ചുണ്ടുകളുടെ കാതുകളിൽ ചുണ്ടുകളുടെ ഭാഷ.
അന്യോന്യം ഹൃദയമൂറ്റിക്കുടിക്കുമ്പോലെ.
വീടു വിട്ടിറങ്ങിയ രണ്ടു പ്രണയങ്ങൾ
ചുണ്ടുകളുടെ സംഗമത്തിലന്യോന്യം കണ്ടെത്തുമ്പോലെ.
പ്രണയത്തിന്റെ വേലിയേറ്റത്തിലുയരുന്ന രണ്ടു തിരകൾ
ചുണ്ടുകളുടെ കടലോരത്തു തല്ലിത്തകരുമ്പോലെ.
അന്യോന്യം ദാഹിക്കുന്ന രണ്ടു തൃഷ്ണകൾ
ഉടലിന്റെയതിരിൽ കണ്ടുമുട്ടുകയാണൊടുവിൽ.
കോമളപദങ്ങളാലൊരു ഗാനമെഴുതുകയാണു പ്രണയം
ചുണ്ടുകളിൽ ചുംബനങ്ങളുടെയടരുകളിൽ.
ചുണ്ടുകളിൽ നിന്നു പ്രണയത്തിന്റെ പൂക്കളിറുക്കുകയാണവർ
പിന്നെയൊരു നേരത്തവ കോർത്തു മാലകെട്ടാൻ.
ചുണ്ടുകളുടെ ഈ മധുരസംഗമമത്രേ,
രണ്ടു മന്ദഹാസങ്ങളുടെ ചുവന്ന മണവറമെത്തയും.
(1885- കടി ഓ കോമൾ)
No comments:
Post a Comment