Thursday, April 14, 2011

യഹൂദാ അമിച്ചായി - അതേ നിറം, അതേ തുന്നൽ



അമ്മയെനിക്കു ചുട്ടുതന്നിരുന്നു...


അമ്മയെനിക്കു ലോകമങ്ങനെതന്നെ ചുട്ടുതന്നിരുന്നു
മധുരിക്കുന്ന അപ്പമായി.
എന്റെ കാമുകി എന്റെ ജനാല നിറച്ചുതന്നിരുന്നു
നക്ഷത്രങ്ങളുടെ ഉണക്കമുന്തിരിപ്പഴങ്ങളുമായി.
എന്റെ അഭിലാഷങ്ങൾ എന്റെ ഉള്ളിലുമടങ്ങി
ഒരപ്പക്കഷണത്തിലെ കുമിളകൾ പോലെ.
പുറമേ മിനുത്തതും ശാന്തവും മൊരിഞ്ഞതുമാണു ഞാൻ.
ലോകത്തിനരുമയുമാണു ഞാൻ.
എന്നാൽ വറ്റിവരളുന്നൊരു ചതുപ്പിലെ ഓടത്തണ്ടുകൾ പോലെ
മ്ലാനമാണെന്റെ മുടിനാരുകൾ-
എന്നിൽ നിന്നു പറന്നകലുകയുമാണ്‌
അലങ്കാരത്തുവൽ വച്ച അപൂർവ്വപക്ഷികൾ.

1956


ചുടുകാറ്റത്ത്‌


അരളിപ്പൂക്കളനുധാവനം ചെയ്ത ഒരു തീവണ്ടി
മലകളുടെ പൊള്ളുന്ന തുടകൾക്കിടയിലൂടെ പാഞ്ഞൊളിക്കുന്നു.

ഒലീവുമരങ്ങൾ വിരണ്ടു കണ്മിഴിക്കുന്നു,
പല്ലികളെയുമോന്തുകളെയും കുടഞ്ഞിടുന്നു.

സൂര്യനൊരു സൂര്യനു പിറവി കൊടുക്കുന്നു,
ഒരു സൂര്യനും, പിന്നെയൊരു സൂര്യനും.

പൊടിപടലത്തിന്റെ യവനിക മാറുന്നു,
നാലുപാടും തൊഴിയ്ക്കുന്നൊരു വായുവിനെ കാണുമാറാകുന്നു.

പല്ലുപോയ ഭൂമി മന്ത്രിക്കുന്നു
ഭ്രാന്തൻമുള്ളുകൾ, വാൻഗോഗിനെപ്പോലെ.

1978


അതേ നിറം, അതേ തുന്നൽ


തലയിൽ ഉച്ചിത്തൊപ്പി വച്ച ഒരാളെ ഞാൻ കണ്ടു,
പണ്ടൊരിക്കൽ ഞാൻ പ്രേമിച്ച ഒരു പെണ്ണിന്റെ അടിയുടുപ്പിനും
അതേ നിറവും അതേ തുന്നലുമായിരുന്നു.

ഞാനയാളെ നോക്കിയതെന്തിനെന്നയാൾക്കു മനസ്സിലായില്ല,
അയാൾ കടന്നുപോയിട്ടും ഞാൻ തിരിഞ്ഞുനോക്കിയതെന്തിനെന്നും;
തോളൊന്നു വെട്ടിച്ച്‌ അയാൾ നടന്നുപോയി.

ഞാൻ തന്നെത്താൻ പിറുപിറുക്കുകയായിരുന്നു:
അതേ നിറം, അതേ തുന്നൽ,
അതേ നിറം, അതേ തുന്നൽ.

1983


No comments: