Friday, July 1, 2011

ഫെര്‍ണാണ്ടോ പെസ് വാ - ഒരു ഉണ്ണിയേശുക്കഥ



ഒരിക്കലൊരു വസന്തകാലത്തിന്റെ ഒടുവുനാളുകളിലൊരുച്ചനേരത്ത്
ഒരു ഛായാചിത്രം പോലൊരു സ്വപ്നം ഞാൻ കണ്ടു.
യേശുക്രിസ്തു ഭൂമിയിലേക്കിറങ്ങിവരുന്നതു ഞാൻ കണ്ടു.
ഒരു കുന്നിൻചരിവിറങ്ങി അവൻ വന്നു,
വീണ്ടുമൊരു ശിശുവായി,
ഓടിയും പുല്ലിൽക്കിടന്നുരുണ്ടും,
പൂക്കൾ പിഴുതെറിഞ്ഞും,
അകലെ കേൾക്കും വിധം പൊട്ടിച്ചിരിച്ചും.


സ്വർഗ്ഗത്തു നിന്നോടിപ്പോന്നതാണവൻ.
ത്രിത്വത്തിൽ മൂന്നാമനാണെന്നു തോന്നാത്ത വിധം
നമ്മെപ്പോലെയായിരുന്നു അവൻ.
സ്വർഗ്ഗത്തു സർവതും കപടമായിരുന്നു,
പൂക്കൾക്കും മരങ്ങൾക്കും കല്ലുകൾക്കും നിരക്കാത്തതായിരുന്നു.
സ്വർഗ്ഗത്തവനേതു നേരവും ഗൗരവം നടിച്ചിരിക്കേണ്ടിയിരുന്നു,
ഇടയ്ക്കൊക്കെ മനുഷ്യനാകേണ്ടിയിരുന്നു,
കുരിശേറേണ്ടിയിരുന്നു, ചത്തുകിടക്കേണ്ടിയിരുന്നു,
തലയിലൊരു മുൾക്കിരീടവുമായി,
പാദത്തിലടിച്ചുകയറ്റിയ കൂറ്റനൊരാണിയുമായി,
ചിത്രപുസ്തകങ്ങളിലെ കാപ്പിരികളെപ്പോലെ
അരയിലൊരു പഴന്തുണിയും കൂടിയായി.


മറ്റു കുട്ടികളെപ്പോലെ ഒരച്ഛനും ഒരമ്മയുമെന്നതു പോലും
അവനു വിധിച്ചിരുന്നില്ല.
അവന്റെ അച്ഛൻ രണ്ടു പേരായിരുന്നു-
ജോസഫെന്നൊരു കിഴവൻ,
ആളൊരാശാരിയുമായിരുന്നു,
അയാളവന്റെ അച്ഛനുമായിരുന്നില്ല.
മറ്റേപ്പിതാവൊരു വിഡ്ഢിപ്രാവും,
ഇങ്ങനെയൊരു വിരൂപിപ്രാവ് ഈ ലോകത്തുണ്ടായിട്ടില്ല,
എന്തെന്നാല്‍ അതീ ലോകത്തിന്റേതായിരുന്നില്ല,
അതൊരു പ്രാവുമായിരുന്നില്ല. 


അവനു ജന്മം കൊടുക്കും മുമ്പേ
അവന്റെ അമ്മ ആരെയും സ്നേഹിച്ചിട്ടുമില്ല.

അവരൊരു സ്ത്രീയുമായിരുന്നില്ല:
അവരൊരു പെട്ടിയായിരുന്നു.
അതിലാണവനെയിട്ടു സ്വർഗ്ഗത്തു നിന്നയച്ചത്.
ഒരമ്മയിൽ നിന്നു മാത്രം ജനിച്ചവൻ,
സ്നേഹിക്കാനും ബഹുമാനിക്കാനും ഒരച്ഛനില്ലാത്തവൻ,
അവൻ വേണം നന്മയും നീതിയും പ്രസംഗിക്കാനെന്നാണവർ നിശ്ചയിച്ചതും!


ഒരുനാൾ ദൈവം മയക്കത്തിലായിരുന്നപ്പോൾ,
പരിശുദ്ധാത്മാവെവിടെയോ പറന്നു നടക്കുമ്പോൾ
ദിവ്യാത്ഭുതപ്പെട്ടി തുറന്ന് മൂന്നെണ്ണമവൻ കട്ടു:
ഒന്നാമത്തേതു കൊണ്ടവൻ
തന്റെ ഒളിച്ചോട്ടം ആരും കാണരുതെന്നാക്കി,
രണ്ടാമത്തേതു കൊണ്ടവൻ
താനെന്നുമൊരു മനുഷ്യശിശുവാകുകയെന്നാക്കി,
മൂന്നാമത്തേതു കൊണ്ടവൻ മറ്റൊരു ക്രിസ്തുവിനെ സൃഷ്ടിച്ച്
സ്വർഗ്ഗത്തെക്കുരിശ്ശിൽ സർവകാലത്തേക്കുമായി ആണിയടിച്ചുമിട്ടു;
മറ്റു ക്രൂശിതരൂപങ്ങൾക്കു മാതൃകയുമതു തന്നെ.
അതില്പ്പിന്നെ അവൻ സൂര്യനിലേക്കു പോയി,
ആദ്യം കണ്ട രശ്മിയിൽപ്പിടിച്ച് അവനിറങ്ങിപ്പോരുകയും ചെയ്തു.


ഇന്നവൻ എന്നോടൊപ്പം എന്റെ ഗ്രാമത്തിലാണു താമസം.
മനോഹരമായി ചിരിക്കുന്ന ഒരു സാധാരണശിശുവാണവൻ.
വലതുകൈ കൊണ്ടവൻ മൂക്കു തുടയ്ക്കും,
ചെളിക്കുണ്ടുകളിൽ വെള്ളം തെറ്റിച്ചു നടക്കും,
പൂക്കൾ പറിയ്ക്കും, ഓമനിയ്ക്കും, പിന്നെ മറന്നും കളയും.
കഴുതകളെ കല്ലെടുത്തെറിയും,
തോപ്പുകളിൽ നിന്നു പഴങ്ങൾ മോഷ്ടിക്കും,
നായ്ക്കളെക്കണ്ടു പേടിച്ചു നിലവിളിച്ചോടും.
അവർക്കതിഷ്ടമല്ലെന്നവനറിയാമെന്നതിനാൽ,
സർവരുമതൊരു നേരമ്പോക്കായിട്ടെടുക്കുന്നുവെന്നതിനാലും,
തലയിൽ കുടവുമായി കൂട്ടം ചേർന്നു
വഴിയേ പോകുന്ന പെൺകുട്ടികളുടെ പിന്നാലെയവനോടും,
അവരുടെ പാവാട പിടിച്ചുപൊക്കും.


എനിക്കറിയുന്നതൊക്കെ അവൻ പഠിപ്പിച്ചതേയുള്ളു.
വസ്തുക്കളെ നോക്കിനില്ക്കാൻ അവനെന്നെ പഠിപ്പിച്ചു.
പൂക്കൾക്കുള്ളിലെന്താണെന്ന് അവനെനിക്കു കാട്ടിത്തന്നു.
കല്ലുകളെത്ര വിചിത്രമാണ്‌
ഉള്ളംകൈയിലെടുത്ത് സാവധാനം, നിർന്നിമേഷം
അവയെ നോക്കിനില്ക്കുമ്പോഴെന്നും അവനെന്നെ പഠിപ്പിച്ചു.

ദൈവത്തെക്കുറിച്ചു വളരെ മോശമായിട്ടാണ്‌
അവനെന്നോടു സംസാരിക്കുക.
ആളൊരു ബുദ്ധി മന്ദിച്ച, ദീനക്കാരൻ കിഴവനാണെന്നാണവൻ പറയുക.
വായിൽ തെറിയും തറയിൽ തുപ്പലുമാണേതു നേരവുമയാൾ.
കന്യാമറിയം കാലുറയും തുന്നി
നിത്യതയുടെ സായാഹ്നങ്ങൾ കഴിക്കുന്നു.
പരിശുദ്ധാത്മാവാകട്ടെ, കൊക്കു കൊണ്ടു തന്നെത്താൻ ചൊറിയും,
കസേരകളിൽ ചെന്നിരുന്ന് അവ വൃത്തികേടുമാക്കും.
മൂഢമാണു സ്വർഗ്ഗത്തു സർവതും, കത്തോലിക്കാസഭ പോലെ തന്നെ.
താൻ സൃഷ്ടിച്ച വസ്തുക്കളെക്കുറിച്ച്
ഒരു വസ്തുവും ദൈവത്തിനറിയില്ലെന്നുമാണ്‌ അവനെന്നോടു പറയുന്നത്-
“ അവനാണോ അവ സൃഷ്ടിച്ചതെന്ന് എനിക്കു സംശയമായിരിക്കുന്നു.
ഒരുദാഹരണം പറഞ്ഞാൽ അവൻ വാദിക്കുകയാണ്‌
സർവജീവികളും തന്റെ മഹിമ പാടുകയാണെന്ന്.
പക്ഷേ ജീവികൾ യാതൊന്നും പാടുകയല്ല,
പാടിയാലവ പാട്ടുകാരേയാവൂ,
ജീവികൾ ജീവിക്കുന്നുവെന്നേയുള്ളു,
അതിനാലാണവയെ ജീവികളെന്നു പറയുന്നതും.”
പിന്നെ ദൈവത്തെ നസ്യം പറഞ്ഞു തളർന്ന്
ആ ഉണ്ണിയേശു എന്റെ മടിയിൽ കിടന്നുറങ്ങും,
ഞാനവനെ മാറോടടുക്കിപ്പിടിച്ച് വീട്ടിലേക്കു കൊണ്ടുപോകും.
***


കുന്നു പാതി കയറിച്ചെല്ലുന്നിടത്തെ എന്റെ വീട്ടിൽ
എന്നോടൊപ്പമാണ്‌ അവന്റെ താമസം.
നിത്യശിശുവാണവൻ, കാണാതെപോയ ദൈവം.
സഹജമാണവന്റെ മനുഷ്യത്വം,
ചിരിക്കുകയും കളിക്കുകയും ചെയ്യുന്നതാണവന്റെ ദേവത്വം,
അവൻ തന്നെ ഉണ്ണിയേശുവെന്ന്
നിസ്സന്ദേഹമായി ഞാനറിയുന്നതുമങ്ങനെ.

അത്രയ്ക്കു മനുഷ്യനായതിനാൽ
അത്രയ്ക്കു ദേവനുമായ ഈ ശിശു തന്നെ
കവിയെന്ന നിലയ്ക്ക് എന്റെ നിത്യജീവിതവും.
എന്നുമവനൊന്നിച്ചുണ്ടെന്നതിനാൽത്തന്നെ
എന്നും ഞാനൊരു കവിയായെന്നായതും,
ഏതു നൈമിഷികദർശനവും അനുഭൂതികൾ കൊണ്ടെന്നെ നിറയ്ക്കുന്നതും,
ഏതവ്യക്തശബ്ദവും എന്നോടാണെന്നെനിക്കു തോന്നുന്നതും.

ഞാൻ പാർക്കുന്നിടത്തു പാർക്കുന്ന ഈ പുതുശിശു
ഒരു കൈ എനിക്കു തരുന്നു,
ഉള്ളതായുള്ളതിനൊക്കെ മറ്റേക്കൈയും.
പിന്നെ ഞങ്ങൾ മൂവരും യാത്ര പോകുന്നു,
മുന്നിൽ കണ്ട വഴിയിലൂടെ,
ചാടിയും പാടിയും പൊട്ടിച്ചിരിച്ചും,
നിഗൂഢതയെന്നതു പ്രപഞ്ചത്തിലില്ലെന്നും
ഉള്ളതൊക്കെ മൂല്യമുള്ളതാണെന്നുമുള്ള
ഞങ്ങൾക്കു മാത്രമറിയുന്ന രഹസ്യത്തിലാനന്ദിച്ചും.

എന്നെപ്പിരിയാറില്ല ഈ നിത്യശിശു.
അവന്റെ ചൂണ്ടുവിരലാണെന്റെ നോട്ടത്തിനു ദിശ.
ഏതൊച്ചയ്ക്കും കാതോർക്കുന്ന എന്റെ കേൾവിയോ,
എന്റെ കാതിൽ കളിയായിട്ടവനിക്കിളിയാക്കുന്നതും.

അത്രയ്ക്കു  സ്വരുമിപ്പാണു ഞങ്ങളെന്നതിനാൽ
ഒരാൾ മറ്റേയാളെക്കുറിച്ചോർക്കാറുപോലുമില്ല,
പക്ഷേ ഒരുമിച്ചാണു ഞങ്ങളുടെ ജീവിതം
ഇടതു കൈയും വലതു കൈയും പോലെ
അത്രയ്ക്കൊരു വേഴ്ചയിലും.

