Tuesday, July 26, 2011

ടാഗോർ - ഉദ്യാനപാലകൻ


22


ദ്രുതപാദപതനത്തോടവൾ കടന്നുപോയപ്പോൾ
അവളുടെ പുടവത്തുമ്പെന്നെയൊന്നു തൊട്ടു.
ഒരു ഹൃദയത്തിന്നജ്ഞാതദ്വീപിൽ നിന്നും
ഒരു വസന്തത്തിന്റെ ചുടുനിശ്വാസം ഞാനറിഞ്ഞു.
എന്നെയൊന്നു വന്നുരുമ്മി പിന്നെയെങ്ങോ മറഞ്ഞു
ഒരു ക്ഷണികസ്പർശത്തിന്റെ ചിറകടികൾ,
ഇളംകാറ്റിൽ പാറിവന്ന ഒരു പൂവിതൾ;
എന്റെ ഹൃദയത്തിലതു വന്നുവീണു,
അവളുടെയുടലിന്റെ നെടുവീർപ്പു പോലെ,
അവളുടെ ഹൃദയത്തിന്റെ മർമ്മരം പോലെ.


31


എന്റെ ഹൃദയമെന്ന മരുപ്പക്ഷിയ്ക്കൊ-
രാകാശം കൈവന്നുവല്ലോ നിന്റെയിരുകണ്ണുകളിൽ.
പുലരിയ്ക്കു കളിത്തൊട്ടിലാണവ,
നക്ഷത്രങ്ങൾക്കു സ്വരാജ്യമാണവ,
എന്റെ ഗാനങ്ങൾ മുങ്ങിത്താഴുന്ന കയങ്ങളാണവ.
ഞാനൊന്നുയർന്നുപാറട്ടെ,
ആ വാനത്തിന്റെയേകാന്തവൈപുല്യത്തിൽ.
ഞാനൊന്നു ഭേദിക്കട്ടെയതിന്റെ മേഘങ്ങളെ,
ആ സൂര്യവെളിച്ചത്തിൽ ഞാനൊന്നു ചിറകു വിരിക്കട്ടെ.



48


എന്റെ ഗാനം ഞാൻ നിർത്തിയേക്കാം
നിനക്കു ഹിതമതാണെങ്കിൽ.
നിന്റെ മുഖത്തു നിന്നു ഞാൻ കണ്ണെടുക്കാം
നിന്റെ നെഞ്ചു പിടയ്ക്കുമതിനാലെങ്കിൽ.
നിന്റെ വഴി മാറി ഞാൻ നടക്കാം
എന്നെയരികിൽക്കണ്ടു നീ പകയ്ക്കുമെങ്കിൽ.
നിന്റെയുദ്യാനത്തിലേക്കു കടക്കുകയില്ല ഞാൻ
നിന്റെ മാലകോർക്കലതുകൊണ്ടു പിഴയ്ക്കുമെങ്കിൽ.
നിന്റെ കടവത്തു തുഴഞ്ഞെത്തുകയുമില്ല ഞാൻ
നിന്റെ പുഴയതു കൊണ്ടു കലങ്ങുമെങ്കിൽ.


 

3 comments:

ശാന്ത കാവുമ്പായി said...

ഉദ്യാനപാലകനാകാൻ കഴിഞ്ഞെങ്കിൽ!

വീ കെ said...

ആശംസകൾ...

Raghunath.O said...

നന്നായിട്ടുണ്ട്