഉദ്യാനത്തിൽ, ഉച്ചച്ചൂടിൽ
വെളുത്ത മേശയ്ക്കിരുപുറവുമായി രണ്ടു ശവങ്ങൾ.
അവർക്കു മേൽ ഒരു മരച്ചില്ല ഇളക്കം വച്ചിരുന്നു.
ഇല്ലാത്തതെന്തോ ചൂണ്ടിക്കാണിക്കുകയായിരുന്നു ഒരാൾ.
മരണശേഷവും കൂപ്പുകുത്താനൊരു
പ്രണയമുണ്ടെന്നു പറയുകയായിരുന്നു മറ്റേയാൾ.

മനസ്സിനും കണ്ണിനും കുളുർമ്മ പകരുന്ന കാഴ്ചയായിരുന്നു അത്‌,
ആ പൊള്ളുന്ന നാളിൽ,
വിയർക്കാതെ, ഒച്ച വയ്ക്കാതെയും.
പോകാനായിട്ടവരെഴുന്നേറ്റപ്പോഴേ
അവരുടെ ശബ്ദം ഞാൻ കേട്ടുള്ളു,
മേശപ്പുറത്തു നിന്നെടുത്തുമാറ്റുന്ന
കവിടിപ്പിഞ്ഞാണങ്ങളുടെ കിലുക്കം പോലെ.

1978


painting- arrangement in grey and black-whistler-1871 ( from wikimedia)


Monday, April 11, 2011

ഫെർണാണ്ടോ പെസ്സോവ - സഹജീവനത്തിന്റെ കൂത്തരങ്ങിൽ…


സംഘം ചേരുക, സഹകരിക്കുക, അന്യരോടൊപ്പം പ്രവർത്തിക്കുക എന്നതൊക്കെ  ആത്മാവിന്റെ രോഗാതുരമായ ഒരു ഭാവപ്രകടനം മാത്രമാണ്‌. വ്യക്തിയ്ക്കനുവദിച്ചുകിട്ടിയ ആത്മാവിനെ അന്യരുമായുള്ള ബന്ധങ്ങൾക്കായി വാടകയ്ക്കു കൊടുക്കരുത്‌. ജീവിതം എന്ന ദിവ്യമായ വസ്തുതയെ സഹജീവിതം എന്ന പൈശാചികമായ വസ്തുതയ്ക്കടിയറ വയ്ക്കരുതു നാം.

ഞാൻ അന്യരുമൊത്തു പ്രവർത്തിക്കുമ്പോൾ എനിക്കു നഷ്ടപ്പെടുന്നതായി ഒന്നെങ്കിലുമുണ്ട്‌- ഒറ്റയ്ക്കു പ്രവർത്തിക്കുക എന്നത്‌.

സഹകരിക്കുമ്പോൾ വികസിക്കുകയാണു ഞാനെന്നു തോന്നാമെങ്കിൽക്കൂടി, സ്വയം സങ്കോചിക്കുകയാണു ഞാൻ. കൂട്ടുചേരുക എന്നാൽ മരിക്കുക എന്നുതന്നെ. എന്നെക്കുറിച്ചുള്ള എന്റെ ബോധം മാത്രമേ എനിക്കു യാഥാർത്ഥ്യമായിട്ടുള്ളു; ആ ബോധത്തിൽ മങ്ങിമങ്ങിത്തെളിയുന്ന പ്രതിഭാസങ്ങൾ മാത്രമാണ്‌  അന്യജനം; അതിലധികം യാഥാർത്ഥ്യം അവർക്കു കൽപിച്ചുകൊടുക്കുന്നത്‌ നമ്മുടെ ഒരാത്മീയരുഗ്ണതയെ പ്രകടിപ്പിക്കുന്നുവെന്നേ പറയാനുള്ളു.

എന്തു വില കൊടുത്തും സ്വന്തം വാശി നടത്തിയെടുക്കുന്ന കുട്ടികളാണ്‌ ദൈവത്തോടേറ്റവും അടുത്തവർ, എന്തെന്നാൽ സ്വന്തമായൊരു ജീവിതം വേണമെന്നുണ്ടല്ലോ അവർക്ക്‌.

മുതിർന്നവരായ നമ്മുടെ ജീവിതം അന്യർക്കു ഭിക്ഷ കൊടുക്കലും, പകരം ഭിക്ഷ വാങ്ങലുമായി ചുരുങ്ങിയിരിക്കുന്നു. നമ്മുടെ വ്യക്തിത്വങ്ങളെ സഹജീവനത്തിന്റെ കൂത്തരങ്ങിൽ ധൂർത്തടിയ്ക്കുകയാണു നാം.

നാമുച്ചരിക്കുന്ന ഓരോ വാക്കും നമ്മെ ചതിക്കുകയാണ്‌. സഹനീയമായ ആത്മപ്രകാശനോപാധിയെന്നു പറയാൻ എഴുതപ്പെട്ട വാക്കു മാത്രമേയുള്ളു; കാരണം, ആത്മാക്കൾക്കിടയിലെ പാലത്തിലെ പാറക്കല്ലല്ല, നക്ഷത്രങ്ങൾക്കിടയിലെ പ്രകാശനാളമാണത്‌.

വിശദീകരിക്കുക എന്നാൽ അവിശ്വസിക്കുക എന്നു തന്നെ. ഏതു തത്വശാസ്ത്രവും നിത്യതയുടെ വേഷമണിഞ്ഞ ഒരു നയതന്ത്രമാണ്‌... നയതന്ത്രത്തെപ്പോലെതന്നെ അതിനും കാതലെന്നതില്ല; സ്വന്തമായ ഒരടിസ്ഥാനം അതിനില്ല; മറ്റേതോ ലക്ഷ്യത്തിനടിമയാണത്‌.

താനെഴുതുന്നതു പ്രസിദ്ധീകരിക്കുന്ന ഒരെഴുത്തുകാരന്‌ കുലീനമായ നിയോഗം എന്നൊന്നുണ്ടെങ്കിൽ അതയാൾക്കു കിട്ടേണ്ട പ്രസിദ്ധി നിഷേധിക്കുക എന്നതാണ്‌. എന്നാൽ ശരിക്കും കുലീനമെന്നു പറയാവുന്ന നിയോഗം താനെഴുതുന്നതു പ്രസിദ്ധീകരിക്കാത്ത എഴുത്തുകാരനവകാശപ്പെട്ടതത്രേ. എഴുതാത്ത എഴുത്തുകാരനുമല്ല, കാരണം അയാൾ അപ്പോൾ എഴുത്തുകാരനല്ലാതെയാവുകയുമാണല്ലോ. ഞാനുദ്ദേശിക്കുന്നത്‌ എഴുതുക എന്നത്‌ സ്വപ്രകൃതിയിലുള്ളതും, എന്നാൽ താനെഴുതുന്നത്‌ പുറത്തു കാട്ടുന്നതിൽ നിന്നു തന്നെ വിലക്കുന്ന ഒരാത്മഭാവത്തിനുടമയായ ഒരെഴുത്തുകാരനെയാണ്‌.

എഴുതുക എന്നാൽ സ്വപ്നങ്ങൾക്കു മൂർത്തത നൽകുക എന്നാണ്‌, നമ്മുടെ സർഗ്ഗാത്മകതയ്ക്ക്‌ ഒരു ഭൗതികപ്രതിഫലമായി[?] ഒരു ബാഹ്യപ്രപഞ്ചം സൃഷ്ടിക്കുക എന്നാണ്‌. പ്രസിദ്ധീകരിക്കുക എന്നാൽ ഈ ബാഹ്യപ്രപഞ്ചത്തെ അന്യർക്കു സമ്മാനിക്കുക എന്നുമാണ്‌; പക്ഷേ എന്തിനു വേണ്ടി, നമുക്കും അവർക്കും പൊതുവായിട്ടുള്ള ബാഹ്യപ്രപഞ്ചം 'യഥാർത്ഥമായ' ബാഹ്യപ്രപഞ്ചമാണെങ്കിൽ, ദൃശ്യവും സ്പൃശ്യവുമായ ദ്രവ്യം കൊണ്ടു നിർമ്മിച്ച  അതൊന്നാണെങ്കിൽ? എനിക്കുള്ളിലുള്ള ഒരു പ്രപഞ്ചത്തിൽ അന്യർക്കെന്തു കാര്യം?


അശാന്തിയുടെ പുസ്തകം -209



Sunday, April 10, 2011

ഫെർണാണ്ടോ പെസ്സോവ - അശാന്തിയുടെ പുസ്തകം

Front Cover


ഇന്നിൽ ജീവിക്കുന്നവൻ


വർത്തമാനകാലത്തിലാണ്‌ എന്റെ ജീവിതമെന്നും. ഭാവിയെന്തെന്ന് എനിയ്ക്കറിയില്ല, ഭൂതകാലം എന്റെ കൈവിട്ടുപോവുകയും ചെയ്തു. ആദ്യത്തേതെന്നെ പീഡിപ്പിക്കുന്നു സർവ്വതിനുമുള്ള സാദ്ധ്യതയായി; ഒന്നിന്റെയും യാഥാർത്ഥ്യമല്ലാതെ രണ്ടാമത്തേതും. ഒരു പ്രത്യാശയും വയ്ക്കുന്നില്ല ഞാൻ, ഒരു നഷ്ടബോധവും ബാക്കിവയ്ക്കുന്നുമില്ല. ഇതേവരെയുള്ള ജീവിതം എന്തായിരുന്നുവെന്നറിഞ്ഞിരിക്കെ- ഒട്ടെല്ലായ്പ്പോഴും, അത്ര പൂർണ്ണമായും എന്റെ ആശകൾക്കതു നേരെതിരായിരിയ്ക്കെ-, നാളത്തെ എന്റെ ജീവിതത്തെക്കുറിച്ച്‌ ഞാനെന്തു മനസ്സിൽക്കാണാൻ, ഞാൻ മനസ്സിൽക്കാണുന്നതായിരിക്കില്ല, ഞാനാഗ്രഹിക്കുന്നതായിരിക്കില്ല അതെന്നതല്ലാതെ? ഒരിക്കൽക്കൂടി ആവർത്തിക്കാനുള്ള വ്യർത്ഥവ്യാമോഹത്തോടെ ഓർമ്മിച്ചെടുക്കാവുന്നതായി യാതൊന്നുമില്ല എന്റെ ഭൂതകാലത്തിൽ. സ്വന്തം നിഴലോ, കാൽപ്പാടോ ആയതിനപ്പുറം മറ്റൊന്നുമായിട്ടില്ല ഞാൻ. ഞാൻ ശ്രമിച്ചു പരാജയപ്പെട്ടതിന്റെയൊക്കെ ആകെത്തുകയാണ്‌ എന്റെ ഭൂതകാലം. അക്കാലത്തെ എന്റെ മനോവികാരങ്ങളെക്കുറിച്ചോർത്തുള്ള നഷ്ടബോധം പോലും എനിക്കില്ല, മനോവികാരങ്ങൾക്ക്‌ ഒരു വർത്തമാനകാലനിമിഷം ആവശ്യമാണെന്നിരിക്കെ- അതു കടന്നുപൊയ്ക്കഴിഞ്ഞാൽ താളു മറിയുന്നു, കഥ തുടരുന്നു, പക്ഷേ മറ്റൊരു പ്രമേയവുമായി.

ഒരു മരത്തിന്റെ ഹ്രസ്വായുസ്സായ ഇരുണ്ട നിഴൽ, മ്ലാനമായൊരു കുളത്തിലേക്കു വെള്ളമൊഴുകുന്ന നേർത്ത ശബ്ദം, വെട്ടിയൊരുക്കിയ പുൽത്തട്ടിന്റെ പച്ച- അന്തി മയങ്ങുന്നതിനു തൊട്ടുമുമ്പുള്ള പൂന്തോട്ടമേ: പ്രപഞ്ചമെന്നാൽ ഈ നിമിഷം എനിക്കു നീ തന്നെ, എന്തെന്നാൽ എന്റെ ബോധമനസ്സാകെ ഉൾക്കൊള്ളുന്നതു നിന്നെ മാത്രമാണല്ലോ. എനിക്കു ജീവിതത്തിൽ നിന്നാകെ വേണ്ടത്‌ അപ്രതീക്ഷിതമായ ഈ തരം സായാഹ്നങ്ങളിൽ മനസ്സു നഷ്ടപ്പെടുത്തി നടക്കുക മാത്രം, ഞാനറിയാത്ത കുട്ടികൾ ഓടിക്കളിയ്ക്കുന്ന ഈ പൂന്തോട്ടങ്ങളിൽ, ചുറ്റുമുള്ള തെരുവുകളുടെ വിഷാദം വേലി കെട്ടിയ, മരങ്ങളുടെ ഉയർന്ന കൊമ്പുകൾക്കുമപ്പുറം നക്ഷത്രങ്ങൾ പിന്നെയും തെളിഞ്ഞുവരുന്ന പഴയൊരാകാശത്തിന്റെ മേൽമൂടി വച്ച ഈ പൂന്തോട്ടങ്ങളിൽ.

