Monday, April 18, 2011

ഫെർണാണ്ടോ പെസ്സോവ - ഉറക്കമില്ലാത്ത രാത്രികൾ


ഉറക്കം മോശമായൊരു രാത്രിയ്ക്കു ശേഷം നമ്മെ ആർക്കും ഇഷ്ടമില്ലാതാവുന്നു. നമ്മെ വെടിഞ്ഞുപോയ ഉറക്കം നമ്മെ മനുഷ്യരാക്കുന്ന എന്തോ കൂടി എടുത്തുകൊണ്ടുപോയിരിക്കുന്നു. ചുറ്റുമുള്ള അചേതനമായ വായുവിലേക്കു കൂടി പടരുന്ന ഒരീർഷ്യ നാം നമ്മുടെയുള്ളിൽ കണ്ടെത്തുന്നു. നമ്മെ വെടിഞ്ഞുപോയതു നമ്മൾ തന്നെ; നമുക്കും നമുക്കുമിടയിലാണ്‌ നയതന്ത്രത്തിന്റെ നിശ്ശബ്ദയുദ്ധം നടക്കുന്നത്‌.

ഇന്നു ഞാനെന്റെ കാലടികളെയും കനത്ത ക്ഷീണത്തെയും തെരുവുകളിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി. ഒരു നൂൽപ്പന്തു മാതിരി ചുരുങ്ങിപ്പോയിരിക്കുന്നു എന്റെയാത്മാവ്‌; ഞാനെന്താണോ, ഞാനെന്തായിരുന്നുവോ, എന്നു പറഞ്ഞാൽ ഞാൻ, അതിന്റെ പേരും മറന്നിരിക്കുന്നു. നാളെ എന്നൊരു നാൾ എനിക്കുണ്ടോയെന്ന് എനിക്കറിയില്ല. എനിക്കുറങ്ങാൻ കഴിഞ്ഞില്ല എന്നേ എനിക്കറിയൂ; ചിലനേരത്തെനിയ്ക്കു തോന്നുന്ന മനക്കുഴപ്പമാവട്ടെ, എന്റെ ആത്മഭാഷണത്തിൽ നീണ്ട വിരാമങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു.

ഹാ, അന്യരാസ്വദിക്കുന്ന കൂറ്റൻ പൂന്തോപ്പുകൾ, അത്രയധികം പേർക്കു സുപരിചിതമായ ഉദ്യാനങ്ങൾ, ഒരുകാലത്തും എന്നെ അറിയാത്തവരായ മനുഷ്യർ നടന്നുപോകുന്ന നടക്കാവുകൾ! ഉറക്കമില്ലാത്ത രാത്രികൾക്കിടയിൽ തളം കെട്ടുകയാണു ഞാൻ, പുറംമോടിക്കാരനാവാൻ ധൈര്യമില്ലാത്തൊരാളെപ്പോലെ; സ്വപ്നം മുറിയും പോലെ എന്റെ ധ്യാനം ഞെട്ടുകയും ചെയ്യുന്നു.

വൈധവ്യം ഭവിച്ചൊരു വീടാണു ഞാൻ; ഒളിച്ചും നാണിച്ചും പ്രേതങ്ങൾ പെരുമാറുന്നൊരു വീട്‌. അടുത്ത മുറിയിലായിരിക്കും എപ്പോഴും ഞാൻ, അതല്ലെങ്കിൽ അവർ; എനിക്കു ചുറ്റും മരങ്ങളുടെ മുഖരമായ മർമ്മരം. അലഞ്ഞലഞ്ഞു കണ്ടെത്തുകയാണു ഞാൻ; അലയുകയാണെന്നതിനാൽ കണ്ടെത്തുകയുമാണു ഞാൻ. ഹാ, ഇതു നിങ്ങളോ, എന്റെ ബാല്യത്തിന്റെ നാളുകളേ, വള്ളിനിക്കറുമൊക്കെയിട്ട്‌!

ഇതിനൊക്കെയിടയിലും തെരുവിലൂടെ നടന്നു പോവുകയാണു ഞാൻ, തെണ്ടിനടക്കുന്ന ഒരുറക്കംതൂങ്ങിയായി, ഞെട്ടടർന്ന ഒറ്റയിലയായി. ഏതോ ഇളംതെന്നൽ എന്നെ നിലത്തു നിന്നു പൊന്തിച്ചു; ഒടുങ്ങുന്ന സന്ധ്യ പോലൊഴുകുകയാണു ഞാൻ, ഒരു ഭൂദൃശ്യത്തിന്റെ വിശദാംശങ്ങൾക്കിടയിലൂടെ. വലിഞ്ഞിഴുന്ന കാലുകൾക്കു മേൽ എന്റെ കൺപോളകൾ കനത്തുതൂങ്ങുന്നു. നടക്കുകയാണെന്നതിനാൽ ഉറങ്ങുകയാണെന്നു തോന്നുകയാണെനിക്ക്‌. എന്റെ ചുണ്ടുകൾ മുദ്ര വയ്ക്കാനെന്നപോലെ കൂട്ടിയടച്ചിരിക്കുകയാണെന്റെ വായ. ഒരു കപ്പൽ മുങ്ങിത്താഴുന്ന മാതിരിയാണു ഞാൻ നടക്കുന്നത്‌.

ഇല്ല, ഞാനുറങ്ങിയില്ല; ഉറങ്ങാത്തപ്പോൾ, എന്നിട്ടും ഉറക്കം വരാതിരിക്കുമ്പോൾ അധികമധികം ഞാനാവുകയാണു ഞാൻ. പാതി മുറിഞ്ഞൊരാത്മാവായി സ്വയം ഭാവന ചെയ്യുകയാണു ഞാൻ; അങ്ങനെയൊരവസ്ഥയുടെ യാദൃച്ഛികവും പ്രതീകാത്മകവുമായ നിത്യതയിൽ സാക്ഷാൽ ഞാനാവുകയുമാണു ഞാൻ. ഒന്നുരണ്ടു പേർ എന്നെയൊന്നു നോക്കിപ്പോവുന്നുണ്ട്‌, അവർക്കെന്നെ അറിയാമെന്നപോലെ, വിചിത്രമാണെന്റെ നടപ്പെന്നപോലെ. അസ്പഷ്ടമായ ഒരു ബോധവുമെനിക്കുണ്ട്‌, കൺപോളകൾക്കുള്ളിലുരുമ്മുന്ന കണ്ണുകൾ കൊണ്ട്‌ ഞാനവരെ തിരിഞ്ഞൊന്നു നോക്കിയപോലെയും; എന്നാലും ലോകമുണ്ടെന്നറിയാതിരിക്കാനാണെനിക്കിഷ്ടം.

എനിക്കുറക്കം വരുന്നു, വല്ലാതെ ഉറക്കം വരുന്നു!


അശാന്തിയുടെ പുസ്തകം-174



No comments: