Saturday, April 23, 2011

ഫെർണാണ്ടോ പെസ്സോവ– ഭാഷയും ദിവ്യത്വവും


256

ഉപജാപങ്ങൾ, നയതന്ത്രം, രഹസ്യസംഘങ്ങൾ, ഗൂഢാർത്ഥശാസ്ത്രങ്ങൾ- നിഗൂഢത ചൂഴ്‌ന്ന സംഗതികളോട്‌ ഭൗതികമെന്നു പറയാവുന്നൊരു ജുഗുപ്സയാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌. എന്നെ പ്രത്യേകിച്ചും ഈർഷ്യ പിടിപ്പിക്കുന്നവയാണ്‌ ഒടുവിൽ പറഞ്ഞ രണ്ടെണ്ണം- ദൈവങ്ങൾ, ഗുരുക്കന്മാർ, ലോകസ്രഷ്ടാക്കൾ ഇവരുമായി തങ്ങൾക്കുള്ള സവിശേഷസമ്പർക്കത്തിലൂടെ തങ്ങൾക്കു മാത്രമേ അറിയൂ പ്രപഞ്ചത്തിനടിസ്ഥാനമായിട്ടുള്ള മഹാരഹസ്യങ്ങൾ എന്ന ചിലരുടെ നാട്യം.

അവരുടെ അവകാശവാദങ്ങളെ വിശ്വസിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല; അതേസമയം മറ്റൊരാൾക്കതു കഴിയുമെന്നും ഞാൻ വിശ്വസിക്കുന്നു. പക്ഷേ ഈ ആളുകൾക്കൊക്കെ തലയ്ക്കു തുമ്പു കെട്ടുപോയതാണെന്നോ, അല്ലെങ്കിൽ അവരേതോ വ്യാമോഹത്തിൽപ്പെട്ടുപോയതാണെന്നോ കരുതുന്നതിൽ യുക്തിഭംഗമെന്തെങ്കിലുമുണ്ടോ? അവർ അനേകമുണ്ടെന്ന വസ്തുത ഒന്നിനുമുള്ള തെളിവുമല്ല, കാരണം, കൂട്ടമതിഭ്രമം നടപ്പുള്ളതാണ്‌.

എന്നെ ശരിക്കും ഞെട്ടിപ്പിക്കുന്ന കാര്യം ഈ ഐന്ദ്രജാലികരും അദൃശ്യശക്തികളുടെ ഉപാസകരും തങ്ങളുടെ നിഗൂഢതത്വങ്ങളെക്കുറിച്ചെഴുതുമ്പോൾ ആ എഴുത്ത്‌ അറപ്പുണ്ടാക്കുന്ന വിധത്തിലാവുന്നു എന്നതാണ്‌. പോർട്ടുഗീസ്ഭാഷയിൽ പ്രാവീണ്യം നേടാതെ തന്നെ ഒരാൾക്ക്‌ പിശാചിനെ വരുതിയിലാക്കാമെന്നത്‌ എന്റെ ബുദ്ധിയ്ക്ക്‌ ശരിയ്ക്കങ്ങു പിടികിട്ടുന്നില്ല. പിശാചുക്കളോടു മല്ലുപിടിയ്ക്കുന്നത്‌ വ്യാകരണത്തോടു മല്ലുപിടിയ്ക്കുന്നതിനേക്കാൾ എളുപ്പമാണെന്നുണ്ടോ? ഏകാഗ്രതയുടെയും ഇച്ഛാശക്തിയുടെയും സുദീർഘസന്നിവേശത്തിലൂടെ ഒരു വ്യക്തിയ്ക്ക്‌ പ്രേതദർശനം സാദ്ധ്യമാകുമെങ്കിൽ അതേ വ്യക്തിയ്ക്ക്‌ - അതിലും എത്രയോ കുറഞ്ഞ അളവിലുള്ള ഏകാഗ്രതയുടെയും ഇച്ഛാശക്തിയുടെയും പ്രയോഗത്തിലൂടെ - വാക്യഘടനയെക്കുറിച്ചൊരു ദർശനം എന്തുകൊണ്ടു കിട്ടിക്കൂടാ? ആഭിചാരശാസ്ത്രങ്ങളുടെ ഉപാസകരെ ഹൃദ്യമായി, ഒഴുക്കോടെയെങ്കിലും എഴുതുന്നതിൽ നിന്നു വിലക്കുന്നതായി - വ്യക്തതയോടെ എഴുതണമെന്നു ഞാൻ പറയില്ല, കാരണം, നിഗൂഢനിയമങ്ങൾ സ്വഭാവേന തന്നെ ദുർഗ്രാഹ്യമാവാം - എന്താണ്‌ അവയിലെ ഉപദേശങ്ങളിലും അനുഷ്ഠാനങ്ങളിലുമുള്ളത്‌? മനുഷ്യഭാഷയുടെ വർണ്ണവും താളവും പഠിയ്ക്കാൻ ഒരണുവോളമെങ്കിലും ബാക്കി വയ്ക്കാതെ ആത്മാവിന്റെ ഊർജ്ജമങ്ങനെതന്നെ ചെലവഴിക്കേണ്ടതുണ്ടോ ദൈവങ്ങളുടെ ഭാഷ പഠിയ്ക്കാൻ?

സാധാരണക്കാരാവാൻ കഴിയാത്ത ഗുരുക്കന്മാരെ എനിക്കു വിശ്വാസമാവാറില്ല. മറ്റാളുകളെപ്പോലെ എഴുതാൻ കഴിയാത്ത ആ കിറുക്കൻകവികളെപ്പോലെയാണ്‌ എനിക്കവർ. അവരുടെ വൈലക്ഷണ്യം ഞാൻ സമ്മതിച്ചുകൊടുത്തേക്കാം; അതുപക്ഷേ പ്രമാണങ്ങൾക്കതീതരാണു തങ്ങളെന്നതുകൊണ്ടാണ്‌, അല്ലാതെ പ്രമാണങ്ങളെ അനുസരിക്കാനുള്ള കഴിവുകേടു കൊണ്ടല്ല എന്നതിനൊരു തെളിവു കൂടി അവർ തന്നാൽ എനിക്കതു സന്തോഷമാവും.

ലളിതമായ കൂട്ടൽകിഴിയ്ക്കലിൽ പിഴവുകൾ വരുത്തുന്ന കേമന്മാരായ ഗണിതശാസ്ത്രജ്ഞന്മാരെക്കുറിച്ചു പറഞ്ഞുകേൾക്കാറുണ്ട്‌; പക്ഷേ ഞാനിവിടെ സംസാരിക്കുന്നത്‌ അജ്ഞതയെക്കുറിച്ചാണ്‌, പിഴവിനെക്കുറിച്ചല്ല. മഹാനായൊരു ഗണിതശാസ്ത്രജ്ഞന്‌ രണ്ടും രണ്ടും കൂട്ടി അഞ്ചു കിട്ടിയേക്കാമെന്ന് ഞാൻ സമ്മതിക്കുന്നു: ഒരു നിമിഷത്തേക്കു ശ്രദ്ധ ശിഥിലമായാൽ ആർക്കും അതു സംഭവിക്കാം. കൂട്ടൽകിഴിയ്ക്കൽ എന്താണെന്നോ, എങ്ങനെയാണതു ചെയ്യുന്നതെന്നോ അദ്ദേഹത്തിനറിയേണ്ട കാര്യമില്ലെന്നു പറഞ്ഞാൽ ഞാനതു സമ്മതിയ്ക്കില്ല. ആത്മീയഗുരുക്കന്മാരീൽ ബഹുഭൂരിപക്ഷത്തിന്റെയും കാര്യം ഇതുതന്നെ.

257

ചിന്ത ഉന്നതമാവാം, മനോജ്ഞമാവാതെ തന്നെ; അന്യരിൽ അതിന്റെ പ്രഭാവം അതേ അളവിൽ കുറഞ്ഞിരിക്കുമെന്നേയുള്ളു. മയമില്ലാത്ത ബലം വെറും പിണ്ഡം.

258

ക്രിസ്തുവിന്റെ പാദം സ്പർശിച്ചുവെന്നത്‌ കുത്തും കോമയുമിടാനറിയാത്തതിന്‌ ഒരു ന്യായീകരണമാവുന്നില്ല.

കുടിച്ചു ബോധം കെട്ടാലേ ഒരാൾക്കെഴുത്തു നന്നാവൂ എങ്കിൽ ഞാനയാളോടു പറയും: പോയി കുടിച്ചിട്ടു വാ. അതുകൊണ്ടു തന്റെ കരളു കേടാവുമെന്ന് അയാൾ പറഞ്ഞാൽ ഞാനിങ്ങനെ പറയും: തന്റെ കരളെന്താണിത്ര? തനിയ്ക്കു ജീവനുള്ള കാലത്തോളം ജീവനുണ്ടെന്നു പറയാവുന്ന ഒരു മൃതവസ്തു; താനെഴുതുന്ന കവിതകളോ, കാലാകാലത്തോളം  അവ ജീവിക്കും.


No comments: