വേനൽക്കൊരു നടവഴിയിൽ
ഈ പാതവക്കത്തൽപ്പനേരമിരിക്കുക നാം,
വെയിൽച്ചൂടു കൊണ്ടും,
ഒരുനാളത്തെപ്പണി കഴിഞ്ഞ പൊടിയണിഞ്ഞും.
രാത്രിയെത്തും മുമ്പേ,
ആദ്യത്തെത്തെരുവുവിളക്കു കൊളുത്തും മുമ്പേ
ഓടയിൽ പ്രതിഫലിച്ചു നാം കാണും
ദൂരെ, വിദൂരചക്രവാളത്തിൽ
ചോര ചിന്തുന്ന മേഘങ്ങളെ,
മേൽക്കൂരകൾക്കു മേൽ
ഒരു നക്ഷത്രത്തിന്റെ പിറവിയും.
അവസാനത്തെക്കവിത
അത്രയേറെ നിന്നെ സ്നേഹിച്ചു ഞാൻ,
അത്രയേറെ നടന്നു ഞാ,നത്രയേറെപ്പറഞ്ഞു ഞാൻ.
അത്രയേറെ നിന്റെ നിഴലിനെ സ്നേഹിച്ചു ഞാൻ;
ഇന്നെനിക്കു ശേഷിച്ചതൊരു നിഴലിന്റെ ബാക്കിയും.
നിഴലുകൾക്കിടയിലൊരു നിഴലായാൽ മതിയെനിയ്ക്ക്,
ഒരു നിഴലിന്റെ നിഴലായാൽ മതിയെനിയ്ക്ക്,
നിന്റെ ജീവിതത്തിന്റെ തെളിവെയിലിൽ
വന്നുപോകാനൊരു നിഴൽ.
റോബർട്ട് ദിസ്നോസ് (1900-1945) - ഫ്രഞ്ച് സർറിയലിസ്റ്റു കവി
link to desnos
No comments:
Post a Comment