Sunday, July 31, 2011

നെരൂദ - നാമൊന്നടങ്ങുക


ഇനി പന്ത്രണ്ടു വരെ എണ്ണും നാം,
പിന്നെ അനക്കമറ്റിരിക്കും നാം.

ഭൂമുഖത്തീയൊരു തവണയെങ്കിലും
ഒരു ഭാഷയും സംസാരിക്കാതിരിക്കട്ടെ നാം,
ഒരു നിമിഷത്തേക്കു നിലയ്ക്കട്ടെ നാം,
ഇത്രയ്ക്കിത്രയെങ്കിലും
കൈകളിളക്കാതെയിരിക്കട്ടെ നാം.

ഹൃദ്യമായൊരു നിമിഷമായിരിക്കുമത്,
തിരക്കുകളില്ലാതെ, എഞ്ചിനുകളില്ലാതെ,
ആകസ്മികമായൊരപരിചിതത്വത്തിൽ
പരിചയക്കാരുമാവും നാം.

തിമിംഗലങ്ങളെ ദ്രോഹിക്കില്ല
തണുത്ത കടലിലെ മുക്കുവൻ,
വെടിച്ച കൈകൾ നോക്കിനില്ക്കും
ഉപ്പളത്തിൽ ഉപ്പു കോരുന്നവൻ.

ഹരിതയുദ്ധങ്ങളൊരുക്കുന്നവർ,
വാതകയുദ്ധങ്ങൾ, അഗ്നിയുദ്ധങ്ങൾ,
ആരും ശേഷിക്കാത്ത വിജയങ്ങൾക്കു കോപ്പിടുന്നവർ,
അലക്കിത്തേച്ച വസ്ത്രങ്ങൾ ധരിക്കുമവർ,
തങ്ങളുടെ സഹോദരങ്ങൾക്കൊപ്പമുലാത്തുമവർ,
തണലത്ത്, ഒരു വസ്തു ചെയ്യാതെയും.

ജഡത്വമാണെനിക്കു വേണ്ടതെന്നു ധരിക്കരുതേ,
ജീവൻ തന്നെയാണിവിടെ വിഷയം,
മരണവുമായൊരേർപ്പാടും വേണ്ടെനിക്ക്.

ജിവിതത്തെ ഇങ്ങനെ പ്രവൃത്തിനിരതമാക്കുന്നതിൽ
ഏകാഭിപ്രായക്കാരായിരുന്നില്ല നാമെങ്കിൽ,
ഒരിക്കലെങ്കിലും ഒന്നും ചെയ്യാതിരിക്കാൻ നമുക്കായെങ്കിൽ,
ഒരു കൂറ്റൻ നിശ്ശബ്ദത തടയിട്ടുവെന്നായേനേ ഈ വിഷാദത്തെ,
ഈ അവനവനെയറിയായ്കയെ,
തുറിച്ചുനോക്കുന്ന ഈ മരണത്തെ.

ഭൂമിയ്ക്കൊരു പാഠം പഠിപ്പിക്കാനുണ്ടു നമ്മളെയെന്നും വരാം,
സർവതും മൃതമെന്നും തോന്നുമ്പോൾ,
അവയ്ക്കു ജീവനുണ്ടെന്നു പിന്നെത്തെളിയുമ്പോൾ.

ഇനി ഞാൻ പന്ത്രണ്ടു വരെയെണ്ണാൻ പോകുന്നു,
നിങ്ങൾ മിണ്ടാതനങ്ങാതിരിക്കും, ഞാൻ പോവുകയും ചെയ്യും.


 

2 comments:

Pradeep paima said...

good nalla reethiyil..avatharippichu

Echmukutty said...

ഭൂമി പാഠം പഠിപ്പിച്ചാൽ.....