ഉറങ്ങുമ്പോൾ കുട്ടികളെപ്പോലെയാണു മനുഷ്യർ,
അവരിലപ്പോൾ യുദ്ധങ്ങളില്ല.
അവർ കൈപ്പടങ്ങൾ വിടർത്തുന്നു,
ദൈവം കൊടുത്ത സ്വച്ഛതാളത്തിൽ അവർ ശ്വാസമെടുക്കുന്നു.
കൊച്ചുകുട്ടികളെപ്പോലെ അവർ ചുണ്ടു പിളുത്തുന്നു,
കൈ പാതി തുറന്നുവയ്ക്കുന്നു,
പട്ടാളക്കാർ, രാഷ്ട്രതന്ത്രജ്ഞന്മാർ, സേവകർ, യജമാനന്മാർ.
നക്ഷത്രങ്ങൾ കാവൽ നിൽക്കുന്നു,
ഒരു മൂടൽ സകലതും മറയ്ക്കുന്നു,
ആരും ആരെയും ദ്രോഹിക്കാത്ത മണിക്കൂറുകളാണിനി.
നമ്മുടെ ഹൃദയങ്ങൾ പാതിവിടർന്ന പൂക്കളാവുന്ന ആ നേരത്ത്
നമുക്കന്യോന്യമൊന്നു സംസാരിക്കാനായെങ്കിൽ.
പൊൻതേനീച്ചകളെപ്പോലെ
വാക്കുകൾ ഒഴുകിയിറങ്ങുമായിരുന്നു.
-ദൈവമേ, നിദ്രയുടെ ഭാഷ എന്നെയൊന്നു പഠിപ്പിക്കൂ.
റോൾഫ് ജേക്കബ്സെൻ (1907-1994)- നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിൽ ജനിച്ചുവളർന്നു. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖരായ സ്കാൻഡിനേവിയൻ എഴുത്തുകാരിലൊരാൾ.
2 comments:
നിദ്രയുടെ ഭാഷ പഠിപ്പിയ്ക്കാൻ ദൈവത്തിനെ നമ്മൾ അനുവദിയ്ക്കുന്നില്ലല്ലോ.
മരണത്തിന്റെ
പൂർത്തിയാകാത്ത
പരിഭാഷയാണുറക്കം…
Post a Comment