Tuesday, April 12, 2011

കാഫ്ക - ഫെലിസിനെഴുതിയ കത്തുകൾ


1913 ആഗസ്റ്റ്‌ 22


ചർച്ച ചെയ്യാതൊന്നും ബാക്കിയില്ല. ഫെലിസ്‌, അതിനെക്കുറിച്ചു നീ പേടിക്കേണ്ട; ഒരു പക്ഷേ സർവ്വപ്രധാനമായ വിഷയം നിനക്കിനിയും പൂർണ്ണമായി പിടി കിട്ടിയിട്ടില്ലെന്നും വരാം. ഇതൊരു കുറ്റപ്പെടുത്തലല്ല, കുറ്റപ്പെടുത്തലിന്റെ ലാഞ്ഛന പോലുമല്ല. മനുഷ്യസാദ്ധ്യമായതൊക്കെ നീ ചെയ്തുകഴിഞ്ഞിരിക്കുന്നുവല്ലോ. പക്ഷേ നിനക്കുള്ളിലില്ലാത്തത്‌ നിനക്കു പിടികിട്ടലുമില്ല. ആർക്കുമതാവില്ല. ജീവനുള്ള പാമ്പുകളെപ്പോലെ എല്ലാ ഉത്കണ്ഠകളും ഭീതികളും ഉള്ളിൽ കൊണ്ടുനടക്കുന്നതു ഞാൻ മാത്രമാണല്ലോ; അവയെ കണ്ണെടുക്കാതെ സൂക്ഷ്മനിരീക്ഷണം ചെയ്തുകൊണ്ടിരിക്കുന്നതും ഞാൻ മാത്രമാണല്ലോ; അവ എന്താണെന്നറിയുന്നതും എനിക്കു മാത്രം. നീ അവയെക്കുറിച്ചറിയുന്നത്‌ എന്നിലൂടെ മാത്രം, എന്റെ കത്തുകളിലൂടെ മാത്രം ; അവയെക്കുറിച്ച്‌ എന്റെ കത്തുകളിലൂടെ നിനക്കു കിട്ടുന്ന അറിവിന്‌ യാഥാർത്ഥ്യവുമായുള്ള ബന്ധം -അതിന്റെ ഭീകരതയിൽ, തുടർച്ചയിൽ, അളവിൽ, അദമ്യതയിൽ- അതിനോട്‌ എന്റെ എഴുത്തിനുള്ളത്ര പോലുമുണ്ടായിരിക്കുകയുമില്ല. ഇതൊക്കെ എനിക്കു ബോധ്യമാകുന്നത്‌ അത്രയും കാരുണ്യവും ആത്മവിശ്വാസവും നിറഞ്ഞ ഇന്നലത്തെ കത്തു വായിക്കുമ്പോഴാണ്‌; അതെഴുതുമ്പോൾ ബർലിനിൽ വച്ച്‌ എന്നെക്കുറിച്ചുള്ള ഓർമ്മകളൊക്കെ നീ മറന്നിട്ടുണ്ടാവണം. നിന്നെ കാത്തിരിക്കുന്ന ജീവിതം വെസ്റ്റർലാൻഡിൽ നിന്റെ മുന്നിലൂടെ ഉലാത്തുന്ന സന്തുഷ്ടരായ ദമ്പതികളുടേതല്ല; കൈകൾ കോർത്തുപിടിച്ചുള്ള സല്ലാപങ്ങളല്ല. മറിച്ച്‌ നിരുന്മേഷവാനായ, മിണ്ടാട്ടമില്ലാത്ത, അതൃപ്തനായ, ദീനക്കാരനായ ഒരു മനുഷ്യന്റെ അരികിലുള്ള ആശ്രമജീവിതമാണ്‌. ആ മനുഷ്യനാകട്ടെ, ഇതു ഭ്രാന്താണെന്നു നിനക്കു തോന്നുകയും ചെയ്യും, അദൃശ്യമായ സാഹിത്യത്തോട്‌ അദൃശ്യമായ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു കിടക്കുകയുമാണ്‌; ആരെങ്കിലും അടുത്തേക്കു ചെന്നാൽ ആരോ ആ ചങ്ങലകളിൽ തൊട്ടുവെന്നു പറഞ്ഞ്‌ അലറിവിളിയ്ക്കുകയുമാണയാൾ.


1913 ആഗസ്റ്റ്‌ 24


പ്രിയപ്പെട്ട ഫെലിസ്‌, അർദ്ധജാഡ്യത്തിൽ നിന്ന് വേലക്കാരി എന്നെ വിളിച്ചുണർത്തിയിട്ട്‌ നിന്റെ കത്ത്‌ എനിക്കു തന്നു. ഇപ്പോൾ എന്റെ രാത്രികൾക്കു പതിവായ അർദ്ധബോധാവസ്ഥയിൽ എന്റെ തലയ്ക്കുള്ളിലൂടെ കടന്നുപോകുന്ന നിറം കടുത്ത ചിത്രങ്ങൾക്കു ചേർന്ന ഒരനുബന്ധമായിരുന്നു അത്‌. പക്ഷേ അവർ ആ കത്തു കൊണ്ടുവരുന്നത്‌ ഇനി ഏതു നേരത്താവട്ടെ, നീയും നമ്മുടെ ഭാവിയും മാത്രം വിഷയമായ എന്റെ ചിന്തകളോട്‌ അതു സ്വാഭാവികമായി ചേർന്നുപോവുകയും ചെയ്യും.


പാവം ഫെലിസ്‌! മറ്റാരോടുമൊപ്പമല്ല, നിന്നോടൊപ്പമാണു ഞാൻ ഏറ്റവുമധികം വേദന തിന്നുന്നതെന്നതും, മറ്റാരുമല്ല, ഞാനാണ്‌ നിന്നെ ഏറ്റവുമധികം വേദന തീറ്റിയ്ക്കുന്നതുമെന്നത്‌ ഒരേസമയം ഭീതിദമാണ്‌, ന്യായവുമാണ്‌. ഒരു തരത്തിൽ പറഞ്ഞാൽ നടുക്കു വച്ചൊടിയുകയാണു ഞാൻ. താൻ തന്നെ മിനക്കെട്ടേൽപ്പിക്കുന്ന പ്രഹരങ്ങൾ കൊള്ളാതിരിക്കാൻ തല താഴ്ത്തുകയാണു ഞാൻ. ഇതിലും മോശപ്പെട്ടൊരു ശകുനം നമുക്കു വേറെ വേണമോ!
എഴുതാനുള്ളൊരു വാസനയല്ല, പ്രിയപ്പെട്ട ഫെലിസ്‌, ഒരു വാസനയല്ല, എന്റെ ആത്മാവങ്ങനെതന്നെയാണത്‌. ഒരു വാസനയെ പിഴുതെടുത്ത്‌ ചവിട്ടിയരയ്ക്കാവുന്നതേയുള്ളു. പക്ഷേ ഞാനിതാണ്‌; എന്നെയും പിഴുതെടുത്തു ചവിട്ടിയരയ്ക്കാവുന്നതേയുള്ളു എന്നതിൽ സംശയമില്ല; അപ്പോൾ നിന്റെ കാര്യമോ? നീ പരിത്യക്തയാവും, എന്നിട്ടും എന്നോടൊപ്പം ജീവിക്കുകയും ചെയ്യും. എനിക്കു വിധിച്ച വഴിയേ ഞാൻ ജീവിക്കുകയാണെങ്കിൽ താൻ പരിത്യക്തയായതായി നിനക്കു തോന്നും; ആ വഴിയേയല്ല ഞാൻ ജീവിക്കുന്നതെങ്കിൽ നീ ശരിയ്ക്കും പരിത്യക്തയാവുകയും ചെയ്യും. ഒരു വാസനയല്ല, വാസനയല്ല! അതാണെന്റെ ജീവിതത്തിലെ ഏറ്റവും സൂക്ഷ്മമായ ഒരംശത്തെപ്പോലും നിർണ്ണയിക്കുന്നതും, അതിനവലംബമായിരിക്കുന്നതും. എന്റെ രീതികളോടു താൻ പഴകിക്കോളുമെന്നു നീ പറയുന്നു; എത്രയ്ക്കസഹ്യമായ യാതനകൾക്കിടയിലായിരിക്കുമത്‌! ഞാൻ നിന്നോടു മുമ്പേ പറഞ്ഞിട്ടുള്ള പോലെ, ശരൽക്കാലത്തും മഞ്ഞുകാലത്തുമെങ്കിലും ദിവസത്തിൽ ഒരു മണിക്കൂറു മാത്രം ഒരുമിച്ചു കഴിയാൻ കിട്ടുന്ന ഒരു ജീവിതം മനസ്സിൽ കാണാൻ ശരിയ്ക്കും നിനക്കു കഴിയുമോ? അകലെ, തനിക്കു ചേർന്നതും പരിചിതവുമായൊരു ചുറ്റുപാടിൽ നിനക്കിരുന്നു ഭാവന ചെയ്യാമെങ്കിലും വിവാഹിതയായൊരു സ്ത്രീയ്ക്ക്‌ ഏകാന്തത അതിഭാരമാകുന്നൊരു ജീവിതം? ആശ്രമം എന്ന സങ്കൽപ്പത്തിനു മുന്നിൽത്തന്നെ നീ ചൂളിപ്പിന്മാറും; എന്നിട്ടു നീ പ്രകൃതത്താൽത്തന്നെ (ചുറ്റുപാടു കൊണ്ടും ) ആശ്രമജീവിതം നയിക്കാൻ പ്രേരിതനായ ഒരു മനുഷ്യനോടൊപ്പം ജീവിക്കുന്നതിനെക്കുറിച്ചാലോചിക്കുകയും? നമുക്കൊന്നു ശാന്തരാവുക, ഫെലിസ്‌, ശാന്തരാവുക! സമചിത്തതയോടെ, ശ്രദ്ധിച്ചാലോചിച്ചെഴുതിയ ഒരു കത്ത്‌ നിന്റെ അച്ഛനിൽ നിന്ന് ഇന്നെനിക്കു കിട്ടിയിരുന്നു; അതിനെ അപേക്ഷിച്ചു നോക്കുമ്പോൾ എന്റെ അവസ്ഥ ഭ്രാന്തു പിടിച്ചതെന്നു പറയണം. പക്ഷേ നിന്റെ അച്ഛന്റെ കത്തു പ്രശാന്തമാണെങ്കിൽ അതു ഞാൻ അദ്ദേഹത്തെ കബളിപ്പിച്ചതു കൊണ്ടു മാത്രമാണ്‌. അദ്ദേഹത്തിന്റെ കത്ത്‌ സൗഹാർദ്ദപൂർണ്ണവും മറയില്ലാത്തതുമാണെങ്കിൽ, എന്റേതാവട്ടെ, പ്രിയപ്പെട്ട ഫെലിസ്‌, നിന്നെ ആക്രമിയ്ക്കാൻ എന്നെ, നിന്റെ ശാപമായ എന്നെ നിരന്തരം തള്ളിവിടുന്ന നിന്ദ്യമായ നിഗൂഢലക്ഷ്യങ്ങളെ ഒളിപ്പിച്ചുവയ്ക്കാനുള്ള ഒരു തിരശ്ശീല മാത്രമായിരുന്നു. നിന്റെ അച്ഛൻ സ്വാഭാവികമായും തീരുമാനങ്ങളൊന്നുമെടുക്കുന്നില്ല; നീയും നിന്റെ അമ്മയും തമ്മിലുള്ള ഒരു ചർച്ചയ്ക്കു വിട്ടുകൊടുക്കുകയാണ്‌ അദ്ദേഹമതിനെ. നിന്റെ അച്ഛനോടു സത്യസന്ധത കാണിയ്ക്കൂ ഫെലിസ്‌, എനിക്കതായിട്ടില്ലെന്നിരിയ്ക്കെ. ഞാനാരാണെന്ന് അദ്ദേഹത്തോടു പറയൂ, ചില കത്തുകളും കാണിച്ചു കൊടുക്കൂ; പ്രേമം കൊണ്ടന്ധനായ ഞാൻ, ഇന്നുമന്ധനായ ഞാൻ കത്തുകളും അപേക്ഷകളും പ്രാർത്ഥനകളും കൊണ്ടു നിന്നെ തള്ളിവിട്ട ഈ ശപ്തവലയത്തിൽ നിന്ന് അദ്ദേഹത്തിന്റെ സഹയത്തോടെ പുറത്തു കടക്കൂ.


1913ആഗസ്റ്റ്‌ 30


പ്രിയപ്പെട്ട ഫെലിസ്‌, നിനക്കെന്നെ അറിയില്ല, ഞാനെത്ര നികൃഷ്ടനാണെന്നു നിനക്കറിയില്ല; ആ നികൃഷ്ടതയുടെ വേരു കിടക്കുന്നത്‌ സാഹിത്യമെന്നോ, ഇനി മറ്റെന്തു പേരിട്ടോ നിനക്കു വിളിയ്ക്കാവുന്ന ആ അകക്കാമ്പിലുമാണ്‌.എത്ര പരിതാപം പിടിച്ചൊരെഴുത്തുകാരൻ; അതു നിന്നെ ബോദ്ധ്യപ്പെടുത്താൻ എനിക്കു കഴിഞ്ഞിട്ടില്ലെന്നോർക്കുമ്പോൾ എന്നോടു തന്നെ രോഷം കൊള്ളുകയുമാണു ഞാൻ. ( ഇന്നതിരാവിലെ മുതൽ, ഈ നേരവും, ഇടതുചെന്നിയിൽ കൈ അമർത്തിവച്ചിരിക്കുകയാണു ഞാൻ; ഇല്ലെങ്കിൽ ഇന്നെനിയ്ക്കനങ്ങാൻ പറ്റില്ല.)


എന്നെ വിലക്കുന്നതു വസ്തുതകളാണെന്നു പറഞ്ഞാൽ ശരിയായിരിക്കില്ല; അതു ഭയമാണ്‌, കീഴടക്കാനാവാത്തൊരു ഭയമാണ്‌, സന്തോഷം കൈവരിക്കുന്നതിലുള്ള ഭയമാണ്‌, ഏതോ മഹിതലക്ഷ്യത്തിനായി സ്വയം പീഡിപ്പിക്കുന്നതിനുള്ള തൃഷ്ണയും ശാസനയുമാണ്‌. എനിക്കു മാത്രം വിധിച്ചിട്ടുള്ള ആ ഭാരവണ്ടിയുടെ ചക്രങ്ങൾക്കടിയിൽ പ്രിയപ്പെട്ടവളേ, നിനക്കും വന്നുവീഴേണ്ടിവരുന്നുവെന്നത്‌ തികച്ചും ഭീകരം തന്നെ. എന്റെ നിയോഗം ഇരുട്ടു തന്നെയെന്ന് എന്റെ മനഃസാക്ഷി നിശ്ചയിച്ചിരിക്കുന്നു; അതേസമയം നിന്റെ ആകർഷണത്തിൽപ്പെടാതിരിക്കാനും എനിക്കു കഴിയുന്നില്ല; രണ്ടും തമ്മിൽ പൊരുത്തപ്പെടലുമില്ല; ഇനി നാമതിനു ശ്രമിച്ചാൽത്തന്നെ പ്രഹരങ്ങൾ എനിക്കും നിനക്കും മേൽ ഒരേപോലെ വന്നുവീഴുകയും ചെയ്യും.


പ്രിയപ്പെട്ടവളേ, നീയെന്താണോ, അതല്ലാതെയാകണം നീയെന്നു ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല; എന്തായാലും ഞാൻ സ്നേഹിക്കുന്നതു നിന്നെയാണ്‌, ഏതെങ്കിലും മരീചികയെയല്ലല്ലോ. അപ്പോഴും പക്ഷേ, എന്റെ അസ്തിത്വം കൊണ്ടു തന്നെ ഞാൻ നിന്റെ മേൽ അടിച്ചേൽപ്പിക്കുന്ന ആ നിഷ്ഠുരത ബാക്കി നിൽക്കുന്നു; ഈ വൈരുദ്ധ്യം എന്നെ കടിച്ചുകീറുകയാണ്‌. മറ്റൊരു പോംവഴിയില്ലെന്നതിനു തെളിവുമാണത്‌.


നീ ഇവിടെയുണ്ടായിരിക്കുകയും, നീയനുഭവിക്കുന്ന കഷ്ടപ്പാടു ഞാൻ കാണുകയും ചെയ്തിരുന്നെങ്കിൽ (അതു മാത്രമല്ല, അകലെക്കിടന്നു നീ കഷ്ടപ്പെടുന്നതാണ്‌ കൂടുതൽ മോശം), സഹായിക്കാൻ എനിക്കു കഴിയുമായിരുന്നെങ്കിൽ, നമുക്കുടനേ തന്നെ വിവാഹം കഴിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ആലോചനയ്ക്കൊന്നും നിൽക്കാതെ ഞാൻ സകലതിനെയും അതിന്റെ വഴിയ്ക്കു വിടുമായിരുന്നു, ഭാഗ്യക്കേടിനെപ്പോലും അതിന്റെ വഴിയ്ക്കു പോകട്ടേയെന്നു വയ്ക്കുമായിരുന്നു. ഇപ്പോൾപ്പക്ഷേ പരിഹാരത്തിനുള്ള മാർഗ്ഗമതല്ല. ഇന്നെനിയ്ക്കു കിട്ടിയ നിന്റെ ആത്മഹത്യാപരമായ അരുമക്കത്തു വായിച്ചതിനു ശേഷം നിന്റെ ഹിതം പോലെ കിടക്കട്ടെയെല്ലാമെന്ന്, ഇനി മേലിൽ നിന്നെ യാതനപ്പെടുത്തരുതെന്ന് വാഗ്ദാനം ചെയ്യാനുള്ള വക്കിലെത്തിയിരുന്നു ഞാൻ. പക്ഷേ എത്ര തവണ അതൊക്കെ വാഗ്ദാനം ചെയ്തിരിക്കുന്നു ഞാൻ! എന്റെ കാര്യത്തിൽ ഉറപ്പു പറയാൻ ഞാനാളല്ല. നിന്റെ അടുത്ത കത്തോടെ, അതുമല്ലെങ്കിൽ ഇന്നു രാത്രിയിൽത്തന്നെയുമാവാം, ആ ഭയം തിരിച്ചുവരികയായി; എനിക്കതിൽ നിന്നു രക്ഷപ്പെടാൻ കഴിയുന്നില്ല; നമ്മുടെ വിവാഹനിശ്ചയത്തിന്റെ ഈ കാലം കഴിച്ചുകൂട്ടുക അസാദ്ധ്യമാണെനിയ്ക്ക്‌. ഇതേവരെ എല്ലാ മാസവും ആവർത്തിച്ചിരുന്നത്‌ ഇനി മുതൽ എല്ലാ ആഴ്ചയും ആവർത്തിയ്ക്കും. വരുന്ന ഓരോ കത്തും പേടിപ്പെടുത്തുന്ന സൂചനകൾക്കുള്ള അവസരങ്ങളാവും; എന്റെയുള്ളിൽ മുരളുന്ന ആ ഭീകരമായ പമ്പരം പിന്നെയും കറങ്ങിത്തുടങ്ങും. അതു നിന്റെ പിഴയല്ല, അതൊരിക്കലും അങ്ങനെയായിരിരുന്നിട്ടുമില്ല, ഫെലിസ്‌; അതിലാകെക്കൂടിയുള്ള അപ്രായോഗികതയിലാണ്‌ പിഴ വന്നിരിക്കുന്നത്‌. ഉദാഹരണത്തിന്‌, നീ ഒടുവിലയച്ച കത്തു ഞാൻ വായിച്ചു; അതെന്നിൽ ജനിപ്പിച്ച പരിഭ്രമം നിനക്കു സ്വപ്നം കാണാൻ കഴിയില്ല. സമ്മതം നൽകുന്നതിലേക്കു നിന്റെ അച്ഛനമ്മമാരെ നയിച്ച പര്യാലോചനകളാണ്‌ എന്റെ മുന്നിൽ കിടക്കുന്നത്‌. ആ പര്യാലോചനകളെ ഞാനെന്തിനു പരിഗണിയ്ക്കണം? ആ പര്യാലോചനകളെ ഞാൻ വെറുത്തു. നിന്റെ അമ്മയ്ക്ക്‌ ഭാവിൽ എന്നോടു തോന്നാവുന്ന സ്നേഹത്തെക്കുറിച്ച്‌ നീ എഴുതിയിരിക്കുന്നു! അവരുടെ സ്നേഹവും കൊണ്ട്‌ ഞാനെന്തു ചെയ്യാൻ? ഒരിക്കലും അതു തിരിച്ചുകൊടുക്കാൻ കഴിയാത്ത ഞാൻ, അവരുടെ സ്നേഹത്തിനർഹനാവണം താനെന്നൊരിക്കലുമാഗ്രഹിക്കാത്ത, അതിനു കഴിയാത്ത ഞാൻ! അവരുമായുള്ള ദീർഘമായ ചർച്ചകൾ പോലും എന്നെ കൊടുംഭീതിയ്ക്കടിമയാക്കി. നമ്മുടെ വിവാഹനിശ്ചയവും ഒഴിവുകാലവും തമ്മിലുള്ള ബന്ധവും, ആ ബന്ധത്തെ വാച്യമായി പ്രകടിപ്പിച്ചതും തന്നെ എന്നെ സംഭീതനാക്കി. ഇതു ഭ്രാന്തു തന്നെ, ഞാനതു വ്യക്തമായി കാണുന്നുണ്ട്‌; അതേ സമയം നിർമ്മൂലനം ചെയ്യാനാവാത്തതുമാണത്‌, എനിക്കതറിവുമുണ്ട്‌.


ഇതൊക്കെപ്പക്ഷേ എന്റെ തനിപ്രകൃതത്തിന്റെ വെറും ലക്ഷണങ്ങൾ മാത്രവുമാണ്‌; അവ നിന്നെ നിർത്തില്ലാതെ കരണ്ടുതിന്നുകയും ചെയ്യും. ഇതൊന്നു കണ്ണു തുറന്നു കാണൂ, ഫെലിസ്‌; നിന്റെ മുന്നിൽ സാഷ്ടാംഗം വീണുകിടന്നു ഞാൻ പ്രാർത്ഥിക്കുകയാണ്‌ എന്നെയൊന്നു തള്ളിമാറ്റാൻ; മറ്റെന്തായാലും നാമിരുവരുടെയും നാശമാവും ഫലം. ഇതാണ്‌ ജനുവരിയിൽ ഞാനെഴുതിയതെന്നാണ്‌ എന്റെ വിശ്വാസം; അതു വീണ്ടും പൊട്ടിപ്പുറത്തുവരികയാണ്‌, അതിനെ അടക്കിവയ്ക്കാനാവില്ല. നിന്റെ മുന്നിൽ എന്നെ പിളർന്നുകാട്ടാൻ എനിക്കായാൽ നീയും ഇതുതന്നെ പറയും.


No comments: