Tuesday, April 19, 2011

റൂമി - അവനെ വശഗനാക്കാൻ


എന്റെ വാഗ്ധാടി കൊണ്ടു ഞാനവനെ വശത്താക്കും,
യുക്തി പറയുന്നു.

എന്റെ മൗനം കൊണ്ടു ഞാനവനെ വശത്താക്കും,
പ്രണയം പറയുന്നു.

എന്റേതൊക്കെ അവന്റേതായിരിക്കെ
എങ്ങനെ ഞാനവനെ വശത്താക്കാൻ?
ആത്മാവു ചോദിക്കുന്നു.

അവനു വേണ്ടതായില്ലൊന്നും,
അവനാവലാതികളില്ലൊന്നും,
സുഖാനുഭൂതികൾ വേണമെന്നില്ലവനും-
എങ്ങനെ ഞാനവനെ വശത്താക്കാൻ,
മധുരിക്കുന്ന മദിര കാട്ടി, പൊന്നും പണവും കാട്ടി?

മനുഷ്യന്റെ വടിവു പൂണ്ടവനെങ്കിലും
മാലാഖയാണവൻ.
മാലാഖമാർ പോലും പറക്കില്ല
അവന്റെ സാന്നിദ്ധ്യത്തിൽ-
എങ്ങനെ പിന്നെ ഞാനവനെ വശത്താക്കാൻ
സ്വർഗ്ഗീയമായൊരു രൂപമെടുത്തും?

അവൻ പറക്കുന്നതു ദൈവത്തിന്റെ ചിറകുകളിൽ,
നറുംവെളിച്ചമവനു ഭോജനം-
എങ്ങനെ ഞാനവനെ വശത്താക്കാൻ
ഒരപ്പക്കഷണമെടുത്തുകാട്ടി?

വ്യാപാരിയല്ലവൻ, തൊഴിലുടമയല്ലവൻ,
എങ്ങനെ ഞാനവനെ വശത്താക്കാൻ-
വലിയ ലാഭത്തിന്റെ പദ്ധതികൾ നിരത്തി?

അന്ധനല്ലവൻ, വിഡ്ഢിയുമല്ലവൻ-
എങ്ങനെ ഞാനവനെ വശത്താക്കാൻ
മരണക്കിടക്കയിലാണു ഞാനെന്നൊരഭിനയം നടത്തി?

ഭ്രാന്തനാവും ഞാൻ, മുടി പിഴുതെടുക്കും ഞാൻ,
ചെളിയിൽ മുഖമുരയ്ക്കും ഞാൻ-
എങ്ങനെയതുകൊണ്ടു ഞാനവനെ വശത്താക്കാൻ?

എല്ലാം കാണുന്നവനവൻ-
എങ്ങനെ ഞാനവനെ കബളിപ്പിയ്ക്കാൻ?

കീർത്തി തേടിപ്പോകില്ലവൻ,
മുഖസ്തുതി കേൾക്കുന്ന രാജാവുമല്ലവൻ-
എങ്ങനെ ഞാനവനെ വശത്താക്കാൻ
ഒഴുക്കുള്ള പദങ്ങളും കാവ്യാലങ്കാരങ്ങളും പാടി?

പ്രപഞ്ചമെങ്ങും അവന്റെയദൃശ്യരൂപം നിറയവെ
എങ്ങനെ ഞാനവനെ വശത്താക്കാൻ
വെറുമൊരു സ്വർഗ്ഗത്തിന്റെ വാഗ്ദാനം നൽകി?

ഭൂമി മുഴുവൻ ഞാൻ പനിനീർപ്പൂ വിതറാം,
കണ്ണീരു കൊണ്ടു കടലു നിറയ്ക്കാം,
കീർത്തനങ്ങൾ ചൊല്ലി മാനം കുലുക്കാം-
അതിനൊന്നുമാവില്ലവനെ വശത്താക്കാൻ.

വഴിയൊന്നേയുള്ളു
അവനെ,യെന്റെ പ്രിയനെ വശഗനാക്കാൻ-

അവന്റേതാവുക.


 

No comments: