Sunday, July 3, 2011

ത് സു യെ പ്രണയഗീതങ്ങൾ

 


1.

ഒരു പോള കണ്ണടച്ചില്ല ഞാനിന്നലെ,
രാവിൽ നിലാവിന്റെ വേലിയേറ്റം-
ആരോ വിളിയ്ക്കുന്നു, ആരോ വിളി കേൾക്കുന്നു,
കേട്ടുകിടന്നു ഞാൻ പുലരുവോളം.


2.
ചെറിമരം പൂ കൊഴിക്കുന്ന കാലം,
ചില്ലകളിൽ മഞ്ഞക്കിളികൾ തത്തുന്ന നാളും:
നിനക്കു നില്ക്കണമെന്നു നീ പറഞ്ഞു,
നിന്റെ കുതിര തളർന്നുവത്രെ;
എനിക്കു പോകണമെന്നു ഞാൻ പറഞ്ഞു,
എന്റെ പട്ടുനൂൽപ്പുഴുക്കൾ വിശന്നിരിക്കയത്രെ.

3.

പരദേശം പോവുകയാണവനെന്നു കേട്ടു,
പുഴയൊഴുകുമിടം വരെ ഞാൻ കൂട്ടു ചെന്നു;
നീട്ടിയ കൈകളിലവനെന്നെപ്പുണർന്നപ്പോൾ
പുഴയൊഴുകിയില്ലൊരു ക്ഷണമെന്നെനിക്കു തോന്നി.


4.
അരപ്പട്ട മുറുക്കിയിരുന്നില്ല ഞാൻ,
ജനാലയിലൂടെ നോക്കാൻ നീ പറയുമ്പോൾ;
എന്റെ പുടവയൊന്നു വിടർന്നുവെങ്കിൽ
ഈ വസന്തകാലത്തെന്നലിനെപ്പഴിക്കൂ.


5.
ഞാൻ നില വിടാത്ത ധ്രുവനക്ഷത്രം,
രാവിലെ കിഴക്കു പോകുന്നു നിന്റെ സൂര്യഹൃദയം,
സന്ധ്യയ്ക്കു പടിഞ്ഞാറും.


(മൂന്നാം നൂറ്റാണ്ടിൽ തെക്കൻ ചൈനയിൽ ജീവിച്ചിരുന്നതായി പറയപ്പെടുന്ന ത് സു യെ എന്ന സ്ത്രീ എഴുതിയ കവിതകൾ. ഒരു മദ്യശാലയിലെ പരിചാരിക ആയിരുന്നുവത്രെ അവർ.)


link to image


1 comment:

സുസ്മേഷ് ചന്ത്രോത്ത് said...

ദൈവമേ,പരിമിത പ്രതിഭകളായ ഇന്നത്തെ കവികളുടെ കൂത്താട്ടത്തിനിടയില്‍ നീ ഇത്തരം അത്ഭുതങ്ങള്‍ നൂറ്റാണ്ടുകള്‍ മുന്നേ ഞങ്ങള്‍ക്കായി കാത്തുവച്ചിരുന്നല്ലോ.
നന്ദി.