Wednesday, July 13, 2011

റില്‍ക്കെ - അപ്പോളോയുടെ ശിരസ്സറ്റ പ്രാചീനശില്പം

Louvre torso 56k.jpg



നമുക്കറിവിൽപ്പെടുന്നതല്ല അവന്റെ ഐതിഹാസികശീർഷം,
കനികൾ പോലെയക്കണ്ണുകളിൽ വിളഞ്ഞ വെളിച്ചവും.
അവന്റെയുടലെന്നാലിന്നുമെരിയുന്നു പണ്ടേ കൊളുത്തിയ വിളക്കു പോലെ,
കെടാതെ നില്പ്പുണ്ടവന്റെ നോട്ടം താഴ്ത്തിവച്ച തിരി പോലെ.
ആ മാറിന്റെ വിരിവെങ്ങനെ നിങ്ങളുടെ കണ്ണഞ്ചിക്കാനല്ലെങ്കിൽ?
അരക്കെട്ടിന്റെ നേർത്ത മടക്കുകളിലൂടൊരു മന്ദഹാസം
പ്രജനനമാളിനിന്ന ഗുഹ്യമർമ്മത്തിലേക്കു പടർന്നിറങ്ങുന്നതുമെങ്ങനെ?
വിരിഞ്ഞ ചുമലുകളുടെ സുതാര്യപാതത്തിനടിയിൽ
വികലവും കുറിയതുമായൊരു കല്ലാകുമതല്ലെങ്കിൽ;
മിനുങ്ങുകയുമില്ലതൊരു കാട്ടുമൃഗത്തിന്റെ തോലു പോലെ,
അതിരുകൾ ഭേദിക്കുകയുമില്ലൊരു സ്ഫുടതാരത്തിന്റെ ജ്വലനം പോലെ.
നിങ്ങളെ ശാസിക്കുന്നൊരുറ്റുനോട്ടമാണീയുടലിന്റെയോരോയിടവും:
ഇനിമേൽ ജീവിതം മാറ്റിജീവിക്കണം നിങ്ങൾ.



ല്യൂവർ കലാശേഖരത്തിൽ കണ്ട ഒരു മിലെറ്റസ് യുവാവിന്റെ ഉടഞ്ഞ പ്രതിമയാണ്‌ (ക്രിസ്തുവിനു മുമ്പ് ആറാം നൂറ്റാണ്ടിലേത്) ഈ കവിതയ്ക്കു പ്രചോദനമായത്. ഈ കവിതയും താൻ ആദർശകലാകാരനായി വരിച്ച റോദാങ്ങിനുള്ള സ്തുതി തന്നെ. അടർത്തിയെടുത്ത കഷണങ്ങൾ പോലെയുള്ള റോദാങ്ങിന്റെ ശില്പങ്ങളെക്കുറിച്ച് ഒരു കത്തിൽ റില്ക്കെ ഇങ്ങനെ പറയുന്നുണ്ട്: ഈയുടലുകൾ ഇത്രയും പൂർണ്ണമാകുമായിരുന്നില്ല, അവ പൂർണ്ണരൂപത്തിലായിരുന്നെങ്കിൽ. ഓരോ കഷണത്തിനുമുണ്ട് തീക്ഷ്ണമായൊരു സാകല്യം; അങ്ങനെയേ അതു സാധ്യമാവുകയുമുള്ളു; പൂർണ്ണമാക്കണമെന്നില്ല അവയ്ക്കു പൂർണ്ണമാകാൻ.

ലൂ ആന്ദ്രേ ശലോമിയ്ക്കുള്ള കത്തിൽ റില്ക്കെ ഇങ്ങനെയുമെഴുതുന്നു: വിസ്മൃതിയിൽ നിന്നു പുറത്തേക്കു വരുന്ന ഈ വസ്തുക്കളുടെ മൂല്യം ഇതാണ്‌: തികച്ചും അജ്ഞാതമായതൊന്നിനെപ്പോലെ നിങ്ങൾക്കവയെ നോക്കിനില്ക്കാം. എന്താണവയുടെ ഉദ്ദേശ്യമെന്ന് ആർക്കുമറിയില്ല; ഒരു വിഷയവും അവയോടൊട്ടിച്ചു ചേർത്തിട്ടില്ല; അവയുടെ സാന്ദ്രയാഥാർത്ഥ്യത്തിന്റെ മൗനത്തെ അസംഗതമായ ഒരു ശബ്ദവും വിഘാതപ്പെടുത്തുന്നില്ല; തിരിഞ്ഞുനോട്ടമോ ഭീതിയോ ഇല്ലാത്തതാണ്‌ അവയുടെ കാലയളവും. അവയ്ക്കു ജന്മം കൊടുത്ത  ആചാര്യന്മാരാകട്ടെ, ആരുമല്ല; ഒരു പ്രശസ്തിയും അവയുടെ ശുദ്ധരൂപങ്ങളിൽ ചായം പൂശുന്നില്ല; ഒരു ചരിത്രവും അവയുടെ നഗ്നമായ തെളിമയിൽ നിഴൽ വീഴ്ത്തുന്നുമില്ല: അവയുണ്ട്. അത്ര തന്നെ. ഈയൊരു വീക്ഷണത്തിലൂടെയാണ്‌ ഞാൻ പ്രാചീനകലയെ കാണുക. കാഴ്ച്ബംഗ്ളാവുകളിൽ നിങ്ങൾ കാണുന്ന ഉടഞ്ഞ പ്രതിമാശകലങ്ങൾ: പല തവണ നിങ്ങൾ അവയെ ശ്രദ്ധിക്കാതെ കടന്നുപോകുന്നുണ്ട്; എന്നാൽ ഒരു ദിവസം അവയിലൊന്ന് നിങ്ങൾക്കു മുന്നിൽ സ്വയം വെളിച്ചപ്പെടുത്തും; ഒരാദ്യതാരം പോലെ തിളങ്ങിനില്ക്കും...


link to image

No comments: