പാവോ-ചുവേ ത് സു-ഹ്സിൻ (1025-)
വാസനിക്കുന്ന വസന്തത്തിന്റെ മുപ്പതു നാൾ
നാടോടിത്തേനീച്ച പൂക്കൾ കുഴിച്ചുകുഴിച്ചു നടക്കും;
ആ പരിമളമൊക്കെയും തേനറകളിൽ സുരക്ഷിതമായിരിക്കെ
പൂവിതളുകൾ കൊഴിഞ്ഞു വീഴുന്നതെവിടെ?
റിയുഷു (1308-88)
ലോകത്തെക്കുറിച്ചെന്തിനു വേവലാതി?
കിഴക്കും പടിഞ്ഞാറുമോടി
അന്യരുടെ തല നരച്ചോട്ടെ.
ഈ മലയോരക്കോവിലിൽ
പാതിയകത്തും പാതി പുറത്തുമായിക്കിടക്കെ
എനിക്കില്ല സന്തോഷം, സങ്കടവും.
ബൈഹോ (1631-707)
പേരു കേൾപ്പിക്കാൻ കൊതിച്ചിട്ടില്ല ഞാൻ.
കലുഷമായൊരായുസ്സു പിന്നിൽ വിട്ട്,
ശവപ്പെട്ടിയിൽ ചമ്രം പടിഞ്ഞിരിക്കുന്നു ഞാൻ
ഈയുടലിന്റെ ഉറയൂരുവാനായി.
താവോ കെയ്
എഴുപത്താറായെനിക്ക്,
ഒരായുസ്സിന്റെ കർമ്മങ്ങൾ ചെയ്തും കഴിഞ്ഞു.
ജീവിച്ചിരിക്കെ സ്വർഗ്ഗത്തിനാർത്തി പിടിച്ചിട്ടില്ല ഞാൻ,
മരിച്ചാൽ നരകത്തെക്കുറിച്ചാധിപ്പെടുകയുമില്ല.
ഞാനെന്റെ പിടി വിടും, മലർന്നു കിടക്കും,
വിധിയ്ക്കെന്നെ വിട്ടുകൊടുക്കും, ഉപാധികളില്ലാതെ.
ഹക്കൂയിൻ
ചിറയിലെ ചന്ദ്രനെ പിടിക്കാൻ
കൈയെത്തിക്കുകയാണു മൊച്ച.
മരിക്കുന്ന നിമിഷം വരെയും
ഇതു തന്നെയാണവനു വേല.
ചില്ലയിലെ പിടിയവനൊന്നു വിട്ടുവെങ്കിൽ,
കയത്തിലവൻ മുങ്ങിമറഞ്ഞുവെങ്കിൽ
ലോകമാകെത്തിളങ്ങിയേനെ
കണ്ണഞ്ചിക്കുന്ന തെളിമയുമായി.
1 comment:
:)
Thank you.
Post a Comment