സന്ധ്യയാവുമ്പോൾ വീട്ടുപടിക്കൽ ഞങ്ങൾ
ഗോട്ടി കളിക്കാനിരിക്കും,
ഒരു ദേവനും ഒരു കവിക്കും ചേർന്ന ഗൗരവത്തോടെ,
ഓരോ ഗോട്ടിയും ഓരോ പ്രപഞ്ചമാണെന്ന പോലെ,
അതിനാലതിലൊന്നു വീണാൽ വലിയൊരപായമാണതെന്നപോലെ.

പിന്നെ ഞാനവനോടു മനുഷ്യരുടെ ചെയ്തികളുടെ കഥകൾ പറയും,
അത്രയ്ക്കവിശ്വസനീയമാണവയെന്നതിനാൽ അവനു ചിരിയും വരും.
രാജാക്കന്മാരെയും രാജാക്കന്മാരല്ലാത്തവരെയും അവൻ കളിയാക്കും,
യുദ്ധങ്ങളെക്കുറിച്ചു പറയുമ്പോൾ അവനു മനസ്സു നോവും,
കച്ചവടത്തെയും പുറംകടലിൽ വെറും പുകയായി ശേഷിക്കുന്ന
കപ്പലുകളെയും കുറിച്ചു പറയുമ്പോഴും.
അവനറിയാം ഇതിലൊന്നും ആ നേരില്ലെന്ന്,
വിടരുമ്പോൾ പൂവിലുള്ളത്,
മേട്ടിലും തടത്തിലും പടരുമ്പോൾ സൂര്യവെളിച്ചത്തിലുള്ളത്,
വെള്ളയടിച്ച ചുമരുകൾക്കു മുന്നിൽ
നമ്മുടെ കണ്ണുകളെ നീറ്റുന്നത്.


പിന്നെയവനുറക്കം വരും,
ഞാനവനെ കൊണ്ടുകിടത്തും.
മാറത്തടുക്കിപ്പിടിച്ച് ഞാനവനെ വീട്ടിനുള്ളിലേക്കു കൊണ്ടുപോകും.
അവനെ താഴെക്കിടത്തി
സാവധാനം ഞാനവന്റെ ഉടുപ്പുകളൂരിമാറ്റും,
പവിത്രവും മാതൃസ്നേഹം നിറഞ്ഞതുമായൊരനുഷ്ഠാനം പോലെ.

അവൻ കിടന്നുറങ്ങുന്നതെന്റെയാത്മാവിനുള്ളിൽ.
ചിലനേരം രാത്രിയിലവൻ ഉറക്കമുണരും,
എന്റെ സ്വപ്നങ്ങളെയിട്ടു തട്ടിക്കളിയ്ക്കും,
ചിലതവൻ മുകളിലേക്കെടുത്തെറിയും,
ചിലതെടുത്തു കൂമ്പാരം കൂട്ടും,
ഒരു പുഞ്ചിരിയോടെ എന്റെ ഉറക്കവും കണ്ടുകൊണ്ട്
ഒറ്റയ്ക്കവൻ കൈയടിയ്ക്കും.
***


ഞാൻ മരിക്കുമ്പോളെന്റെ കുഞ്ഞുമകനേ,
ശിശു ഞാനാവട്ടെ, കൂട്ടത്തിൽച്ചെറുതും.
നിന്റെ കൈകളിലെന്നെ കോരിയെടുക്കുക,
നിന്റെ വീട്ടിലേക്കെന്നെക്കൊണ്ടുപോവുക,
എന്റെ തളർന്ന മനുഷ്യച്ചട്ടത്തിൽ നിന്നുടുപ്പുകളൂരിമാറ്റുക,
നിന്റെ കിടക്കയിലെന്നെക്കിടത്തുക.
ഞാനുണർന്നാൽ കഥകൾ ചൊല്ലിത്തരിക,
അവ കേട്ടു പിന്നെയും ഞാനുറങ്ങട്ടെ.
എനിക്കു കളിക്കാൻ നിന്റെ സ്വപ്നങ്ങളും തരിക,
ആ ദിവസം പുലരും വരെ,
ഒരു ദിവസം- ഏതെന്നു നിനക്കറിയുന്നതും.
***

ഇതെന്റെ ഉണ്ണിയേശുവിന്റെ കഥ.
തത്വശാസ്ത്രജ്ഞന്മാരുടെ ചിന്തകളൊക്കെയെടുത്താലും
മതങ്ങളുടെ ഉപദേശങ്ങളൊക്കെയെടുത്താലും
ഇതിലുള്ളതിലധികം നേരവയിലുണ്ടാവാൻ
മതിയായ കാരണമുണ്ടോയെന്നൊന്നു പറയൂ.