Thursday, April 21, 2011

ഫെർണാണ്ടോ പെസ്സോവ - പ്രവൃത്തിയും നിവൃത്തിയും



ഒന്നിനോടും വിധേയത്വമില്ലാതിരിക്കുക, അതിനി ഒരു മനുഷ്യനാവട്ടെ, ഒരു പ്രണയമാവട്ടെ, ഒരാശയമാവട്ടെ; സത്യത്തിൽ വിശ്വസിക്കാതിരിക്കാൻ, സത്യമെന്നൊന്നുണ്ടെങ്കിൽ അതറിഞ്ഞതുകൊണ്ട്‌ പ്രയോജനമൊന്നുമില്ലെന്നു വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കുക- ഇതാണെന്നു തോന്നുന്നു ചിന്തിക്കാതെ ജീവിക്കാൻ കഴിയാത്തവരുടെ ധൈഷണികമായ ആന്തരജീവിതത്തിനു ചേർന്ന മനോഭാവം. മ്ലേച്ഛതയുടെ പര്യായമാണ്‌ വേഴ്ചകൾ. വിശ്വാസസംഹിതകൾ, ആശയങ്ങൾ, ഒരു സ്ത്രീ, ഒരു തൊഴിൽ- തടവറകളും തുടലുകളുമാണൊക്കെയും. സ്വാതന്ത്ര്യം തന്നെ അസ്തിത്വം. ഉത്കർഷേച്ഛ പോലും, നാമതിൽ അഭിമാനം കൊള്ളുന്നുവെങ്കിൽ, വിലങ്ങായി മാറുന്നു; നമ്മെ കെട്ടിവലിയ്ക്കുന്ന ചരടാണതെന്നു നമുക്കു ബോദ്ധ്യമായാൽ നാമതിൽ അഭിമാനം കൊള്ളുക തന്നെയില്ല. ഇല്ല: ഒരു കെട്ടുപാടും വേണ്ട, നമ്മോടു പോലും! അന്യരിൽ നിന്നെന്നപോലെ നമ്മിൽ നിന്നു തന്നെയും വിമുക്തരാവുക; സമാധിയില്ലാത്ത തപസ്വികൾ, നിഗമനങ്ങളിലെത്താത്ത ചിന്തകർ, ദൈവത്തിൽ നിന്നും വിടുതൽ നേടിയവർ-  തടവറമുറ്റത്ത്‌ നമ്മുടെ ആരാച്ചാരന്മാരുടെ ശ്രദ്ധ മാറിയതിനാൽ വീണുകിട്ടിയ അൽപനിമിഷങ്ങളുടെ ധന്യതയിൽ നാം ജീവിക്കുക.  നാളെ കൊലമരത്തിനു നേർക്കുനേർ നിൽക്കാനുള്ളവരാണ് നമ്മൾ. നാളെയല്ലെങ്കിൽ അതിനടുത്ത നാൾ. അന്ത്യം വന്നെത്തും മുമ്പ്‌ വെയിലും കൊണ്ടു നാമൊന്നുലാത്തുക, സകല പദ്ധതികളും അന്വേഷണങ്ങളും മനഃപൂർവ്വം മറന്നും. വെയിലത്തു നമ്മുടെ നെറ്റിത്തടങ്ങൾ ചുളിവുകളില്ലാതെ തിളങ്ങും, ആശകൾ വേണ്ടെന്നു വച്ചവർക്ക്‌ ഇളംകാറ്റിൽ കുളിരു കോരും.

ചരിവുള്ള മേശപ്പുറത്തേക്ക്‌ എന്റെ പേനയെടുത്തിട്ടിട്ട്‌ അതുരുണ്ടുപോകുന്നത്‌ കൈയും കെട്ടി ഞാൻ നോക്കിയിരിക്കുന്നു. ഒരു മുന്നറിവുമില്ലാതെ ഞാനിതൊക്കെ ഉള്ളിലറിഞ്ഞു. എന്റെ സന്തോഷമെന്നാൽ ഞാനനുഭവിക്കാത്ത രോഷത്തിന്റെ ഈയൊരു ചേഷ്ടയും.

236


ചിന്തിക്കുക തന്നെയും പ്രവൃത്തിയുടെ ഒരു രൂപമെന്നേ പറയാനാവൂ. വെറും ദിവാസ്വപ്നത്തിൽ, ക്രിയാത്മകമായതൊന്നും ഇടപെടാതിരിക്കുകയും, നമ്മുടെ ആത്മാവബോധം പോലും ചെളിയിൽ പൂന്തിപ്പോവുകയും ചെയ്യുന്ന ദിവാസ്വപ്നത്തിൽ- അസ്തിത്വമില്ലായ്മയുടെ ഊഷ്മളവും ഈറനുമായ  ആ ഒരവസ്ഥയിലേ പൂർണ്ണനിവൃത്തി നമുക്കു കൈവരിക്കാനാവൂ.

മനസ്സിലാക്കാൻ ശ്രമിക്കാതിരിക്കുക, വിശകലനങ്ങൾ നിർത്തുക...പ്രകൃതിയെ കാണും പോലെ നമ്മെയും കാണുക, ഒരു പാടം നോക്കിക്കാണും പോലെ നമ്മുടെ അനുഭൂതികളെയും വീക്ഷിക്കുക- അതാണ്‌ യഥാർത്ഥജ്ഞാനം.

252


മഹത്തായതിലെല്ലാം കുടികൊള്ളുന്ന ആ ഭവ്യശോകം- ഉയർന്ന മലകളിൽ, മഹാത്മാക്കളിൽ, ഗഹനമായ രാത്രികളിൽ, ചിരന്തനമായ കവിതകളിൽ.

233


No comments: