Wednesday, July 27, 2011

സെൻ കഥകൾ - 1

File:Bodhidarma.jpg


1


ഒരു സെൻഗുരുവിനൊപ്പം കുറേനാൾ പഠിച്ചതിൽപ്പിന്നെ ഒരു പെൺകുട്ടിയ്ക്കു ബോധോദയം കിട്ടി. ഒരുനാളവൾ ഒരു പെട്ടിപ്പുറത്തിരുന്നു ധ്യാനിക്കുമ്പോൾ അച്ഛൻ കടന്നുവന്നൊച്ചയിട്ടു: ‘എന്താ നീയിച്ചെയ്യുന്നത്! അതിനുള്ളിൽ ഒരു ബുദ്ധവിഗ്രഹമുണ്ടെന്നു നിനക്കറിയില്ലേ?’ പെൺകുട്ടി പറഞ്ഞു: ‘ബുദ്ധനില്ലാത്തൊരിടത്തേക്ക് അച്ഛനെന്നെയൊന്നു മാറ്റിയിരുത്തിയാട്ടെ.’



2

അമ്പലക്കൊടി കാറ്റിൽ പാറുകയായിരുന്നു. രണ്ടു ഭിക്ഷുക്കൾ തമ്മിൽ തർക്കമായി, ഇളകുന്നതു കൊടിയോ കാറ്റോയെന്ന്. തർക്കം തീർക്കാൻ അവർ ചെന്നു ഗുരുവിനെ കണ്ടു. അദ്ദേഹം പറഞ്ഞു: ‘കാറ്റുമല്ല, കൊടിയുമല്ല, ഇളകുന്നതു നിങ്ങളുടെ മനസ്സാണ്‌.’


3


ശിഷ്യൻ ഗുരുവിനോടു ചോദിച്ചു: ‘ഈ സെൻ എന്നു പറയുന്നതെന്താണ്‌?’
’അതു നിന്റെ കണ്മുന്നിൽത്തന്നെയുണ്ട്,‘ ഗുരു പറഞ്ഞു.
’എങ്കിൽപ്പിന്നെ ഞാനതെന്തുകൊണ്ടു കാണുന്നില്ല?‘ ശിഷ്യൻ ചോദിച്ചു.
’അതു നിന്റെയുള്ളിലെ ‘അഹം’ കാരണം.‘
’ഈ ‘അഹം’ബോധം പോയാൽപ്പിന്നെ എനിക്കു സെൻ കിട്ടുമോ?‘
’അഹമില്ലെങ്കിൽ ആർക്കു വേണം സെൻ!‘


4


വലിയൊരു പാറക്കല്ലു ചൂണ്ടിക്കാണിച്ചുകൊണ്ട് ഗുരു ശിഷ്യനോടു ചോദിച്ചു, അതയാളുടെ മനസ്സിനകത്തോ പുറത്തോയെന്ന്.
ശിഷ്യൻ പറഞ്ഞു: ’ബുദ്ധന്റെ തത്ത്വപ്രകാരം മനസ്സിന്റെ പ്രക്ഷേപം തന്നെ പുറത്തുള്ളതൊക്കെ. അതിനാൽ ഈ പാറക്കല്ലും എന്റെ മനസ്സിനുള്ളിൽത്തന്നെ.‘
’ഇത്രയും വലിയ ഭാരം ചുമന്നു നടന്നിട്ടും തനിക്കു ക്ഷീണമൊന്നും തോന്നുന്നില്ലേ?‘ ഗുരു ചോദിച്ചു.



5

ഒരു സമുരായി ഗുരുവിനെ ചെന്നുകണ്ട് സ്വർഗ്ഗവും നരകവും എന്താണെന്നൊന്നു പഠിപ്പിക്കാൻ അപേക്ഷിച്ചു. ഗുരു ഉടനേ അയാളെ അധിക്ഷേപിക്കാൻ തുടങ്ങി: ‘താനിതെന്തുതരം സമുരായിയാണോ! കണ്ടിട്ടു വെറും പിച്ചക്കാരൻ!’ ഈ ആക്ഷേപം കുറേയായപ്പോൾ സമുരായി ശുണ്ഠിയെടുത്ത് വാളു വലിച്ചൂരി. ‘ഇതാ നരകത്തിന്റെ കവാടം തുറക്കുന്നു!’ ഗുരു പറഞ്ഞു. ആ നിമിഷം സമുരായിയ്ക്കു കാര്യം മനസ്സിലായി. അയാൾ വാൾ ഉറയിൽത്തന്നെയിട്ട് ഗുരുവിന്റെ കാല്ക്കൽ വീണു. ‘ഇപ്പോൾ സ്വർഗ്ഗത്തിന്റെ കവാടം തുറക്കുന്നു!’ ഗുരു പറഞ്ഞു.


6


ഒരു ഭിക്ഷു ഗുരുവിനെ ചെന്നുകണ്ട് താൻ അദ്ദേഹത്തിന്റെ ആശ്രമത്തിൽ ചേർന്നതായും തന്നെ സെൻ പഠിപ്പിക്കാൻ ദയവുണ്ടാവണമെന്നും അപേക്ഷിച്ചു.
‘താൻ കഞ്ഞി കുടിച്ചോ?’ ഗുരു ചോദിച്ചു.
‘ഉവ്വ്.’
‘എങ്കിൽ ചെന്നു കിണ്ണം കഴുകി കമിഴ്ത്തിവയ്ക്കൂ,’ ഗുരു പറഞ്ഞു.
ശിഷ്യനു ബോധോദയവുമുണ്ടായി.


link to image


7 comments:

mad|മാഡ് said...

ഹാവൂ ഇവിടെ വന്നിട്ട് മുഴുവനായും മനസിലായ ഒരു പോസ്റ്റ്‌ ഇതാ :)

വീ കെ said...

ഈ ‘സെൻ’ എന്നു പറഞ്ഞാൽ എന്താ മാഷേ..?

വി.രവികുമാർ said...

അത് നേരേയങ്ങനെ ചോദിക്കരുതെന്നല്ലേ?

എന്‍.ബി.സുരേഷ് said...

സെൻ ഒരു സങ്കരയിനമാണെന്ന് ഓഷോ. താവോയുടെയും ബുദ്ധന്റെയും സങ്കരം. അങ്ങനെയല്ലേ രവിമാഷേ?

എന്‍.ബി.സുരേഷ് said...

അങ്ങനെ വരട്ടെ ധാരാളം സെൻ കഥകൾ.

Echmukutty said...

ബുദ്ധനില്ലാത്തയിടം........

yajamanan said...

സുരേഷ് മാഷേ പറഞ്ഞത് തിരിഞ്ഞു പോയി എന്നാണ് തോന്നുന്നത്...
അതിലും മനോഹരം
ഓഷോ ഒരു സങ്കരയിനമാണെന്ന് . സെനിന്റെയും താവോയുടെയും ബുദ്ധന്റെയും സങ്കരം.
ഇങ്ങനെ പറയുന്നത് അല്ലെ...?