100


രണ്ടുതരം കലാകാരന്മാർ


പ്രവൃത്തിയ്ക്കോ ജീവിതത്തിനോ ഉള്ള ഒരു പകരംവയ്ക്കലാണു കല. വികാരത്തിന്റെ മനഃപൂർവ്വമായ പ്രകാശനമാണു ജീവിതമെങ്കിൽ അതേ വികാരത്തിന്റെ ധൈഷണികമായ പ്രകാശനമാണു കല. നമുക്കു സ്വന്തമായില്ലാത്തത്‌, സ്വന്തമാക്കാൻ നാം ശ്രമിക്കാത്തത്‌, നമുക്കു കൈവരിക്കാനാവാത്തത്‌ സ്വപ്നങ്ങളിലൂടെ നമുക്കു സ്വായത്തമാക്കാം; കലാസൃഷ്ടിയ്ക്കു നാം ഉപയോഗപ്പെടുത്തുന്നതും ഇവയെയാണ്‌. മറ്റു ചിലപ്പോൾ നമ്മുടെ വികാരങ്ങൾ അത്രയ്ക്കു ബലത്തതാകയാൽ പ്രവൃത്തിയ്ക്കുപയോഗപ്പെടുത്തിയിട്ടും പൂർണ്ണമായി ഒഴിഞ്ഞുതീരുന്നില്ലവ; അങ്ങനെ ജീവിതത്തിൽ പ്രകാശനം കിട്ടാതെപോയ അവശിഷ്ടവികാരവും കലസൃഷ്ടിയ്ക്കുള്ള സാമഗ്രിയായിത്തീരുന്നു. അപ്പോൾ കലാകാരന്മാർ രണ്ടു വിധമാണ്‌: തനിക്കില്ലാത്ത ഒന്നിനു പ്രകാശനം നൽകുന്നവനും, തനിയ്ക്കു വേണ്ടതിലധികമുള്ളതിനു പ്രകാശനം നൽകുന്നവനും.

229Front Cover


Saturday, April 9, 2011

യഹൂദാ അമിച്ചായി - അതിരുകളറിയുന്നൊരിലയെപ്പോലെ...


കാലങ്ങൾക്കിടയിലെ സ്ഥലങ്ങളിൽ നിന്ന്...


കാലങ്ങൾക്കിടയിലെ സ്ഥലങ്ങളിൽ നിന്ന്,
അണി നിരന്ന പട്ടാളക്കാർക്കിടയിലെ വിടവുകളിൽ നിന്ന്,
ചുമരുകളിലെ വിള്ളലുകളിൽ നിന്ന്,
നാം മുറുക്കിയടയ്ക്കാൻ വിട്ട വാതിലുകളിൽ നിന്ന്,
നാം പിണയ്ക്കാത്ത കൈകളിൽ നിന്ന്,
നാമടുപ്പിക്കാത്ത ഉടലുകൾക്കിടയിലെ അകലത്തു നിന്ന്-
ഒരു വിസ്തൃതി വളരുന്നു,
ഒരു സമതലം, ഒരു മരുനിലം,
ആശകൾ കെട്ടു നമ്മുടെയാത്മാവലഞ്ഞുനടക്കുന്നതവിടെ,
നമ്മൾ മരിയ്ക്കുന്ന കാലത്ത്‌.

(1956)



അതിരുകളറിയുന്നൊരിലയെപ്പോലെ...


അതിരുകളറിയുന്നൊരിലയെപ്പോലെയാണു ഞാൻ,
അതിരുവിടണമെന്നുമില്ലതിന്‌,
പ്രകൃതിയോടൊത്തുചേരണമെന്നില്ല,
വിശാലലോകത്തേക്കിറങ്ങണമെന്നില്ല.

അത്രയുമൊച്ചയടങ്ങിരിക്കുന്നു ഞാൻ,
എന്നെങ്കിലുമൊരിക്കലൊച്ചയെടുത്തിരിക്കുന്നുവോ ഞാനെന്ന്,
കുഞ്ഞായിരിക്കുമ്പോൾ വേദനിച്ചിട്ടെങ്കിലുമെന്നും,
സംശയമായിരിക്കുന്നെനിയ്ക്ക്‌.

എന്റെ മുഖമോ,
പ്രണയം ചെത്തിയെടുത്തതിൽപ്പിന്നെ ശേഷിച്ചത്‌,
ഒരു പാറമട പോലെ.
ഉപേക്ഷിച്ചതും.

(1974)


Friday, April 8, 2011

റില്‍ക്കെ - ഇരുളുന്ന നിലമേ...

File:Dürer, Albrecht - Hand Study with Bible - 1506.jpg


ഇരുളുന്ന നിലമേ,
ഞങ്ങൾ പണിത ചുമരുകളെയിത്രനാളും സഹിച്ചുവല്ലോ നീ,
നഗരങ്ങൾക്കു നീയൊരു മണിക്കൂറനുവദിച്ചുവെന്നാവാം,
പള്ളികൾക്കും മഠങ്ങൾക്കും രണ്ടു മണിക്കൂറും.
പണിയെടുക്കുന്നവർ- അവർക്കതിൽ മുഴുകാൻ
അഞ്ചല്ലെങ്കിലേഴു മണിക്കൂർ നീ കൊടുക്കുമോ,
പിന്നെയും നീ വനവും പുഴയും പടരുന്ന മണൽക്കാടുമാവും മുമ്പേ,
സർവ്വതിൽ നിന്നും നീ നിന്റെ നാമം തിരിച്ചെടുക്കുന്ന
അവാച്യഭീതിയുടെ മുഹൂർത്തമെത്തും മുമ്പേ?

അതിലുമൊരൽപം കൂടി നേരമെനിക്കു തരേണമേ!
ആരുമവയെയിന്നേവരെ സ്നേഹിക്കാത്ത മാതിരി
എനിക്കു സ്നേഹിക്കാണുണ്ടു വസ്തുക്കളെ,
അങ്ങനെയവ നിനക്കർഹമാവട്ടെ, യഥാർത്ഥവുമാവട്ടെ.

ഒരേഴു നാൾ പോരുമെനിക്ക്‌,
ആരും തന്നെയെഴുതാത്തൊരേഴ്‌-
ഏകാന്തതയുടെ ഏഴുനാളുകൾ.
ഏഴുതാളുകളവ തുന്നിക്കെട്ടി ഞാനൊരു പുസ്തകമാക്കും,
അതു കൈയിലെടുത്തവൻ
അതുമുറ്റുനോക്കിനോക്കിയിരിക്കും,
ഒടുവിലവനറിയും,
നീയവനെ കൈയിലെടുത്തിരിക്കുന്നുവെന്നും,
അവനെയെഴുതുകയാണു നീയെന്നും.


ദൈവത്തിനുള്ള സ്നേഹഗീതങ്ങൾ - I, 61



link to image


Thursday, April 7, 2011

നെരൂദ - പൂച്ചയുടെ സ്വപ്നം

File:Franz Marc 013.jpg


പൂച്ചയുറങ്ങുന്നതെത്ര വെടിപ്പായി,
പാദങ്ങളും ഉറക്കത്തിന്റെ വട്ടവുമായി,
ദുഷ്ടമായ നഖങ്ങളുമായി,
വികാരലേശമില്ലാത്ത ചോരയുമായി,
പൂഴിമൺനിറമുള്ള വാലിനു
വിചിത്രമായൊരു ഭൂമിശാസ്ത്രം പകരുന്ന
വലയങ്ങളൊക്കെയുമായി,
കരിഞ്ഞ വലയങ്ങളൊരു നിരയുമായി.

എനിയ്ക്കു മോഹം പൂച്ചയെപ്പോലൊന്നുറങ്ങാൻ,
കാലത്തിന്റെ രോമക്കുപ്പായവുമായി,
തീക്കല്ലിന്റെ നാവുമായി,
തീയുടെ വരണ്ട രതിയുമായി;
ആരോടുമൊന്നും മിണ്ടാതെ നിവർന്നൊന്നു കിടക്കാൻ,
ലോകത്തിനു മേൽ,
മേൽക്കൂരകൾക്കും ഭൂഭാഗങ്ങൾക്കും മേൽ,
സ്വപ്നത്തിൽ എലികളെ വേട്ടയാടാൻ
അടങ്ങാത്തൊരു ത്വരയുമായി.

കണ്ടിരിയ്ക്കുന്നു ഞാൻ,
ഉറങ്ങുന്ന പൂച്ചയുടെയുടലാന്ദോളനം ചെയ്യുന്നതും,
രാത്രിയൊരു കരിമ്പുഴ പോലതിലൂടൊഴുകുന്നതും;
ചിലനേരം വിജനമായ മഞ്ഞുതിട്ടകളിൽ
ചരിഞ്ഞുവീഴാനെന്നപോലതു ചായുന്നതും.
ചിലനേരമുറക്കത്തിലതു വളരുന്നു,
വ്യാഘ്രത്തിന്റെ മുതുമുത്തച്ഛനെപ്പോലെയാവുന്നു,
ഇരുട്ടത്തതു കുതിച്ചുചാടുന്നു
മേൽക്കൂരകൾക്കു മേൽ,
മേഘങ്ങൾക്കും അഗ്നിപർവ്വതങ്ങൾക്കും മേൽ.

ഉറങ്ങൂ, രാത്രിയുടെ മാർജ്ജാരമേ, ഉറങ്ങൂ,
പള്ളിക്കുറുപ്പിന്റെ ചിട്ടകളുമായി,
കല്ലിൽ കൊത്തിയ മീശരോമങ്ങളുമായി.
ഞങ്ങളുടെ സ്വപ്നങ്ങൾക്കു കാവലാളുമാകൂ;
ഞങ്ങളിൽ മറഞ്ഞുമയങ്ങുന്ന ശൗര്യത്തിനു വഴി കാണിയ്ക്കൂ,
നിന്റെയിടറാത്ത ഹൃദയവുമായി,
കൊണ്ട കെട്ടിയ കേമൻവാലുമായി.


ഇതു കൂടി വായിക്കൂ - പൂച്ചയ്ക്കൊരു സ്തുതിഗീതം - നെരൂദ

link to image


റില്‍ക്കെ - പൊട്ടിച്ചൂട്ടുകൾ


ചതുപ്പിലവിടെത്തെത്തെളിയുമാവെളിച്ചങ്ങളുമായി
നമുക്കുണ്ടു നിഗൂഢമായൊരു പൂർവ്വബന്ധം.
അവരെനിയ്ക്കു വലിയമ്മായിമാർ...
ഒരു ബലവുമമർത്തിവയ്ക്കാത്തൊരു കുടുംബലക്ഷണം
എനിയ്ക്കുമവർക്കുമിടയിൽ തെളിഞ്ഞുകിട്ടുന്നുണ്ടോരോ നാൾ ചെല്ലുന്തോറും.
അന്യർ കുത്തിയണ്യ്ക്കുമീ കുതിയ്ക്കൽ,
ഈ പിടച്ചിൽ, ഈ ഞെട്ടിത്തെറിയ്ക്കൽ, വളഞ്ഞുകുത്തലും.
ഞാൻ പെരുമാറുന്നതുമവിടങ്ങളിൽ,
ആവി ദുഷിയ്ക്കുമിടങ്ങളിൽ,
വഴികൾ നേർവഴി പോകാത്ത തുറസ്സുകളിൽ;
പലവേള ഞാൻ കണ്ടുനിന്നിരിയ്ക്കുന്നു,
സ്വന്തം കണ്ണിമയ്ക്കടിയിൽ ഞാൻ തവിഞ്ഞുപോകുന്നതും.

1924 ഫെബ്രുവരി



Wednesday, April 6, 2011

റില്‍ക്കെ - വിതുമ്പാൻ വെമ്പുന്ന നിശ്വാസത്തെ...


വിതുമ്പാൻ വെമ്പുന്ന നിശ്വാസത്തെ ഒരു തൂവാല വച്ചു തടുക്കുമ്പോലെ-
അല്ല: ഒരു ജീവിതമൊരുമിച്ചൊലിച്ചുപോവാൻ
കൊതിയ്ക്കുന്നൊരു മുറിവായിലതു വച്ചമർത്തുമ്പോലെ,
നിന്നെയെന്നോടണച്ചു ഞാൻ:
നിന്നിലെന്നിൽ നിന്നു ചെമല പടരുന്നതു കണ്ടു ഞാൻ.
നമുക്കിടയിൽ നടന്നതിന്നതെന്നാരു കണ്ടു?
നേരം കിട്ടാതെ മാറ്റിവച്ചതിനൊക്കെയും
നാമന്നു പരിഹാരം കണ്ടതന്യോന്യം.
നിറവേറാത്ത യൗവനത്തിന്റെ പ്രവേഗങ്ങളിൽ
വിചിത്രമായി ഞാൻ മുതിർന്നു;
നിനക്കും കിട്ടി പ്രിയേ, കാടു കാട്ടാനൊരു ബാല്യം
എന്റെ ഹൃദയത്തിലെങ്ങനെയോ.


Tuesday, April 5, 2011

റില്‍ക്കെ - എന്നിനി, എന്നിനി, എന്നിനി…



...എന്നിനി, എന്നിനി, എന്നിനി നിർത്തും നാം
ഈ പറച്ചിലും, ഈ കരച്ചിലും?
പണ്ടേയിവിടെയുണ്ടായിട്ടില്ലേ,
മനുഷ്യവചനങ്ങളിണക്കുന്നതിൽ കേമന്മാർ?
എന്തിനിനിയും പുതിയ പരിശ്രമങ്ങൾ?

മനുഷ്യർക്കു മേൽ പതിയ്ക്കുകയല്ലേ പുസ്തകങ്ങൾ
നിർത്താതെ, നിർത്താതെ, നിർത്താതടിയ്ക്കുന്ന മണികൾ പോലെ?
ആഹ്ലാദിയ്ക്കൂ,
രണ്ടു പുസ്തകങ്ങളുടെയിടവേളയിൽ
ഒരാകാശക്കീറു മൗനമായിത്തെളിയുമ്പോൾ...
സന്ധ്യനേരത്തു വെറുമൊരു തുണ്ടു മണ്ണെങ്കിലും.

