വീട്ടുതടങ്ങൽ
ഒരു വിരുന്നുകാരനുമെന്റെ വീട്ടിൽ വന്നിട്ടില്ല,
വാതിലുകൾ കൊട്ടിയടച്ചിരുന്നു,
ജനാലകൾ കുറ്റിയിട്ടിരുന്നു.
ഏകാന്തമാണെന്റെ രാത്രിയെന്നും ഞാൻ കരുതി.
പിന്നെക്കണ്ണുതുറന്നപ്പോളിരുട്ടു മാഞ്ഞതു ഞാൻ കണ്ടു.
എന്റെ കവാടങ്ങളൊക്കെത്തകർന്നിരിക്കുന്നു,
തുറന്ന വാതിലിലൂടെ കൊടി പാറിയ്ക്കുന്നു,
നിന്റെ കാറ്റും വെളിച്ചവും.
അടച്ച വാതിലിനു പിന്നിൽ,
സ്വന്തം വീട്ടിൽ ഞാനൊരു തടവുകാരനായിരുന്നപ്പോൾ
എന്റെ ഹൃദയം സ്വപ്നം കണ്ടിരുന്നു,
പുറത്തു ചാടാൻ, അലഞ്ഞുനടക്കാനുള്ളുപായങ്ങൾ.
ഇന്നു തകർന്ന കവാടത്തിനു പിന്നിൽ ഞാനിരിക്കുന്നു,
നിശ്ചേഷ്ടനായും നീ വരുന്നതു കാത്തും.
എന്റെ സ്വാതന്ത്ര്യം കൊണ്ടിന്നെന്നെത്തടവിലാക്കി നീ.
(നാല്ക്കവല -39)
എന്നെ സ്വതന്ത്രനാക്കൂ...
എന്നെ സ്വതന്ത്രനാക്കൂ,
കാട്ടിലെക്കിളികളെപ്പോലെ,
അജ്ഞാതപഥങ്ങളിലെ ദേശാടകരെപ്പോലെ.
എന്നെ സ്വതന്ത്രനാക്കൂ,
പേമാരി പോലെ,
ഏതെന്നറിയാത്തൊരന്ത്യത്തിലേക്കു
ജടയെടുത്തടിച്ചുപായുന്ന ചണ്ഢവാതത്തെപ്പോലെ.
എന്നെ സ്വതന്ത്രനാക്കൂ,
കാട്ടുതീ പോലെ,
ഇരുട്ടിൽ ധാർഷ്ട്യമെടുത്തെറിഞ്ഞട്ടഹസിക്കുന്ന വെള്ളിടി പോലെ.
(നാല്ക്കവല -62)
1 comment:
ആർക്ക് കിട്ടുമീ സ്വാതന്ത്ര്യം.
Post a Comment