ഒറ്റപ്പെടൽ അതിന്റെ രൂപത്തിലും ഛായയിലും എന്നെ കൊത്തിയെടുത്തിരിക്കുന്നു. മറ്റൊരാളുടെ സാന്നിദ്ധ്യം - അതിനി ഏതൊരാളാവട്ടെ - തത്ക്ഷണം എന്റെ ചിന്തയെ പിന്നോട്ടടിയ്ക്കുകയാണ്; ഒരു സാധാരണമനുഷ്യന് അന്യരുമായുള്ള സമ്പർക്കം ഭാഷാപ്രയോഗത്തിനും രസികത്തത്തിനുമുള്ള ഉത്തേജകമായിരിക്കുമ്പോൾ എന്റെ കാര്യത്തിലത് ഒരു പ്രത്യുത്തേജകമാണ്, അങ്ങനെയൊരു സംയുക്തപദം ഭാഷാശാസ്ത്രപരമായി ശരിയാണെങ്കിൽ. ഒറ്റയ്ക്കായിരിക്കുമ്പോൾ രസം പിടിച്ച അഭിപ്രായപ്രകടനങ്ങൾ, ആരും പറഞ്ഞിട്ടില്ലാത്തതിനോടുള്ള എടുത്തടിച്ച മറുപടികൾ, ആരോടുമല്ലാതെയുള്ള വേഴ്ചയിലെ മിന്നൽ പാളുന്ന നേരമ്പോക്കുകൾ - ഇതൊക്കെ മനസ്സിൽ കാണാനെനിയ്ക്കു കഴിയുന്നുണ്ട്,. പക്ഷേ ഉടലോടെ ഒരാളെ മുന്നിൽ കാണുമ്പോൾ ഇപ്പറഞ്ഞതൊക്കെ ആവിയായിപ്പോവുകയാണ്: എനിക്കെന്റെ ബുദ്ധി മന്ദിച്ചുപോവുന്നു, എന്റെ നാവിറങ്ങിപ്പോവുന്നു, അര മണിക്കൂർ കഴിയുമ്പോഴേക്കും ഞാനാകെത്തളർന്നുവെന്നുമാവുന്നു. സത്യം, അന്യരോടു സംസാരിക്കുകയെന്നാൽ ഉറക്കം വരുന്നപോലെയാണെനിക്ക്. മായാരൂപികളും ഭാവനയിലുള്ളവരുമായ സുഹൃത്തുക്കൾ, സ്വപ്നത്തിൽ ഞാൻ നടത്തുന്ന സംഭാഷണങ്ങൾ - അവയേ ശരിയ്ക്കും യഥാർത്ഥവും മൂർത്തവുമായിട്ടുള്ളു; അവയിൽ എന്റെ ധിഷണ കണ്ണാടിയിൽ പ്രതിബിംബമെന്നപോലെ വെട്ടിത്തിളങ്ങുകയും ചെയ്യുന്നു.
മറ്റൊരാളുമായി സമ്പർക്കത്തിലേർപ്പെടുക എന്ന ചിന്ത തന്നെ എന്നെ അധൈര്യവാനാക്കുന്നു. ഒരു സുഹൃത്ത് എന്നെ അത്താഴത്തിനു ക്ഷണിക്കുന്നതു പോലും എന്നിലുളവാക്കുന്ന ഉത്കണ്ഠ നിർവ്വചനങ്ങൾക്കതീതമായിരിക്കും. സാമൂഹ്യമായ ഉത്തരവാദിത്തങ്ങൾ, അതിനിയെന്താവട്ടെ, ഒരു ശവസംസ്കാരച്ചടങ്ങിൽ പങ്കുകൊള്ളുക, ഓഫീസുകാര്യവുമായി ബന്ധപ്പെട്ട് ആരോടെങ്കിലും സംസാരിക്കേണ്ടിവരിക, എനിക്കു പരിചയമുള്ള അല്ലെങ്കിൽ പരിചയമില്ലാത്ത ആരെയെങ്കിലും സ്റ്റേഷനിൽ കാത്തുനിൽക്കുക- അതിനെക്കുറിച്ചോർക്കുമ്പോൾത്തന്നെ ഒരു പകൽനേരത്തേക്ക് എന്റെ ചിന്തകൾ കലുഷമായിപ്പോകുന്നു; ചിലപ്പോഴാവട്ടെ, തലേ രാത്രിയിൽത്തന്നെ ഞാൻ വേവലാതിപ്പെട്ടു തുടങ്ങുകയും, അങ്ങനെ ഉറക്കം തന്നെ ശരിപ്പെടാതെവരികയും ചെയ്യും. കാര്യം നടന്നു കഴിയുമ്പോഴാണ് ഞാൻ അത്രകണ്ടു പേടിച്ച ആ സംഗതികൾ തീർത്തും അഗണ്യമാണെന്നറിയുന്നത്, എന്റെ ഉത്കണ്ഠകൾക്കൊന്നിനു പോലും ന്യായീകരണമില്ലായിരുന്നുവെന്നു വരുന്നത്. പക്ഷേ അടുത്ത തവണയൗം ഇതു തന്നെ ആവർത്തിക്കും: ഞാനൊരിക്കലും പഠിക്കാൻ പഠിക്കില്ല.
'ഏകാന്തതയുടേതാണ്, മനുഷ്യരുടേതല്ല, എന്റെ ശീലങ്ങൾ.' എനിക്കറിയില്ല അതു പറഞ്ഞത് റൂസോയോ, സെനാൻകോറോ എന്ന്. ആരായാലും എന്റെ ജനുസ്സിൽപ്പെട്ട ഒരു മനസ്സു തന്നെ; എന്റെ വർഗ്ഗത്തെക്കുറിച്ച് ഇതിലധികമൊന്നും പറയാനില്ലെന്നുമാവാം.
അശാന്തിയുടെ പുസ്തകം -49
No comments:
Post a Comment