Sunday, April 24, 2011

ഫ്രാന്‍സ്‌ കാഫ്ക–ഒന്നുകിൽ / അല്ലെങ്കിൽ



1912 ഡിസംബർ 23-24

പ്രിയപ്പെട്ടവളേ, എനിക്കെഴുതാൻ കഴിയാതെയാൽ എന്തു സംഭവിയ്ക്കും? ആ നിമിഷമെത്തിക്കഴിഞ്ഞുവെന്ന് എനിക്കു തോന്നിപ്പോവുന്നു; കഴിഞ്ഞ ഒരാഴ്ചയായി യാതൊന്നും ഞാൻ നേടിയിട്ടില്ല; പോയ പത്തു രാത്രികൾക്കിടയ്ക്ക്‌ (തുടരെത്തുടരെയുണ്ടായ തടസ്സങ്ങൾക്കിടയിലാണ്‌ ഞാൻ പണിയെടുത്തതെന്നും സമ്മതിക്കണം) ഒരിക്കലേ ശരിക്കുമെനിക്കു പ്രചോദനമുണ്ടായെന്നു പറയാനുള്ളു. ക്ഷീണം സ്ഥായിയായിരിക്കുന്നെനിയ്ക്ക്‌; ഉറങ്ങാനുള്ള അതിമോഹം എന്റെ തലയ്ക്കുള്ളിൽക്കിടന്നു വട്ടം ചുറ്റുകയാണ്‌. എന്റെ തലയോട്ടിയ്ക്കു മേലറ്റം ഇടതും വലതുമായി വല്ലാത്ത മുറുക്കം. ഇന്നലെ ഞാനൊരു കൊച്ചുകഥ തുടങ്ങിവച്ചതാണ്‌; എനിക്കത്രയ്ക്കു പ്രിയപ്പെട്ടതും, പേന തൊട്ടപ്പോഴേക്കും കണ്മുന്നിൽ തുറന്നുകിട്ടിയെന്നെനിയ്ക്കു തോന്നിയതും; ഇന്നതാകെ അടഞ്ഞുകൂടിയിരിയ്ക്കുന്നു; എന്തു സംഭവിക്കുമെന്നു ഞാൻ ചോദിക്കുമ്പോൾ എന്നെക്കുറിച്ചല്ല ഞാനാലോചിക്കുന്നത്‌; ഇതിലും വഷളായ കാലങ്ങൾ കടന്നുപോന്ന ഞാൻ ഇന്നും ഏറെക്കുറെ ജീവനോടെ ഇരിക്കുന്നണ്ടല്ലോ; എനിക്കായിട്ടെഴുതാനല്ല ഞാൻ പോകുന്നതെങ്കിൽ അത്രയുമധികം നേരം നിനക്കെഴുതാൻ എനിക്കു കിട്ടും; നിന്റെ സാമീപ്യമനുഭവിക്കാനും: ചിന്തിച്ചും, എഴുതിയും, ആത്മാവിനുള്ള ശക്തിയൊക്കെയെടുത്തു പൊരുതിയും ഞാൻ സൃഷ്ടിച്ചെടുത്ത ആ സാമീപ്യം- പക്ഷേ പിന്നെ നിനക്ക്‌, നിനക്കെന്നെ സ്നേഹിക്കാനാവില്ല. അതു പക്ഷേ, എനിക്കായിട്ടുള്ള എന്റെയെഴുത്തു നടക്കാത്തതു കൊണ്ടല്ല, മറിച്ച്‌ ഈ എഴുതാതിരിക്കുക എന്നത്‌ എന്നെ ഇപ്പോഴത്തേതിലും നികൃഷ്ടനും, സമനില തെറ്റിയവനും, മനസ്സുറപ്പു കുറഞ്ഞവനുമാക്കുമെന്നുമുള്ളതു കൊണ്ടാണ്‌; അങ്ങനെയൊരു ജീവിയെ സ്നേഹിക്കാൻ നിനക്കു കഴിയണമെന്നില്ല. പ്രിയപ്പെട്ടവളേ, തെരുവുകളിലെ സാധുകുട്ടികൾക്ക്‌ സന്തോഷം പകരുന്നവളാണു നീയെങ്കിൽ എന്റെ കാര്യത്തിലും അതു കാണിക്കേണമേ; അവരെപ്പോലെ തന്നെ സാധുവാണ്‌ ഈ ഞാനും. നിനക്കറിയില്ല വിൽക്കാത്ത സാധനങ്ങളുമായി സന്ധ്യയ്ക്കു വീട്ടിലേക്കു മടങ്ങുന്ന കിഴവനുമായി എനിക്കു തോന്നുന്ന അടുപ്പം- അവർക്കൊക്കെ നീ എന്തു ചെയ്തുകൊടുക്കുമോ, അതൊക്കെ എന്റെ കാര്യത്തിലും കാണിക്കേണമേ; അതിനി മറ്റു പലതിനെയുമെന്നപോലെ ഇതിനെയും നിന്റെ അമ്മ ദ്വേഷിക്കുമെങ്കിൽക്കൂടി (ഏവരും സ്വന്തം ഭാരങ്ങൾ നിരുപാധികം ചുമലേറ്റണം; അച്ഛനമ്മമാരുടെ കാര്യത്തിൽ സ്വന്തം മക്കളുടെ നിഷ്കളങ്കപ്രകൃതിയെച്ചൊല്ലിയുള്ള കോപമാണത്‌): ചുരുക്കത്തിൽ നീയെന്നെ തുടർന്നും സ്നേഹിക്കുമെന്നൊന്നു പറയൂ; എന്റെ പെരുമാറ്റം ഏതുവിധമായിരുന്നാലും എന്തു ത്യാഗം ചെയ്തും എന്നെ സ്നേഹിക്കൂ; അതിനായി എന്തു നാണക്കേടു സഹിക്കാനും തയാറാണു ഞാൻ- അല്ല, പറഞ്ഞുപറഞ്ഞു ഞാനെങ്ങോട്ടാണോ ഈ പോകുന്നത്‌?

ഒരു മനസ്സിന്റെ കാടു കയറിയ ചിന്തകളാണിവ, അതും ഒരൊഴിവുദിവസം, അതിനു വിശ്രമം കിട്ടേണ്ട ദിവസം! സ്ഥിതിഗതികൾ ഇങ്ങനെയായിരിക്കെ ഓഫീസിൽത്തന്നെ കുത്തിയിരുന്ന് ഒരു കൊടുങ്കാറ്റു പോലെ കുടിശ്ശികജോലികൾ ചെയ്തുതീർക്കേണ്ടതല്ലേ ഞാൻ? മനസ്സു മൊത്തം തന്റെ ജോലിയിലായ, കണിശക്കാരനും, ചിട്ടക്കാരനുമായ ഒരുദ്യോഗസ്ഥനാവേണ്ടതല്ലേ ഞാൻ? പിന്നെയൊരു വാദം ബാക്കിയുള്ളത്‌, ആദ്യത്തെ ഈ രണ്ടവധിദിവസങ്ങൾ കൊണ്ട്‌ ഞാനന്ധാളിച്ചുപോയതാവാമെന്നും, എവിടെത്തുടങ്ങണമെന്ന് ധൃതി കാരണം ഞാൻ മറന്നതാവാമെന്നുമുള്ളതാണ്‌; എന്തായാലും ഇതിലും നല്ലൊരു ക്രിസ്തുമസ്‌ എന്റെ ഓർമ്മയിലില്ലെന്നതും ശരിയാണല്ലോ (നിനക്കു വേണ്ടി പഴയ ഡയറികളിൽ ചിലതിൽ ഞാൻ പരതിനോക്കാം) - പക്ഷേ ഈ വാദങ്ങളൊന്നും ഗൗരവത്തിലെടുക്കരുതേ. ഇവിടെയും, മറ്റെവിടെയുമെന്നപോലെ, കണക്കിലെടുക്കാനുള്ളത്‌ ഒന്നുകിൽ-അല്ലെങ്കിൽ എന്നതു മാത്രം. ഒന്നുകിൽ എനിക്കൊരു സംഗതി ചെയ്യാം, അല്ലെങ്കിൽ ഇല്ല; ഇത്തവണ വിഷയം അവസാനിക്കുന്നത്‌ 'അല്ലെങ്കിൽ' എന്നതിൽ.

'നീയെന്നെ സ്നേഹിക്കുന്നുണ്ടോ, ഫെലിസ്‌?' എന്ന ചോദ്യത്തിനുത്തരമായി കൂറ്റൻ 'ഉവ്വുകളു'ടെ അവസാനിക്കാത്ത ഒരു നിര ഒന്നിനു പിന്നാലെ ഒന്നായി പിന്തുടരുമെന്നുള്ള കാലത്തോളം മറ്റെന്തിനെയും കീഴ്പ്പെടുത്താവുന്നതേയുള്ളു.

ഫ്രാൻസ്‌



No comments: