Saturday, July 2, 2011

മഹമൂദ് ദര്‍വീശ് - എന്റെ അമ്മയ്ക്ക്


എനിക്കാർത്തി,
അമ്മ ചുട്ട അപ്പത്തിനായി,
അമ്മയിട്ട കാപ്പിക്കായി,
അമ്മയുടെ ഒരു തലോടലിനായി.
നാളുകൾ നാളുകൾ പോകെ
ബാല്യകാലത്തിന്റെയോർമ്മകൾ
എന്നിൽത്തെഴുക്കുന്നു.
എന്റെ മരണമുഹൂർത്തത്തിൽ
അമ്മയൊഴുക്കുന്ന കണ്ണീരിന്റെ മൂല്യത്തിനൊക്കട്ടെ
ഞാൻ ജിവിച്ച ജീവിതത്തിന്റെ മൂല്യം.

ഒരുനാൾ ഞാൻ മടങ്ങിയെങ്കിൽ
നിന്റെ കണ്ണുകൾ മൂടുന്ന സാൽവയാകട്ടെ ഞാൻ,
നിന്റെ കാലടികളനുഗ്രഹിച്ച പുല്ലു കൊ-
ണ്ടെന്റെയസ്ഥികൾ മൂടുക.
ഞങ്ങളെ ചേർത്തുകെട്ടുക
നിന്റെയൊരു മുടിയിഴയാൽ,
നിന്റെ പുടവയിലിഴയുന്നൊരിഴയാൽ.
നിന്റെ ഹൃദയത്തിന്നടിത്തട്ടു കണ്ടു
ഞാനൊരമരനാവട്ടെ,
ദേവനാവട്ടെ ഞാൻ.

ഒരുനാൾ ഞാൻ മടങ്ങിയെങ്കിൽ
നിന്റെ അടുപ്പിൽ വിറകാവട്ടെ ഞാൻ,
അല്ലെങ്കിലൊരയക്കോലാവട്ടെ ഞാൻ.
എനിക്കു തുണ നിന്റെ നിത്യപ്രാർത്ഥനനകൾ.

ഞാനിന്നു കിഴവൻ.
എനിക്കു തരിക,
എന്റെ ബാല്യത്തിന്റെ നക്ഷത്രഭൂപടം.
അതിൽ വഴി കണ്ടു ദേശാടനക്കിളികൾക്കൊപ്പം ഞാൻ മടങ്ങട്ടെ
എന്നെക്കാത്തിരിക്കുന്ന നിന്റെ കൂട്ടിലേക്ക്.


2 comments:

moideen angadimugar said...

ഞാനിന്നു കിഴവൻ.
എനിക്കു തരിക,
എന്റെ ബാല്യത്തിന്റെ നക്ഷത്രഭൂപടം.

വിവർത്തനം നന്നായിട്ടുണ്ട്..

Pradeep paima said...

ഞാന്‍ ആദ്യമായിട്ട എവിടെ വന്നത് ....
ഇഷ്ടമായി ...വിവര്‍ത്തനം ....
ഇനി ഒറപ്പായും വരും ...