കരഞ്ഞുവിളിയ്ക്കുകയായിരുന്നില്ലേ മനുഷ്യജീവികൾ,
കൊടുങ്കാറ്റുകളെക്കാളുച്ചത്തിൽ, കടലിനെക്കാളുച്ചത്തിൽ?
നമ്മുടെ നിലവിളിയ്ക്കിടയിലും കേൾക്കാം
ചീവീടു പാടുന്നതെങ്കിൽ
എത്ര പ്രബലമായിരിരിയ്ക്കും നിശ്ശബ്ദത
ഈയണ്ഡകടാഹത്തിൽ?
നമ്മുടെ നിലവിളികൾ ലക്ഷ്യമാക്കുന്ന ശുന്യാകാശത്തിൽ
നമുക്കു മേലൊരു നക്ഷത്രം നിശ്ശബ്ദം നിന്നു തിളങ്ങുമ്പോൾ.

വിദൂരർ, വൃദ്ധർ, അതിപുരാതനർ പിതൃക്കൾ
നമ്മോടവരൊന്നു മിണ്ടിയിരുന്നുവെങ്കിൽ!
നമ്മളോ: കേൾവിക്കാരുമായെങ്കിൽ!
കേൾവിക്കാർ മനുഷ്യരിലാദ്യമായി .

1922 ഫെബ്രുവരി 1


Monday, April 4, 2011

മൈക്കലാഞ്ജലോ - കവിതകൾ

File:Michelangelo01.jpg


പതിരില്ലാത്ത പഴമൊഴി


പതിരില്ലാതൊരു പഴമൊഴിയുണ്ടെങ്കിലതിതാണെന്റെ പ്രഭോ:
ആരൊരാൾക്കും മനസ്സില്ല തന്നെത്താനാവതു ചെയ്യാൻ.
അങ്ങു കാതു കൊടുക്കുന്നതു വീൺവാക്കുകൾക്കും കഥ മെനയുന്നവർക്കും,
അങ്ങുപകാരം ചെയ്യുന്നതു സത്യവിരോധികൾക്കും.

പണ്ടേയങ്ങയ്ക്കു സേവകനായിരുന്നവൻ ഞാൻ,
കിരണങ്ങൾ സൂര്യനിലെന്നപോലങ്ങയോടു കെട്ടുപിണഞ്ഞവൻ;
വ്യർത്ഥമായിട്ടെന്റെ കാലം തീരുന്നതങ്ങയ്ക്കു കാണില്ല,
എത്രമേൽ ഞാൻ പണിപ്പെട്ടാലുമത്രയ്ക്കങ്ങു പ്രീതിപ്പെടുകയുമില്ല.

ഒരിക്കലവിടത്തെത്തുണയാൽ കയറിച്ചെല്ലുവാൻ മോഹിച്ചിരുന്നു ഞാനവിടെ,
മാറ്റൊലിയ്ക്കുന്ന പൊള്ളവാക്കല്ല, നീതിയുടെ തുലാസ്സും കരുത്തിന്റെ വാളും
എന്റെയർത്ഥനകൾക്കു പ്രതിവചനമോതുമവിടെ.

നന്മയെ ലോകത്തേക്കയയ്ക്കാൻ ദൈവത്തിനു മടിയെന്നു വേണം കരുതാൻ,
ഇത്രയും ശുഷ്ക്കിച്ചൊരു മരത്തിൽ നിന്നു കനികൾ പറിക്കാനാണു
മനുഷ്യരോടവന്‍ നിർദ്ദേശിക്കുന്നതെങ്കിൽ.

1511

(സിസ്റ്റൈൻ പള്ളിയിലെ ചുമർച്ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്ന കാലത്ത്‌ മൈക്കലാഞ്ജലോ തന്റെ രക്ഷാധികാരിയായ പോപ്പ്‌ ജൂലിയസ്‌ രണ്ടാമനെ ഉദ്ദേശിച്ചെഴുതിയത്‌)



എന്റെ കുഴിമാടത്തിൻ മുന്നിൽ

എന്റെ കുഴിമാടത്തിൻ മുന്നിൽ നി-
ന്നെന്തിനു കണ്ണീരു പൊഴിയ്ക്കണം നിങ്ങൾ?
മഴ പെയ്താൽ പൂക്കുന്ന പടുമരം പോലെ
കണ്ണീരു വീണാലെലുമ്പു തളിർക്കുമോ?
വസന്തം വരവുണ്ടെന്നു കേട്ടാൽ
മരിച്ചവർ പിടഞ്ഞെഴുന്നേൽക്കുമോ?



നീയെനിക്കു തന്നത്‌

നീയെനിക്കു തന്നതു
നീ തിന്നതിന്റെയുച്ഛിഷ്ടം;
പകരം നീ ചോദിക്കുന്നതോ,
എന്റെ കൈകളിലില്ലാത്തതും



പ്രണയമേ...

പ്രണയമേ, നിന്നോടു പിരിയേണം ഞാനെന്നോ?
കിഴവന്മാരോടു കനിവറ്റതാണല്ലോ പ്രണയം.
എന്നാലുമെന്നാത്മാവു, പ്രണയമേ,
മരണത്തിന്റെ വിളി കേൾക്കുന്നില്ല,
മരണത്തിന്റെ വരവു കാണുന്നുമില്ല;
മരണം വന്നു കൈപിടിയ്ക്കുമ്പോഴും
നിന്നെ കൂട്ടിനു വിളിയ്ക്കുകയാണവൻ.
ഇനിയെന്റെ പ്രാർത്ഥനയൊന്നു മാത്രം:
വില്ലു കുഴിയെക്കുലച്ചെന്നെയെയ്തോളൂ,
അമ്പൊടുങ്ങുവോളമെന്നെയെതോളൂ;
യാതനകൾ തീരുവോളം
മരണവുമില്ലെനിയ്ക്ക്‌.

1544



മണ്ണിൽ പിറവിയെടുത്തവർ

മണ്ണിൽ പിറവിയെടുത്തവരൊക്കെയും
മരണത്തിലെത്തിച്ചേരണം കാലം കടന്നുപോകെ;
ജീവനോടൊന്നും ബാക്കി വയ്ക്കില്ല സൂര്യനിവിടെ.
സുഖിച്ചതൊക്കെയും പിന്നിലാവും,
ദുഃഖിച്ചതു മറന്നും പോകും.
മനുഷ്യൻ മനസ്സിൽ വച്ചതുമവൻ വെളിയിൽ പറഞ്ഞതും,
അവന്റെ കുലമഹിമകളൊക്കെയും
വെറും പുകച്ചുരുളുകൾ, വെയിലത്തെ നിഴലുകൾ.
ഞങ്ങളൊരുകാലത്തു ദുഃഖിച്ചപോലെ ദുഃഖിക്കുന്നവരാണു നിങ്ങൾ,
അന്നത്തെ ഞങ്ങളെപ്പോലെയാഹ്ലാദം കൊള്ളുന്നവരുമാണു നിങ്ങൾ;
ഇന്നു ഞങ്ങളാരെന്നൊന്നു വന്നു നോക്കൂ:
വെയിലത്തെ വെറും ചളി, ജീവനറ്റ മൺപൊടി.
നിറഞ്ഞുരുണ്ടവയായിരുന്നു ഒരിയ്ക്കലീ കണ്ണുകൾ,
ജീവിതത്തിന്റെ വെളിച്ചവും നിറവും തങ്ങിനിന്ന കോടരങ്ങൾ;
പേടിപ്പിയ്ക്കുന്നൊരു കപാലത്തിലെ കരിങ്കുഴികളിന്നവ:
ഇതത്രേ കാലം ചെയ്തുവച്ച മഹത്തായ വേലയും.

