Wednesday, April 13, 2011

യഹൂദാ അമിച്ചായി - പിറന്ന നാട്ടിൽ നിന്നകലെ...


പിറന്ന നാട്ടിൽ നിന്നകലെ...


പിറന്ന നാട്ടിൽ നിന്നൊരാളേറെക്കാലമകലെക്കഴിയുമ്പോൾ
അയാളുടെ ഭാഷ കൂടുതൽ കൃത്യമാവുന്നു, ശുദ്ധമാവുന്നു, പിഴ വരാത്തതുമാവുന്നു,
ഒരുകാലത്തും മഴ വീഴാത്തൊരു നീലിച്ച പശ്ചാത്തലത്തിൽ
മൂർച്ചയോടെ വരഞ്ഞിട്ട ഗ്രീഷ്മമേഘങ്ങളെപ്പോലെ.

ഒരുകാലത്തു പ്രണയത്തിലായിരുന്നവരും ചിലനേരം
ഒരു പ്രണയഭാഷ സംസാരിച്ചുവെന്നുവരാം,
വന്ധ്യവും വിമലവും, മാറാത്തതും വഴങ്ങാത്തതും.

എന്നാൽ ഞാനോ, നാട്ടിൽത്തങ്ങിയ ഞാനുപയോഗിക്കുന്നത്‌
മലിനമായ വായും ചുണ്ടും നാവും.
എന്റെ വാക്കുകളിൽ കലർന്നിരിക്കുന്നു
ആത്മാവിന്റെ മലം, വികാരങ്ങളുടെ കുപ്പ, പൊടിയും വിയർപ്പും.
എന്റെ ആക്രന്ദനങ്ങൾക്കും വികാരത്തിന്റെ മന്ത്രണങ്ങൾക്കുമിടയിൽ
ഞാൻ കുടിക്കുന്ന വെള്ളം പോലും,
വെള്ളം കിട്ടാത്ത ഈ നാട്ടിൽ
ഞാനൊഴിക്കുന്ന മൂത്രം തന്നെ,
ജഡിലമായ ഒരു പ്രക്രിയയിലൂടെ ശുദ്ധീകരിച്ചെടുത്തത്‌.

1978



എന്റെ ദൈവമേ...

എന്റെ ദൈവമേ,
നീയെനിക്കു തന്ന ആത്മാവു വെറും പുകയാണല്ലോ,
പ്രണയസ്മൃതികളുടെ കെടാത്ത തീയിൽ നിന്നുയരുന്നത്‌.
പിറവിയെടുത്തതും ഞങ്ങളെരിഞ്ഞുതുടങ്ങുകയായി,
പുക പോലെ പുകയലിഞ്ഞുപോകും വരെ.

1978



വിമാനത്തിലെ പരിചാരിക

പുകയുന്നതൊക്കെക്കെടുത്താൻ വിമാനത്തിലെ പരിചാരിക പറഞ്ഞു,
സിഗരറ്റ്‌, സിഗാർ, പൈപ്പ്‌, ഏതൊക്കെയെന്നവൾ വിശദീകരിച്ചുമില്ല.
മനസ്സിൽ ഞാനവളോടു മറുപടി പറഞ്ഞു: സുന്ദരമായ പ്രണയസാമഗ്രികൾ തന്നെ നിനക്കുള്ളത്‌,
ഏതൊക്കെയെന്നു ഞാൻ വിശദീകരിച്ചുമില്ല.

കൊളുത്തിടാൻ, സീറ്റുബൽറ്റിടാൻ അവളെന്നോടു പറഞ്ഞു.
ഞാനവളോടു മറുപടിയും പറഞ്ഞു:
എന്റെ ജീവിതത്തിലെ സകലകൊളുത്തുകൾക്കും
നിന്റെ വായയുടെ വടിവാകണമെന്നുണ്ടെനിക്ക്‌.

പിന്നെയവൾ പറഞ്ഞു:
നിങ്ങൾക്കിപ്പോൾ കോഫി വേണോ, പിന്നെ മതിയോ,
അതോ വേണ്ടെന്നോ.
ആകാശത്തോളമുയരത്തിൽ
അവളെന്നെയും കടന്നുപോയി.

അവളുടെ കൈയ്ക്കു മേലറ്റത്തെ ചെറിയ വടു സാക്ഷ്യപ്പെടുത്തിയിരുന്നു
അവളെയിനി വസൂരി തൊടില്ലെന്ന്;
അവളുടെ കണ്ണുകൾ സാക്ഷ്യപ്പെടുത്തിയിരുന്നു
അവളിനി പ്രേമിക്കാനില്ലെന്നും.
അവളംഗമായിരിക്കുന്നത്‌ കമിതാക്കളുടെ യാഥാസ്ഥിതികകക്ഷിയിൽ,
ഒരേയൊരു വമ്പൻപ്രണയമേ അവർക്കു ജീവിതത്തിലുള്ളു.

1980


1 comment:

Gita said...

പിറന്ന നാട്ടിൽ നിന്നൊരാളേറെക്കാലമകലെക്കഴിയുമ്പോൾ
അയാളുടെ ഭാഷ കൂടുതൽ കൃത്യമാവുന്നു, ശുദ്ധമാവുന്നു, പിഴ വരാത്തതുമാവുന്നു,