എന്തുകൊണ്ടെന്നെനിക്കത്ര തീർച്ചയില്ല, മരണത്തെക്കുറിച്ചൊരു മുന്നറിവു കിട്ടിയ പോലെ ചിലനേരമെനിക്കു തോന്നിപ്പോവാറുണ്ട്...അതൊരുപക്ഷേ ഇന്നതെന്നില്ലാത്ത ഒരാതുരതയാവാം; വേദനയായി മൂർത്തരൂപം പ്രാപിക്കാത്തതിനാൽ ഒരില്ലായ്മയായി, അന്ത്യമായി രൂപം മാറുകയാവാമത്. ഇനിയഥവാ, നിദ്രയ്ക്കു നൽകാനാവുന്നതിനെക്കാൾ അഗാധമായ ഒരു മയക്കമാവശ്യമായ ഒരു ക്ഷീണവുമാവാമത്. നാളു ചെല്ലുന്തോറൂം അവസ്ഥ വഷളായി, ഒടുവിൽ ശാന്തനായി, ഖേദങ്ങളകന്നും, കിടക്കവിരിപ്പിൽ അള്ളിപ്പിടിച്ചിരുന്ന ക്ഷീണിച്ച വിരലുകൾ നീട്ടിയിടുന്ന ഒരു ദീനക്കാരനെപ്പോലെയാണു ഞാനെന്നെനിക്കു തോന്നിപ്പോവുന്നുവെന്നേ എനിയ്ക്കറിയൂ.
അപ്പോൾ ഞാൻ അലോചിച്ചുപോവുകയുമാണ്, എന്താണ് നാം ഈ മരണമെന്നു വിളിയ്ക്കുന്ന വസ്തുവെന്ന്. ഞാനർത്ഥമാക്കുന്നത് മരണത്തിന്റെ നിഗൂഢതയെയല്ല; അതിന്റെ ആഴം ഒരിക്കലും എനിക്കു പിടികിട്ടാൻ പോകുന്നില്ല; ജീവിതത്തിന്റെ തുടർച്ച നിലയ്ക്കുക എന്ന ഭൗതികബോധത്തിന്റെ കാര്യമാണു ഞാൻ പറയുന്നത്. മനുഷ്യന് മരണത്തെ ഭയമാണ്; പക്ഷേ ആ ഭയത്തിന് തീർച്ചയുള്ള ഒരു രൂപവുമില്ല. സാമാന്യക്കാരനായ ഒരു മനുഷ്യൻ നേരിട്ടുള്ള ഒരു യുദ്ധത്തിൽ പിന്നോക്കം പോവുകയില്ല; അങ്ങനെയൊരാൾ രോഗമോ വാർദ്ധക്യമോ പ്രാപിയ്ക്കുമ്പോൾ ഇല്ലായ്മയുടെ ഗർത്തത്തെ ഭീതിയോടെ വീക്ഷിയ്ക്കുക എന്നതും അപൂർവ്വമാണ്, ആ ഇല്ലായ്മയുടെ അനിവാര്യതയെ അയാൾ അംഗീകരിയ്ക്കുമെങ്കിൽക്കൂടി. അയാൾക്കു ഭാവനാശേഷി ഇല്ലെന്നതാണതിനു കാരണം. ചിന്താശീലനായ ഒരാൾക്ക് ഒരിക്കലും മരണത്തെ വെറുമൊരു മയക്കമായി കാണാനാവില്ല. മരണം ഉറക്കത്തിനു സദൃശമല്ലെങ്കിൽ നാമതിനെ മയക്കമെന്നെന്തിനു വിളിയ്ക്കണം? ഉറക്കത്തിന്റെ അടിസ്ഥാനഭാവമാണ് നാമതിൽ നിന്നുണരുന്നുവെന്നത്; മരണത്തിൽ നിന്നുണരാനാവുമെന്നത് നമ്മുടെ സങ്കൽപ്പത്തിലില്ലാത്തതുമാണല്ലോ. മരണം ഉറക്കത്തിനു സദൃശമാണെങ്കിൽ നാമതിൽ നിന്നുണരുമെന്നു കൂടി നമുക്കു സങ്കൽപ്പിയ്ക്കേണ്ടിവരും; പക്ഷേ ഒരു സമാന്യൻ അങ്ങനെ സങ്കൽപ്പിയ്ക്കാറില്ല; ഒരാളും പിന്നെയുണരാത്ത ഒരു മയക്കമാണ്, എന്നു പറഞ്ഞാൽ ഒരില്ലായ്മയാണ് മരണം എന്നേ അയാൾ മനസ്സിൽ കാണൂ. മരണം മയക്കത്തിനു സദൃശമല്ല, കാരണം, മയക്കത്തിൽ നമുക്കു ജീവനുണ്ട്, നാമുറങ്ങുകയാണ്; നമ്മെ സംബന്ധിച്ചിടത്തോളം മരണം എന്തിനോടെങ്കിലും സദൃശമാണെന്ന് എങ്ങനെ പറയാൻ കഴിയുമെന്നെനിയ്ക്കറിയില്ല; കാരണം നമുക്കതനുഭവമല്ല, അതിനോടു താരതമ്യം ചെയ്യാൻ എന്തെങ്കിലുമുള്ളതായി നമ്മുടെ അറിവിലുമില്ല.
ഒരു ജഡം കാണുമ്പോഴൊക്കെ മരണം ഒരു വേർപാടു പോലെയാണ് എനിക്കു തോന്നിയിട്ടുള്ളത്. എടുക്കാൻ വിട്ടുപോയ ഒരു വേഷമാണ് ജീവൻ പോയ ഉടലെന്നെനിയ്ക്കു തോന്നിപ്പോവുന്നു. ആരോ ഇവിടം വിട്ടുപോയി; തനിയ്ക്കാകെയുള്ള ഒരുടുവസ്ത്രം കൂടെയെടുക്കണമെന്ന് അയാൾക്കു തോന്നിയതുമില്ല.
അശാന്തിയുടെ പുസ്തകം - 40
No comments:
Post a Comment