 File:Michelangelo Signature2.svg


Images from Wikimedia

Sunday, April 3, 2011

റിൽക്കെ - വിലാപം

File:Egon Schiele 054.jpg


ഇനിയാരെ നോക്കി നീ കരയുമെൻ ഹൃദയമേ?
നിന്നെയുള്ളറിയാത്തവർക്കിടയിലൂടെ
ഞെരുങ്ങിക്കടന്നു നിന്റെ വഴി പോകണം,
നാളുകൾ പോകെയാളുകളൊഴിഞ്ഞുമാറിയും.
അത്രയും വ്യർത്ഥവുമാണതു ഗതി മാറ്റില്ലയെന്നതിനാൽ,
ഭാവിയാണതിനുന്നമെന്നതിനാൽ,
നഷ്ടമാണാ ഭാവിയുമെന്നതിനാൽ.

പണ്ടൊരുനാൾ. വിലപിച്ചു നീ?
എന്തിനെച്ചൊല്ലി?
പാകമെത്തും മുമ്പേ കൊഴിഞ്ഞുപോയൊരാനന്ദക്കനിയെച്ചൊല്ലി.
ഇന്നെന്റെയാനന്ദവൃക്ഷമാകെപ്പിളരുന്നു,
കൊടുങ്കാറ്റിലുലഞ്ഞു പിളരുകയാ-
ണെന്റെയാനന്ദത്തിന്റെയലസവൃക്ഷം.
എന്റെയദൃശ്യദേശത്തതിമോഹനമായി നിന്നതൊന്നേ,
കണ്ണിൽപ്പെടാത്ത മാലാഖമാർക്കെന്നെ
കണ്ണിൽപ്പെടുമാറാക്കിയതും നീയേ.


പാരീസ്‌, 1914 ജൂലൈ


link to image


Saturday, April 2, 2011

ഫെർണാണ്ടോ പെസ്സോവ – നിഷ്ക്രിയത


ഒരു ഭാവനാശേഷിയുമില്ലാത്തവർക്കുള്ള ഒഴികഴിവാണ്‌, അവർക്കൊളിച്ചിരിക്കാനുള്ള ഇടമാണ്‌ പ്രത്യക്ഷാനുഭവം. കടുവകളെ വേട്ടയാടാൻ പോകുന്നൊരാൾക്കു നേരിടേണ്ടിവരുന്ന വിപത്തുകളെക്കുറിച്ചു വായിക്കുമ്പോൾ അനുഭവിക്കാൻ യോഗ്യമായ വിപത്തുകളൊക്കെ ഞാൻ അനുഭവിക്കുന്നുണ്ട്‌, നേരിട്ടുള്ള ശാരീരികമായ വിപത്തൊന്നൊഴികെ; അതാ കട്ടെ, ഒരു പാടും ശേഷിപ്പിക്കാതെ മറഞ്ഞുപോയെന്നതിനാൽ അനുഭവയോഗ്യവുമല്ല.

പ്രവര്‍ത്തിക്കുക ശീലമാക്കിയവർ തങ്ങളറിയാതെ ചിന്താശീലരുടെ അടിമകളാവുന്നു. വസ്തുക്കളുടെ മൂല്യം അവയുടെ വ്യാഖ്യാനത്തെ ആശ്രയിച്ചിരിക്കുന്നു. ചില മനുഷ്യർ വസ്തുക്കൾ നിർമ്മിക്കുമ്പോൾ മറ്റു ചില മനുഷ്യർ അർത്ഥം കൊടുത്ത്‌ അവയ്ക്കു ജീവൻ വയ്പ്പിക്കുകയുമാണ്‌. ആഖ്യാനം ചെയ്യുക എന്നാൽ സൃഷ്ടിക്കുക എന്നുതന്നെ, ജിവിക്കുക എന്നാൽ വെറുമൊരു ജീവിച്ചുപോകലും.

163


നിഷ്ക്രിയത സർവ്വതിനുമുള്ള പരിഹാരമത്രേ.     ഒന്നും     ചെയ്യാതിരിക്കുക   എല്ലാം നമുക്കു തരുന്നു. ഭാവന ചെയ്യുക എന്നാൽ എല്ലാമായി, അതു നമ്മെ പ്രവൃത്തിയിലേക്കു നയിക്കാത്തിടത്തോളം കാലം. സ്വപ്നത്തിലല്ലാതെ ലോകത്തിന്റെ ചക്രവർത്തിയാവാൻ ആർക്കുമാവില്ല. സ്വയം ശരിക്കറിയുന്ന നാമേവർക്കും ലോകത്തിന്റെ ചക്രവർത്തിയാവണമെ ന്നുണ്ടു താനും.

ഒന്നാകാതെ, അതിനെ ഭാവന ചെയ്യുക എന്നതാണു സിംഹാസനം. വേണമെന്നില്ലാതെ മോഹിക്കുക തന്നെ കിരീടം. നാം ത്യജിക്കുന്നതു നമുക്കു സ്വായത്തവുമാകുന്നു, എന്തെന്നാൽ നമ്മുടെ സ്വപ്നങ്ങളിൽ സർവ്വകാലത്തേക്കുമായി സൂക്ഷിച്ചുവയ്ക്കുകയാണല്ലോ നാമതിനെ, ഇല്ലാത്തൊരു സൂര്യന്റെ വെയിലിൽ, സാധ്യമല്ലാത്തൊരു ചന്ദ്രന്റെ നിലാവിലും.

164


എനിക്കതിഷ്ടപ്പെട്ടാലുമില്ലെങ്കിലും, എന്റെ ആത്മാവല്ലാത്തതെല്ലാം വെറും അലങ്കാരവും രംഗപടവും മാത്രമാണെ നിയ്ക്ക്‌. ഒരു മനുഷ്യൻ എന്നെപ്പോലെ തന്നെ ജിവിയാണെന്ന് യുക്തിചിന്തയിലൂടെ എനിക്കു മനസ്സിലാവും; പക്ഷേ അസ്സലായ എന്റെ ആത്മാവിന്‌ ഒരു മരത്തേക്കാൾ പ്രാധാന്യം കുറഞ്ഞതാണയാൾ, ആ മരം അയാളെക്കാൾ മനോ ഹരമാണെങ്കിൽ. അതു കൊണ്ടാണ്‌ മാനുഷികസംഭവങ്ങൾ - ചരിത്രത്തിലെ കൂട്ടദുരന്തങ്ങൾ – രൂപങ്ങൾക്കാത്മാ ക്കളില്ലാത്ത വെറും ചുമർച്ചിത്രങ്ങളായി എനിക്കനുഭവപ്പെട്ടിട്ടുള്ളത്‌. ചൈനയിൽ എന്തോ ദുരന്തം നടന്നതിനെക്കുറിച്ച്‌ രണ്ടുതവണ ചിന്തിച്ചിട്ടില്ല ഞാൻ. അകലെ കാണുന്ന ഒരു രംഗപടം മാത്രമാണത്‌, ചോരയും രോഗവും കൊണ്ടാണതു വരച്ചിരിക്കുന്നതെങ്കിൽക്കൂടി.

ഒരു തൊഴിലാളിജാഥ ഞാനോർത്തുപോവുകയാണ്‌, നിർദ്ദോഷമല്ലാത്തൊരു വിഷാദത്തോടെ; എന്തു മാത്രം ആത്മാ ർത്ഥതയോടെയാണ്‌ അതു സംഘടിപ്പിച്ചതെന്നും എനിക്കറിയില്ല ( കൂട്ടു ചേർന്നുള്ള സംരംഭങ്ങളിൽ ആത്മാർത്ഥതയ്ക്കു പങ്കുണ്ടെന്നു സമ്മതിക്കാൻ എനിക്കു കഴിയുന്നില്ല, വ്യക്തിയ്ക്കല്ലാതെ അനുഭവമില്ല എന്നതു വച്ചുനോക്കുമ്പോൾ). ചാടി ത്തുള്ളുന്ന വിഡ്ഢികളുടെ ഒരു പോക്കിരിക്കൂട്ടമായിരുന്നു അത്‌; എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ട്‌ എന്റെ ഉദാസീ നതയ്ക്കു മുന്നിലൂടെ കടന്നുപോവുകയാണവർ. പെട്ടെന്ന് ഒരറപ്പെനിക്കു തോന്നി. മതിയാം വിധം വൃത്തികെട്ടവർ പോലു മല്ലവർ. യഥാർത്ഥത്തിൽ യാതന അനുഭവിക്കുന്നവർ ഒരിക്കലും സംഘം ചേരില്ല, കൂട്ടം കൂടി നടക്കുകയുമില്ലവർ. യാത നപ്പെടുന്നവർ ഒറ്റയ്ക്കു യാതനപ്പെടുന്നു.

എത്ര ദയനീയമായൊരു സംഘം! മനുഷ്യത്വം എത്ര കുറഞ്ഞിട്ടാണവരിൽ, അതേസമയം എത്ര യഥാർത്ഥമാണവരുടെ വേദനയും! യഥാർത്ഥത്തിലുള്ളവരാണവർ, അതിനാൽ അത്രയ്ക്കവിശ്വസനീയവും. ഒരു നോവലിന്റെ രംഗമോ, ഒരു വിശദീകരണപശ്ചാത്തലമോ ആയി ആർക്കുമവരെ ഉപയോഗിക്കാനാവില്ല. ഒരു നദിയിൽ, ജീവിതനദിയിൽ പൊന്തി യൊഴുകുന്ന ചണ്ടികൾ പോലെ അവർ കടന്നുപോയി; അവർ കടന്നുപോകുന്നതു കണ്ട എനിക്ക്‌ മനംപുരട്ടൽ തോന്നി പ്പോയി, വല്ലാത്ത ഉറക്കവും.

165



അശാന്തിയുടെ പുസ്തകം

link to image


Friday, April 1, 2011

ഫെര്‍ണാണ്ടോ പെസ്സോവ - ജീവിതവും ചിന്തയും



ഒരു സാധാരണക്കാരന്‌, അയാളുടെ ജിവിതം എത്ര ദുഷ്കരമായിക്കോട്ടെ, അതിന്റെ ചിന്തയില്ലാത്തതിന്റെ സന്തോഷമെങ്കിലുമുണ്ട്‌. ജീവിതത്തെ വരുന്നപോലെ കൈക്കൊള്ളുക, ഒരു നായയോ പൂച്ചയോ പോലെ ബാഹ്യമായി ജിവിക്കുക- ആളുകൾ പൊതുവേ ജീവിക്കുന്നത്‌ ആ മാതിരിയിലാണ്‌; അങ്ങനെയാണ്‌ ജീവിതം ജീവിക്കേണ്ടതും, നായയുടെയോ പൂച്ചയുടെയോ തൃപ്തഭാവം നമുക്കു വേണമെന്നുണ്ടെങ്കിൽ.

ചിന്തിക്കുക എന്നാൽ നശിപ്പിക്കുക എന്നുതന്നെ. ചിന്ത എന്ന പ്രക്രിയയ്ക്കിടയിൽ ചിന്ത തന്നെ നശിക്കുകയും ചെയ്യുന്നു, കാരണം ചിന്തിക്കുക എന്നാൽ വിഘടിപ്പിക്കുക എന്നുമാണല്ലോ. ജീവിതം എന്ന സമസ്യയെക്കുറിച്ചു മനനം ചെയ്യാൻ മനുഷ്യർക്കറിയുമായിരുന്നെങ്കിൽ, പ്രവൃത്തിയുടെ ഓരോ സൂക്ഷ്മാംശത്തിലും  ആത്മാവിനെ മറഞ്ഞുനോക്കുന്ന  ഒരായിരം സങ്കീർണ്ണതകളെ ഉള്ളു കൊണ്ടറിയാൻ അവർക്കറിയുമായിരുന്നെങ്കിൽ അവർ പ്രവൃത്തിയിലേക്കിറങ്ങുക തന്നെയുണ്ടാവില്ല- അവർ ജീവിക്കുക തന്നെയില്ല. ഭീതി കൊണ്ട്‌ അവർ ജീവനൊടുക്കിയേനേ, അടുത്ത ദിവസം കഴുമരത്തിലേറുന്നതൊഴിവാക്കാനായി ആത്മഹത്യ ചെയ്യുന്നവരെപ്പോലെ.

188


ചിന്തിക്കുക തന്നെയും ഒരുതരം പ്രവൃത്തിയാണ്‌. വെറും ദിവാസ്വപ്നത്തിലേ, ക്രിയാത്മകമായതൊന്നും ഇടപെടാതിരിക്കുകയും നമ്മുടെ ആത്മാവബോധം പോലും ചളിയിൽ പൂണ്ടുപോവുകയും  ചെയ്യുന്ന, ഈറനും ഊഷ്മളവുമായ ആ അസത്തായ അവസ്ഥയിലേ പൂർണ്ണനിവൃത്തി കൈവരിക്കാനാവൂ.

മനസ്സിലാക്കാനുള്ള ശ്രമങ്ങൾ നിർത്തുക, വിശകലനത്തിനൊരുമ്പെടാതിരിക്കുക...പ്രകൃതിയെ കാണും പോലെ നാം നമ്മെത്തന്നെ കാണുക, നമ്മുടെ മനോവ്യാപാരങ്ങളെ ഒരു പാടത്തെ നാം നോക്കിനിൽക്കുമ്പോലെ വീക്ഷിക്കുക- അതാണ്‌ യഥാർത്ഥജ്ഞാനം.

252


അശാന്തിയുടെ പുസ്തകം

ഫെര്‍ണാണ്ടോ പെസ്സോവ - നിരുത്സാഹപ്പെടുത്തലിന്റെ സൗന്ദര്യശാസ്ത്രം


ജീവിതത്തിൽ നിന്നു നമുക്കു സൗന്ദര്യം പുറത്തെടുക്കാനാവില്ലെന്നിരിക്കെ, ജിവിതത്തിൽ നിന്നു സൗന്ദര്യം പുറത്തെടുക്കാനുള്ള കഴിവില്ലായ്മയിൽ നിന്നു സൗന്ദര്യം പുറത്തെടുക്കാനെങ്കിലും ശ്രമിക്കുക നാം. നമ്മുടെ പരാജയത്തെ നാമൊരു വിജയമാക്കുക, മൂല്യമുള്ളതും മഹിതവുമാക്കുക നാമതിനെ, സ്തംഭങ്ങളും പ്രൗഢിയും നമ്മുടെ മനസ്സുകളുടെ സമ്മതവും ചേർന്നതാക്കുക.

ഒരു തടവറയിലധികമൊന്നും ജീവിതം നമുക്കു തന്നിട്ടില്ലെങ്കിൽ നമ്മുടെ കഴിവിനൊത്ത്‌ അതിനെ അലങ്കരിച്ചു വയ്ക്കുകയെങ്കിലും ചെയ്യുക നാം- നമ്മുടെ സ്വപ്നങ്ങളുടെ നിഴലുകളാൽ; ചുമരുകളുടെ ചലനമറ്റ പ്രതലത്തിൽ നമ്മുടെ വിസ്മൃതിയെ കോറിയിടട്ടെ അവയുടെ നിറപ്പകിട്ടുള്ള രൂപങ്ങൾ.

ഏതു സ്വപ്നദർശിയേയും പോലെ എന്റെ വിചാരവും ഇതായിരുന്നു, സൃഷ്ടിക്കുക എന്നതാണ്‌ എന്റെ നിയോഗമെന്ന്. ഒരു യത്നമെടുക്കാനോ ഒരിംഗിതം നടത്തിയെടുക്കാനോ ഇന്നേവരെ എനിക്കു കഴിഞ്ഞിട്ടില്ലാത്തതിനാൽ സൃഷ്ടി എന്നത്‌ എന്റെ കാര്യത്തിൽ സ്വപ്നം കാണൽ മാത്രമായിരുന്നു, ആഗ്രഹമോ അഭിലാഷമോ ആയിരുന്നു; എനിക്കു ചെയ്യാനായെങ്കിലെന്നു ഞാൻ മോഹിച്ച കർമ്മങ്ങളെ സ്വപ്നം കാണുകയായിരുന്നു കർമ്മമെന്നാലെനിക്ക്‌.

307


ജീവിക്കാനുള്ള കഴിവില്ലായ്മയെ ഞാൻ പ്രതിഭയെന്നു വിളിച്ചു; എന്റെ ഭിരുത്വത്തെ സംസ്കാരസമ്പന്നതയെന്നു വിളിച്ചു ഞാൻ വേഷം കെട്ടിച്ചു. മാർബിൾ പോലെ തോന്നിക്കാൻ ചായമടിച്ച വീഞ്ഞപ്പലകയുടെ അൾത്താരയിൽ ഞാനെന്നെത്തന്നെ- കാക്കപ്പൊന്നു പൂശിയ ദൈവത്തെ- പ്രതിഷ്ഠിക്കുകയും ചെയ്തു.

എന്നിട്ടും എന്നെത്തന്നെ കബളിപ്പിക്കുന്നതിൽ വിജയം കാണാനെനിക്കായില്ല...

308


എന്റെ ആത്മാവ്‌ ഒരു വൃന്ദവാദ്യമാണ്‌; പക്ഷേ എന്തൊക്കെ വാദ്യങ്ങളാണ്‌ - തന്ത്രികൾ, കിന്നരങ്ങൾ, ഇലത്താളങ്ങൾ, ചെണ്ടകൾ - എന്റെയുള്ളിൽ മീട്ടുന്നതും മുഴങ്ങുന്നതുമെന്ന് എനിക്കറിയില്ല. ഞാനൊരു രാഗലയമെന്നേ എനിക്കറിയൂ.

*
ഓരോ യത്നവും ഒരപരാധമത്രേ, എന്തെന്നാൽ ഒരു മൃതസ്വപ്നമാണ്‌ ഓരോ ചേഷ്ടയും.

*

തടവിലായ മാടപ്രാവുകളാണ്‌ നിന്റെ കൈകൾ. നിന്റെ ചുണ്ടുകൾ തൊണ്ടയടഞ്ഞ മാടപ്രാവുകളും ( എന്റെ കണ്ണുകൾക്കു മുന്നിൽ കുറുകാൻ വരുന്നവ).

നിന്റെ ചേഷ്ടകളൊക്കെ പക്ഷികൾ. പറന്നിറങ്ങുമ്പോൾ നീയൊരു മീവൽക്കിളി. എന്റെ നേരെ നോക്കുമ്പോൾ ഒരു കഴുകൻ, ധൃഷ്ടമായ സ്ത്രൈണമൂർച്ഛകളിൽ നീയൊരു ഗരുഡനും. നിന്നെ നോക്കുമ്പോൾ ഞാൻ കാണുന്നത്‌ ചിറകടികൾ കൊണ്ടു നിറഞ്ഞൊരു ജലാശയം.

ചിറകുകൾ മാത്രമാണു നീ...

*

മഴ, മഴ, മഴ..

തേങ്ങുന്ന, തോരാത്ത മഴ...

എന്റെയുടലിൽ നിന്ന് എന്റെ ആത്മാവു പോലും കുളുർന്നുവിറയ്ക്കുന്നു, അന്തരീക്ഷത്തിലെ തണുപ്പു കൊണ്ടല്ല, മഴ കണ്ടുനിൽക്കുന്നതിന്റെ തണുപ്പു കാരണം.

*

ഏതു സുഖവും ഒരു തിന്മ തന്നെ, എന്തെന്നാൽ സുഖാന്വേഷണം ഏതു മനുഷ്യന്റെയും ജിവിതവൃത്തിയാണ്‌; അന്യർ ചെയ്യുന്നതു ചെയ്യുക എന്നതാണ്‌ തിന്മയും.
310