Monday, April 11, 2011

ഫെർണാണ്ടോ പെസ്സോവ - സഹജീവനത്തിന്റെ കൂത്തരങ്ങിൽ…


സംഘം ചേരുക, സഹകരിക്കുക, അന്യരോടൊപ്പം പ്രവർത്തിക്കുക എന്നതൊക്കെ  ആത്മാവിന്റെ രോഗാതുരമായ ഒരു ഭാവപ്രകടനം മാത്രമാണ്‌. വ്യക്തിയ്ക്കനുവദിച്ചുകിട്ടിയ ആത്മാവിനെ അന്യരുമായുള്ള ബന്ധങ്ങൾക്കായി വാടകയ്ക്കു കൊടുക്കരുത്‌. ജീവിതം എന്ന ദിവ്യമായ വസ്തുതയെ സഹജീവിതം എന്ന പൈശാചികമായ വസ്തുതയ്ക്കടിയറ വയ്ക്കരുതു നാം.

ഞാൻ അന്യരുമൊത്തു പ്രവർത്തിക്കുമ്പോൾ എനിക്കു നഷ്ടപ്പെടുന്നതായി ഒന്നെങ്കിലുമുണ്ട്‌- ഒറ്റയ്ക്കു പ്രവർത്തിക്കുക എന്നത്‌.

സഹകരിക്കുമ്പോൾ വികസിക്കുകയാണു ഞാനെന്നു തോന്നാമെങ്കിൽക്കൂടി, സ്വയം സങ്കോചിക്കുകയാണു ഞാൻ. കൂട്ടുചേരുക എന്നാൽ മരിക്കുക എന്നുതന്നെ. എന്നെക്കുറിച്ചുള്ള എന്റെ ബോധം മാത്രമേ എനിക്കു യാഥാർത്ഥ്യമായിട്ടുള്ളു; ആ ബോധത്തിൽ മങ്ങിമങ്ങിത്തെളിയുന്ന പ്രതിഭാസങ്ങൾ മാത്രമാണ്‌  അന്യജനം; അതിലധികം യാഥാർത്ഥ്യം അവർക്കു കൽപിച്ചുകൊടുക്കുന്നത്‌ നമ്മുടെ ഒരാത്മീയരുഗ്ണതയെ പ്രകടിപ്പിക്കുന്നുവെന്നേ പറയാനുള്ളു.

എന്തു വില കൊടുത്തും സ്വന്തം വാശി നടത്തിയെടുക്കുന്ന കുട്ടികളാണ്‌ ദൈവത്തോടേറ്റവും അടുത്തവർ, എന്തെന്നാൽ സ്വന്തമായൊരു ജീവിതം വേണമെന്നുണ്ടല്ലോ അവർക്ക്‌.

മുതിർന്നവരായ നമ്മുടെ ജീവിതം അന്യർക്കു ഭിക്ഷ കൊടുക്കലും, പകരം ഭിക്ഷ വാങ്ങലുമായി ചുരുങ്ങിയിരിക്കുന്നു. നമ്മുടെ വ്യക്തിത്വങ്ങളെ സഹജീവനത്തിന്റെ കൂത്തരങ്ങിൽ ധൂർത്തടിയ്ക്കുകയാണു നാം.

നാമുച്ചരിക്കുന്ന ഓരോ വാക്കും നമ്മെ ചതിക്കുകയാണ്‌. സഹനീയമായ ആത്മപ്രകാശനോപാധിയെന്നു പറയാൻ എഴുതപ്പെട്ട വാക്കു മാത്രമേയുള്ളു; കാരണം, ആത്മാക്കൾക്കിടയിലെ പാലത്തിലെ പാറക്കല്ലല്ല, നക്ഷത്രങ്ങൾക്കിടയിലെ പ്രകാശനാളമാണത്‌.

വിശദീകരിക്കുക എന്നാൽ അവിശ്വസിക്കുക എന്നു തന്നെ. ഏതു തത്വശാസ്ത്രവും നിത്യതയുടെ വേഷമണിഞ്ഞ ഒരു നയതന്ത്രമാണ്‌... നയതന്ത്രത്തെപ്പോലെതന്നെ അതിനും കാതലെന്നതില്ല; സ്വന്തമായ ഒരടിസ്ഥാനം അതിനില്ല; മറ്റേതോ ലക്ഷ്യത്തിനടിമയാണത്‌.

താനെഴുതുന്നതു പ്രസിദ്ധീകരിക്കുന്ന ഒരെഴുത്തുകാരന്‌ കുലീനമായ നിയോഗം എന്നൊന്നുണ്ടെങ്കിൽ അതയാൾക്കു കിട്ടേണ്ട പ്രസിദ്ധി നിഷേധിക്കുക എന്നതാണ്‌. എന്നാൽ ശരിക്കും കുലീനമെന്നു പറയാവുന്ന നിയോഗം താനെഴുതുന്നതു പ്രസിദ്ധീകരിക്കാത്ത എഴുത്തുകാരനവകാശപ്പെട്ടതത്രേ. എഴുതാത്ത എഴുത്തുകാരനുമല്ല, കാരണം അയാൾ അപ്പോൾ എഴുത്തുകാരനല്ലാതെയാവുകയുമാണല്ലോ. ഞാനുദ്ദേശിക്കുന്നത്‌ എഴുതുക എന്നത്‌ സ്വപ്രകൃതിയിലുള്ളതും, എന്നാൽ താനെഴുതുന്നത്‌ പുറത്തു കാട്ടുന്നതിൽ നിന്നു തന്നെ വിലക്കുന്ന ഒരാത്മഭാവത്തിനുടമയായ ഒരെഴുത്തുകാരനെയാണ്‌.

എഴുതുക എന്നാൽ സ്വപ്നങ്ങൾക്കു മൂർത്തത നൽകുക എന്നാണ്‌, നമ്മുടെ സർഗ്ഗാത്മകതയ്ക്ക്‌ ഒരു ഭൗതികപ്രതിഫലമായി[?] ഒരു ബാഹ്യപ്രപഞ്ചം സൃഷ്ടിക്കുക എന്നാണ്‌. പ്രസിദ്ധീകരിക്കുക എന്നാൽ ഈ ബാഹ്യപ്രപഞ്ചത്തെ അന്യർക്കു സമ്മാനിക്കുക എന്നുമാണ്‌; പക്ഷേ എന്തിനു വേണ്ടി, നമുക്കും അവർക്കും പൊതുവായിട്ടുള്ള ബാഹ്യപ്രപഞ്ചം 'യഥാർത്ഥമായ' ബാഹ്യപ്രപഞ്ചമാണെങ്കിൽ, ദൃശ്യവും സ്പൃശ്യവുമായ ദ്രവ്യം കൊണ്ടു നിർമ്മിച്ച  അതൊന്നാണെങ്കിൽ? എനിക്കുള്ളിലുള്ള ഒരു പ്രപഞ്ചത്തിൽ അന്യർക്കെന്തു കാര്യം?


അശാന്തിയുടെ പുസ്തകം -209



No comments: